'റോയല്‍ ലുക്കി'ല്‍ ഇന്റീരിയര്‍, പ്ലാനിംഗ് എങ്ങനെ?

By priya.10 08 2022

imran-azhar

 

അകത്തളങ്ങളുടെ ഭംഗി കൂട്ടാന്‍ വാള്‍ ആര്‍ട്ടും കളര്‍ ഹൈലൈറ്റും അത്യാവശ്യ ഘടകമാണ്. ഇന്നത്തെ ട്രെന്‍ഡാണ് കളര്‍ ഹൈലൈറ്റിംഗ്.വീടിനോ ചില ഭിത്തികള്‍ക്കോ മാറ്റ് കൂട്ടാന്‍ വേറിട്ട നിറം നല്‍കി ഹൈലൈറ്റ് ചെയ്യുന്ന രീതിയാണിത്. മുറിയുടെ മുഴുവന്‍ തീമിനോടും ഒത്തുപോകുന്ന വിധമാണ് കളര്‍ ഹൈലൈറ്റ് ചെയ്യേണ്ടത്.


വിശാലതക്കും വെളിച്ചം കൂട്ടുന്നതുമല്ലാതെ ഇത് വീടിന് വേറിട്ട ഭംഗിയാണ് സമ്മാനിക്കുന്നത്. ചെറിയ ചൂടും തണുപ്പും വെള്ളത്തിന്റെ സാന്നിധ്യവും ഉണ്ടാവുന്ന ഭിത്തികളില്‍ സ്വാഭാവികമായും വിള്ളലോ, എത്ര പെയിന്റ് അടിച്ചാലും വൃത്തിയാവാത്ത സാഹചര്യമോ ഉണ്ടാവാറുണ്ട്. ഇത്തരത്തിലുള്ള സാഹചര്യമുണ്ടായാല്‍ വാട്ടര്‍പ്രൂഫ് പുട്ടിയോ കളര്‍ ഹൈലൈറ്റോ ഉപയോഗിച്ച് നമുക്ക് ഒരു പരിധിവരെ അതിനെ മറികടക്കാന്‍ സാധിക്കും.


ഒഴിഞ്ഞുകിടക്കുന്ന ഭിത്തികളെ ഉപയോഗപ്രദമാക്കാനും മുറിയുടെ വലിപ്പക്കുറവുകളെ നികത്താനും ചുമരിലെ വൃത്തികേടുകള്‍ (തേപ്പിലോ, ഏച്ചുകൂട്ടലിലോ, ലീക്കിലോ സംഭവിക്കാറുള്ളത്) അറിയാതിരിക്കാനും വാള്‍ ആര്‍ട്ടുകളും ഫ്രെയിമുകളും സഹായിക്കുന്നു.ഭിത്തികളില്‍ ഈര്‍പ്പം തട്ടുന്നുണ്ടെങ്കില്‍ വാട്ടര്‍ പ്രൂഫിങ്ങോ മറ്റു ബദല്‍ സംവിധാനങ്ങളോ ഉപയോഗിക്കേണ്ടി വരും.കേരളത്തിന്റെ കാലാവസ്ഥയില്‍ വീടിന്റെ അകവും പുറവും പെയിന്റിങ്ങും ഫര്‍ണിച്ചറുകളും കേടാവാനുള്ള സാധ്യത ഏറെയാണ്.

സീലിംഗ് അലങ്കരിക്കണ്ടത്

 

മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധയും സംരക്ഷണവും വേണ്ട ഒന്നാണ് സീലിംഗ് ജോലികള്‍. ഈ ജോലിയുടെ ആദ്യ കടമ്പ മെറ്റീരിയല്‍ ഫിക്‌സിങ് ആണ്.മെറ്റീരിയല്‍ സെലക്ഷന്‍ എന്നത് ചിലവിനെയും ഗുണമേന്മയും ബാധിക്കുന്നതാണ്. ഇന്റീരിയര്‍ ഭംഗിയേക്കാള്‍ റൂം ടെമ്പറേച്ചര്‍ നിയന്ത്രിക്കുക എന്നതാണ് സീലിങ്ങിന്റെ ശാസ്ത്രീയവശം.

 

ഫാള്‍ സീലിംങ്ങിന് ഉപയോഗിക്കുന്ന മെറ്റീരിയലുകള്‍ നിരവധിയുണ്ട്. ജിപ്‌സം ബോര്‍ഡ്, കാത്സ്യം സിലിക്കേറ്റ് ബോര്‍ഡ്, എം.ആര്‍ ബോര്‍ഡ്, പി.ഒ.പി തുടങ്ങിയ നിരവധി ഉല്‍പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ലഭ്യത കൊണ്ടും വിലക്കുറവ് കൊണ്ടും വ്യാപകമായി ഉപയോഗിക്കുന്നത് ജിപ്‌സം ബോര്‍ഡാണ്. ഭാഗികമായുള്ള സീലിംഗ് വര്‍ക്കുകള്‍, അനുയോജ്യമായ പെയിന്റിംഗ് എന്നിവ സംയോജിപ്പിച്ചുള്ള വര്‍ക്കുകള്‍ സീലിങ്ങിന്റെ ചിലവ് കുറയ്ക്കും.

 

ചിലയിടങ്ങള്‍ സിമന്റ് ഫിനിഷിംഗ് നിലനിര്‍ത്തുന്നതും സീലിംഗ് ഡിസൈനുകളുടെ ഏകീകരണവും ചിലവ് കുറഞ്ഞ രീതിയില്‍ ഭംഗി കൂട്ടും. പൂപ്പലും ഈര്‍പ്പവും കൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളും താരതമ്യേന ഈ രീതിയില്‍ കുറവാണ്.

 


മഴക്കാലത്ത് കൂടുതലായും പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത് സീലിംഗ് വര്‍ക്കുകളിലാണ്. ഈര്‍പ്പത്തില്‍ നിന്ന് സംരക്ഷണമേകുന്ന ഗുണമേന്മയുള്ള മെറ്റീരിയലുകള്‍, ക്വാളിറ്റി പുട്ടികള്‍, സപ്പോര്‍ട്ടിംഗ് എലെമന്റുകള്‍ എന്നിവയാണ് ഇതിന്റെ പ്രതിവിധി.

 


അകത്തളങ്ങളിലെ ചെടിയും ലൈറ്റും

 

അകത്തളങ്ങളിലെ ചെടിയും ലൈറ്റും വീടിന്റെ ഭംഗി കൂട്ടും. ഇന്റീരിയര്‍ ചെയ്യുമ്പോള്‍ പതിവായി ഉപയോഗിക്കുന്ന ഇടത്തില്‍ സ്‌പോട്ട് ബള്‍ബുകളുടെ എണ്ണം കുറച്ച് വെളിച്ചം ലഭിക്കുന്ന വലിയ ലൈറ്റുകള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

 

മുറ്റം, മുറിയുടെ മൂലകള്‍, ബാല്‍ക്കണി എന്നിടങ്ങളിലൊക്കെ ഇന്ന് ചെടികള്‍ വെക്കാറുണ്ട്. ചെടികള്‍ വെക്കുന്ന ചുവരുകളില്‍ ഗ്ലാസ് ജാളി വര്‍ക്കുകള്‍ ചെയ്യുന്നത് ചെടിയുടെ കാഴ്ച എടുത്തുകാണിക്കാന്‍ സഹായിക്കും. പോസിറ്റീവ് ഊര്‍ജ്ജം വീട്ടില്‍ നിറക്കാന്‍ ഇത്തരം ചെടികള്‍ ഏറെ സഹായിക്കും.

 

 

OTHER SECTIONS