കുട്ടിക്കുപ്പായം

കോളിങ് ബെല്‍ അടിച്ചു ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായപ്പോ ദേഷ്യം വന്ന അരുണ്‍ പോക്കറ്റില്‍ നിന്നും ഫോണെടുത്തു വിദ്യയെ ഡയല്‍ ചെയ്തു. രണ്ടാമത്തെ റിങ്ങില്‍ ആണ് വിദ്യക്ക് അരുണ്‍ എത്തിയെന്നു മനസിലായതും വാതില്‍ തുറന്നതും. എത്ര നേരായി വിദ്യേ ഞാന്‍ ബെല്ലടിക്കുന്നു. നീ എന്ത് ചെയ്തോണ്ടിരിക്കാര്‍ന്നു? സോറി ഏട്ട. ചെറിയൊരു തലവേദന കിടക്കായിരുന്നു.

author-image
swathi
New Update
കുട്ടിക്കുപ്പായം

ലിയ ജോര്‍ജ്

കോളിങ് ബെല്‍ അടിച്ചു ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായപ്പോ ദേഷ്യം വന്ന അരുണ്‍ പോക്കറ്റില്‍ നിന്നും ഫോണെടുത്തു വിദ്യയെ ഡയല്‍ ചെയ്തു. രണ്ടാമത്തെ റിങ്ങില്‍ ആണ് വിദ്യക്ക് അരുണ്‍ എത്തിയെന്നു മനസിലായതും വാതില്‍ തുറന്നതും.

എത്ര നേരായി വിദ്യേ ഞാന്‍ ബെല്ലടിക്കുന്നു. നീ എന്ത് ചെയ്തോണ്ടിരിക്കാര്‍ന്നു?

സോറി ഏട്ട. ചെറിയൊരു തലവേദന കിടക്കായിരുന്നു.

ഇതിപ്പോ എന്നും ഉണ്ടല്ലൊ? അമ്മ ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും ഇവിടെ നടക്കില്ലായിരുന്നു. വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ നിനക്ക് ഇങ്ങനെ ഓരോന്ന് തോന്നും. അവിടെ വേദന ഇവിടെ വേദന ഇനി വേദന ഇല്ലാത്ത എവിടേലും ഉണ്ടോ?

ഈ ലാപ്ടോപ്പും ഫോണും കൊണ്ട് ഒന്നു ചാര്‍ജില്‍ ഇട്ടേ. എന്നിട്ട ടീവി ഒന്ന് ഓണ്‍ ആക്കു.

കാലിലെ സോക്സ് ഊരി സോഫയുടെ താഴെക്കിട്ട് അയാള്‍ റിമോട്ടെടുത്തു സോഫസെറ്റിയില്‍ കിടന്നു.

വേദന ഉള്ളോണ്ടല്ലേ ഏട്ട. എനിക്കിപ്പോ കള്ളം പറയണ്ട കാര്യം എന്താ? ചിലപ്പോള്‍ എല്ലാ പണിയും കഴിയുമ്പോ വല്ലപ്പോഴുമൊന്നു റസ്റ്റ് എടുക്കും.

അതിനു ഞാന്‍ അല്ലെ ജോലിക്ക് പോണേ? എന്നിട്ട് റസ്റ്റ് നിനക്കും. ഈ ഫ്ലാറ്റില്‍ ഞാനും നീയും മാത്രല്ലേ ഉള്ളു. എന്നിട്ടിവിടെ അതിനു മാത്രം പണി ഉണ്ടെന്നാണോ നീ പറയണേ. എന്റെ അമ്മയൊക്കെ വീട്ടിലെ പണിയും കഴിഞ്ഞ പശുവിനേം ആടിനേയും വരെ നോക്കിയിരുന്നത്.

ടിവി ഓണ്‍ ആക്കി കൊടുത്തത്തിനു ശേഷം ഹാളിലെ പ്ലഗ് പോയിന്റില്‍ അതൊക്കെ ചാര്‍ജ് ചെയ്യാന്‍ നടക്കുമ്പോ അരുണിന്റെ സംസാരം കേട്ട് വിദ്യക്ക് ഭ്രാന്ത് കയറി. എങ്കിലും അവളൊന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു.

ചായ എവടെ വിദ്യേ? അപ്പോഴേക്കും അയാള്‍ ദേഷ്യപ്പെട്ടു

ഇപ്പോ എടുക്കാം.

ചായ ഉണ്ടാക്കികൊണ്ടു വന്നു അയാള്‍ക്ക് കൊടുക്കുമ്പോ, നീ കുടിച്ചോന്ന് അയാളൊരു വാക്ക് പോലും അവളോട് ചോദിച്ചില്ല.

കല്യാണം കഴിഞ്ഞ ആദ്യ നാളുകളില്‍ എന്തൊരു സ്നേഹം ആയിരുന്നു. ഒരു കുഞ്ഞിക്കാല്‍ കാണാന്‍ വൈകിയതോടെ അയാള്‍ക്ക് തന്നോടുള്ള സ്നേഹം നഷ്ടപ്പെട്ടതായി അവള്‍ക്ക് തോന്നി .കല്യാണം കഴിഞ്ഞ ഉടനെ കുഞ്ഞു വേണ്ടെന്നത് അയാളുടെ തീരുമാനം ആയിരുന്നു. പിന്നെയാഗ്രഹിച്ചപ്പോഴൊന്നും അതു നടന്നില്ല. പല ഹോസ്പിറ്റലുകളിലും ഡോക്ടര്‍മാരെ മാറി മാറി കാണിച്ചിട്ടും വഴിപാടുകള്‍ നടത്തിയിട്ടും ഫലം കണ്ടില്ല. ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്നു പറഞ്ഞപ്പോള്‍ അയാളുടെ അമ്മയാണ് ആദ്യം എതിര്‍ത്തത്. പിന്നെ അയാള്‍ക്കും അതിനോട് യോജിപ്പില്ലെന്നു തോന്നിയപ്പോള്‍ അവളാശ്രമം ഉപേക്ഷിച്ചു .

ആദ്യമൊക്കെ അമ്മ കൂടെ ഉണ്ടായിരുന്നു പിന്നീട് സഹോദരന്റെ വീട്ടിലേക്ക് മാറി. കുട്ടികള്‍ ഇല്ലാത്ത വീട് നരകമാണെന്നാണവര്‍ പറയുന്നത്. അതുകൊണ്ട് അവരാ നരകം ഉപേക്ഷിച്ചുപോയി. കൂട്ടത്തില്‍ മകനോടും കൂടെ വരാന്‍ പറഞ്ഞു. അന്നയാള്‍ കൂടെ പോയില്ലെങ്കിലും മനസ്സുകൊണ്ട് അയാളീ വീട്ടിലല്ല താമസിക്കുന്നതെന്നു വിദ്യക്കും തോന്നി തുടങ്ങി. അവര്‍ക്കിടയിലിപ്പോള്‍ സംസാരിക്കാന്‍ വിഷയങ്ങള്‍ ഇല്ലാതായിട്ട് നാളേറെയായി. ജോലിയും പഠിത്തവുമൊക്കെ വിവാഹത്തോടെ പാതി വഴിയില്‍ നിന്നതോടെ സൗഹൃദങ്ങളും നഷ്ടമായി വിദ്യക്ക്.

എന്നും വൈകീട്ട് കുളി കഴിഞ്ഞ് അയാള്‍ അല്പസമയം പുറത്തുപോകും. കൂട്ടുകാര്‍ക്കൊപ്പം ചര്‍ച്ചകള്‍ക്കുള്ള സമയമാണത്. ഇടക്ക് വൈകി വരുമ്പോള്‍ എവിടെ നിന്നെങ്കിലും ഭക്ഷണവും കഴിച്ചു മദ്യസേവയും നടന്നിട്ടുണ്ടാകും. എങ്കിലും അയാള്‍ മദ്യത്തിനടിമയല്ല. കൃത്യമായ സമയം ഒന്നുമില്ല. അയാള്‍ക്കിഷ്ടമുള്ളപ്പോള്‍ തിരികെ വരും. അന്ന് വൈകീട്ട് അയാള്‍ കൂട്ടുകാരെ കാണാന്‍ പോയി പതിവിലും നേരത്തെ തിരികെ വന്നുകേറുമ്പോള്‍ താഴെ രണ്ടോ മൂന്നോ സ്ത്രീകള്‍ ഉച്ചത്തില്‍ സംസാരിക്കുന്നുണ്ട. പക്ഷെ ഒന്നും വ്യക്തമല്ല. അയാളത് ശ്രദ്ധിച്ചില്ല എന്നു വേണം പറയാന്‍.

എന്താ ഏട്ട താഴെ വല്ലാത്ത ബഹളം.

ഞാന്‍ അതൊന്നും അന്വേഷിക്കാറില്ല. നാക്കിനു നീളമുള്ള കുറെ എണ്ണം ഉണ്ടല്ലൊ ഇവിടെ. നീയും അതിലൊന്നും തലയിടണ്ട എനിക്കതിഷ്ടമല്ല. ഈ ഫ്ലാറ്റില്‍ ഇപ്പോ പ്രശ്നം ഇല്ലാത്ത ഒരു ദിവസവും ഇല്ല. എന്നും പാര്‍ക്കിങ്ങില്‍ അലമ്പാണ്. അതും കണ്ടു ഓഫീസില്‍ പോയ എന്റെ ഒരു ദിവസം പോക്കാണ്. ഈ കോണ്‍ട്രാക്ട് തീര്‍ന്നാലുടനെ വേറെ എവിടെയെങ്കിലും നോക്കാം. ഈ കിഡ്സ് പ്ലേ ഏരിയ യും പാര്‍ക്കും സ്വിമ്മിംഗ് പൂളും ഒന്നും നമുക്ക് വേണ്ടല്ലോ. വെറുതെ കൂടിയ റെന്റും കൊടുത്തു ഇവിടെ നില്‍ക്കേണ്ട കാര്യം എന്താ. ഓഫീസില്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന അഖില്‍ കുറഞ്ഞ റെന്റില്‍ ഒരു ഫ്ലാറ്റ് ശരിയാക്കാമെന്നു ഏറ്റിട്ടുണ്ട്. അതാകുമ്പോ ഞങ്ങടെ ഗാങിനു രാത്രി ഒക്കെ ഒത്തു കൂടാന്‍ എളുപ്പം ആണെന്നെ.

അയാള്‍ എത്ര നിസാരമായി ചിരിച്ചു കൊണ്ടാണ് തന്റെ അവകാശങ്ങളെ നിഷേധിക്കുന്നതെന്നവളോര്‍ത്തു. അയാളുടെ ഇഷ്ടങ്ങള്‍ക്ക് മാത്രമേ മുന്‍തൂക്കം ഉള്ളു താന്‍ ഒരു ഭാര്യ ആണെന്നും തനിക്കും അവകാശങ്ങള്‍ ഉണ്ടെന്നും അയാള്‍ മറന്നിരിക്കുന്നു.

അന്ന് അടുക്കളയിലെ പണികള്‍ ഒതുക്കി ബെഡ്റൂമിലേക്ക് എത്തുമ്പോഴേക്കും അയാള്‍ ഉറങ്ങിയിരുന്നു. അയാളോടൊന്നു മനസ്സ് തുറന്നു സംസാരിക്കാന്‍ കഴിയാതെ ദിവസങ്ങളായി. നേരത്തെ എത്തിയിട്ടു പോലും ഒരുമിച്ചിരുന്നു ഒരു നേരത്തെ ആഹാരം കഴിക്കാന്‍ പറ്റാത്ത ദുര്‍വിധി ഓര്‍ത്തു അവള്‍ക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല.

പിറ്റേ ദിവസം അയാള്‍ രാവിലെ ഓഫീസില്‍ പോകാന്‍ നേരമായിട്ടും അവള്‍ കിടക്കയില്‍ നിന്നും എണീറ്റില്ല. അയാളുടെ കാര്യങ്ങള്‍ ഒന്നും ചെയ്തു കൊടുക്കാത്ത അമര്‍ഷത്തിന് വായില്‍ തോന്നിയ ചീത്തയൊക്കെ വിളിച്ചു എന്തൊക്കെയോ ചെയ്തെന്നു വരുത്തി അയാള്‍ ഓഫീസിലേക്ക് ഇറങ്ങി. പക്ഷെ താഴെ എത്തുമ്പോഴേക്കും സെക്രട്ടറിയും മറ്റു രണ്ടു ഫ്ലാറ്റുക്കാരും അയാളെ കാണാന്‍ താഴെ കാര്‍ പാര്‍ക്കിങ് ഇല്‍ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.

കാറില്‍ കയറാന്‍ ഒരുങ്ങിയ അരുണിനടുത്തേക്ക് സെക്രട്ടറി ആണ് ആദ്യം വന്നത്

മിസ്റ്റര്‍ അരുണ്‍ വിരോധമില്ലെങ്കില്‍ നമുക്കൊന്ന് സംസാരിക്കണം ഇപ്പോള്‍.

സോറി, ഐ ആം ആള്‍റെഡി ലേറ്റ് ടുഡേ.

അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. വളരെ ഇമ്പോര്‍ട്ടന്റ് ആയ കാര്യമാണ് നമുക്ക് ഓഫീസില്‍ ഇരുന്ന് സംസാരിക്കാം.

എല്ലാരും ഉണ്ടല്ലൊ വല്ല പിരിവിനും ആണെങ്കില്‍ എന്റെ ഭാര്യ ഫ്ലാറ്റില്‍ ഉണ്ട്. അവളോട് കാര്യം പറഞ്ഞാല്‍ മതി. അതുമല്ലെങ്കില്‍ ഈവെനിംഗ് നമുക്ക് കാണാമെന്നേ.

നിങ്ങളെ കാത്തിരിക്കാന്‍ ഇവിടെ ആര്‍ക്കും സമയമില്ല. പല തവണ പറയണമെന്ന് കരുതിയതാണ്. ഒരു മീറ്റിങ്നും താങ്കള്‍ വരാറില്ല ഭാര്യയെയും അതിനനുവദിക്കില്ല. ഇപ്പോള്‍ താങ്കള്‍ വന്നേ മതിയാകു.

നിര്‍വാഹമില്ലാതെ അരുണ്‍ അവര്‍ക്കൊപ്പം നടന്നു.

ഓഫീസില്‍ എത്തിയ സെക്രട്ടറി ഒരാളെ മാത്രം ഉള്ളില്‍ കയറ്റി, കൂടെ ഉള്ളവരോട് പുറത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു.

അരുണ്‍ ഞങ്ങള്‍ പറയുന്നത് താങ്കള്‍ എങ്ങനെ എടുക്കുമെന്നറിയില്ല. എങ്കിലും പറയാതിരിക്കാന്‍ വയ്യ.

ഇന്നെന്നെ പറയ് സാറെ! വെറുതെ ആളെ മെനക്കെടുത്തല്ലേ.

ഇങ്ങനെ തിരക്ക് കൂട്ടല്ലേ. ഞങ്ങള്‍ക്ക് പണിയൊക്കെ ഉണ്ട്. നോക്കു, അരുണിന് വേണ്ടി ഹാഫ് ഡേ ലീവ് എടുത്തതാണ് ഞങ്ങള്‍. പണ്ടൊന്നും അരുണ്‍ ഇങ്ങനെ ആയിരുന്നില്ലല്ലോ. നമ്മളൊക്കെ എത്ര നല്ല സ്നേഹത്തിലും ഒരുമയിലും ഒക്കെ ആയിരുന്നു ഇവിടെ കൂട്ടായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. ഇടയ്ക്കതൊക്കെ കൈമോശം വന്നില്ലേ. വിരോധമില്ലെങ്കില്‍ അരുണിന്റെ ഓഫീസില്‍ വിളിച്ചു വൈകുമെന്ന് അറിയിച്ചോളൂ.

പറയാന്‍ പോകുന്നത് എന്തോ ഗൗരവമുള്ള വിഷയം ആണെന്ന് അരുണിനും തോന്നി. അയാള്‍ അക്ഷമനായി പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു മാനേജര്‍ക്ക് ഒരു വോയിസ് മെസ്സേജ് അയച്ചു.

അരുണിന്റെ ദാമ്പത്യ ജീവിതത്തെ പറ്റി ചോദിക്കുന്നില്ല. എത്ര നാളായി വിദ്യയെ ഞങ്ങള്‍ ശരിക്കുമൊന്നു കണ്ടിട്ട്, സംസാരിച്ചിട്ട്?

അതൊക്കെ പോട്ടെ നിങ്ങള്‍ എത്ര നാളായി ഒരുമിച്ചൊന്നു പുറത്തേക്ക് പോയിട്ട്? ഇടക്കൊക്കെ ബാല്‍ക്കണിയിലെങ്കിലും വിദ്യയെ കണ്ടിരുന്നു ഇപ്പോ അതും ഇല്ലലോ? നോക്കണ്ട, അതെന്റെ ഭാര്യ പറഞ്ഞതാണ്. ഈ സ്ത്രീകള്‍ക്ക് വല്ലാത്ത നിരീക്ഷണം ആണെന്നെ.

അരുണിന് ചെറുതായൊന്നു ദേഷ്യം വന്നു. അതിലൊക്കെ എന്തിനാ സാറെ നിങ്ങള്‍ ഇടപെടുന്നത്?അരുണ്‍ അതൊക്കെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ആയിരിക്കാം. പക്ഷെ അത് മറ്റുള്ളവരിലേക്ക് എങ്ങനെ എത്തി എന്നറിയണമെങ്കില്‍ താന്‍ തന്റെ ഭാര്യയെ അറിയണം. അവരനുഭവിക്കുന്ന ഫ്രസ്സ്‌ട്രെഷനെ പറ്റി അറിയണം. അതൊക്കെ താന്‍ അറിയുന്നുണ്ടോ?

അരുണ്‍ സംശയഭാവത്തില്‍ അവരെ രണ്ടുപേരെയും നോക്കി

താന്‍ ഇന്നലെ വൈകുന്നേരം ഫ്ലാറ്റിലേക്ക് കയറി പോകുമ്പോ 3 സ്ത്രീകള്‍ ഫസ്റ്റ് ഫ്ലോറില്‍ നില്കുന്നത് കണ്ടിരുന്നോ? അതിലൊന്നു ഈ നില്‍ക്കുന്ന ടോമിന്റെ ഭാര്യയും പിന്നെ നിങ്ങളുടെ അടുത്ത ഫ്ലാറ്റിലെ സുചിത്രയും മറ്റൊന്ന് എന്റെ ഭാര്യയും ആയിരുന്നു. അവരെന്താണ് സംസാരിച്ചിരുന്നത് എന്നു കേട്ടോ?

അതൊക്കെ താന്‍ എന്തിനു ശ്രദ്ധിക്കണം അല്ലേ? ഇന്നലെ മാത്രം അല്ല കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ പലരുടെയും സംസാര വിഷയം അതായിരുന്നു.

അരുണ്‍ ആകെ അസ്വസ്ഥതനായി.

എനിക്ക്... നിങ്ങള്‍ എന്താണ് പറഞ്ഞു വരുന്നതെന്ന് മനസിലാകുന്നില്ല.

അരുണ്‍ കഴിഞ്ഞ കുറച്ചു ദിവസം മുന്‍പ് ഈ നില്‍ക്കുന്ന ടോമിന്റെ ഒന്നര വയസുള്ള മോളുടെ ചില കുഞ്ഞുടുപ്പുകള്‍ കാണാതെ ആയി. സ്വഭാവികമായും തുണി വിരിച്ചിട്ടപ്പോള്‍ കാറ്റത്തു പറന്നു പോയതാകമെന്നേ ഇവര്‍ കരുതിയുള്ളൂ. പക്ഷെ പോകെ പോകെ അതിന്റെ എണ്ണവും കൂടി. ഇതേ അനുഭവം ഉണ്ടായ 3 ഡിയിലെ സുചിത്രയും ടോമിന്റെ ഭാര്യയും അവിചാരിതമായി സംസാരിച്ചപ്പോഴാണ് ഇവര്‍ക്ക് പന്തികേട് തോന്നിയത്. കുട്ടികളെ അപായപ്പെടുത്തുന്ന സംഘം വല്ലതും ആണോയെന്നുപോലും ഇവര്‍ സംശയിച്ചു അങ്ങനെ ആണ് ഇത് ഓഫീസില്‍ എത്തിയത്.

അരുണ്‍ ആകെ വിയര്‍ത്തു കുളിച്ചു. സര്‍ ഇതില്‍ എനിക്കെന്ത് ബന്ധം?

ഈ സിസിടിവി ഫൂട്ടേജെസ് ഒന്നു നോക്കു.

അതു കണ്ട അരുണ്‍ ഞെട്ടി പോയി. ടെറസില്‍ തുണി വിരിച്ചു ഇറങ്ങുന്ന വിദ്യ ആ സമയത്ത് അവിടെ കാണുന്ന കുഞ്ഞുടുപ്പുകള്‍ തൊട്ട് നോക്കുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ അതില്‍ ചിലതൊക്കെ പെറുക്കി എടുത്ത് ഇറുകെ പിടിച്ചു കരയുകയും ചിലത് എടുത്തു കൊണ്ട് പോകുകയും ചെയ്യുന്നു.

ആ ലാസ്റ്റ് വിഷ്വല്‍സില്‍ ടെറസില്‍ നിന്നും താഴേക്ക് നോക്കുന്ന വിദ്യയെ കാണുന്നുണ്ടോ? അതെന്തിനാണെന്നു നില്‍പ്പ് കണ്ടാല്‍ മനസിലാകുമല്ലോ? പെട്ടെന്നു ആരോ വന്നത് കൊണ്ട് മാത്രം അവര്‍ തിരിച്ചു നടക്കുന്നു.പിന്നീട് ടോം ആണ് സംസാരിച്ചു തുടങ്ങിയത്. സീ മിസ്റ്റര്‍ അരുണ്‍ ഞങ്ങള്‍ക്ക് ഇത് ഒരു പ്രശ്നം ആക്കണമെന്നു താല്പര്യമൊന്നും ഇല്ല. 10 വര്‍ഷം കാത്തിരുന്നതിനു ശേഷമാണ് ഞങ്ങള്‍ക്ക് ഒരു മോളുണ്ടായത്. നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്ന ചിന്തയാണ് തെറ്റ്.

വിശ്വാസങ്ങള്‍ എന്തായാലും അതു മാറ്റി എഴുതാന്‍ ദൈവത്തിനു ഒരു സെക്കന്റ് മതി. ആരു കൂടെ നിന്നില്ലെങ്കിലും ഭര്‍ത്താവാണ് ഈ സമയത്ത് കൂടെ ഉണ്ടാകേണ്ടത്. ആരുടെ കുറ്റവും കുറവും ആയികൊള്ളട്ടെ, പൊതു ജനം പലവിധമാണ്. ആര് എന്ത് പറഞാലും ജീവിതം നിങ്ങളുടേതാണ് . വിദ്യയുടെ രോഗാവസ്ഥ എന്തുമായിക്കൊള്ളട്ടെ. ഏര്‍ലി സ്റ്റേജ് ആയത് കൊണ്ടു കൗണ്‍സലിംഗ് നിങ്ങള്‍ രണ്ടു പേര്‍ക്കും ആവശ്യമാണ് ഒറ്റപെടലിന്റെ പീക്കില്‍ ആണയാള്‍. വൈകിയാല്‍ വിദ്യയെ ചിലപ്പോ തനിക്ക് തിരിച്ചു കിട്ടിയെന്നു വരില്ല.

അരുണ്‍ അവിടെ ഇരുന്ന് പരിസരം മറന്നു പൊട്ടി കരഞ്ഞു. സെക്രട്ടറി അയാളെ പുറത്തു തട്ടി ആശ്വസിപ്പിച്ചു. വൈകി പോയിട്ടില്ല അരുണ്‍ വിദ്യയുടെ അടുത്തേക്ക് ചെല്ലു. ഒരു കുഞ്ഞിനെ പോലെ അവളെ കെയര്‍ ചെയ്യു. നിങ്ങള്‍ക്ക് വേണ്ട എന്ത് സഹായവും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്.

അരുണ്‍ മെല്ലെ എണീറ്റ് തിരികെ ഫ്ലാറ്റിലേക്ക് നടന്നു. ലിഫ്റ്റിനു പകരം അയാള്‍ പടികള്‍ കയറി. ഓരോ പടികള്‍ കയറുമ്പോഴും അയാള്‍ വിയര്‍ത്തു കുളിച്ചു, പഴയ സംഭവങ്ങള്‍ ഓരോന്നായി അയാള്‍ ഓര്‍ത്തെടുത്തു. പണ്ടൊക്കെ കുട്ടികളെ പോലെ മത്സരിച്ചു ഓടി കയറിയിരുന്ന പടികള്‍ അയാള്‍ക്ക് കയറാനാകുന്നില്ലെന്ന സത്യം അയാളെ കൂടുതല്‍ തളര്‍ത്തി.

പണ്ട് പുറത്തു പോകുമ്പോള്‍ ആവശ്യമില്ലെങ്കിലും കുട്ടികളുടെ സെക്ഷനില്‍ കേറി കുട്ടിയുടപ്പുകള്‍ നോക്കുന്ന വിദ്യയെ അയാള്‍ ഓര്‍ത്തു. അന്നും പരിസരം നോക്കാതെ വിദ്യയെ അപമാനിച്ചിട്ടുണ്ട്. മറ്റുള്ളവരില്‍ നിന്നും വിദ്യയെ അകറ്റിയതും ഇന്നത്തെ അവസ്ഥക്ക് കാരണവുമായ തനിക്കാണ് ചികിത്സ വേണ്ടി വരിക എന്ന ബോധ്യത്തോടെ അയാള്‍ ഒരുവിധത്തില്‍ കോണിപടികള്‍ ഓടിക്കയറി. തിരിച്ചു ഫ്ലാറ്റിന്റെ മുന്നിലെത്തി കോളിങ് ബെല്‍ മുഴങ്ങിയപ്പോള്‍ ദിവസവും എന്തിനെന്നില്ലാതെ വിദ്യയോട് പറയാറുള്ള കുത്തുവാക്കുകളും അയാളുടെ ചെവിയില്‍ മുഴങ്ങി കൊണ്ടേയിരുന്നു. പക്ഷെ അയാള്‍ ഒന്നുറപ്പിച്ചിരുന്നു ഒരു വിധിക്കും അവളെ വിട്ടു കൊടുക്കില്ലെന്നു..

story kuttikuppayam liya