ഡോ. ബി.ആര്‍.അംബേദ്കര്‍: ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്

By Web Desk.14 04 2023

imran-azhar

 

 

തന്റെ ജനങ്ങളോട് അംബേദ്കര്‍ പറഞ്ഞത് പാരമ്പര്യ തൊഴിലുകള്‍ ഉപേക്ഷിച്ച് വിദ്യ അഭ്യസിക്കാനാണ്, കാരണം പാരമ്പര്യ തൊഴിലുകളാണ് വര്‍ണ്ണ വ്യവസ്ഥയെ നിലനിര്‍ത്തിയതെന്ന സത്യം അംബേദ്കറിന് അറിയാമായിരുന്നു. വിദ്യാഭ്യാസത്തിലൂടെയും പോരാട്ടങ്ങളിലൂടെയും വര്‍ണ്ണവ്യവസ്ഥയെ തകര്‍ക്കുക എന്നതായിരുന്നു അംബേദ്കറുടെ ലക്ഷ്യം

 


ഹരിദാസ് ബാലകൃഷ്ണന്‍

 

ആധുനിക ഇന്ത്യയുടെ സ്രഷ്ടാക്കളില്‍ പ്രധാനി ജനാധിപത്യത്തിന്റേയും സര്‍വ്വോപരി അസ്പൃശ്യരായ അധസ്ഥിത വിഭാഗത്തിന്റെ കാവല്‍ക്കാരനും മുന്നണി പോരാളിയും ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പിയുയമായിരുന്ന അംബേദ്കറുടെ ജന്മദിനമാണിന്ന്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നതില്‍ പ്രധാനി ഗാന്ധി ആയിരിക്കാം. പക്ഷേ ആ സ്വാതന്ത്ര്യം ഇപ്പോഴും നില നില്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഏക വ്യക്തി ഡോ. ബാബാ സാഹേബ് ഭീറാവു റാംജി അംബേദ്കര്‍ എംഎ, എംഎസ് സി, പിഎച്ച്ഡി, ഡിഎസ് സി, ഡി. ലിറ്റ്, ബാര്‍ അറ്റ് ലാ ആണ്. പക്ഷേ അംബേദ്കറുടെ ജീവിതവും സംഭാവനകളും ഭാരതം ഇനിയും വേണ്ടത്ര പ്രാധാന്യത്തോടെ പഠിക്കാന്‍ തുനിഞ്ഞിട്ടില്ലെന്നത് അങ്ങേയറ്റം ഖേദകരമാണ്. ഭരണഘടനാ ശില്‍പ്പിയും അസ്പൃശ്യ ജനതയുടെ നേതാവുമായി അംപേദ്കറെ ഒതുക്കി നിര്‍ത്താനാണ് ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സിലെ സവര്‍ണ്ണ നേതാക്കള്‍ ശ്രമിച്ചിട്ടുള്ളത്. അതു കൊണ്ട് പല മേഖലകളിലും പ്രത്യേകിച്ച് ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ അംബേദ്കറുടെ സംഭാവനകള്‍ വേണ്ട വിധം ചര്‍ച്ച ചെയ്യപ്പെടാതെ പോയി.

 

തന്റെ ജനങ്ങളോട് അംബേദ്കര്‍ പറഞ്ഞത് പാരമ്പര്യ തൊഴിലുകള്‍ ഉപേക്ഷിച്ച് വിദ്യ അഭ്യസിക്കാനാണ്, കാരണം പാരമ്പര്യ തൊഴിലുകളാണ് വര്‍ണ്ണ വ്യവസ്ഥയെ നിലനിര്‍ത്തിയതെന്ന സത്യം അംബേദ്കറിന് അറിയാമായിരുന്നു. വിദ്യാഭ്യാസത്തിലൂടെയും പോരാട്ടങ്ങളിലൂടെയും വര്‍ണ്ണവ്യവസ്ഥയെ തകര്‍ക്കുക എന്നതായിരുന്നു അംബേദ്കറുടെ ലക്ഷ്യം. ബ്രാഹ്‌മണ മേധാവിത്വത്തിന്റേയും സനാതന ഹിന്ദു ധര്‍മ്മത്തിന്റേയും എക്കാലത്തേയും വലിയ വിമര്‍ശകനായിരുന്നു അംബേദ്കര്‍. നിര്‍ഭാഗ്യവശാല്‍ ഇന്ന് നമ്മുടെ നീതിപീഠങ്ങളില്‍ മതഭക്തന്മാരെ ഇരുത്തി സാനതന ധര്‍മ്മം പുനസ്ഥാപിക്കാനും ഭരണഘടനയെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങളുമാണ് നടക്കുന്നത്. എന്നു മാത്രമല്ല ഈ കഴിഞ്ഞ ദിവസങ്ങളില്‍ പാനിപത്തില്‍ ചേര്‍ന്ന ആര്‍.എസ്.എസ് പ്രതിനിധി സഭാ യോഗത്തില്‍ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബൊളെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഭാരതവല്‍ക്കരണം ആണ്. എന്നു വച്ചാല്‍ മനുസ്മൃതിയും ശങ്കരസ്മൃതിയും കൊണ്ട് രാജ്യം ഭരിക്കുക. ഇന്ത്യയിലെ ജാതിക്കെതിരെയുള്ള അയിത്ത ജാതിക്കാര്‍ക്ക് വഴി നടക്കാനുള്ള ഏറ്റവും വലിയ സമരമായ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആണല്ലോ ഇപ്പോള്‍ നടക്കുന്നത്. അന്ന് അയിത്ത ജാതിക്കാരെ ക്ഷേത്ര നിരത്തുകളില്‍ പ്രവേശിപ്പിക്കാത്തത് അവര്‍ നീച ജന്മങ്ങള്‍ എന്നു പറഞ്ഞു കൊണ്ടാണ്. ഇണ്ടംതുരുത്തി മനയിലെ കാരണവരായ ദേവന്‍ നമ്പ്യാതിരി അതിനു വേണ്ടി ഉയര്‍ത്തിക്കാട്ടിയ പുസ്തകം ശങ്കരന്റേതായിരുന്നു എന്ന് ഓര്‍ക്കണം. എന്നു മാത്രമല്ല അന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായ ഗാന്ധിജിയെ പോലും മനക്കകത്ത് നമ്പ്യാതിരി കയറ്റിയില്ല. മനക്ക് പുറത്ത് പന്തലിട്ടാണ് വൈശ്യനായ ഗാന്ധിയെ ഇരുത്തിയത്. എന്നു മാത്രമല്ല അംബേദ്കറെ അങ്ങേയറ്റം എതിര്‍ത്ത വര്‍ണ്ണാശ്രമ ധര്‍മ്മം പാലിച്ച സനാതന ഹിന്ദുവായ ഗാന്ധിക്കാണ് ഈ ഗതി വന്നതെന്ന് ഓര്‍ക്കണം. എന്നിട്ടും ഗാന്ധി വൈക്കം സത്യാഗ്രഹത്തെ ഹിന്ദുക്കളുടെ മാത്രം സമരമായി ചുരുക്കി ഒതുക്കി അത് ഇന്ത്യ മുഴുവന്‍ ആളിപ്പടരുന്നത് തടഞ്ഞു. സനാതന ഹിന്ദുക്കളെ രക്ഷിക്കുകയാണ് ചെയ്തത്. അങ്ങനെയുള്ള ഗാന്ധിയെ വെടി വച്ച് കൊന്നതാകട്ടെ ഒരു സനാതന ഹിന്ദുവും ബ്രാഹ്‌മണനും ആയ ഗോഡ്സെ ആണെന്നുള്ളത് കാലത്തിന്റെ പ്രതികാരമാകാം. ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് പാഠപുസ്തകങ്ങളില്‍ നിന്നും ഈ ഭാഗങ്ങളൊക്കെ നീക്കുന്നു എന്നത് ചരിത്രത്തെ അവര്‍ എത്രമാത്രം ഭയക്കുന്നു എന്നുള്ളതിന് തെളിവാണ്. വഴി നടക്കാന്‍ സമരം ചെയ്ത വൈക്കം സത്യാഗ്രഹ സമരക്കാരുടെ കണ്ണ് കുത്തിപ്പൊട്ടിച്ച കാരണവരുടെ മനയായ ഇണ്ടംതുരുത്തി മന ഇന്ന് വൈക്കത്തെ ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസ് ആണെന്നുള്ളത് കാലത്തിന്റെ കാവ്യ നീതിയാണ്.

 

തന്റെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി വഴിയിലെ വിളക്കു കാലില്‍ തന്നെ തൂക്കിയാലും തനിക്ക് വിരോധമില്ലെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. ലോക പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞനും നോബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യാസെന്‍ അംബേദ്കറെ കുറിച്ച് പറഞ്ഞത് 'എന്റെ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്' എന്നാണ്. ആ മേഖലയില്‍ അംബേദ്കറിന്റെ സംഭാവനകള്‍ ഇതു വരെ ആരും പഠന വിഷയം ആക്കിയിട്ടില്ലെന്നത് കുറ്റകരമായ അനാസ്ഥയാണ്. 1921 ല്‍ അദ്ദേഹം എഴുതിയ പ്രൊവിന്‍ഷ്യല്‍ ഡീസെന്‍ട്രലൈസേഷന്‍ ഓഫ് ഇംപീരിയല്‍ ഫിനാന്‍സ് എന്ന പ്രബന്ധത്തിന് അദ്ദേഹത്തിന് ഡിഗ്രി ഓഫ് മാസ്റ്റര്‍ ഓഫ് സയന്‍സ് അവാര്‍ഡ് ലഭിച്ചു. 1922 ല്‍ ദി പ്രോബ്ലം ഓഫ് റുപ്പി എന്ന പ്രബന്ധവും അദ്ദേഹം എഴുതി. പക്ഷേ ഇതേക്കുറിച്ചൊന്നും കാര്യമായ പഠനങ്ങള്‍ നടന്നില്ല. എന്നു മാത്രമല്ല സാമ്പത്തിക ശാസ്ത്രവും നരവംശ ശാസ്ത്രവും സോഷ്യോളജിയും പഠിച്ച അംബേദ്കര്‍ കോമേഴ്സ് ഇന്‍ ഏഷ്യന്റ് ഇന്ത്യ എന്ന വിഷയത്തില്‍ ഒരു മാസ്റ്റേഴ്സ് തീസിസ് എഴുതുകയും ചെയ്തു. ഇന്ത്യന്‍ രാഷ്ട്ര ധനകാര്യത്തെപ്പറ്റി ആഴത്തില്‍ പഠിച്ച അംബേദ്കര്‍ നാഷണല്‍ ഡിവിഡെന്‍സ് ഓഫ് ഇന്ത്യ എന്ന വിഷ്യത്തില്‍ പ്രബന്ധവും എഴുതി. ഇതില്‍ നിന്ന് അംബേദ്കര്‍ പ്രതിഭാധനനായ ഒരു നിയമജ്ഞന്‍ മാത്രമല്ല വലിയൊരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആണെന്ന് കൂടി മനസ്സിലാകും. പക്ഷേ ബോധപൂര്‍വ്വം ഇതെല്ലാം തമസ്‌ക്കരിക്കപ്പെടുകയാണ് ഉണ്ടായത്. അസ്പ്യശ്യരുടേയും അധസ്ഥിത വര്‍ഗ്ഗത്തിന്റേയും സമത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടി തന്റെ ജീവിതകാലം മുഴുവന്‍ നിലകൊണ്ട അംബേദ്കര്‍ ഇന്ത്യയിലെ 80 ശതമാനത്തിലേറേ വരുന്ന അധസ്ഥിത പിന്നോക്കക്കാരുടെ യഥാര്‍ത്ഥ ഹീറോയാണ്. യഥാര്‍ത്ഥത്തില്‍ ഗാന്ധിയന്‍ പ്രഭവത്തില്‍ മുങ്ങിപ്പോയ ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹി കൂടിയായിരുന്നു അംബേദ്കര്‍. മഹാത്മാ എന്ന പദവിക്ക് യഥാര്‍ത്ഥത്തില്‍ അര്‍ഹന്‍ ഗാന്ധിയല്ല മറിച്ച് അംബേദ്കറാണ്.
അംബേദ്കറുടെ വാക്കുകള്‍ കടമെടുത്താല്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ കക്ഷികളും അസ്പ്യശ്യരുടെ സ്വാതന്ത്ര്യത്തെ പിന്താങ്ങുന്നില്ലെന്ന് 1946 ജൂലൈ 21 ന് പൂനൈയില്‍ ചെയ്ത പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. എന്നു മാത്രമല്ല അദ്ദേഹം കോടിക്കണക്കിന് അസ്പ്യശ്യരെ കുറ്റവാളികളായി കണക്കാക്കുന്നവര്‍ക്ക് എങ്ങനെയാണ് സ്വാതന്ത്ര്യം അവകാശപ്പെടാനാകും എന്നാണ് ചോദിച്ചത്. അതു കൊണ്ട് തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സൈമണ്‍ കമ്മീഷനെ ബഹിഷ്‌കരിച്ചിട്ടും അതിനെ മറികടന്ന് ഇന്ത്യയിലെ അസ്പ്യശ്യര്‍ക്ക് വേണ്ടി അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അംബേദ്കര്‍ സൈമണ്‍ കമ്മീഷനു മുന്നില്‍ ഹാജരായി അവര്‍ക്ക് വേണ്ടി വാദിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് 'എന്റെ ജനതക്ക് അവകാശപ്പെട്ടത് ഞാന്‍ ആവശ്യപ്പെടും തീര്‍ച്ചയായും ഞാന്‍ സ്വരാജിന് വേണ്ടിയുള്ള ആവശ്യം ഉയര്‍ത്തിപ്പിടിക്കുകും ചെയ്യും'.

 

അധസ്ഥിത വിഭാഗങ്ങളെ നീച ജന്മങ്ങളായി കണ്ട ബ്രാഹ്‌മണ മേധാവിത്വത്തിനെതിരെ 1927 ഡിസംബര്‍ 25 ന് മനുസ്മൃതി കത്തിച്ച് കൊണ്ട് അംബേദ്കര്‍ തന്റെ പ്രതിഷേധം സമാനതകള്‍ ഇല്ലാത്ത വണ്ണം പ്രകടിപ്പിച്ചു. ജാതി ഹിന്ദുക്കള്‍ക്കിടയില്‍ അത് വലിയ കോളിളക്കം സൃഷ്ടിച്ചു. ഗാന്ധി ഉള്‍പ്പെടെയുള്ള സവര്‍ണ്ണ നേതാക്കള്‍ ഹിന്ദുമതത്തിനുള്ളില്‍ അസ്പ്യശ്യരെ കൂടി കൂട്ടിയതിനു പിന്നില്‍ വലിയൊരു ഗൂഢലക്ഷ്യം ഉണ്ടായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സവര്‍ണ്ണ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ വിട്ടു കൊടുക്കുന്നത് എങ്ങനെ എന്നൊരു വാദം ബ്രിട്ടീഷുകാര്‍ ഉയര്‍ത്തി. അതിന് പരിഹാരം എന്നോണമാണ് അസ്പ്യശ്യരായിരുന്ന വര്‍ണ്ണവ്യവസ്ഥക്ക് പുറത്തുള്ള നീചജന്മങ്ങള്‍ എന്ന് സവര്‍ണ്ണര്‍ മുദ്രകുത്തിയവരെ കൂടി ഹിന്ദുവായി പരിഗണിച്ച് അധികാരം കൈമാറണമെന്ന് ഗാന്ധി ഉള്‍പ്പെടെയുള്ള സവര്‍ണ്ണ നേതാക്കന്മാര്‍ ആവശ്യപ്പെട്ടത്. അധികാരം കിട്ടുന്നതിന് വേണ്ടി വര്‍ണ്ണവ്യവസ്ഥക്ക് പുറത്തുള്ളവരേയും ഹിന്ദുക്കളായി പരിഗണിക്കും എന്തൊരു ഔദാര്യം ? അധികാരം കിട്ടിക്കഴിഞ്ഞപ്പോള്‍ അവര്‍ വര്‍ണ്ണവ്യവസ്ഥയില്‍ നിന്നു പുറത്തായതു പോയെ അധികാരത്തില്‍ നിന്നും പുറത്തായി അതാണ് 75 വര്‍ഷത്തെ ഇന്ത്യാ ചരിത്രം ചൂണ്ടിക്കാണിക്കുന്നത്. ഇന്നും ഇന്ത്യ ഭരിക്കുന്നത് എല്ലാ അര്‍ത്ഥത്തിലും ഒരു സവര്‍ണ്ണഹിന്ദു ന്യൂനപക്ഷമാണ് എന്നതാണ്. യാഥാര്‍ത്ഥ്യം.

 

1931 ആഗസ്റ്റില്‍ ഗാന്ധി അംബേദ്കര്‍ കൂടിക്കാഴ്ചയില്‍ മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിലെ മികച്ച ദേശസ്നേഹി എന്നാണ് ഗാന്ധി അംബേദ്കറെ വിശേഷിപ്പിച്ചത്. അതിനു മറുപടിയായി അംബേദ്കര്‍ പറഞ്ഞത് എനിക്കൊരു മാതൃരാജ്യം ഇല്ല എന്നാണ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യയിലെ അസ്പ്യശ്യരായ അധസ്ഥിത വിഭാഗങ്ങള്‍ക്ക് ഒരു മാതൃരാജ്യം ഇല്ലെന്നാണ് അംബേദ്കര്‍ പറഞ്ഞത്. എന്നു മാത്രമല്ല ആത്മാഭിമാനമുള്ള അസ്പ്യശ്യര്‍ക്ക് ഈ നാടിനെപ്പറ്റി അഭിമാനിക്കാന്‍ കഴിയില്ലെന്നും അംബേദ്കര്‍ തുറന്നടിച്ചു. ഞങ്ങളെ പട്ടികളേയും പൂച്ചകളേയും പോലെ കരുതുന്ന കുടിക്കാന്‍ വെള്ളം നിഷേധിക്കുന്ന ഒരു നാട്ടില്‍ നിന്നു കൊണ്ട് എനിക്ക് എങ്ങനെയാണ് ഈ രാജ്യത്തെ മാതൃരാജ്യം എന്നും ഈ മതത്തെ (ഹിന്ദു) എന്റെ മതമെന്നും വിളിക്കാന്‍ കഴിയുക? ഈ ചോദ്യം ഇന്നും എക്കാലത്തെയും വലിയ ചോദ്യമാണ്. ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ അംബേദ്കര്‍ ഉയര്‍ത്തിയിട്ടുണ്ട്. അതിനെയെല്ലാം മറച്ചു പിടിക്കുന്നതിലേക്ക് സനാതന ഹിന്ദുക്കള്‍ അരുണ്‍ ഷൂരിയെക്കൊണ്ട് ഇന്‍ വര്‍ഷിപ്പിംഗ് ഫാല്‍സ് ഗോഡ് എന്നൊരു പുസ്തകം പടച്ചുണ്ടാക്കി. അംബേദ്കറുടെ മുഖത്ത് കരിവാരി തേക്കാന്‍ ശ്രമിച്ചു. പക്ഷേ ചരിത്രം അറിയുന്നവര്‍ ഷൂരിയുടെ പുസ്തകത്തെ അവജ്ഞയോടെ തള്ളിക്കളയുമെന്നതില്‍ തര്‍ക്കമില്ല.

 

ഗാന്ധിയുടെ നിലപാട് അയിത്ത ജാതിക്കാരെ ഹിന്ദുമതത്തില്‍ നിന്നും വേര്‍തിരിക്കുന്നത് ആത്മഹത്യാപരമെന്നാണ്. പക്ഷേ അതിനു പിന്നിലെ ഗൂഢാലോചന കാണണമെങ്കില്‍ കണ്ണ് തുറന്നു നോക്കണമെന്നേയുള്ളു. ഗാന്ധിജിയുടെ അയിത്തജാതിക്കാരോടുള്ള പ്രേമമെല്ലാം ആത്മാര്‍ത്ഥത ഇല്ലാത്തതാണ്. അതു കൊണ്ടാണ് ഗാന്ധിയുഗം ഇന്ത്യയുടെ ഇരുണ്ട യുഗമെന്ന് അംബേദ്കര്‍ പറഞ്ഞത്. ഇന്ത്യയിലെ അധസ്ഥിത വിഭാഗങ്ങളുടെ സംഘശക്തി ഹിന്ദുമതത്തിന് വേണമായിരുന്നു. എന്തെന്നാല്‍ ബ്രിട്ടണില്‍ നിന്നും അധികാരം കിട്ടാന്‍ വേണ്ടി മാത്രമായിരുന്നില്ല മറിച്ച ഭാവിയില്‍ ഇന്ത്യയിലെ ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും ഇന്ത്യയില്‍ നിന്നും അടിച്ചോടിച്ച് വിടാന്‍ അസ്പൃശ്യരായ ദളിത പിന്നോക്ക വിഭാഗക്കാരുടെ സംഘശക്തി ഉപയോഗിക്കാമെന്ന് അവര്‍ കണക്കു കൂട്ടി. ആ സംഘശക്തി ഉപയോഗിച്ച് സനാതന ഹിന്ദുക്കള്‍ പല കലാപങ്ങളും നടത്തിയിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാന്‍ വ്യക്തമാകും.

 

ഗ്രാമസ്വരാജ് എന്ന ഗാന്ധിയുടെ ആശയത്തെ അംബേദ്കര്‍ ശക്തമായി എതിര്‍ത്തു. കാരണം പരമ്പരാഗതമായ ഗ്രാമീണ ജീവിതത്തെ ഗാന്ധി മഹത്വവല്‍ക്കരിച്ചപ്പോള്‍ അംബേദ്കര്‍ ഗ്രാമീണ ജീവിതത്തെ ജാതീയമായ അടിച്ചമര്‍ത്തലിന്റെയും സാമൂഹികവും സാമ്പത്തികവുമായ പിന്നോക്ക അവസ്ഥയുടെ ചെളിക്കുണ്ടായിട്ടാണ് കണ്ടത്. ഗാന്ധിയുടെ മരണത്തില്‍ അംബേദ്കര്‍ ഒരു അനുശോചനവും രേഖപ്പെടുത്തിയില്ല. മൗനം പാലിച്ചു കൊണ്ട് തന്റെ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ചെയ്തത്.

 

എനിക്ക് മൂന്നു ഗുരുക്കന്മാരും മൂന്നു ദേവതകളും ഉണ്ടെന്ന് അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇവരാണ് അംബേദ്കര്‍ എന്ന മനുഷ്യന്റെ സ്വഭാവ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചത് എന്ന് പറഞ്ഞാല്‍ അതിശയോക്തി ഇല്ല. അംബേദ്കറിന്റെ വാക്കുകള്‍ നോക്കുക. എനിക്ക് മൂന്നു ഗുരുക്കന്മാര്‍ ഉണ്ടായിരുന്നു. എന്റെ ആദ്യനും ശ്രേഷ്ഠനുമായ ഗുരു ബുദ്ധനാണ്. എന്റെ അച്ഛന്‍ കബീര്‍ പാന്ഥിലെ സാധുവായിരുന്നു. എന്റെ അച്ഛന്റെ വീടിന് ധര്‍മ്മാസനം എന്നു പറയുമായിരുന്നു. വിദ്യാസനമെന്നും പറയുമായിരുന്നു. ദാദാ കെളുസ്‌കര്‍ എനിക്ക് ബുദ്ധന്റെ ജീവിത ചരിത്രത്തെക്കുറിച്ചുള്ള പുസ്തകം സമ്മാനമായി തന്നു. ആ പുസ്തകം വായിച്ച ശേഷം എനിക്ക് വ്യത്യസ്ഥമായൊരു വെളിച്ചം കിട്ടി. എന്റെ അഭിപ്രായത്തില്‍ കബീര്‍ ബുദ്ധ തത്വജ്ഞാനത്തിന്റെ ശരിയായ തത്വം മനസ്സിലാക്കിയിരുന്നു. ഞാന്‍ ആരേയും വലിയവന്‍ എന്ന് പറഞ്ഞിട്ടില്ല. ഗാന്ധിയെ ഞാന്‍ മഹാത്മാവ് എന്ന് വിളിച്ചില്ല. കാരണം കബീര്‍ പറഞ്ഞിട്ടുണ്ട് മനുഷ്യനാകാന്‍ പ്രയാസമാണ്. അവന്‍ എങ്ങനെ സന്യാസിയാവും? മനുഷ്യന്‍ ആകാത്ത മനുഷ്യന്‍ എങ്ങനെ മഹാത്മാവ് ആകും?

എന്റെ മൂന്നാമത്തെ ഗുരു ജ്യോതിബാഫൂലെയാണ്. ബ്രാഹ്‌മണേതരരുടെ ശരിയായ ഗുരുവാണ് അദ്ദേഹം. തയ്യല്‍ക്കാര്‍, മണ്‍പാത്രം ഉണ്ടാക്കുന്നവര്‍, ക്ഷുരകര്‍, മീന്‍പിടിത്തക്കാര്‍, മഹര്‍, മാംഗ്, ചംദാര്‍ എന്നിവരെ മനുഷ്യത്വം പഠിപ്പിച്ചത് ഫൂലെയാണ്. ഈ മൂന്നു ഗുരുക്കന്മാരുമാണ് അവരുടെ പാഠങ്ങളുമാണ് എന്റെ ജീവിതം മെനഞ്ഞെടുത്തത്. പിന്നെ എനിക്ക് മൂന്നു ദേവതകളുണ്ട്. അതില്‍ എന്റെ ആദ്യത്തെ ദേവത വിദ്യയാണ്. മനുഷ്യന് ജീവിക്കാന്‍ ഭക്ഷണം എന്ന പോലെ വിദ്യയും ആവശ്യമാണ്. ജ്ഞാനം ഇല്ലെങ്കില്‍ എന്താണ് ചെയ്യാന്‍ കഴിയുക? എന്നിട്ട് അദ്ദേഹം പറഞ്ഞത് ഞാന്‍ വിദ്യയെ 24 മണിക്കൂറും പൂജിക്കുകയാണ്. എന്റെ രണ്ടാമത്തെ ദേവത സ്വാഭിമാനമാണ്. ഞാന്‍ ആരോടും യാചിച്ചിട്ടില്ല. വയറു നിറക്കണമെന്നും എന്റെ ജനങ്ങളെ സേവിക്കണമെന്നുമായിരുന്നു എന്റെ ആദര്‍ശം ഈശ്വരന്‍ പോലും ചെറുതാണെന്ന് തോന്നത്തക്കവണ്ണം എനിക്ക് സ്വാഭിമാനം ഉണ്ട്. എന്റെ മൂന്നാമത്തെ ദേവത സ്വഭാവമാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ തട്ടിപ്പ്, ചതി, ആത്മസിദ്ധിക്ക് വേണ്ടിയുള്ള പാപം ഇവയൊന്നും ചെയ്തിട്ടുള്ളതായി ഓര്‍മ്മയില്ല. ഇതിനെക്കുറിച്ച് എനിക്ക് വലിയ അഭിമാനം തോന്നുന്നുണ്ട്. ഞാന്‍ പലവട്ടം ബിലാത്തിയില്‍ (ലണ്ടന്‍) പോയിട്ടുണ്ട്. പക്ഷെ ഇന്നു വരെ മദ്യം കഴിച്ചിട്ടില്ല, പുക വലിച്ചിട്ടില്ല, എനിക്ക് ദുഃശ്ശീലങ്ങള്‍ ഒന്നുമില്ല. പുസ്തകവും ഉടുപ്പും കൂടുതല്‍ പ്രിയമാണ്. സ്വഭാവ സംവര്‍ധനമെന്ന ഗുണം എനിക്ക് ഉണ്ടെന്ന് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മുകളില്‍ വിവരിച്ച കാര്യങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കൊണ്ടാണ് അംബേദ്കര്‍ ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പിയും അസ്പൃശ്യരുടെ പടത്തലവനും അതിനെല്ലാം ഉപരി മഹാനായ മനുഷ്യസ്നേഹിയും ആയിത്തീര്‍ന്നത്. തീര്‍ന്നില്ല അദ്ദേഹം വീണ്ടും എഴുതുന്നു ഈ മൂന്നു ഗുരുക്കന്മാരും മൂന്നു ദേവതമാരും അവരാണെന്നെ ഞാന്‍ ആക്കിയത്. അവരുടെ ശക്തി മൂലമാണ് ഞാന്‍ ഈ പദത്തില്‍ എത്തിയിരിക്കുന്നത്. ഞാനൊരു നിമിത്തം മാത്രം. അവരുണ്ടാക്കിയ ഒരു പ്രതീകമാണ് ഞാന്‍.


1919 മുതല്‍ അതായത് ഗാന്ധി രാഷ്ട്രീയത്തില്‍ കാലു കുത്തിയ അന്നു മുതല്‍ ഞാനും രാഷ്ട്രീയത്തില്‍ ഉണ്ട്. എങ്കിലും ഞങ്ങള്‍ തമ്മില്‍ യോജിപ്പുണ്ടായില്ല. അനേകതരം വടംവലികള്‍ ഞങ്ങള്‍ നടത്തി. മഹാഡില്‍ വെള്ളത്തിന് വേണ്ടിയുള്ള സത്യാഗ്രഹം നാസിക്കില്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹം മറ്റു പലതരം സത്യാഗ്രഹങ്ങള്‍ പക്ഷേ ആരും സഹാനുഭൂതി കാണിച്ചില്ല. പത്രങ്ങളില്‍ നമ്മുടെ ഹാസ്യ ചിതങ്ങള്‍ വരുന്നു വാര്‍ത്തകള്‍ വരുന്നില്ല. ഞാന്‍ ബഹിഷ്‌കൃത ഭാരത്തതിന്റെ പത്രാധിപര്‍ ആയിരുന്നു. 1919 മുതല്‍ 1942 വരെ. ഒരിക്കല്‍ കേസരിക്ക് പരസ്യം അയച്ചു കൊടുത്തു. ഒപ്പം അതിന്റെ ബില്ല് മൂന്നു രൂപ മണിയോര്‍ഡര്‍ ആയി അയച്ചു. പക്ഷേ തിരിച്ചു വന്നു. സ്ഥലം ഇല്ലെന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് ടെലഫോണ്‍ ചെയ്തു. ഏതോ തെണ്ടി ഉപദ്രവിക്കുകയാണെന്ന് അവര്‍ക്കും തോന്നി. അവരുടേയും ഉത്തരം ഇല്ല. ഇപ്പോള്‍ എല്ലാവരും പിന്നാലെയുണ്ട്. റിപ്പോര്‍ട്ട് തരൂ എന്ന് പറഞ്ഞ്. അംബേദ്കറിന്റെ ഈ വാക്കുകളില്‍ അന്നത്തെ പത്രമാധ്യമങ്ങള്‍ അംബേദ്കറിനോട് ചെയ്ത ദ്രോഹം വ്യക്തമാണ്. അതിനെയെല്ലാം അതിജീവിച്ച് ആധുനിക ഇന്ത്യ സൃഷ്ടിച്ച ബി.ആര്‍. അംബേദ്കര്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത് ഗാന്ധിയുടെ ഇരുണ്ട യുഗത്തെ വെളിച്ചത്തിലേക്ക് ഇറക്കി നിര്‍ത്തി എന്നതാണ്. ഇനിയുള്ള ഓരോ ദിവസവും ഗാന്ധിയന്‍ പ്രഭവത്തില്‍ നിന്ന് മുക്തനായ അംബേദ്കര്‍ ഇന്ത്യയുടെ വെളിച്ചം ആയി മാറുമെന്നതില്‍ സംശയമില്ല.