/kalakaumudi/media/post_banners/5a81940fc870f2eefb00ce821582312eb62d5090b041e1703198f3f250a9e0ea.jpg)
ആഴം തണുപ്പിലേക്കുള്ള ദൂരം
വീടിന്റെ
കിഴക്ക് ഭാഗത്ത് , വടക്കെ കോണിൽ
അവിടെയായിരുന്നു സ്ഥാനം അടുക്കള കിണറിന്
ഉമ്മറക്കോലായിലേക്ക് ഒരേറ്
കണ്ണുകൊണ്ട്.
വന്നവരും പോയവരും , മുന കൊള്ളാത്തവരായി
ഉണ്ടാവരുത് ആരും.
അതായിരുന്നു ദിശ പൊരുത്തം
കിണറുവാതിലും പടിവാതിലും തമ്മിൽ.
പുറത്തെ ഒരു ഇലയനക്കം
ചിരട്ട കത്തുന്ന സീല്കാരത്തേക്കാൾ വേഗം
ചെവിയുടെ ഇടനാഴി കേറി വരും
ശ്രദ്ധയുടെ
വഴിക്കണക്ക് കൃത്യമാണ്
അങ്ങിനെ ഇരിക്കെ ഒരു ദിവസം
ഉച്ച കഴിഞ്ഞു,
വീട് മയങ്ങി കിടക്കുമ്പോൾ ഞാൻ കണ്ടു,
പടിപ്പുരയും കോട്ടത്തളവും
തമ്മിൽ നോക്കി ഇരിക്കുന്നത്.
പാതി അടഞ്ഞ മിഴി വാതിലുകളോടെ
അരയന്നമായി,
കാറ്റ് കിണറു വക്കിലെ മാവിൻ ചുവട്ടിൽ
ഇരു മുഖങ്ങളിലും ഒരേ ഭാവം
വലുപ്പ ചെറുപ്പം മട്ടിൽ ഒന്ന് തന്നെ
രണ്ടും തണുപ്പിലേക്കുള്ള പ്രായണങ്ങൾ
പാടി കടന്നാൽ വീട്ടിലേക്ക്
തുടിയുടെ പൊക്കിളിൽ നിന്നും ഊർന്നിറങ്ങുന്ന
കൊടി വഴി താഴെ നല്ല നനവിലെക്ക്.
അല്ലെങ്കിൽ തന്നെ
കയറി വരുന്നതും ഇറങ്ങിപ്പോകുന്നതും
തമ്മിൽ എന്തു വ്യത്യാസം.
ഒന്നു ദൂരം, മറ്റൊന്ന് ആഴം അളവൊന്നു തന്നെ.
കയർ വേഗത്തിൽ
ഇറങ്ങി വരുന്ന ബക്കറ്റിന്റെ ചുംബനം കൊണ്ട്
നെഞ്ചു മിടിക്കുന്ന വെള്ളം.
വിരുന്നുകാരന്റെ കാൽ വിരൽ അമരുമ്പോൾ
കുതറി മാറാത്ത മുറ്റം
രണ്ടു പേരും ഉച്ചമയക്കത്തിൽ കിനാവ് കാണുന്നതും
വേറെന്തു ഭാഷയാവാം
വഴിയിറങ്ങിയ വരാത്തവർ
നമ്മുടെ പരിഭവത്തെ
അവരുടെ പ്രയാസം കൊണ്ട് പ്രതിരോധിക്കും
വിരുന്നാണ് ഒരു വരവ് പോലും
മടികൊണ്ട് മറക്കുന്നവർ ഒരുറവ മൂടുന്നു
ഒരു കുട്ട വെള്ളം കോരുന്നതിനേക്കാൾ
വിരുന്നുകാരന് എളുപ്പമെത്താം പാതയകലെ നിന്നും
എന്നാലും.
അതിഥി ഇല്ലാത്ത വീട്,
ജലനില ഇല്ലാത്ത കിണർ.
ഒന്ന് ദൂരത്തൊരു കല്ല് മണ്ണ് ഇൻസ്റ്റലേഷൻ
മറ്റേതു അടപ്പില്ലാത്ത താഴ്ച കാഴ്ചയേക്കാൾ
അപ്പോൾ
ഞാൻ തന്നെ
വെള്ളം കോരി കിണറുമാകും
ഇന്നലെ വിളിച്ചപ്പോൾ
'അമ്മ വേവലാതിപ്പെട്ടത് കിണറ്റിലെ
നെല്ലിപ്പടി മുങ്ങാത്ത വെള്ളത്തെക്കുറിച്ചാണ്.
രണ്ടു ദിവസം മുൻപ്,
അയൽക്കാരൻ അയച്ചുതന്ന വാട്സ്ആപ് ഫോട്ടോ
വീട് വാടകയ്ക്ക് എന്ന തലക്കെട്ടിൽ
രണ്ടും,
തണുപ്പു പോകുന്ന പരിഭവങ്ങൾ