തിരുവനന്തപുരം: കടുത്ത അന്ധവിശ്വാസം മനസിനെ പിശാചാക്കി മാറ്റുന്നതായി മുന്‍ മന്ത്രി കെ കെ ശൈലജ. നരബലി പോലുള്ള ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്കു കാരണം ഇതാണെന്നും സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പഞ്ചരത്‌ന വനിതാ പ്രഭാഷണ പരമ്പരയില്‍ അവര്‍ പറഞ്ഞു.
ചെറുതില്‍ നിന്ന് വലിയ അന്ധവിശ്വാസത്തിലേക്കു സമൂഹം മാറിക്കൊണ്ടിരിക്കുന്നു. ശാസ്ത്രജ്ഞന്മാര്‍ പോലും അന്ധവിശ്വാസികളാകുന്ന കാലമാണിത്. ഈ കാടത്തത്തിനെതിരെ ശാസ്ത്രബോധം വളര്‍ത്തുകയും മനുഷ്യത്വത്തെ മനസില്‍ കുടിയിരുത്തുകയും വേണം. നല്ല ദൈവവിശ്വാസിയാകുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ സഹജീവികള്‍ക്ക് ദ്രോഹമുണ്ടാക്കുന്നതൊന്നും പാടില്ലെന്നും അവര്‍ പറഞ്ഞു.
സമൂഹത്തെ കുറച്ചുകൂടി സുന്ദരമാക്കി അടുത്ത തലമുറയ്ക്ക് കൈമാറണം. പകര്‍ന്നുകൊടുക്കലാണ് പുണ്യകര്‍മ്മം. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള ആര്‍ത്തി മുതലാളിത്തത്തിന്റെ സംഭാവനയാണ്. അന്ധവിശ്വാസം ഫ്യൂഡലിസത്തില്‍ നിന്ന് കിട്ടിയതും. സഹിഷ്ണുതയുള്ള സമൂഹത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുമെന്നും കെ കെ ശൈലജ പറഞ്ഞു.
പഞ്ചരത്‌ന വനിതാ പ്രഭാഷണ പരമ്പരയ്ക്ക് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയാണ് തുടക്കംകുറിച്ചത്. ശ്വേത മേനോന്‍, ഭാഗ്യലക്ഷ്മി, അഞ്ജു ബോബി ജോര്‍ജ് എന്നിവരാണ് മറ്റു പ്രഭാഷകര്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
