നിലയ്ക്കാത്ത പ്രണയഗാനം പോലെ "ഇനിയൊന്നു പാടൂ ഹൃദയമേ''

ലക്ഷം രൂപയിൽ കുറഞ്ഞ തുക കൊണ്ട് ഒരു സിനിമ എടുത്തുതീർക്കുക; അത് സൂപ്പർ ഹിറ്റാക്കുക. ഏറെ നാൾ മനസ്സിൽ കൊണ്ടുനടന്ന ആ സ്വപ്നം ടി ഇ വാസുദേവൻ എന്ന നിർമ്മാതാവ് സാക്ഷാത്കരിച്ചത് "കുട്ടിക്കുപ്പായ'' ത്തിലൂടെയാണ്. കഷ്ടിച്ച് 98,000 രൂപ മുടക്കി ജയ്മാരുതിയുടെ ബാനറിൽ വാസുദേവൻ ഒരുക്കിയ ആ സാമൂഹ്യ ചിത്രം ബോക്‌സാഫീസിൽ നിന്ന് വാരിക്കൂട്ടിയത് അനേക ലക്ഷങ്ങൾ. അഞ്ചു പതിറ്റാണ്ടുകൾക്കിപ്പുറം, ഈ ന്യൂജെൻ സിനിമാക്കാലത്തും ടെലിവിഷനിൽ `കുട്ടിക്കുപ്പായം' വരുമ്പോൾ ആസ്വദിച്ചു കണ്ടിരിക്കുന്നവരുണ്ട്; പി ഭാസ്കരൻ - ബാബുരാജ് ടീമിന്റെ പാട്ടുകൾക്ക് നന്ദി. iniyonnu paadu hrudayame book by beena renjini-beena renjini book

author-image
online desk
New Update
നിലയ്ക്കാത്ത പ്രണയഗാനം പോലെ "ഇനിയൊന്നു പാടൂ ഹൃദയമേ''
 
 
ലക്ഷം രൂപയിൽ  കുറഞ്ഞ തുക കൊണ്ട് ഒരു സിനിമ എടുത്തുതീർക്കുക; അത് സൂപ്പർ ഹിറ്റാക്കുക. ഏറെ നാൾ മനസ്സിൽ കൊണ്ടുനടന്ന ആ സ്വപ്നം ടി ഇ വാസുദേവൻ  എന്ന നിർമ്മാതാവ് സാക്ഷാത്കരിച്ചത് "കുട്ടിക്കുപ്പായ'' ത്തിലൂടെയാണ്.
 
 
കഷ്ടിച്ച് 98,000 രൂപ മുടക്കി ജയ്മാരുതിയുടെ ബാനറിൽ വാസുദേവൻ ഒരുക്കിയ ആ സാമൂഹ്യ ചിത്രം ബോക്‌സാഫീസിൽ നിന്ന് വാരിക്കൂട്ടിയത് അനേക ലക്ഷങ്ങൾ. അഞ്ചു പതിറ്റാണ്ടുകൾക്കിപ്പുറം, ഈ ന്യൂജെൻ സിനിമാക്കാലത്തും  ടെലിവിഷനിൽ 'കുട്ടിക്കുപ്പായം' വരുമ്പോൾ ആസ്വദിച്ചു കണ്ടിരിക്കുന്നവരുണ്ട്;  പി ഭാസ്കരൻ - ബാബുരാജ് ടീമിന്റെ പാട്ടുകൾക്ക് നന്ദി.
 
 
ഇമ്പമേറിയ ആ പത്ത് പാട്ടുകളായിരുന്നു  "കുട്ടിക്കുപ്പായ''ത്തിന്റെ  മുഖ്യ ആകർഷണം എന്ന് പറഞ്ഞപ്പോൾ വാസു സാറിന്റെ മുഖത്ത് കണ്ട ഭാവപ്പകർച്ച മറക്കില്ല. കുറച്ചു നേരം മൗനിയായിരുന്ന ശേഷം അദ്ദേഹം പറഞ്ഞു: "ചെലവു ചുരുക്കലിന്റെ ഭാഗമായി സിനിമയിലെ പാട്ടുകൾക്കും പശ്ചാത്തല സംഗീതത്തിനും ചിത്രീകരണത്തിനും  വേണ്ടി നീക്കിവച്ചത്   ആറായിരമോ ഏഴായിരമോ  രൂപ മാത്രമായിരുന്നു എന്നാണ് ഓർമ്മ. പാട്ടുകൾ എല്ലാം റെക്കോർഡ് ചെയ്തത് വളരെ ചുരുക്കം വാദ്യോപകരങ്ങളോടെ അകമ്പടിയോടെയാണ്.
 
 
ഷൂട്ട് ചെയ്തത് അതിലും ചുരുങ്ങിയ ചെലവിലും.  ഇന്നോർക്കുമ്പോൾ കുട്ടിക്കുപ്പായത്തിലെ പാട്ടുകളോട് കുറച്ചു കൂടി നീതി പുലർത്താമായിരുന്നു എന്ന് തോന്നും. കാരണം പടമിറങ്ങി അര നൂറ്റാണ്ട് കഴിഞ്ഞിട്ടും എനിക്ക് സ്ഥിര വരുമാനം നേടിത്തന്നുകൊണ്ടിരിക്കുന്നത് ആ പാട്ടുകളാണല്ലോ..'' 
 
 
2014-ൽ തൊണ്ണൂറ്റിയേഴാം വയസ്സിൽ  ജീവിതത്തോട് വിടവാങ്ങുമ്പോഴേക്കും,  "കുട്ടിക്കുപ്പായ''ത്തിലെ  ഗാനങ്ങളുടെ റോയൽറ്റിയിലൂടെ  മാത്രം  ലക്ഷങ്ങൾ സമ്പാദിച്ചുകഴിഞ്ഞിരുന്നു, വാസുദേവൻ.
 
 
മലയാള സിനിമാസംഗീതത്തിനുള്ള വിലപ്പെട്ട  അംഗീകാരം കൂടിയാകുന്നു  പശ്ചാത്താപധ്വനിയുള്ള  ആ ഏറ്റുപറച്ചിൽ. ഏറെ ആഘോഷിക്കപ്പെട്ട  പടങ്ങളും അവയിലെ താരങ്ങളുമൊക്കെ വിസ്മൃതിയിൽ ചെന്നൊടുങ്ങിയാലും പാട്ടുകൾ കാലത്തെ അതിജീവിക്കുമെന്നതിന്റെ ഏറ്റവും നല്ല തെളിവ്. 
 
 
നിർഭാഗ്യവശാൽ ആദ്യകാലത്ത്  ഗാനങ്ങളെയും  ഗാനരംഗങ്ങളേയും അർഹിക്കുന്ന ഗൗരവത്തോടെ കണ്ടിരുന്നില്ല  മിക്ക സിനിമാക്കാരും. 1950 മുതൽ 80 വരെയുള്ള കാലഘട്ടത്തിലെ മലയാള സിനിമകളിൽ ഈ അവഗണന ഏറെ പ്രകടം.
 
 
എ വിൻസന്റ്, കെ എസ് സേതുമാധവൻ, ശ്രീകുമാരൻ തമ്പി തുടങ്ങി അപൂർവം ചില സംവിധായകരുടെ സിനിമകൾ  ഒഴിച്ചുനിർത്തിയാൽ, വെറുമൊരു ചടങ്ങു പോലെ  തികച്ചും യാന്ത്രികമായി പാട്ടു സീനുകൾ തട്ടിക്കൂട്ടുന്നതായിരുന്നു പൊതുവെയുള്ള രീതി.
 
 
ഗാനങ്ങളുടെ കാവ്യഗുണമോ സംഗീത മേന്മയോ ഒന്നും പരിഗണിക്കപ്പെട്ടതുപോലുമില്ല പലപ്പോഴും. എന്നാൽ ഇന്ന് അത്തരം സിനിമകൾ പലതും ഓർക്കപ്പെടുന്നത് പോലും അവയിലെ മനോഹര ഗാനങ്ങളിലൂടെയാണെന്നതല്ലേ സത്യം? അതുകൊണ്ടു തന്നെ ഇന്ത്യൻ സിനിമയുടെ ചരിത്ര വീഥികളിലൂടെ സഞ്ചരിക്കുന്നവർക്ക് പാട്ടുകളെ ഒരിക്കലും എഴുതിത്തള്ളാൻ കഴിയില്ല.
 
 
അത്ര കണ്ട് നമ്മുടെ സിനിമാപാരമ്പര്യവുമായി, നിത്യജീവിതവുമായിത്തന്നെ  ഇഴുകിച്ചേർന്നിരിക്കുന്നു അവ. ബീനാ രഞ്ജിനി എഴുതിയ "ഇനിയൊന്നു പാടൂ ഹൃദയമേ'' എന്ന  ഗ്രന്ഥത്തിന്റെ പ്രസക്തിയും അതു തന്നെ. മലയാളത്തിലെ മനോഹരമായ  കുറെ പാട്ടുകളുടെ ചരിത്രത്തിലൂടെ സംഗീതപ്രേമിയായ ഒരു മാദ്ധ്യമപ്രവർത്തക പ്രണയപൂർവം നടത്തുന്ന  തീർത്ഥാടനമാണ്  ഈ പുസ്തകം. 
 
 
മലയാള സിനിമാ പത്രപ്രവർത്തന ലോകത്തെ  അപൂർവ സ്ത്രീ സാന്നിധ്യമാണ്  ബീന. മൂന്ന് പതിറ്റാണ്ടോളമായി സജീവ പത്രപ്രവർത്തന രംഗത്തുണ്ട് അവർ. കലാകൗമുദി ഗ്രൂപ്പിന്റെ "വെള്ളിനക്ഷത്രം''  സിനിമാ വാരികയുടെ വളർച്ചയിലും പ്രശസ്‌തിയിലും ബീനയുടെ റിപ്പോർട്ടുകളും  ഫീച്ചറുകളും  അഭിമുഖങ്ങളും വഹിച്ച പങ്ക് നിസ്തുലം.
 
 
ഗൗരവമാർന്ന ഗവേഷണ തല്പരതയും ആഴമുള്ള ചരിത്രബോധവുമാണ് സാധാരണ ചലച്ചിത്ര ലേഖകരിൽ നിന്ന് ബീനയെ വേറിട്ടു നിർത്തുന്ന ഘടകങ്ങൾ.  ബീനയുടെ രചനകളെ എല്ലാത്തരം വായനക്കാർക്കും പ്രിയങ്കരമാക്കി മാറ്റുന്നതും ഈ ഘടകങ്ങൾ തന്നെ. 
 
 
വിഷയം പാട്ടാകുമ്പോൾ ഭാഷ സംഗീത സാന്ദ്രമാകുക തന്നെ വേണം. ഇഷ്ടഗാനങ്ങളെ കുറിച്ച് എഴുതുമ്പോൾ, ബീനയുടെ രചനാശൈലി  ആർദ്രമായ ഒരു  ഭാവവും താളവും ഒഴുക്കും കൈവരിക്കുന്നു. ആദ്യ വരി മുതൽ അവസാന വരി വരെ വായനക്കാരനെ സ്നേഹപൂർവ്വം കൂടെ നടത്തുന്ന  എഴുത്തിന്റെ മാജിക് ഈ പുസ്തകത്തിലും നമ്മെ ആവോളം അനുഭവിപ്പിക്കുന്നു ബീന. 
 
 
ചരിത്രമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും  അതൊരിക്കലും വിരസതയാർന്ന  സ്ഥിതിവിവരക്കണക്കുകളായി മാറുന്നില്ല എന്നത് മറ്റൊരു പ്രത്യേകത. പാട്ടിന്റെ പിന്നാമ്പുറക്കഥകളിലൂടെ വായനക്കാരനെ കൈപിടിച്ച് നടത്തുന്നതോടൊപ്പം ആ പാട്ടുൾക്കൊള്ളുന്ന ചലച്ചിത്രങ്ങളെയും അവയുടെ ശിൽപ്പികളെയും   മറവിയിൽ നിന്ന് പൊടിതട്ടിയെടുക്കുക   കൂടി ചെയ്യുന്നു  ബീനയുടെ കുറിപ്പുകൾ.
 
 
ചെമ്മീനിലെ "മാനസമൈന''യെ കുറിച്ചുള്ള ലേഖനം  മലയാള സിനിമയുടെ ഗതി തിരിച്ചുവിട്ട ഒരു ക്ലാസിക്ക് സിനിമയുടെ പിറവിയുടെ ചരിത്രം കൂടിയാകുന്നത് അങ്ങനെയാണ്. അത് പോലെ എത്രയെത്ര പാട്ടുകൾ, എത്രയെത്ര സിനിമകൾ. എത്രയെത്ര മഹാപ്രതിഭകൾ. 
 
 
മലയാള സിനിമയിലെ നാഴികക്കല്ലുകളായി വിശേഷിപ്പിക്കാവുന്ന ഗാനങ്ങൾക്കൊപ്പം (പൊൽത്തിങ്കൾ കല, എൻ മന്ദഹാസം, ലക്ഷാർച്ചന കണ്ട്, നഷ്ടസ്വർഗങ്ങളെ, ആഷാഢമാസം, നക്ഷത്രദീപങ്ങൾ) അത്രത്തോളം  പ്രശസ്തമാകാതെ പോയ അതീവ ഹൃദ്യമായ രചനകളും (ചീരപ്പൂവുകൾക്ക്, മോഹം മുഖപടമണിഞ്ഞു, ഗംഗയിൽ തീർത്ഥമാടിയ, ആരാണ് ഞാൻ, കനകമൈലാഞ്ചി) കടന്നുവരുന്നുണ്ട് ബീനയുടെ പുസ്തകത്തിൽ. 
 
 
ചിത്രീകരിക്കപ്പെടാൻ ഭാഗ്യമില്ലാതെ പോയിട്ടും, മലയാളിയുടെ ഹൃദയത്തിന്റെ ഭാഗമായിത്തീർന്ന  "സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം'' പോലുള്ള പാട്ടുകൾ വേറെ. ജനപ്രീതിയേക്കാൾ രചനയിലും സംഗീതത്തിലും ആലാപനത്തിലും ഉള്ള മികവ് തന്നെയാകാം പല ഗാനങ്ങളുടെയും തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം. 
 
 
ദേവരാജൻ, ദക്ഷിണാമൂർത്തി, അർജ്ജുനൻ, ആർ കെ ശേഖർ, വിദ്യാധരൻ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങി പുതിയ തലമുറയിലെ ഷാൻ റഹ്‌മാൻ വരെയുള്ള സംഗീത സംവിധായകർ, വയലാർ, പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, ഒ എൻ വി, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ബിച്ചു തിരുമല, യൂസഫലി, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, പി കെ ഗോപി, എം ഡി രാജേന്ദ്രൻ തുടങ്ങി മധു വാസുദേവ് വരെയുള്ള ഗാനരചയിതാക്കൾ,  മന്നാഡേ, യേശുദാസ്, പി ലീല തുടങ്ങി വിനീത് ശ്രീനിവാസൻ വരെയുള്ള ഗായികാഗായകന്മാർ.... ഗാനങ്ങളുടെയും ഈണങ്ങളുടെയും നാദങ്ങളുടെയും വിശാലമായ ഒരു  പ്രപഞ്ചം തന്നെ വായനക്കാരനു മുന്നിൽ തുറന്നിടുന്നു ബീനയുടെ പുസ്തകം.
 
 
കണ്ണീരും  കിനാവും ഇഴചേർന്ന നിരവധി അറിയാക്കഥകളുണ്ട്  ആ മായാപ്രപഞ്ചത്തിൽ. ഒരു പാട്ടു പാടാൻ അവസരം തേടിയലഞ്ഞു ഒന്നുമാകാതെ സിനിമയുടെ പുറമ്പോക്കിൽ ചെന്നൊടുങ്ങിയ നിർഭാഗ്യവാന്മാരെയും രായ്ക്കുരാമാനം പ്രശസ്തിയുടെ ഔന്നത്യങ്ങളിലേക്ക് പറന്നുയർന്ന ഭാഗ്യശാലികളെയും നാം കണ്ടുമുട്ടുന്നു ആ കഥകളിൽ.
 
 
ഭാഗ്യനിർഭാഗ്യങ്ങൾ ഒരേ നാണയത്തിന്റെ ഇരുപുറങ്ങൾ മാത്രം എന്ന തിരിച്ചറിവ് നൽകുന്നവയാണ് പല ജീവിതങ്ങളും. സിനിമയിലെ ഒരു പ്രത്യേക സന്ദർഭത്തിന് വേണ്ടി നിശ്ചിത സമയത്തിനുള്ളിൽ, ചിലപ്പോഴൊക്കെ  ഒരു ഈണത്തിന്റെ പരിമിതിക്കുള്ളിൽ  ഒതുങ്ങിനിന്നുകൊണ്ട്, സൃഷ്ടിക്കപ്പെടുന്ന ചലച്ചിത്ര ഗാനം സാധാരണക്കാരന്റെ മനസ്സിനെ മാത്രമല്ല, സ്രഷ്ടാവിന്റെ മനസ്സിനെയും എത്ര ആഴത്തിൽ സ്വാധീനിക്കുന്നു എന്നതിന് നിരവധി ഉദാഹരണങ്ങൾ നൽകുന്നുണ്ട് ബീന.
 
 
കളിവീടുറങ്ങിയല്ലോ എന്ന "ദേശാടന''ത്തിലെ ഗാനം വിങ്ങലോടെ മാത്രമേ ഇന്നും കേൾക്കാനാവൂ അതിന്റെ സ്രഷ്ടാവായ കൈതപ്രത്തിന്. സ്വപ്നങ്ങളൊക്കെയും എന്ന സ്വന്തം ഗാനം കേൾക്കുമ്പോൾ പി ഭാസ്കരൻ എന്ന മഹാനായ എഴുത്തുകാരന്റെഓർമ്മകൾ വന്നു നിറയും വിദ്യാധരന്റെ മനസ്സിൽ. സഫലമാകാതെ പോയ പ്രണയത്തിന്റെ നഷ്ട സ്മൃതി കൂടിയാണ്  എം ഡി രാജേന്ദ്രന് "ഹിമശൈല സൈകതം.'' 
 
 
അങ്ങനെ, സ്വകാര്യവും  നിഗൂഢവുമായ  എത്രയോ ജീവിതാനുഭവങ്ങളുടെ ചൂടും തണുപ്പുമേറ്റ് പിറന്നുവീണവയാണ് പല പാട്ടുകളുമെന്ന്  വീണ്ടും വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു ഈ ലേഖനങ്ങൾ. 
 
 
ഏതു പടുപാട്ടുകാരനെയും മനസ്സു കൊണ്ടെങ്കിലും ഗന്ധർവഗായകനാക്കി മാറ്റുന്നു അവ.  "ഇനിയൊന്നു പാടൂ''  എന്ന് പ്രണയപൂർവം ബീനയിലെ ഗാനാസ്വാദക  കാതിൽ മന്ത്രിക്കുമ്പോൾ ഏതു വായനക്കാരന്റെ ഹൃദയമാണ്  പാടാതിരിക്കുക?
Beena Renjini