ജനനീത്വം

ഇനിയൊരു ജന്മം നീയെന്നുടേതാകുമോ എന്‍ജീവശ്വാസത്തിന്‍താളമായീടുമോ? എന്നി

New Update
ജനനീത്വം

ഇനിയൊരു ജന്മം നീയെന്നുടേതാകുമോ
എന്‍ജീവശ്വാസത്തിന്‍താളമായീടുമോ?
എന്നിലെനന്മകളെന്നിലെതിന്മകള്‍
എല്ലാംസഹിച്ചു, നീയെന്നിലലിയുമോ?

ഇനിയൊരു ജന്മത്തില്‍ നിന്നുടേതാകുവാന്‍
എത്രയോ പുണ്യങ്ങള്‍ ചെയ്തു, ഞാന്‍ സത്വരം
എന്നുടെ ഗര്‍ഭപാത്രത്തിലൊരു മുകുളമായി
പറ്റിപ്പിടിച്ചു നീ, തത്തിക്കളിക്കവേ

നിന്‍പിഞ്ചുദേഹം എന്നിലെപ്പുണ്യമായ്
എന്നിലെ മാതൃഭാവത്തിന്‍പ്രതീകമായ്
സ്വപ്നങ്ങള്‍ കണ്ടു നല്ലൊരാ നാളിനായ്
ദിനരാത്രമെണ്ണിഞാന്‍, കാലംകഴിയ്ക്കവേ

അറിഞ്ഞു ഞാന്‍ ഞെട്ടലോടെന്‍പിഞ്ചുപൈത-
ലെന്നെത്തനിച്ചാക്കി സ്വര്‍ലോക പ്രാപ്തനായ്
ഇറ്റിറ്റുവീഴുന്നോരെന്‍കണ്ണുനീരിനാല്‍
മുജ്ജന്മപാപങ്ങള്‍ കഴുകിക്കളഞ്ഞു ഞാന്‍

മാറോടു ചേര്‍ത്തു, കൊഞ്ചിക്കുവാന്‍ ഞാന്‍ കൊതി-
ച്ചാമോദപൂര്‍വ്വം ദര്‍ശിക്കുവാനെന്‍മനം
എല്ലാം വെറും പകല്‍ക്കിനാവായ് മറകയോ
ചുടുകണ്ണുനീരിനാലെന്‍ മാറു പൊള്ളവേ

ഏങ്ങിക്കരഞ്ഞുകൊണ്ടെന്‍ ദുര്‍വിധിയെ
നിശബ്ദമായ് പഴിച്ചു, കാലം കഴിക്കവേ
അറിഞ്ഞൊരാ നഗ്‌നസത്യത്തെ വൈകാതെ
മാതൃജന്മമെന്നതിനിയൊരു മരീചിക
കാത്തിരിക്കാം ഞാനടുത്ത ജന്മത്തിനായ്
പുണ്യമാം മാതൃഭാവത്തെ കൈവരിച്ചീടുവാന്‍

ഐശ്വര്യ ബിജു
ഫിലാഡല്‍ഫിയ
യു എസ്

aishwarya biju