/kalakaumudi/media/post_banners/2c9203ba89af696a4ff10502327aec5901d56f07bba0fa4f4d84a9385aef8e23.jpg)
തലേന്നു രാത്രി പെയ്ത മഴ കൊണ്ട് ഭൂമി ശരിക്കും തണുത്തിരുന്നു. ചാറ്റല്‍ മഴ കുറഞ്ഞതോടെ തുറന്നിട്ട ജാലകത്തിനപ്പുറം കരിയിലക്കിളിയുടെ ആരവം. ഇന്നലെ സന്ധ്യക്ക് ചത്തുവീണ മഴപ്പാറ്റകളുടെ അവശിഷ്ടങ്ങള്‍ കൊത്തിപ്പെറുക്കുകയാണ് അവ. കര്‍ട്ടണ്‍ നീക്കിയതോടെ നനഞ്ഞ മുള്‍പടര്‍പ്പുകളും മരച്ചില്ലകളും തഴുകി അകത്തേക്ക് കടന്നു വന്ന കാറ്റിന് നല്ല തണുപ്പ്. ഉദിച്ച് സമയം ഒത്തിരി ആയിട്ടും പുറത്തിറങ്ങാതെ സൂര്യന്‍ കാര്‍മേഘങ്ങള്‍ക്കുള്ളില്‍ തന്നെ പതുങ്ങി കിടന്നു.
ദിനേശന്‍ മുറ്റത്തേക്കിറങ്ങി. ഭാഗ്യം തിണ്ണയില്‍ കൊണ്ടിട്ട പത്രം നനഞ്ഞില്ല. പത്രമെടുത്ത് മടിയില്‍ വെച്ച് അത് നിവര്‍ത്തി നോക്കാതെ, കാലെടുത്തു മുന്നിലെ ടീപ്പോയില്‍ വെച്ച്, റോഡിലേക്ക് നോക്കികൊണ്ട് അയാള്‍ വെറുതെ ഇരുന്നു. തണുപ്പകറ്റാന്‍ ഒരു കട്ടന്‍ അത്യാവശ്യമായിരുന്നു. അടുക്കളിയില്‍ പോയി ഒരു കട്ടന്‍ ഉണ്ടാക്കി വരാന്‍ മടി തോന്നി. അയാള്‍ അതെ ഇരുപ്പു തുടര്‍ന്നു.
അപ്പോഴാണ് കയ്യില്‍ മുഴുവനും. കയറും കോടാലിയും ഒക്കെയായി രണ്ടുപേര്‍ ഗേറ്റ് കടന്നു വന്നത്.
മുള മുറിക്കാന്‍ ഉണ്ടെന്നുകേട്ടു. സുരേശന്‍പറഞ്ഞിട്ട് വരുന്നതാണ്. അവന്‍ അറിയിച്ചു.
തല്‍ക്കാലം മറുപടി ഒന്നും പറയാന്‍ തോന്നിയില്ല ഞാന്‍ തന്നെയാണ് സുരേശനോട് മുള കൊടുക്കാനുണ്ടെന്ന് പറഞ്ഞത്.
സത്യത്തില്‍ അത് മുറിച്ചുകളയാന്‍ അയാള്‍ക്ക് ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല. തൊടിയുടെ മൂലയില്‍ നീണ്ടു വളഞ്ഞു. ഇട തൂര്‍ന്നു പച്ച പിടിച്ചുനില്‍ക്കുന്ന മുളക്കൂട്ടം അയാളുടെ വിവാഹ ദിവസം മുറിച്ചു മാറ്റേണ്ടതായിരുന്നു. പന്തലിടാന്‍ സ്ഥലം പോര എന്ന് പറഞ്ഞു അച്ഛന്‍ മഴുക്കാരനെയും കൂട്ടി വന്നതാണ്. പന്തല്‍ ഇട്ടില്ലെങ്കിലും വേണ്ട മുള മുറിക്കാന്‍ സമ്മതിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞതുകൊണ്ട് അവയ്ക്ക് ഇത്രയും കാലം ആയുസ് നീട്ടിക്കിട്ടി. മുള മുറിച്ചു കളയാന്‍ നാട്ടുകാരുടെ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഇടവഴിയിലേക്ക് ചില്ലകള്‍ ചാഞ്ഞു വഴി മുടക്കി നില്‍ക്കുന്നതൊന്നും അയാള്‍ കാര്യമാക്കിയില്ല. മുന്‍പാ അയല്‍പക്കത്തെ പറമ്പിലെല്ലാം മുളയും ഞാറലും, ചാമ്പക്കയും, കരി മുരിക്കും ഒക്കെ ഉണ്ടായിരുന്നു. ഒരു പറമ്പില്‍ ഒരു വീട് എന്ന സങ്കല്‍പം മാറി അടുത്തടുത്തായി വീടുകള്‍ വന്നതോടെ അവയൊക്കെ ഇല്ലാതായി.
ഇനി മുളയായിട്ട് എന്തിനു ബാക്കി വെയ്ക്കണം....മുറിച്ചോളൂ...
അയാള്‍ അനുവാദം കൊടുത്തു.
രമേശന്‍ മുള മുറിക്കുന്നിടത്തേക്ക് പോയില്ല. ആഞ്ഞു പതിക്കുന്ന ഓരോ വെട്ടും അയാളുടെ ദേഹത്ത് എവിടെയോ കൊള്ളുന്നത് പോലെ...
ആരാ പുറത്ത്, അകത്തുനിന്നും രജനിയുടെ നേര്‍ത്ത ശബ്ദം.....
പത്രം തിരിച്ചുവെച്ച് ആയാള്‍ അവള്‍ കിടക്കുന്ന കട്ടിലിനടുത്തേയ്ക്ക് നടന്നു. അവള്‍ ഉണര്‍ന്നിട്ടെ ഉണ്ടായിരുന്നുള്ളൂ.
നമ്മുടെ മുള മുറിയ്ക്കാന്‍ വന്നവരാ
അത് മുറിയ്ക്കുകയാണോ....മുറിയുടെ ഭിത്തിയില്‍ തൂക്കിയ മുളക്കൂട്ടത്തിന് മുന്നില്‍ നിന്നും എടുത്ത ചിത്രം നോക്കികൊണ്ടാണ് അവള്‍ അത്രയും ചോദിച്ചത്. കസവ് നേരിയത് ഉടുത്തു കൊലുന്നനെയുള്ള പെണ്‍കുട്ടിയും ജുബ്ബയും മുണ്ടും വേഷത്തില്‍ അയാളും നില്‍ക്കുന്ന ഫോട്ടോ. വിവാഹതത്തിനുശേഷം എപ്പോഴോ എടുത്തതായിരുന്നു.
അയാള്‍ പുതപ്പു മാറ്റി. അവളെ എഴുന്നേല്‍പ്പിച്ച് വീല്‍ ചെയറില്‍ ചാരി ഇരുത്തി മാറ്റി ബാത്ത് റൂമിലേക്ക് കൊണ്ട് പോയി.
ചായ കുടിപ്പിച്ചു ടവ്വല്‍കൊണ്ട് ചുണ്ടുകള്‍ തുടച്ചു കൊടുത്തപ്പോള്‍ അവളുടെ ദയനീയമായ നോട്ടം അയാള്‍ കണ്ടില്ലെന്നു നടിച്ചു. നിങ്ങള്‍ ഇപ്പോഴും എന്നെ എന്തിനു സഹിക്കുന്നു എന്ന ചോദ്യം ആ കണ്ണുകളില്‍ ദിനേശന് വായിക്കാന്‍ കഴിഞ്ഞു. അയാള്‍ അവളെ കട്ടിലിലേക്ക് തന്നെ തിരിച്ച് കിടത്തി.
കാലം എത്ര പെട്ടെന്നാണ് കീഴ്മേല്‍ മറിക്കുന്നത്.
വിപ്ലവം തലയ്ക്കു പിടിച്ച് പ്രമുഖ വിപ്ലവ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനവുമായി നടക്കുന്ന സമയത്താണ് പട്ടണത്തില്‍ പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനത്തിന്റെ പ്രധിനിധി സമ്മേളനം നടക്കുന്നത്. ക്യാമ്പ് അംഗങ്ങള്‍ക്ക് വീര്യം പകരാന്‍ ദേശീയ നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ പങ്കെടുത്ത, മൂന്ന് ദിവസങ്ങളായി നടന്ന സമ്മേളനത്തില്‍ വനിതാ പ്രധിനിതികളും ഉണ്ടായിരുന്നു.
തലമൂത്ത ദേശീയ നോതാക്കളുടെ വിരസമായ പ്രസംഗങ്ങള്‍, കാലഹരണപ്പെട്ട പ്രത്യാശാസ്ത്രങ്ങളുടെ വിശകലനങ്ങള്‍, അടവ് നയങ്ങള്‍, കമ്മ്യൂണിസ്റ്റ് ആചാര്യന്‍മാരുടെ പടങ്ങള്‍കൊണ്ട് അലങ്കരിച്ച വിശാലമായ ഓഡിറ്റോറിയത്തിന്റെ ഒരു മൂലയില്‍ ഉറക്കം തൂങ്ങി ഇരിക്കുകയായിരുന്നു ദിനേശന്‍.
അതിനിടക്കാണ് അറിയിപ്പ് വരുന്നത്. അടുത്തായി ജില്ലയില്‍ നിന്നുള്ള വനിതാ പ്രധിനിധി സംസാരിക്കുന്നു.
മെലിഞ്ഞ നീണ്ട ഒരു പെണ്‍കുട്ടി വേദിയിലേക്ക് കടന്നു വന്നു.
വളരെ പതിഞ്ഞ ശബ്ദത്തില്‍ തുടങ്ങിയ മനോരമായ പ്രസംഗം ഏതാനും മിനിട്ടുകള്‍ക്കകം ഹാളില്‍ പ്രധിധ്വനി തീര്‍ക്കുകയായിരുന്നു...അക്ഷരാര്‍ത്ഥത്തില്‍ സദസ്സ് കുറച്ചു സമയത്തേക്ക് പിന്‍ ഡ്രോപ്പ് നിളബ്ദതയില്‍ എത്തി.
''അനുഭവ സമ്പത്തുള്ളവരെ പാര്‍ട്ടിക്ക് ആവശ്യമാണ്. പക്ഷേ അക്കൂട്ടര്‍ മാത്രമായി പുതിയ കാലത്തേക്കു മുന്നോട്ടു നീങ്ങുക അസാദ്യം. യുവ തലമുറയെ ഉയര്‍ത്തികൊണ്ടുവരണം. ചട്ടപ്പടി രീതികളില്‍ നിന്നു പാര്‍ട്ടി മാറിച്ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. പേരിന് ഒരു സമരം. അല്ലെങ്കില്‍ സെമിനാര്‍ ഇതുകൊണ്ടെന്നും പാര്‍ട്ടി വളരില്ലാ. നേതാക്കള്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കണം. യുവജന-വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നുള്ളവര്‍ക്കു വര്‍ധിച്ച പ്രാതിനിധ്യം ഉറപ്പുവരുത്തണം'.
ഇന്ത്യയിലെ ജനസംഖ്യയില്‍ പകുതി വനിതകളാണെങ്കില്‍ പാര്‍ട്ടിയില്‍ പത്തുശതമാനത്തോളം മാത്രമേ അവരുടെ പ്രാതിനിധ്യമുള്ളൂ. കുടുതല്‍പ്പേരെ പാര്‍ട്ടി അംഗങ്ങളാക്കുന്നതിലല്ല കാര്യം കഴിവുള്ളവരെ പാര്‍ട്ടിയിലേക്കു കൊണ്ടുവരുന്നതിലാണ്'. അവര്‍ തുടര്‍ന്നു....
പ്രസംഗം അവസാനിപ്പിച്ചതിന് ശേഷം കരഘോഷം മിനിനിട്ടുകളോളം നീണ്ടു നിന്നു. സെക്കന്റുകള്‍ കൊണ്ടാണ് ദിനേശന്‍ ദൃതിയില്‍ വേദിയുടെ മുന്നില്‍ എത്തിയത്. സ്റ്റേജില്‍ ഇറങ്ങി വന്ന അവള്‍ക്ക് നേരെ കൈ നീട്ടി ''വെരിഗുഡ്' നല്ലപെര്‍ഫോര്‍മന്‍സ്, സഖാവിന് തീര്‍ച്ചയായും ഭാവി ഉണ്ട്, എല്ലാ ആശംസകളും, സ്ത്രീകള്‍ക്ക് ഹസ്തദാനം പതിവുണ്ടോ എന്നൊന്നും നോക്കിയില്ല. നീട്ടിയ കൈ അവളും പിടിച്ചുകുലുക്കി....
ആരൊക്കൊയോ നോക്കി ചിരിക്കുന്നുണ്ടായിരുന്നു....
അവര്‍ തമ്മില്‍ അകാലാനാത്ത വിധം അടുക്കാന്‍ ആ മൂന്നു ദിവസങ്ങള്‍ മാത്രം മതിയായിരുന്നു. കഥകളിലും സിനിമയിലും കണ്ടിട്ടുള്ളതല്ലാതെ രണ്ടുപേര്‍ക്കും അതിനെ വര്‍ഗ്ഗസ്നേഹം എന്ന് വിളിക്കണോ പ്രേമം എന്ന വിളിക്കണോ എന്നൊന്നും അറിയില്ല.
മുന്നോട്ടുള്ള വര്‍ഗ സമരങ്ങള്‍ അവര്‍ ഒന്നിച്ചു നയിക്കാന്‍ തീരുമാനിച്ചു.
വിവാഹ സല്‍ക്കാരംകഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി അടുത്ത് വിളിച്ച് ഉപദേശിച്ചു.
'കുടുംബം വളരെപ്രാധാന്യമര്‍ഹിക്കുന്നതാണ് സംശയമില്ല, അതിനിടക്ക് പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തിക്കളയരുത് നിങ്ങള്‍ രണ്ടുപേരും പാര്‍ട്ടിക്ക് വളരെ പ്രതീക്ഷയുള്ള സഖാക്കളാണ്.'
പ്രതീക്ഷക്കു ഒത്ത രീതിയില്‍ തന്നെ
യായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍..
പക്ഷെ..
ഇടയ്ക്കു എവിടെയോ എന്താക്കെയോ നഷ്ടപ്പെടുന്നത് പോലെ..
പാര്‍ട്ടിയുടെ പല നയങ്ങളും നേതാക്കളുടെ ജീവിത രീതികളും ഇടതു വലതു വിത്യാസം നേര്‍ത്ത രേഖയായി മാറുന്നത് വേദനയോടെ കണ്ടു നില്‍ക്കാനേ ദിനേശന് കഴിഞ്ഞുള്ളൂ.
നേതൃത്വത്തിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ ഒട്ടും സഹിഷ്ണുതയോടെ കാണുന്നില്ല. അഭിപ്രായ പ്രകടനം നടത്തുന്നവരെ ശത്രുക്കളായി കാണുന്ന പ്രവണത. ഇതൊന്നും ദിനേശന് യോജിക്കാന്‍ പറ്റുന്ന ആശയങ്ങളായിരുന്നില്ല. സ്വാതന്ത്ര്യ സേനാനിയുടെ മകന്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടത് കേവലം യാതൃചികമായിരുന്നില്ല. പൂര്‍ണ്ണമായും പഠിച്ചും മനസ്സിലാക്കിയും ആയിരുന്നു. അന്നത് കുടുംബത്തില്‍ ചില്ലറ പുകിലല്ലായിരുന്നു ഉണ്ടാക്കിയത്.
അല്ലാ ഇതെന്താ...ചേട്ടന്‍ ഇത് വരെ റെഡി ആയില്ലേ? വഴിയില്‍ ട്രാഫിക് ഉണ്ടാവും നേരം വൈകിയാല്‍ നേതാവ് അയാളുടെ പാട്ടിനു പോകും...
ദിനേശന്‍ അവളെ കൗതുകത്തോടെ നോക്കി. രജനി മനോഹരമായി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ്, ഹയര്‍ സ്റ്റൈല്‍ അപ്പടി മാറിയിരിക്കുന്നു. ചുണ്ടില്‍ ലിപ്സ്റ്റിക്കും പിന്നെ....
ഞാന്‍ വരണോ, എന്തോ ഒരു മൂഡ് തോന്നുന്നില്ല....
ഒരു സഖാവ് പ്രവര്‍ത്തിക്കേണ്ടത് മൂഡ് നോക്കിയല്ല ആവശ്യം അനുസരിച്ചാണ്.
രജനി നല്ല ഫോമിലാണ്. അവള്‍ അയാളെ പിടിച്ചു എഴുനേല്‍പ്പിച്ചു...
ഞാന്‍ ഈയിടെയായി ശ്രദ്ധിക്കുന്നു എന്തുപറ്റി. പാര്‍ട്ടി കാര്യങ്ങളില്‍ ഒരു താല്‍പര്യമില്ലായ്മ.....നമ്മെ അടുപ്പിച്ചത് പാര്‍ട്ടി ആണ് എന്ന കാര്യം മറക്കണ്ട.. രജനി ചിരിച്ചു.
ഏയ് താലപര്യക്കുറവൊന്നും ഇല്ല. പിന്നെ....നമ്മള്‍ ചിന്തിച്ചത് പോലെയല്ലല്ലോ പാര്‍ട്ടിയുടെ ഇപ്പോഴത്തെപോക്ക്. വിഭാഗീയതകള്‍ക്കും വ്യതിയാനങ്ങള്‍ക്കും ഇടയില്‍ പാര്‍ട്ടിക്ക് എത്ര കാലം മുന്നോട്ടു പോകാന്‍ കഴിയും. വലിയ നേതാക്കള്‍ക്ക് എന്ത് തന്നെ ആരോപണങ്ങള്‍ ഉണ്ടായാലും ഒന്നും സംഭവിക്കുന്നില്ല നമ്മളെപ്പോലെയുള്ള പാവം പാര്‍ട്ടി പ്രവര്‍ത്തകരാണ് ബലിയാടുകളാക്കപ്പെടുന്നത്. കൊല ചെയ്യപ്പെട്ട നമ്മുടെ സഖാവ് എന്തു തെറ്റാണു ചെയ്തത് അദ്ദേഹത്തിനു ശരിയെന്നു തോന്നിയത് പാര്‍ട്ടി വേദികളില്‍ തുറന്നു പറഞ്ഞതോ. അനാഥമായ അയാളുടെ കുടുംബത്തോട് എന്ത് ന്യായീകരണമാണ് നമ്മള്‍ പറയുക.
ഇപ്പോഴെന്തേ ഇങ്ങിനെയൊക്കെ ചിന്തിക്കാന്‍
എങ്ങിനെ ചിന്തിക്കാതിരിക്കും...
ഇപ്പോള്‍ നമ്മളില്‍പെട്ടവര്‍ തന്നെയല്ലേ നമ്മുടെ ശത്രുക്കള്‍, എതിരഭിപ്രായം പറയുന്നവര്‍ ഉന്‍മൂലനം ചെയ്യപ്പെടുന്നു. നമ്മെ വക വരുത്തുവാന്‍ എവിടെ ആരൊക്കൊ പതുങ്ങി ഇരിക്കുന്നു എന്ന് ആര്‍ക്കറിയാം.
ചേട്ടനോട് തര്‍ക്കിക്കാന്‍ ഞാനില്ല, ഞാന്‍ എന്തായാലും മീറ്റിങ്ങിനു പോകുന്നു.
തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാധിനിത്യം കൊടുക്കണം എന്ന് പറഞ്ഞത് ഈ നേതാവാണ്, അവള്‍ കണ്ണിറുക്കി കാണിച്ചു.
ഇല്ല ഞാന്‍ വരുന്നില്ല, താന്‍ ഒറ്റയ്ക്ക് പോയ്ക്കോളൂ.
അയാള്‍ പുഞ്ചിരിച്ചു. എനിക്ക് കുറച്ചു കൂടി ഉത്തരകടലാസുകള്‍ നോക്കിതീര്‍ക്കാനുണ്ട്. റിസല്‍ട്ട് പ്രഖ്യാപിക്കേണ്ട തീയതി അടുത്ത് വരികയല്ലേ?
അവള്‍ മീറ്റിംഗ് കഴിഞ്ഞു വരുമ്പോഴേക്കും ദിനേശന്‍ ഉറക്കം പിടിച്ചിരുന്നു. പുറത്ത് ഏതോ കാറിന്റെ ഡോറടയുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നത്.
ജില്ലാ കമ്മിറ്റി യോഗങ്ങളിലും അടുത്തു നടന്ന യുവജന സംസ്ഥാന സമ്മേളത്തിലും പങ്കെടുത്താതിരുന്നതോടെ ദിനേശന് പാര്‍ട്ടി പുറത്തേക്കുള്ള വഴി എളുപ്പമായി.
ഒരു ഒഴിവു ദിവസം അയാള്‍ മുറിയില്‍ ഇരുന്നു കുട്ടികളുടെ റെക്കേര്‍ഡ് ബുക്കുകള്‍ നോക്കുകയായിരുന്നു. പുറത്തു ഒരു കാര്‍ വന്നു നിന്നു.
കാര്‍ നിര്‍ത്തിയതും രജനി ഓടിച്ചെന്നു ആഗതനെ സ്വീകരിച്ചു വീട്ടിലേക്കു ആനയിച്ചു.
ചേട്ടന് അറിയില്ലേ നമ്മുടെ നഗരത്തില്‍ പുതുതായി നഗരത്തില്‍ ചാര്‍ജെടുത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍..അവള്‍ പേര് പറഞ്ഞു.
ദിനേശന്‍ താല്‍പര്യമില്ലാഞ്ഞിട്ടും കുറച്ചു നേരം അയാളുടെ മുന്നില്‍ ഇരുന്ന് അയാള്‍ക്ക് കമ്പനി കൊടുക്കേണ്ടി വന്നു, വീട്ടില്‍ വന്ന അഥിതി അല്ലെ...ചായ സല്‍ക്കാരത്തിനു ശേഷം അയാള്‍ പോകാന്‍ എഴുന്നേറ്റു.
ഒ കെ മിസ്റ്റര്‍ ദിനേശന്‍ സീ യു എഗൈന്‍
ഒരു മിനിറ്റ് രജനി ഓടി അകത്തേക്ക് പോയി.
പെട്ടെന്ന് തന്നെ വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങി വന്നു
ഞങ്ങള്‍ ഒന്ന് പുറത്ത് പോയി വരാം.
രമേശന്‍ എന്തോ പറയാന്‍ തുടങ്ങുന്നതിനു മുന്‍പേ അവര്‍ കാറില്‍ കയറി ഡോര്‍ അടഞ്ഞു. കാര്‍ ഗേറ്റ് കടന്നു അതിവേഗം ഓടിച്ചുപോയി.അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നവരുടെ സാധ്യതാ പട്ടികയില്‍ രജനിയുടെ പേരും ഉണ്ടായിരുന്നു.
തിരക്കിട്ട യാത്രകളും പല പരിപാടികളും. മിക്ക ദിവസങ്ങളിലും പത്രങ്ങളില്‍ അവളുടെ ചിത്രം അച്ചടിച്ച് വന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളവരുടെ ബയോഡാറ്റ അടങ്ങിയ സപ്ളിമെന്റുകളും സ്പെഷ്യല്‍ ലേഖനങ്ങളും പല പത്രങ്ങളിലും വന്നു കൊണ്ടേയിരുന്നു. രജനി എന്നും തിരക്കില്‍ തന്നെ. കാണാനേ കിട്ടുന്നില്ല. വല്ലപ്പോഴും വീട്ടില്‍ വരും പലപ്പോഴും കൂടെ പാര്‍ട്ടിക്കാരായ പുരുഷന്‍മാരും സ്ത്രീകളും, നഗരത്തിലെ പ്രമുഖ വ്യക്തികളുമായി ചങ്ങാത്തം അവളെ പെട്ടെന്ന് തന്നെ വി.ഐ.പി. നിരയില്‍ എത്തിച്ചു. ഒരു പുരുഷന് കിട്ടേണ്ട എല്ലാ സ്വാതന്ത്ര്യവും അവള്‍ അനുഭവിക്കുകയാണ്. ദിനേശന്‍ സന്ദര്‍ഭം എങ്ങനെ നേരിടണം. എന്നറിയാതെ കുഴങ്ങി, മറുത്തൊന്നും പറയാന്‍ തോന്നിയില്ല. അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ട അയാള്‍ അമ്മയെ കാത്തിരിക്കുന്ന ഒരു കുട്ടിയുമായി പല ദിവസങ്ങളിലും അവളെ കാത്തിരുന്നു.
ഒന്നുംകടന്നു ചിന്തിക്കാന്‍ അയാള്‍ക്കായില്ല. അവള്‍ അയാളെ ഏതെങ്കിലും തരത്തില്‍ ചതിക്കുമെന്നോ വഞ്ചിക്കുമെന്നോ അയാള്‍ കരുതിയില്ല. കാരണം അയാള്‍ക്ക് അവളെ അത്രയ്ക്ക് വിശ്വാസമായിരുന്നു. മൂന്നാം കിട വാരികയില്‍ അവളെപ്പറ്റിയുള്ള ഗോസിപ്പ് വരുന്നത് വരെയെ ഈ ചിന്തകള്‍ക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ.
ദിവസങ്ങള്‍ക്കു ശേഷമാണ് ദിനേശന് അവളെ ഒറ്റയ്ക്ക് കിട്ടുന്നത്.
നീ ആകെ മാറിയിരിക്കുന്നു. അത്രയേ അയാള്‍ക്ക് പറയാന്‍ കഴിഞ്ഞുള്ളൂ. പണ്ടത്തെ കൊന്നനെയുള്ള പെണ്‍കുട്ടിയില്‍ നിന്നും ഇന്നത്തെ തടിച്ചു കൊഴുത്ത രജനിയിലേക്കുള്ള ദൂരം അളക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍.
സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങുന്നതിന്റെ തലേദിവസം
തുടരെ തുടരെ മുഴങ്ങിയ ഫോണ്‍
ശല്യം എന്ന് കരുതിയാണ് ദിനേശന്‍ ഫോണ്‍ എടുത്തത്.
ദിനേശാ....ഇത് ഞാനാ ജേക്കബ്..ജില്ലാ സെക്രട്ടറി ജേക്കബ് വര്‍ഗീസ്.
നീ ഉടനെ സിറ്റി ഹോസ്പിറ്റലിലേക്ക് ഒന്ന് വരണം രജനിക്ക് ഒരു ചെറിയ ആക്സിടണ്ട്....
ദിവസങ്ങള്‍ക്കു ശേഷം അത്യാഹിത വിഭാഗത്തിലെ ബെഡ്ധില്‍ നിന്നും കണ്ണ് തുറന്നപ്പോള്‍ അവളുടെ കണ്ണുകള്‍ പരതിയത് ദിനേശിനെയായിരുന്നു.
കഥ: മുഹമ്മദ് അഷറഫ് മടിയാരി