/kalakaumudi/media/post_banners/6ff8396439574e8b1f6f16669faeaeb19193e5304d0705981fd6483bd501ce87.jpg)
നീലക്കടുവകള്‍ മഞ്ഞില്‍ കുതിര്‍ന്നുവിറച്ച് വെയിലിനായി പായുമ്പോള്‍ കാര്‍ത്തു പണികള്‍ തീര്‍ത്തുതീര്‍ത്തു അടുക്കളയിലേക്ക്, തൊഴുത്തിലേക്ക്, പറമ്പിലേക്ക്, പാടത്തേക്ക്, അയല്‍വക്കത്തേക്ക്, കടയിലേക്ക് എന്നിങ്ങനെ പറക്കുകയായിരുന്നു. ഇത്രേം ഇടങ്ങളിലേക്ക് ഒരേസമയം ഒരാള്‍ പറക്കുകയല്ലാതെ എന്തുചെയ്യും അല്ലേ?
കൊടിയ മഞ്ഞായാലും മഴയായാലും കാര്‍ത്തുന്റെ ദിവസങ്ങള്‍ ഇങ്ങനെയാണ്:
പശൂനെ കറന്ന പാലും കുപ്പികളിലാക്കി. ആദ്യം വീടുകളിലും കടകളിലും മുടങ്ങാതെ എത്തിക്കണം. പിന്നെ അടുക്കളയിലൊരു മേളം. അവിടെനിന്ന് അയല്‍വക്കത്തുന്ന് കഞ്ഞിവെള്ളം, കാടിവെള്ളം എടുക്കാനോടും. എന്നിട്ട് പുല്ല്, കച്ചി, കഞ്ഞിവെള്ളം എന്നിവയുമായി തൊഴുത്തിലേക്ക് ഓട്ടം. സമയം തെറ്റിയാല്‍ അവറ്റ അമ്മാ വിളിതുടങ്ങും. നീലക്കടുവകള്‍ക്കായി മുററത്ത് പോറ്റുന്ന പൂച്ചെടികള്‍ക്ക് വെള്ളമൊഴിച്ച് അലക്കുകല്ലിനരികിലേക്കെത്തുമ്പോള്‍ ഗോവിന്ദന്‍ പുതപ്പുമൂടി തൊഴുത്തിലിരുന്നു ബീഡിവലിക്കുന്നുണ്ടായിരിക്കും. കുട്ടികള്‍ രണ്ടും പുതച്ചുമൂടി അകത്തും, അമ്മ അടുപ്പിനരികില്‍ ചൂടുകാഞ്ഞും. അതു കഴിഞ്ഞാല്‍ പശുക്കളെ പുല്ലുള്ള പറമ്പിലോ പാടത്തോ കെട്ടാനായി അടുത്ത ഓട്ടം. കണ്ടത്തില്‍ പണിയുണ്ടെങ്കില്‍ പിന്നെ അങ്ങോട്ട്. ചോല വെട്ടാനോ വളമിടാനോ പോണെങ്കില്‍ അങ്ങോട്ട്. അപ്പോഴേക്കും ഗോവിന്ദന്‍ കണ്ണുകാണാത്ത പശുവുമായി റോഡിലിറങ്ങിക്കാണും. പോകുന്ന പോക്കില്‍ പതിവുതെറ്റിക്കാതെ കാര്‍ത്തുവിനെ കൊള്ളിച്ച് എന്തെങ്കിലും വിളിച്ചുപറയുന്നു
നീലക്കടുവകള്‍ നാട്ടില്‍ സാധാരണ വരുന്ന പൂമ്പാറ്റകളാണ്. കറുപ്പില്‍ ഇളം നീലയും വെള്ളയും ചിത്രങ്ങളുള്ള പൂമ്പാറ്റകള്‍ക്കങ്ങനെ ഇത്ര ഭയങ്കര പേരുകിട്ടിയല്ലേ? തുമ്പിക്ക് ഡ്രാഗണ്‍ ഫ്‌ളൈ എന്ന് പേരു കിട്ടിയതുപോലെ ഒരു തമാശ. വാലിന്റെ നീളമോ കാലിലെ രോമമോ കണ്ടെത്തുന്ന ആളുടെ പേരോ കുടുംബമോ കുലമോ ഒക്കെ കണക്കിലെടുത്ത് അധികാരപ്പെട്ടവര്‍ പേരിടുമ്പോള്‍ ഓമനത്തം ക്രൂരമായി അവഗണിക്കുന്നു. അതുകൊണ്ട് ഈ ഭയങ്കരന്‍ പേരുകള്‍ മൈന്റു ചെയ്യാതെ നാട്ടുകാര്‍ അവയെ പാറ്റയെന്നു വിശേഷിപ്പിക്കുന്നു. പാറ്റകള്‍ക്ക് ഈ ചെടി ഇഷ്ടാ, ആ പൂ ഇഷ്ടാ എന്നൊക്കെ അവര്‍ പറയും; അവ വെട്ടാതെ നിര്‍ത്തും. പാറ്റകളെ നോക്കി മഴവരുമോ നില്ക്കുമോ എന്നൊക്കെ അവര്‍ കണക്കു കൂട്ടി പറയുന്നതു കേള്‍ക്കാം. പാറ്റകളുടെ പേരും ക്ലാസ്സുമൊക്കെ അവരുടെ ഉള്ളിലാണ്. പാറ്റകള്‍ക്കായാണ് കാര്‍ത്തു വെണ്ടയും വഴുതനയും ചീരയും തക്കാളിയും നട്ടുനനക്കുന്നതോടൊപ്പം പൂക്കളും വളര്‍ത്തുന്നത്.
പക്ഷെ പാറ്റകള്‍ വന്നുപോകുന്നത് കാര്‍ത്തു പറന്നുകൊണ്ട് കാണും. നിന്നു നോക്കാന്‍ നേരം കിട്ടാറില്ല. നിന്ന നില്പില്‍ കാര്‍ത്തു പറന്നുപോകും. എങ്ങോ മറഞ്ഞ് ദൂരെയെവിടെയെങ്കിലും മിന്നിമറയുന്നതു കാണാം. പോകുന്ന പോക്കില്‍ പൊന്നാങ്കണ്ണിയോ കാട്ടുതക്കാളിയോ ചേമ്പിന്‍ പൂവോ തണ്ടോ കൂണോ കളക്ടു ചെയ്താവും യാത്ര. മിക്കവാറും തലയില്‍ ഒരുകെട്ടു പുല്ലോ വെറകോ കാണും. അപ്പോഴായിരിക്കും പാറ്റകളെ ഒരുനോക്കു കാണുക.
കല്യാണം കഴിച്ച് ഇവിടെ വന്ന ആദ്യ നാളുകളില്‍ ഗോവിന്ദന്‍ വേറൊരാളായിരുന്നു. ചുറുചുറുക്കും ഉത്തരവാദിത്വബോധമുള്ള അദ്ധ്വാനിയാായ ഗോവിന്ദന്‍. ആ സന്തോഷത്തില്‍ രണ്ടു കുരുന്നുകള്‍.പിന്നെ എപ്പോഴാണ്,എങ്ങിനെയാണ് ഗോവിന്ദന്‍ മാറിമറഞ്ഞതെന്നറിയില്ല. ഗോവിന്ദന് ചുവടുപിഴയ്ക്കുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ കാര്‍ത്തു ആരേയും കാക്കാതെ നെടുംതൂണായി. ആ തൂണിനു ചുറ്റും രണ്ടു കുഞ്ഞുങ്ങളും ഗോവിന്ദനും അമ്മയും ഉലയാതെ വീഴാതെ നിന്നു. ഇവിടെ വരുമ്പോള്‍ അണിഞ്ഞൊരുങ്ങിയ കാര്‍ത്തുവിനെ കണ്ടവര്‍ പിന്നെ ഇതുവരെ ആ രൂപം കണ്ടിട്ടില്ല. കാര്‍ത്തുവിന് ഒരുങ്ങിപോകാന്‍ ഇടങ്ങളില്ല; പോകാന്‍ നേരവുമില്ല.
കാര്‍ത്തു ലോണെടുത്തു വാങ്ങിയ ആദ്യത്തെ പശു പെറ്റത് ഒരു കണ്ണുകാണാപ്രാണിയെ. ജനിച്ചതുമുതല്‍ എന്തിനും ഏതിനും പരസഹായം വേണം. തട്ടിത്തടഞ്ഞു വീഴാതെയും വഴിതെറ്റാതെയും കുഴിയില്‍ ചാടാതെയും നോക്കല്‍ നയ്പായതു കൊണ്ടാണ് കാര്‍ത്തു അതിനെ കൊടുത്തു കളയാന്‍ തീരുമാനിച്ചത്. അപ്പോഴതാ രക്ഷിക്കാനും പരിപാലിക്കാനും ഒരാള്‍! അങ്ങു ഏറ്റെടുത്തിരിക്കയല്ലേ. രാവും പകലും ഒരേ ശ്രദ്ധ. ഒരേ സമര്‍പ്പണം. ഗോവിന്ദന്റെ പ്രാന്തുകള്‍ പലതും കണ്ടിട്ടുള്ള കാര്‍ത്തൂന് ഇതെന്തു പ്രാന്താന്ന് ഒരുപിടിയും കിട്ടിയില്ല. പലരും വിലപറഞ്ഞു. കാര്‍ത്തു പലവട്ടം വിലയുറപ്പിച്ചു. ഗോവിന്ദന്‍ വിട്ടുകൊടുത്തില്ല. കാര്‍ത്തു അതിനെ വിറ്റു കളയുമെന്നു ഭയന്നിട്ടോ എന്തോ ഗോവിന്ദന്‍ രാവിലെ അതിനെ തൊഴുത്തില്‍ നിന്ന് പിടിച്ചിറക്കി വീഴാതെ നടത്തി റോഡിലെത്തിക്കും.
പുല്ലു തീറ്റിച്ച് തൊഴുത്തില്‍ കൊണ്ടുകെട്ടുമ്പോള്‍ കാര്‍ത്തു എങ്ങോ ആയിരിക്കും. പിന്നെ ഗോവിന്ദന്‍ തൊഴുത്തിനരികില്‍ ചുറ്റിപ്പറ്റി നടക്കും. ഇടയ്ക്ക് ശബ്ദംവെച്ച് പ്രാവിനേം കുരുവിനേം ആട്ടിപ്പായിക്കും. അടുത്തെങ്ങും കൃഷിയില്ലാത്തതു കൊണ്ട് കിളികളെല്ലാം ഈ പാടത്തേക്കു ആര്‍ത്തുവരും. വന്നാല്‍ വിത്തുമുഴുവന്‍ കൊത്തിത്തിന്നുകളയും. അതു കാര്‍ത്തുന്റെ പാടമാണല്ലോ. പാടത്ത് കുരുവികളും പ്രാവുകളും വിത്തു കൊത്തിത്തിന്നാനെത്തുമ്പോള്‍ കാര്‍ത്തുവിന് വല്ല്യ വിഷമമില്ല. അവയ്ക്കും ജീവിക്കണ്ടേ! കുറച്ചു വിത്തു കൂടുതലിടുന്നു അവയ്ക്കായി. കുറേ കോഴികളെ കീരീം മരപ്പട്ടീം കൊണ്ടുപോകുന്നു. ആര്‍ക്കും കൊടുക്കാതെ സൂക്ഷിച്ച മുട്ടകള്‍ അടവെയ്ക്കും-ഓരോ പ്രാവശ്യവും നഷ്ടപ്പെട്ട എണ്ണം അങ്ങനെ പരിഹരിക്കാം. കിട്ടുന്നതില്‍ കുറച്ച് കുരുവികള്‍ക്കും കീരികള്‍ക്കും മരപ്പെട്ടിക്കും. പച്ചക്കറിയില്‍ കുറച്ച് പന്നിയുമെടുക്കും.
ഒന്നും ചെയ്യാതെയിട്ടിരുന്ന പാടം പാട്ടത്തിനെടുത്ത് വെളിയനോ കടുക്കനോ ഗന്ധകശാലയോ കൃഷിചെയ്യാന്‍ തുടങ്ങിയതോടെ കാര്‍ത്തുവിന്റെ ചിറകുകള്‍ക്ക് വേഗതപോരാതെയായി. അതിനു ഏരു പൂട്ടാന്‍ ആളെ കണ്ട് പറയണം. കണ്ടം കൊത്തിമറിക്കണം. വരമ്പുകൂട്ടണം വിത്തു ചാണകപ്പാലില്‍ മുക്കിവെക്കണം. പുറത്തെടുത്തു പൊതയിടണം. അപ്പോഴേക്കും കണ്ടം ഒരുക്കി വെള്ളം വാര്‍ത്തു കളയണം. മഴയാണെങ്കില്‍ രാവിലെ കണ്ടെത്തിലെത്തി വെള്ളം കളയണം. പിന്നെ നാട്ടിക്ക് കണ്ടം തയ്യാറാക്കണം. പണിച്ചികളെ ഏര്‍പ്പാടാക്കണം. അവര്‍ക്ക് ചായ, പലഹാരം,ചോറ്, കൂലി എല്ലാം സമയത്തെത്തിക്കണം. അതിനു ഗോവിന്ദനും മക്കളും കൂടുമെങ്കിലും എല്ലാത്തിനും കാര്‍ത്തു മുന്നിലുണ്ടാവണം. കാര്‍ത്തുവില്ലെങ്കില്‍ നഞ്ചേം പുഞ്ചേം എല്ലാം അവിടെ കിടക്കും. വിളവ് വെള്ളത്തിലാവും. നെല്‍കൃഷി ലാഭകരമല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ കാര്‍ത്തു ചുട്ട മറുപടികൊടുക്കും. കാര്‍ത്തു ശുണ്ഠിക്കാരിയാണെന്ന് നാട്ടില്‍ പറച്ചിലുണ്ടായതിന് ഇതും ഒരു കാരണമായിരിക്കാം.
മിക്കവാറും രാവിലെ റോഡരികില്‍ കണ്ണുകാണാത്ത പശുവിനേയും കൊണ്ട് ഗോവിന്ദനുണ്ടാകും. അകമ്പടിയായി പട്ടിയും. പട്ടിക്ക് വഴിയാത്രക്കാരെ അത്ര കാര്യമല്ല. ഗോവിന്ദനോടാണ് കൂറ്. ഗോവിന്ദനുമായി ആരെങ്കിലും കൊരുത്താല്‍ പട്ടിയുടെ സ്വഭാവം മാറും. അടിച്ചാല്‍ പട്ടിയുടെ തനിസ്വഭാവം അറിയും. അതിനാല്‍ നല്ല ആരോഗ്യവും കരുത്തുമുള്ള ആ നാടനെ ആളുകള്‍ കൈയകലത്തുനിര്‍ത്തി. ഗോവിന്ദന്‍ രക്ഷകനെ കൂടെച്ചേര്‍ത്ത് ധൈര്യത്തോടെ വിലസി. ആരെടാ എന്നു ചോദിച്ചാല്‍ എന്തെടാ എന്നു ചോദിക്കും. പിന്നെ രക്ഷകന്‍ അക്രമാസക്തനാവുന്നത് ഒരു കറുത്ത എലുമ്പന്‍ പട്ടിയോടാണ്. ചെറുപ്പം മുതലേ കടുത്ത പകയോടെ അവ പരസ്പരം കടിച്ചുകീറുമെന്ന് ഗോവിന്ദന്‍ പറയുന്നു. പക എന്തിനാണെന്നു അയാള്‍ക്കറിയില്ല. എലുമ്പന്‍ ഒരു ഭീഷണിയാണ്.എപ്പോള്‍ വേണമെങ്കിലും അവന്‍ അതുപോലുള്ള എലുമ്പന്‍ കൂട്ടുകാരുമായി പ്രത്യക്ഷപ്പെടാം. അതിനാല്‍ ആ എലുമ്പനേം ഗാങ്ങിനേം ദൂരെ കാണുമ്പോഴേ ഗോവിന്ദന്‍ കല്ലെടുക്കും.അല്ലെങ്കില്‍ ഗംഭീരബഹളത്തോടെ കടിപിടികൂടി റോഡുഗതാഗതം തടസ്സപ്പെടുത്തും പശു കുതറി വണ്ടിക്കു മുന്നിലേക്കു ചാടി പലരും തെറിച്ചു റോഡിലേക്കു വീഴും. അതോടെ നാട്ടുകാരെല്ലാം ഗോവിന്ദനുനേരെ തിരിയും. പശുവിനെ കൊടുത്തുകളയാന്‍ അവര്‍ പിന്നേയുമാവശ്യപ്പെടും.
ഈ കണ്ണുകാണാപ്രാണിയെ അറവുകാര്‍ക്കു കൊടുക്കില്ലെന്നു ഗോവിന്ദന്റെ വാശിയാണ്. തനിക്കു ബുദ്ധിമുട്ടില്ലെങ്കില്‍ നാട്ടുകാര്‍ക്കെന്തു ചേതം? വീട്ടു കാരും നാട്ടുകാരും പലവട്ടം പറഞ്ഞു തോറ്റു.
റോഡിനിരുവശവും കാടുപിടിച്ചു നില്‍ക്കുന്ന പുല്ല് തീറ്റിക്കുന്നതിനിടയില്‍ നീലക്കടുവകള്‍ പാറിക്കളിക്കുന്നതു നോക്കി അയാള്‍ നില്‍ക്കും. റോഡിലേതെങ്കിലും നീലക്കടുവ വണ്ടിതട്ടി വീണാല്‍ അയാള്‍ അരികിലേക്കു മാറ്റിയിടും. പൂച്ചെടികള്‍ പശു തിന്നാതെ നിര്‍ത്തും- അതു പാറ്റകള്‍ക്കുള്ളതാണ്.
വഴി മറഞ്ഞ് നീലക്കടുവകള്‍ നിറഞ്ഞു കളിക്കുമ്പോള്‍ റോഡൊരു പൂന്തോട്ടം. അങ്ങനെ നോക്കിനില്ക്കാന്‍ തോന്നും.
ടാറിട്ട റോഡ് പൂന്തോട്ടമാകുന്നത് നല്ലൊരു കാര്യമല്ലേ? ആകെ ഒരു പുതുമ. ആരോ പൂക്കള്‍ ചൊരിഞ്ഞിട്ടപോല റോഡിന്റെ ചാരനിറം മാറി തുള്ളിക്കളിക്കുന്ന നീലയും വെള്ളയും കറുപ്പും നിറങ്ങളായി. ഒട്ടും യോജിക്കാത്ത രണ്ട് സ്ഥലങ്ങള്‍ ചേരുമ്പോളുണ്ടാകുന്ന അസ്വാഭാവികതയും അപകടസാദ്ധ്യതയും ഒക്കെയുണ്ട്. യാത്രക്കാര്‍ക്ക് ഇടയ്ക്ക് ഉമ്മകൊടുത്ത് ഞെട്ടിത്തിരിഞ്ഞ് വഴക്കത്തോടെ ഒഴിഞ്ഞ് നിറങ്ങള്‍ ഒഴുകുന്നു. പൂന്തോട്ടമിപ്പോള്‍ ഓളം വെട്ടുന്നു.
കൂട്ടം കൂട്ടമായി എവിടെനിന്നോ പറന്നെത്തി പൂക്കള്‍ തോറും പാറിനടന്ന് എങ്ങോട്ടോ മറയുന്ന ഈ പാറ്റകള്‍ നാട്ടിലെ മറ്റെല്ലാം പോലെ ഒരു സാധാരണ കാര്യമാണ്. പറമ്പുകള്‍ തോറും പൂക്കള്‍ തേടി അവ പാറി നടന്ന് മഞ്ഞുരുകുമ്പോള്‍ റോഡില്‍ വെയിലു കുടിക്കാനെത്തുന്നു.അപ്പോഴാണ് റോഡ് പൂന്തോട്ടമാകുന്നത്. മിന്നാമിന്നുകളെപ്പോലെ പാടെ കുറഞ്ഞില്ലെങ്കിലും വര്‍ഷം തോറും എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. ചെറുപ്പത്തില്‍ മിന്നാമിന്നുകള്‍ തോട്ടങ്ങളില്‍ നിലാവുപരത്തുന്നത് ഗോവിന്ദനോര്‍ക്കുന്നു. ഇന്ന് ആ സ്ഥാനത്ത് അഞ്ചോ ആറോ. പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ചും കാട്ടുചെടികള്‍ വെട്ടിക്കളയാതെയും നീലക്കടുവകളുടെ എണ്ണം കൂട്ടാന്‍ ആരൊക്കെയോ ഉണ്ടെന്നതിന്റെ തെളിവായി അവ വരുന്നു.
മഞ്ഞില്‍ കുതിര്‍ന്നു കുളിര്‍ന്നു രാവുതീര്‍ന്നു.
ഇപ്പോള്‍ തണുപ്പു കത്തികത്തി പകലുണരുന്നു. ഗോവിന്ദന്‍ വിയര്‍ത്തു.
പുല്‍നാമ്പുകളില്‍ നനവു ബാക്കി. മരങ്ങളിലാണെങ്കില്‍ ഇലകള്‍ ഇനിയും കുതിര്‍ന്നു തന്നെ. തണലൊന്നുമില്ലാത്ത റോഡുമാത്രം ചൂടേറ്റ് പൊള്ളാന്‍ തുടങ്ങുന്നു. വെയില്‍ മൂക്കുന്തോറും റോഡും മൂക്കും. കുറേക്കഴിയുമ്പോള്‍ ആവിയുയരും. ചൂടുകുടിച്ചു മത്തുപിടിക്കാന്‍ നീലക്കടുവകള്‍ ആര്‍ത്തിയോടെ പാഞ്ഞെത്തുന്നു. ഈ ചൂടില്ലെങ്കില്‍ ഇനി ജീവിതമില്ലെന്നു തോന്നിപ്പിക്കുന്ന ഭ്രാന്തമായ പാച്ചിലാണത്. അതുകൊണ്ട് കടന്നുപോകുന്ന വണ്ടികളെ ജന്തുസഹജമായ പേടിയോടെ അവ കാണുന്നില്ല. വെയില്‍ കുടിക്കാനുള്ള തിരക്കിനിടയില്‍ അവ ഒന്നും കാണുന്നില്ല. വെയില്‍കുടിച്ചു ലഹരിപിടിച്ചുവേണം ഇനിയുള്ള നേരം പറക്കാന്‍. തലേന്നത്തെ മഞ്ഞില്‍ തണുത്തുപോയ ജീവനാഡികള്‍ അങ്ങനെ ഉണര്‍ത്തിയെടുക്കണം. ചിറകുകളില്‍ ആവേശം പടര്‍ത്തണം. എന്നിട്ട് തുരുതുരെ വീശി പൂക്കളില്‍നിന്ന് പൂക്കളിലേക്ക് പറക്കണം.
നീലക്കടുവകളെ തൊട്ടുരുമ്മി,പൂമ്പൊടി തൊട്ട് വണ്ടികള്‍ കടന്നുപോകുന്നു. തീരെ തിരക്കില്ലാത്ത റോഡാണെങ്കിലും ഇടയ്ക്ക് അപകടകരമായി പാഞ്ഞുപോകുന്ന മണല്‍ലോറികളെ ശ്രദ്ധിക്കണം. അങ്ങനെ പോകുന്ന വണ്ടികളെ ലവലേശം വകവെക്കാതെയാണ് ഈ പറവകള്‍ വെയില്‍ നുണഞ്ഞു തിമിര്‍ക്കുന്നത്. ആവോളം വെയില്‍നുണഞ്ഞു ദാഹം തീര്‍ക്കാന്‍ ആരും അനുവദിക്കില്ല. പാറ്റകള്‍ക്കുവേണ്ടി വഴിമാറുക മനുഷ്യരുടെ ശീലമല്ല.
ഇരട്ടത്തലച്ചികളും തീക്കുരുവികളും വേഴാമ്പലുകളും കാക്കത്തമ്പുരാട്ടികളും പോലെ തന്നെയാണ് ഗോവിന്ദന് നീലക്കടുവകളെ കാണുമ്പോഴും. ഏതൊക്കെ കാലത്ത് അവ വരുമെന്നും എപ്പോള്‍ പോകുമെന്നും ഏതൊക്കെ ചെടികളില്‍ നീരൂറ്റാനിരിക്കുമെന്നും അയാള്‍ക്കറിയാം. അവ എല്ലാ കാലത്തും ഇതുപോലെയൊക്കെ തന്നെയുണ്ടാകണമെന്ന് തന്നെയാണ് അയാള്‍ ആഗ്രഹിക്കുന്നത്. അല്ലെങ്കിലീ നാട് എന്തിനുകൊള്ളാം!
പശുകാരണം ഗോവിന്ദനിപ്പോള്‍ കുടകിലേക്ക് പണിക്കു പോകാറില്ല. ചെറുപ്പത്തില്‍ സ്‌കൂള്‍ പാതിവഴിയിലുപേക്ഷിച്ച് എല്ലാ കൂട്ടുകാരേയും പോലെ കുടകില്‍ പണിക്കു പോയതാണ്. എന്നും പണി. കൈനിറയെ കാശ്. ആരും ചോദിക്കാനും പറയാനുമില്ല. അങ്ങനെ ഗോവിന്ദന്‍ ആണായി. ആണിന്റെ സ്വാതന്ത്ര്യമറിഞ്ഞു. സ്വന്തം കാലില്‍ നില്ക്കുന്നതിന്റെ സുഖമറിഞ്ഞു. ജീവിതം ലഹരിയായി.
പൊന്നുവിളയുന്ന മണ്ണില്‍ ഇഞ്ചി കൃഷിചെയ്ത് പണമുണ്ടാക്കാന്‍ ആളുകള്‍ കുടകിലേക്ക് വണ്ടികയറി. കൂടെ ഗോവിന്ദനെപ്പോലെ അനേകം പേര്‍ പണിക്കാരായി. മണ്ണ് വിളവു കൊടുത്തു കൊടുത്തു ഊഷരമായിരുന്നില്ല. അന്നാട്ടുകാര്‍ക്ക് പണമെറിഞ്ഞ് പണംകൊയ്യാനുള്ള ത്രാണിയുണ്ടായിരുന്നില്ല. അവര്‍ ഏക്കറുകളോളം പാട്ടത്തിനു കൊടുത്ത് കാഴ്ചക്കാരായി- വെറുതെ കിട്ടുന്ന പണമല്ലേ? കന്നി മണ്ണ്. രാസവളം ഒരുകണക്കുമില്ലാതെ വാരിവിതറി. വിളവ് കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ഇങ്ങനേയും മണ്ണോ! ഒരെണ്ണം പോലുംകേടില്ല. തിങ്ങി വിങ്ങിയങ്ങനെ മണ്ണു പുതഞ്ഞു കിടക്കുന്നു. കിളയ്ക്കുന്തോറും അടിയിലേക്ക് പടര്‍ന്നു ഘനം തൂങ്ങി കിടക്കുന്നു. ഒരു കട മാന്തിയാല്‍ ഒരു ചാക്ക്! ചാക്കുകളേറ്റി ചന്തയിലേക്ക്. ചാക്കില്‍ പണവുമായി തിരിച്ച് നാട്ടിലേക്ക്. കടം വാങ്ങിയും ഉള്ളതു വിറ്റും വണ്ടികയറിയവര്‍ തിരിച്ചു വന്നതു തോന്നുന്നതെല്ലാം വാങ്ങി അര്‍മാദിച്ചുകൊണ്ട്.
കണ്ണെത്താ ദൂരം പാട്ടഭൂമി. കൊത്തിമറിച്ചിട്ടു വാരം കോരിക്കഴിഞ്ഞാല്‍ വിത്തു നടാനുള്ള കുഴി തോണ്ടുന്നത് ഗോവിന്ദനാണ്. ഗോവിന്ദന്‍ വെളിച്ചപ്പാടിനെപ്പോലെ ലഹരിപിടിച്ചു ഓടും. കുഴി കോരികോരി…
പിന്നാലെ വിത്തും വളവുമിട്ട് കൂട്ടുകാര്‍... കുഴി തോണ്ടുന്നത് വൈകിയാല്‍ പണികൂടും. മുതലാളി പുളിച്ച തെറിവിളിക്കും. പക്ഷെ ഗോവിന്ദന്‍ ആര്‍ക്കും തെറിവിളിക്കാന്‍ അവസരം കൊടുത്തില്ല. ഗോവിന്ദന്‍ ലഹരിപിടിച്ചു പാഞ്ഞാല്‍ പിന്നാലെയെത്താന്‍ ഇത്തിരി പാടുപെടും. തളരുമ്പോള്‍ കുപ്പികള്‍ മാടിവിളിക്കും. അതാ തളര്‍ച്ചപോയി ഞരമ്പുകളുണരുന്നു, കാലുകള്‍ക്ക് കുതിരശക്തി, കൈകളില്‍ മാജിക്, ഭൂമി കുഴികള്‍ നിറഞ്ഞുനിറഞ്ഞ്…ഗോവിന്ദനെ കണ്ട് പഠിക്കണം.
ഗോവിന്ദനെത്തേടി മുതലാളിമാരെത്തി. അവരുടെ കൈയിലെ കുപ്പിനോക്കി അയാള്‍ ചിരിക്കും. ഞരമ്പില്‍ ലഹരി പടര്‍ന്നു. ലഹരിയാണു ഭക്ഷണം. ലഹരി കഴിച്ചു ഗോവിന്ദന്‍ പണിക്കു പോകും.കണക്കു കൂട്ടുമ്പോള്‍ ലഹരിയും കൂലിയും തമ്മില്‍ ഒത്തു പോകുന്നില്ല. മുതലാളിയുടെ ഗണിതശാസ്ത്രം കണിശമാണോയെന്ന് കൂട്ടിനോക്കാന്‍ ഗോവിന്ദനറിയില്ല. മറ്റുള്ളവര്‍ക്കുമറിയില്ല. തിരിച്ചുവരുമ്പോള്‍ വണ്ടിക്കൂലി കടം വാങ്ങും-അടുത്ത പണിക്കുള്ള അഡ്വാന്‍സ്.
അങ്ങനയങ്ങനെ അനേകം വര്‍ഷങ്ങള്‍. കൗമാരം പതഞ്ഞു തീര്‍ന്നു. യൗവ്വനം കരിഞ്ഞു തീര്‍ന്നുകൊണ്ടിരിക്കുന്നു…കുഴികള്‍ തീര്‍ത്ത്, കളപറിച്ച്, വളം വിതറി, അരികുകോരി, ചുവടുമാന്തി, ചാക്കുകളേറ്റി…
ഒന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല. ആകെ ഒരോളം മാത്രമാണ് ദിനങ്ങള്‍. ഓളം തീരുമ്പോള്‍ ആകെ ആധി നിറയും. സഹിക്കാന്‍ പറ്റാത്ത വേവലാതികളും ഉത്കണ്ഠകളും സൈ്വരം കെടത്തുമ്പോള്‍ വീണ്ടും ലഹരി നിറയ്ക്കും. അപ്പോള്‍ സ്വസ്ഥം. അതിനിടയില്‍ കല്യാണമായി; രണ്ട് കുട്ടികളുമായി. കുറച്ചുകാലം മര്യാദരാമനായി നോക്കി. പറ്റുന്നില്ല. രാവിലെ എഴുന്നേറ്റാല്‍ കൈവിറയ്ക്കും. തല നേരെ നില്ക്കില്ല. ശബ്ദം പൊങ്ങില്ല. ആകെ ഒരു എടങ്ങേറ്. ലേശം വീശിയില്ലെങ്കില്‍ എല്ലാരും തലയില്‍ കേറി കൊത്തും. കാര്‍ത്തൂനോടു ചോദിച്ചാല്‍ ചൊറയാകും. പഴേ പോലല്ല, പേടീം കനിവുമില്ല. രണ്ടും കല്പിച്ചുള്ള നില്പപും കണ്ണിലെ കനലും കണ്ടാല്‍ പേടിയാകുമെങ്കിലും പെരയ്ക്കു ചുറ്റും നടന്ന് നാലു വര്‍ത്താനം പറഞ്ഞിട്ടേ ഇറങ്ങിപ്പോകാറുള്ളു. സ്ഥലം വിടുന്നതാണ് ആരോഗ്യത്തിനു നല്ലത്. കാര്യം കാണാന്‍ നാട്ടില്‍ വേറെത്രയോ പണികളുണ്ട്!.
കുടുംബത്തില്‍ നിന്ന് സഹകരണമില്ലാത്തതിനാല്‍ തൊഴുത്താണ് ബാര്‍. കച്ചിക്കിടയില്‍ കുപ്പിയും ഗ്ലാസും ഭദ്രം. കാന്താരി ചമ്മന്തിയും തൊട്ടുനക്കി ബീഡീം പുകച്ച് പശുക്കളോടു മിണ്ടിയും പറഞ്ഞും ദുഃഖം പങ്കുവെച്ചും അങ്ങനെ ഇരിക്കാം. പശൂനെ കൊണ്ടുപോകാന്‍ ഒരുത്തനും ഈ വഴി വരില്ല.
പശു വലുതാകും തോറും അതിന് ഭാരം കൂടി. നടത്തം ഭാരിച്ച പണിയായി. കാലുകളുറയ്ക്കാതെ ബാലന്‍സു തെറ്റി പലവട്ടം വീണു. എഴുന്നേല്പിക്കാന്‍ ഗോവിന്ദന് ഒറ്റയ്ക്കാവില്ല. ഒടുവില്‍ ഗോവിന്ദന്‍ തോറ്റു. അറവുകാര്‍ക്ക് കിട്ടിയവിലയ്ക്ക് വില്‌ക്കേണ്ടി വന്നു. പിന്നെ ഗോവിന്ദനെ പുറത്തൊന്നും കാണാതായി. ആരെങ്കിലും പണിക്കു വിളിച്ചാല്‍ പോകും; വരുന്ന വഴിക്കു തൊഴുത്തില്‍ കയറും. പിന്നെ മിണ്ടാട്ടം മുട്ടി അവിടിരുപ്പാണ്.
കാര്‍ത്തുവിന് അതിലൊരു പുതുമയും തോന്നിയില്ല.
കാര്‍ത്തുവിന്റെ നാളുകള്‍ക്ക് പുതുമകളൊന്നുമില്ലല്ലോ. പശുവില്ലെങ്കില്‍, പാടമില്ലെങ്കില്‍,കോഴികളില്ലെങ്കില്‍,മക്കളില്ലെങ്കില്‍ കാര്‍ത്തുവില്ല.
മലഞ്ചീവീടുകളുടെ കീകീകേട്ട്, അട്ടകളുടെ കടിയേറ്റ്, കാറ്റേറ്റ്, മണമേറ്റ്, ചെളിപറ്റി, മുള്ളുകൊണ്ട്, വിയര്‍പ്പൂറി, വെയിലേറ്റ്, മഴകൊണ്ട്, മഞ്ഞുകൊണ്ട് കാര്‍ത്തുവിന്റെ ദിവസങ്ങള്‍ തീരുന്നു.
കരയാനോ ചിരിക്കാനോ വേവാനോ ആന്താനോ അറിയാതെ പാടത്തും തോട്ടിലും വരമ്പത്തും തൊടിയിലും പറമ്പിലും കാര്‍ത്തു മിന്നിമറയുന്നു. കാര്‍ത്തുവിനു ചുറ്റും പശുക്കളും കോഴികളും കുട്ടികളും കുരുവികളും ഓടിക്കളിച്ചു.
കാര്‍ത്തുവിനെത്തേടി നീലക്കടുവകള്‍ മുടങ്ങാതെയെത്തി.
അന്ന് തോട്ടത്തിലേക്ക് കാര്‍ത്തുവിനെത്തേടിയെത്തിയത് മക്കളാണ്. അച്ഛന്‍ തൊഴുത്തില്‍ താഴെവീണു കിടക്കുന്നു.
കാര്‍ത്തു മക്കളേയും കൂട്ടി ഓടി.
തലയില്‍ ഭാരവുമേറ്റി അടിപതറാതെ ഓടിപ്പോയ വഴിയാണ്. പക്ഷെ ഇപ്പോള്‍ കാലുകളില്‍ ഭാരം തൂങ്ങി ഒരടി മുന്നോട്ടായുന്നില്ല. മുട്ടു വിറയ്ക്കുന്നു. ചുവടുകള്‍ തെന്നിത്തെന്നി. നെഞ്ചു പടപടാ. ആദ്യമായി മണിക്കുന്നുമല കയറിയപോലെ കാലുകള്‍ തളരുന്നു. അന്ന് അച്ഛന്‍ പിടിച്ചു കയറ്റാനുണ്ടായിരുന്നു. മക്കളെ! ദാ, കൈപിടിച്ചോ. പുല്ലില്‍ ചവിട്ടാതെ, തെന്നിവീഴും. കൂര്‍ത്ത കല്ലുകള്‍ സൂക്ഷിക്കണം. വീഴാതെ, ഇനിയും കയറാനുണ്ട്. ചെങ്കുത്തായ ഹനുമാന്‍പാറയാണിത്. കൈപിടിച്ചോളു. തളര്‍ന്നുകൂടാ.. കാലുതളര്‍ന്നാലും മനസ്സു തളരരുത്. മനസ്സുകൊണ്ടാണ് നടക്കേണ്ടത്. ദാ, ഇതിലേ വീഴാതെ, പിടിച്ചു പിടിച്ച്…ഇനിയും ഇത്രേം ബാക്കിയാണ്…ആ കാണുന്ന പാറക്കെട്ടു കഴിഞ്ഞ് മോളിലോട്ടു കേറികേറി…കുന്നുകള്‍ കയറിയിറങ്ങി, പാറകള്‍ക്കിടയിലൂടെ നൂന്ന്…പുല്‍മേട് കടന്ന്, പാറമേല്‍ പിടിച്ചു തൂങ്ങി, മേലോട്ട്…പകുതിപോലുമായില്ല മക്കളേ, മനസ്സുകൊണ്ട് നടക്ക്, ദേഹം മറക്ക്.
കാറ്റില്ല, മഴയില്ല, മഞ്ഞില്ല, ചീവീടുകള്‍ പാട്ടുനിര്‍ത്തി. പാറ്റകള്‍ക്ക് അനക്കമില്ല.. ഒന്നും പറ്റുന്നില്ല. മനസ്സും കൈവിട്ട് പോകുന്നു…പിടിക്ക്…മേലോട്ട്…കാലുകള്‍ വരുതിയില്‍ നില്ക്കുന്നില്ല…ഇനിയും കയറാന്‍ വയ്യ.മനസ്സെങ്ങോ പൊയ്‌പോകുന്നു…ഇവിടെ, ഈ മണ്ണില്‍ വീണുറങ്ങാന്‍ കൊതിയാവുന്നു…ശ്വാസം കിട്ടുന്നില്ല. വയ്യ; ഒരടി മുന്നോട്ടു വയ്യ.
നിറയെ ആളുകള്‍…എല്ലാരും തുറിച്ചുനോക്കുന്നു. എന്തിനാണിങ്ങനെ നോക്കുന്നത്? ചോദിക്കാന്‍ നാവു പൊങ്ങുന്നില്ല. ആരൊക്കെയോ പരിചയമുള്ളവര്‍…മുഖങ്ങളൊന്നും ഓര്‍മ്മയില്‍ തെളിയുന്നില്ല. കണ്ണില്‍ ആകെയൊരു മൂടല്‍. ഇങ്ങനെയായാല്‍ പറ്റില്ല-മനസ്സേ,ഇനിയും കയറാനുള്ളതാണ്. പകുതിയായിട്ടേയുള്ളു ഇത്രേം കേറ്റം ബാക്കിയാണ്….ശ്വാസം നേരെയാക്കി, കാലുകളില്‍ ശക്തി നിറച്ച്, ലക്ഷ്യത്തിലുറപ്പിച്ച് ആഞ്ഞൊരു കേറ്റം … വലിയൊരു കയറ്റം കഴിഞ്ഞു. ഇനിയും കയറണം-ആരും കൈപിടിക്കാനില്ലാതെ ഒറ്റയ്ക്കു കയറണം.
ചേറും ചെളിയും വിയര്‍പ്പും തളര്‍ച്ചയുമായി കാര്‍ത്തു ഗോവിന്ദന്റെ അരികില്‍ കുഴഞ്ഞുവീണു. കുട്ടികള്‍ അവള്‍ക്കുമേലെയും.
E.C. Sadanandan
Chayah, Puthurvayal
Meppadi p.o, Wayanad
9495730643