ആദ്യം

ആദ്യപുഷ്പമന്നാദ്യമായ് തുടുത്തു ആത്മഹർഷത്താൽ കൂമ്പിനിന്നു. അനുരാഗമാത്മാവ് മുട്ടിത്തുറന്നു, അറിയാത്ത വാതായനങ്ങൾമെല്ലെ. അടരാൻ വിടാതങ്ങു കാത്തുവച്ചൂ, അകതാരിൽ പൂക്കളരേഖ കോറി. ആദ്യമായ് വിടരുന്നതെന്തു ഭംഗി ആനയിച്ചെത്ര ദിവങ്ങൾ കാട്ടി.

author-image
ഡോ: സുകേഷ്
New Update
ആദ്യം

ആദ്യപുഷ്പമന്നാദ്യമായ് തുടുത്തു

ആത്മഹർഷത്താൽ കൂമ്പിനിന്നു.

അനുരാഗമാത്മാവ് മുട്ടിത്തുറന്നു,

അറിയാത്ത വാതായനങ്ങൾമെല്ലെ.

അടരാൻ വിടാതങ്ങു കാത്തുവച്ചൂ,

അകതാരിൽ പൂക്കളരേഖ കോറി.

ആദ്യമായ് വിടരുന്നതെന്തു ഭംഗി

ആനയിച്ചെത്ര ദിവങ്ങൾ കാട്ടി.

ആകാശത്തേന്മണിമുത്തങ്ങൾക്കായി

ആകമ്പനം കൊണ്ട് കാത്തിരുന്നു

അരികിൽ ഭയപരിഹാസങ്ങളാം

അരമ്യകണ്ടകങ്ങൾ കൂർത്തുനിന്നു.

ആടിയുലയ്ക്കും കാറ്റാഗമിക്കേ

ആ മുള്ളുകൂട്ടം വളർന്നു തണ്ടിൽ.

അരികെയടുക്കാൻ തടതീർത്തവറ്റ

അടക്കിയൊതുക്കി തടവിലാക്കി.

അരിശവുമില്ലാ, അഴലുമില്ലാ

അതുകല്പനയായി, ശീലമായി.

ആത്മാശംവറ്റി നിറംമങ്ങിയെന്നും

ആത്മഗതങ്ങളിൽ അകമടങ്ങി.

അപ്രിയസത്യങ്ങളല്ലോ നിത്യമാം

അസ്വസ്ഥജീവിതസാരാംശവും.

അനിഷ്ടങ്ങളിഷ്ടങ്ങളാക്കി മാറ്റു-

മത്ഭുത പ്രതിഭാസമല്ലേ നമ്മൾ.

literature