കവിത: മരം നീയും ആത്മാവ് ഞാനും

ഇലകള്‍ കൊഴിഞ്ഞ് വ്യക്തിത്വം നഷ്ട്ടപെട്ട ഒരു മരം തന്നെ സ്‌നേഹിച്ച ഒരു ആത്മാവിനോട് ചോദിച്ചു ഞാന്‍ ഇനി എന്തിനു ജീവിക്കണം? ലക്ഷ്യം നഷ്ടമായില്ലേ? ഇനി ഞാന്‍ പൂക്കുമോ? ആര്‍ക്കെങ്കിലും തണല്‍ ആകാന്‍ പറ്റുമോ?

author-image
Web Desk
New Update
കവിത: മരം നീയും ആത്മാവ് ഞാനും

പ്രീതി കമല

ഇലകള്‍ കൊഴിഞ്ഞ് വ്യക്തിത്വം നഷ്ട്ടപെട്ട ഒരു മരം

തന്നെ സ്‌നേഹിച്ച ഒരു ആത്മാവിനോട് ചോദിച്ചു

ഞാന്‍ ഇനി എന്തിനു ജീവിക്കണം? ലക്ഷ്യം നഷ്ടമായില്ലേ?

ഇനി ഞാന്‍ പൂക്കുമോ?

ആര്‍ക്കെങ്കിലും തണല്‍ ആകാന്‍ പറ്റുമോ?

അവന്‍ പറഞ്ഞു, 'നീ നല്‍കും.... നിന്റെ സാമീപ്യം....

നിന്റെ നിലനില്പ്പ് എല്ലാരെയും ചിന്തിപ്പിക്കും

അതാണ് നിന്റെ അസ്ഥിത്വം'.

അപ്പോള്‍ പൊഴിഞ്ഞു പോയ ഇലകളും പൂക്കളും?

'പൊഴിഞ്ഞു പോയത് നഷ്ടമോ വേദനയോ അല്ല

അത് വളര്‍ച്ചയാണ്... മാറ്റം മാത്രം...

ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്...

നീ പൊഴിച്ച ഇലകളും പൂക്കളും, മണ്ണില്‍ ചേര്‍ന്ന്,

പിന്നെ നിന്നില്‍ ചേര്‍ന്ന്, നിന്നില്‍ തന്നെയുണ്ട്

നിന്നില്‍ ആ ഗന്ധമുണ്ട്, ഞാന്‍ ശ്വസിക്കുന്നു അത്

എനിക്ക് ആ ഗന്ധം മാത്രം മതി ജീവിക്കാന്‍

മറ്റൊന്നും ഞാന്‍ ആവശ്യപെടുന്നില്ല'

പൊഴിഞ്ഞു പോയ പൂക്കള്‍ ഒരു പക്ഷെ,

മറക്കാന്‍ ആഗ്രഹിച്ച നിമിഷങ്ങള്‍ ആയിരുന്നിരിക്കാം

അതെല്ലാം കൊഴിഞ്ഞു വീഴട്ടെ

പകരം എന്റെ ചില്ലയില്‍ വന്നിരുക്കുന്ന,

കൊക്കുരുമ്മുന്ന പക്ഷികളെ ഞാന്‍ സ്‌നേഹിക്കും.

'കാറ്റ് വീശുമ്പോള്‍ എനിക്കാ ഗന്ധം നഷ്ടമായേക്കാം

ഞാന്‍ കണ്ണുനീര്‍ പൊഴിച്ചേക്കാം

പക്ഷെ ഞാന്‍ കാറ്റുമായി വഴക്കിടില്ല

എപ്പോഴെങ്കിലും എന്നിലേക്ക് വീശും

അത് വരെ ഞാന്‍ കാത്തിരിക്കും '

മഞ്ഞു കാലത്ത് എന്നെ പൊതിയുന്ന തണുപ്പില്‍

നിന്റെ സ്‌നേഹത്തിന്റെ ചൂട് ഞാന്‍ പറ്റും

അത് കഴിഞ്ഞു മഴക്കാലം വന്നു പോകും

ഒടുവില്‍ പുതിയ ഇലകള്‍ തളിരിടുമ്പോള്‍,

നമ്മുടെ പ്രണയം വീണ്ടും പൂക്കും

നമ്മള്‍ വീണ്ടും ഒന്നായി അലിയും

'പിന്നെ ഞാനും നീയും രണ്ടല്ല

നീ പൂക്കളുടെ കൂട്ടുകാരി ആകും

നമ്മള്‍ പൂക്കള്‍...നമ്മള്‍ കിളികള്‍...

അവരുടെ പാട്ടും നമ്മള്‍....'

 

poem literature Malayalam malayalam poem