New Update
/kalakaumudi/media/post_banners/65a5b63a1f14bf87e68b96bbcb3270d502b9773b4c47719bfd8993dbdb7549f6.jpg)
നീയുറങ്ങുന്നു നിശ്ശബ്ദയായ് ,നിന്റെ
ചാരെ ഞാനുമിരിക്കുന്നു മൂകനായ്.
നമ്മളൊന്നിച്ചു പോന്ന വഴികളും
നമ്മൾ വിട്ടുപിരിഞ്ഞ കിനാക്കളും
നമ്മൾ നേടിയ പട്ടും വളകളും
നമ്മൾ തേങ്ങിയ രാവും ദിനങ്ങളും
ഓർത്തിരിക്കയാണിന്നുഞാൻ നിന്നടു-
ത്തോർമ്മയില്ലാതുറങ്ങുന്നു നീ സഖി!
നമ്മൾ കണ്ട മനോഹര സന്ധ്യകൾ
നമ്മൾകൈകോർത്തലഞ്ഞനിലാവുകൾ
എന്റെ പാട്ടിനു തംബുരു മീട്ടുവാൻ
എന്നരികിലായ് നീ നിന്ന രാവുകൾ
ഓർത്തിരിക്കയാണിന്നുഞാൻനിന്നടു-
ത്തോർമ്മയില്ല നിനക്കതിന്നെങ്കിലും.
ഞാനുറങ്ങാതിരിക്കുമീ രാത്രിയിൽ
ഞാനറിയുന്നു നീയുണരില്ലിനി.
- എം കെ ഭാസി