By ഷീബാ കണ്ടത്തിൽ.05 06 2021
നാളേറെയായി ഞാൻ കാത്തിരിക്കുന്നു നിന്റെ ഓട്ടത്തിനിത്തിരി
ശമനം കിട്ടാൻ
ഇന്നു നീ ഓടുന്നതൊക്കെയും
കണ്ടെന്റെ ഉള്ളു പിടയുന്നല്ലോ
ഉള്ളു പിടയുന്നല്ലോ.
കെഞ്ചി പറഞ്ഞു ഞാൻ
വെട്ടി മാറ്റരുതെൻ
മടിയിൽ വളരും മരങ്ങളൊന്നും
കെട്ടിപ്പടുത്തു നീ എന്റെമാറിൽ
സ്ഫടികസൗധങ്ങളോരോന്നും
ആർഭാടത്തിൻ മോടികൂട്ടാൻ
പാകി ചായങ്ങൾ ചാലിച്ച കട്ടകളും
എന്റെ ദാഹം നീ അറിഞ്ഞതീല
കേണിട്ടുമയ്യോ കേട്ടീല നീ
പലവുരു ഞാൻ നൽകിയ
താക്കീതും പാടേ നീയങ്ങു മറന്നുപോയി ....
പാടേ നീയങ്ങു മറന്നുപോയി.
വൈകാതെ നീ ചൊല്ലേണം
തലമുറകൾ അറിയേണം
ഭൂമിയാം അമ്മയിൻ തേങ്ങലൊക്കെ
തൈകൾ വച്ചെന്റെ മാറു നിറയണം
പ്രാണവായു വേണമെങ്കിൽ (2)
രോദനഭീതികൾ അലമുറകൾ
നീളേ മുഴങ്ങുന്നു കേൾക്കുന്നില്ലേ
മാനവജന്മങ്ങളാകമാനമിന്നു
അഗ്നിക്കിരയെന്നു മറക്കരുതേ
വച്ചു പിടിപ്പിക്ക തൈകളൊക്കെ
തിരികെതരൂ നീയെൻ പ്രൗഢതയും
ഇനിയും നീ എന്നെ വിസ്മരിച്ചാൽ
നാശത്തിനാക്കം ഞാൻ കൂട്ടീടുമെ. (2)