/kalakaumudi/media/post_banners/a8d85e7e44a2fbfec40ae576f3224653ef7752ebf18884060800068a86a0b8d9.jpg)
ഉറങ്ങാതിരുന്ന്
മരിച്ചുപോകാൻ ശ്രമിക്കുന്ന
ഒരുവളോട്
രാത്രി സംസാരിക്കുന്നു
ഉറങ്ങാതിരിക്കുന്നതിനെപ്പറ്റി
ഒന്നും ചോദിക്കാതെ
ഉറങ്ങാതിരുന്ന് മരിച്ചു പോയവർ
ഉറങ്ങാതിരുന്ന് മരിച്ചു പോകുന്നതിനു
തൊട്ടു മുമ്പത്തെ നിമിഷമോ
തൊട്ടടുത്ത നിമിഷമോ
ഉറങ്ങി പോയിരിക്കുമോ
എന്ന് സന്ദേഹപ്പെടുന്നു
ഉറങ്ങാതിരുന്ന് മരിച്ചുപോകാൻ
ശ്രമിക്കുന്നവൾ
ഒരുമ്മ ചോദിക്കുന്നു.
ലളിതമായ ആത്മഹത്യയിൽ
വീണുപോകില്ലെന്ന്
ചുണ്ട് തുടച്ചവൾ ചിരിക്കുന്നു.
ഉറക്കത്തിൽ മരിച്ചുപോയവരോട്
സഹതാപം തോന്നുന്നു.
മരിച്ചു പോകുമെന്നറിയാതെ മരിച്ചുപോകുന്നവർ
അവസാന നിമിഷവും
തൊടാതെ പോകുന്ന ഏതോ ഒന്നിലാണ്
ഇത്രകാലം ജീവൻ ഒളിച്ചിരുന്നത്
എന്നെങ്ങനെ അറിയാനാവും
ഉറങ്ങാതിരുന്ന് മരിച്ചുപോകാൻ
ശ്രമിക്കുന്നവളോടൊപ്പം
ഉറങ്ങാതിരുന്ന് മരിച്ചുപോകാൻ തീരുമാനിക്കുന്നു.
ഉറങ്ങാതിരിക്കുന്ന മഴയും
ഉറങ്ങാതിരിക്കുന്ന വീടും
ഉറങ്ങാതിരിക്കുന്ന ഞങ്ങളും
കെട്ടിപ്പിടിച്ചങ്ങനെ കിടക്കുന്നു
ഇടയ്ക്കൊന്ന് ഉറങ്ങിപോകുന്നു.
ഞെട്ടിയുണർന്ന്
കണ്ണുകൾ തിരികെവച്ചു നോക്കുമ്പോൾ
ഉറങ്ങാതിരുന്നു മരിച്ചുപോകാൻ
തീരുമാനിച്ചവളുടെ
കണ്ണുകളിൽ നിന്ന്
ഒരു സ്വപ്നം
മുറിയാകെ പടരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
