രാഗരഹസ്യമാര്‍ക്കറിയാവൂ...

author-image
Web Desk
New Update
രാഗരഹസ്യമാര്‍ക്കറിയാവൂ...

ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും നൂറ് വര്‍ഷം പിന്നിട്ടു. 2023-ല്‍ ആശാന്റെ ഒടുവിലത്തെ കൃതിയായ കരുണയും നൂറ് വര്‍ഷം പിന്നിടും. 2023 ഏപ്രില്‍ 12–ന് കവിയുടെ പിറവിക്ക് നൂറ്റിയമ്പത് വര്‍ഷവും തികയും. 2024 ജനുവരി 16-ന് ആശാന്റെ അകാലമരണത്തിന് നൂറ് വര്‍ഷത്തിന്റെ കയ്പ്പും. ഒരു വലിയ കവിയുടെ ജനനവും മരണവും പ്രധാന കൃതികളുമെല്ലാം അങ്ങനെ നൂറും കടന്ന് കാലത്തിന് മുമ്പില്‍ സാക്ഷിയാകുമ്പോള്‍ ജീവിതാനുരാഗത്തോടൊപ്പം ലോകാനുരാഗവും മനസ്സില്‍ കാത്തുസൂക്ഷിച്ച മഹാകവേ, ഇപ്പോഴും ആ ചോദ്യം ഉത്തരമില്ലാതെ കിടക്കുന്നുവല്ലോ... രാഗരഹസ്യമാര്‍ക്കറിയാവൂ...?

രാഗരഹസ്യമാര്‍ക്കറിയാവൂ...

എന്‍.ജയകൃഷ്ണന്‍

മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും 2022 ഡിസംബറില്‍ നൂറ് വയസ്സ് പിന്നിട്ടു. (2023 ജനുവരി 16 ന് കുമാരനാശാന്റെ 99-ാം ചരമവാര്‍ഷികദിനവുമായിരുന്നു. 1924 ജനുവരി 16 നാണ് പല്ലനയാറ്റില്‍ ബോട്ടപകടത്തില്‍ ആശാന്‍ മരിച്ചത്) നൂറുറ്വര്‍ഷം മുന്നേ എഴുതിയ ഏത് കൃതിക്കും ആ കാലമഹിമ അവകാശപ്പെടാം. എന്നാല്‍ നൂറു വര്‍ഷത്തിന് ശേഷവും കേരളചരിത്രത്തിലെ സാമൂഹികപരിണാമങ്ങള്‍ക്കും സമകാലിക സംഭവങ്ങള്‍ക്കുമൊപ്പം ഒരു കൃതി ഇന്നും നവ വായനകള്‍ക്ക് ഒട്ടുമേ പ്രാധാന്യം കുറയാതെ സഞ്ചരിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഈ ശതാഭിഷേകം സാര്‍ഥകമാകൂ. ആ അര്‍ഥചാരുത തികച്ചും ആധികാരികതയോടെ ഇന്നും നിലനിര്‍ത്തുന്ന രണ്ട് കൃതികളാണത്രേ ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും.

നൂറ് വര്‍ഷം മുന്നേ കേരളത്തില്‍ നടമാടിയിരുന്ന ജാതീയതയ്ക്കും സ്ത്രീ വിരുദ്ധതയ്ക്കും പൗരോഹിത്യപ്രമാണിത്വത്തിനും ആണധികാരത്തിനുമെതിരേ നിരവധി നവോത്ഥാനപ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും ഉണ്ടായി. ത്യാഗോജ്ജലമായ പോരാട്ടങ്ങളിലൂടെ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും അടിമത്തമനോഭാവത്തില്‍ നിന്നും കേരളജനത മുക്തി നേടിയെങ്കിലും ഇന്നവയെല്ലാം മറ്റൊരു രൂപത്തില്‍, ഭാവത്തില്‍ വീണ്ടും നമ്മുടെ സാമൂഹികപരിസരങ്ങളെ മലീമസമാക്കിക്കൊണ്ടിരിക്കുന്നു. ഭിത്തിയിലേക്ക് വലിച്ചെറിയുന്ന റബര്‍പന്തുപോലെ അവ തിരിച്ചടിച്ചുകൊണ്ടിരിക്കുന്നു.

കുമാരനാശാന്റെ നളിനിയും ലീലയും ചിന്താവിഷ്ടയായ സീതയും കരുണയും പ്രരോദനവുമെല്ലാം വിവിധ പ്രമേയങ്ങളെ ആധാരമാക്കിയെങ്കില്‍ ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും തികച്ചും റിയലിസ്റ്റിക്കായ സാമൂഹികപരിപ്രേക്ഷത്തിലേക്ക് വഴിമാറി നില്‍ക്കുന്നതായി കാണാം. ചണ്ഡാലഭിക്ഷുകി ബുദ്ധധര്‍മ്മമത്തിലൂന്നിക്കൊണ്ട് അയിത്തത്തിനെതിരേ നീങ്ങുമ്പോള്‍ മലബാര്‍കലാപത്തിന്റെ പശ്ചാത്തലവും മമിശ്രവിവാഹവുമാണ് ആശാന്‍ ദുരവസ്ഥയ്ക്ക് വേണ്ടി തെരഞ്ഞെടുത്തത്ത്.

വാസ്തവത്തില്‍ നൂറുവര്‍ഷത്തിന് ശേഷമുള്ള ഈ കൃതികളുടെ പുനര്‍വായനയല്ല വേണ്ടത്. മറിച്ച് ഈ കൃതികളിലൂടെ വായനക്കാര്‍ സ്വയം പുനര്‍വായനയ്ക്ക് വിധേയരാവുകയാണ് വേണ്ടത്. ചണ്ഡാലഭിക്ഷുകിയിലൂടെയും ദുരവസ്ഥയിലൂടെയും നമ്മള്‍ പുനര്‍വായിക്കപ്പെടുകയും അതിലൂടെ സ്വയം നവീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഈ രചനകളുടെ സാംഗത്യം തിരിച്ചറിയപ്പെടുന്നത്. ആര്യനായ ആനന്ദഭിക്ഷുവിന് കുടിനീര് തനിക്ക് നല്‍കാന്‍ കഴിയുമോ എന്ന സന്ദേഹം ആദ്യമേ മാതംഗയില്‍ ഉണ്ടാകുന്നു. സന്ദേഹത്തിന് കാരണം ആ കാലമാണ്. 'പുളിച്ചത്' എന്നു പറയുന്നതിന് പകരം 'ഉപ്പ്' എന്ന് പറഞ്ഞതിന് ഒരു പറയസമുദായക്കാരനെ നടവഴിയില്‍ തല്ലിക്കൊന്ന് ജാതിപിശാചുകള്‍ പേ പിടിച്ചു നടന്ന കാലം. അവര്‍ണ്ണര്‍ക്ക് പൊന്തക്കാടുകളിലൂടെ മാത്രം ഇഴഞ്ഞുനീങ്ങാന്‍ വിധിക്കപ്പെട്ടിരുന്ന കാലം. അവരുടെ ഉടുവസ്ത്രം തുണിയായിരുന്നില്ല. ഭയമായിരുന്നു. എപ്പോള്‍, എവിടെനിന്ന് മര്‍ദനമോ മരണമോ നേരിടേണ്ടിവരുമെന്ന നിശ്ചയമില്ലാത്ത ദുരവസ്ഥ. ഈ അവസ്ഥയില്‍ മാതംഗിയെപ്പോലൊരു സ്ത്രീ എങ്ങനെ സന്ദേഹിക്കാതിരിക്കും? അവളുടെ ആദ്യാനുഭവമായിരുന്നു അത്. അവര്‍ണയായ തന്റെ കൈയില്‍ നിന്നും ആര്യനായ ഒരാള്‍ തീര്‍ഥജലം പോലെ കുടിനീര് വാങ്ങികുടിച്ച് ദാഹമകറ്റുന്നു! ജലം ഒരു സംവേദനശക്തിയായി മാറുകയാണവിടെ.

ആശാന്റെ കൃതികളില്‍ സമൃദ്ധമായി ജലബിംബങ്ങള്‍ പല വിഭാവങ്ങളായികാണാമെങ്കിലും ചണ്ഡാലഭിക്ഷുകിയില്‍ ജലം ഒരു ബിംബമായിട്ടില്ല, മറിച്ച് മാതംഗിയില്‍ നിന്നും ആനന്ദനിലേക്കുള്ള ചാലകശക്തിയായി, ജാതീയതയുടെ മതില്‍കെട്ടുകള്‍ തകര്‍ക്കപ്പെടു ന്നതിലേക്കുള്ള രാസത്വരകമായി ജലം വര്‍ത്തിക്കുകയാണിവിടെ. ദാഹജലം ചോദിച്ചവന്‍ ആനന്ദഭിക്ഷുവാണെങ്കിലും ജീവജലം ലഭിച്ചത് മാതംഗിക്കാണ്. ഒരു പുതിയ ആകാശവും ഭൂമിയും ജീവിതവും ആ ജലദാനത്തിലൂടെ അവള്‍ സ്വപ്‌നം കാണുകയാണ്. അയിത്തത്തിന്റെയും അനാചാരങ്ങളുടെയും കൊടുംവരള്‍ച്ചയില്‍ നിന്നും ചൈതന്യഭരിതമായ ഒരു പുതിയ സഞ്ചാരത്തിലേക്കുള്ള ജലഭരമായ, ഉര്‍വരമായ ഒരു വര്‍ഷവും വഴിയും ആ കുടിനീരിലൂടെ മാതംഗി സാക്ഷാല്‍ക്കരിക്കുയാണ്. ജാതി മറന്നുകൊണ്ടാണോ കുടിനീര് ചോദിക്കുന്നത് എന്ന മാതംഗിയുടെ അത്ഭുതം കലര്‍ന്ന ചോദ്യത്തിന് 'ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി' എന്ന ഉത്തരമാണ് ആനന്ദഭിക്ഷു നല്‍കുന്നത്. ജാതി ചോദിക്കുന്നില്ല എന്നു പറഞ്ഞാല്‍ ജാതി ചോദിക്കരുതെന്ന ധ്വനിപാഠം കൂടി അതിലുണ്ട്. വിശപ്പിനും ദാഹത്തിനും മുന്നില്‍ എന്ത് ജാതിയും മതവുമാണുള്ളതെന്നു ആശാന്‍ ആനന്ദഭിക്ഷുവിനെക്കൊണ്ട് ചോദിപ്പിച്ചത് 100 വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നുകൊണ്ടാണ്. ജാതിയുടെ പേരില്‍ വിശപ്പും ദാഹവുമകറ്റാന്‍ കഴിയാതെ കീഴാളര്‍ ഞെരിഞമരുന്നതിനും കൊല്ലപ്പെടുന്നതിനും ഈ രാജ്യം പിന്നീട് സാക്ഷിയായപ്പോള്‍ ചണ്ഡാലഭിക്ഷുകിയ്ക്ക് മറ്റൊരു മാനം കൂടി ഇപ്പോള്‍ ലഭിക്കുകയാണ്.

മാതംഗിക്ക് ആനന്ദഭിക്ഷുവിനോട് തോന്നിയ വികാരം പ്രണയമാണോ എന്ന സന്ദേഹം വായനക്കാരില്‍ തോന്നിപ്പിക്കുമോ എന്നതിന് ആനന്ദന്റെ ഉത്തരം നോക്കൂ. മഹാനായ ബുദ്ധഭിക്ഷുവിന്റെ ദാഹം തീര്‍ത്ത കുടിനീരു നല്‍കാന്‍ തനിക്ക് ഭാഗ്യം സിദ്ധിച്ചതോര്‍ത്ത് കോള്‍മയിര്‍കൊണ്ടു നില്‍ക്കുകയാണല്ലോ മാതംഗി.

'' നിര്‍വാണനിധി കണ്ട മഹാസിദ്ധന്‍

സര്‍വലോകൈവന്ദ്യന്‍ ദയാകുലന്‍

ഗുര്‍വധീശനനുഗ്രഹികും നിന്നെ–

പ്പര്‍വചന്ദ്രവദനേ, ഞാന്‍ പോകുന്നു''

തുടര്‍ന്ന് മാതംഗിയെ അതിമനോഹരമായ ഒരു വാഗ്മയചിത്രത്തിലൂടെ അവതരിപ്പിക്കുന്നു കവി. കാവ്യപ്രമേയം എത്ര റിയലിസ്റ്റിക്കായാലും ആശാന്റെ കവനതൂലിക കല്‍പ്പനാരഥത്തിലേറി സഞ്ചരിക്കാതിരിക്കുമോ?

''ചാരുനേത്രമരത്തിലിടത്തുതോള്‍

ചാരിച്ചാഞ്ഞു, ചരിഞ്ഞ മിഴികളാല്‍

ദൂരെ മേവുന്ന ഭിക്ഷുവിനായ് കരും–

താരണിമാല മോഘമായ് നിര്‍മിച്ചും

പാരിലൊറ്റക്കാലൂന്നി നിലകൊണ്ടാള്‍

മാരദൂതിപ്പോല്‍ തെല്ലിട സുന്ദരി''

ജാതിയതയുടെയും തൊട്ടുകൂടായ്മയുടെയും അന്ധകാരത്തില്‍ നിന്നും ആനന്ദഭിക്ഷുവിനു മാതംഗി നല്‍കിയ 'ജലസ്പര്‍ശം' ഒരു നിമിഷമല്ല, ബുദ്ധനെ കണ്ടുമുട്ടും വരെ അവളെ പ്രണയമായി പുണര്‍ന്നുനിന്നു. മാതംഗിയുടെ മനം ആനന്ദനിലേക്ക് എങ്ങനെയെത്തി ക്കാണുമെന്ന സന്ദേഹം കവിക്കുണ്ടാകാതിരിക്കില്ലല്ലോ.. ഈ സന്ദേഹം ആശാന്റെ കാവ്യജീവിതത്തിലും വ്യക്തിജീവിതത്തിലുടനീളം ഉണ്ടായിരുന്നു.

സന്യാസം വേണോ ഗാര്‍ഹസ്ഥ്യം വേണോ? ഭൗതികതയും ആത്മീയതയും ഒരുമിച്ച് കൊണ്ടുപോകേണ്ടതല്ലേ? ഏതാണ് ശരി? ഏതാണ് തെറ്റ്? അതോ ഇതില്‍ ശരിയും തെറ്റുമുണ്ടോ? ഈ സന്ദേഹം പലപ്പോഴും ആശാനില്‍ അഗാധമായ ആത്മസംഘര്‍ഷം ഉണ്ടാക്കുന്നുണ്ട്. ആശാന്റെ നായകന്മാരില്‍ ആശാനെ കണ്ടെത്താം എന്നു നിരീക്ഷിക്കപ്പെട്ടിരിക്കുന്നതുപോലെ നായികമാരിലും ആശാന്റെ മറ്റൊരു വ്യക്തിത്വമുണ്ട്. അത് സ്‌നേഹത്തിന് വേണ്ടി കൊതിക്കുന്ന മനസ്‌സാണ്. ആ സ്‌നേഹത്തെ നിരാകരിക്കുന്ന മറ്റൊരു മനസ്‌സും ആശാനില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. ദിവാകരനും മദനനും ഉപഗുപ്തനുമെല്ലാം നിരന്തരം പ്രണയനിരാസം തങ്ങളുടെ നായികമാരില്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ ഒരേസമയം ആശാനില്‍ ദ്വന്ദ്വവ്യക്തിത്വങ്ങള്‍ പ്രകടമാകുന്നു.

കുമാരനാശാന്‍ പല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണ്. ഇതും വ്യക്തിത്വഘടനയില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കവിയായി മാത്രം ആശാനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ആശാനിലെ അപരവ്യക്തിത്വവും അന്ത:സംഘര്‍ഷവും അദ്ദേഹത്തിന്റെ കവിതകളെ മാത്രം അടിസ്ഥാനപ്പെടുത്തി ചുരുങ്ങിപ്പോകുകയാണ് പലപ്പോഴും. എസ്.എന്‍.ഡി.പിയുടെ ജനറല്‍ സെക്രട്ടറി, ശ്രീമൂലം അസംബ്‌ളിയംഗം, പത്രാധിപര്‍, വ്യവസായി എന്നീ വ്യത്യസ്തമേഖലകളില്‍ ആശാന്‍ പ്രവര്‍ത്തിച്ചിരുന്നു. തിരക്ക് പിടിച്ച ജീവിതത്തിനിടയിലാണ് തന്റെ പ്രമുഖ കൃതികളെല്ലാം അദ്ദേഹം രചിച്ചത്. യോഗത്തില്‍ നിന്നും തനിക്കുണ്ടായ ചില തിക്താനുഭവങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ഉച്ഛൃഖലത്വം പ്രകടിപ്പികുമ്പോഴും തന്റെ നിയന്ത്രണത്തില്‍ നിന്നും മനസ്‌സ് വഴുതിപ്പോകാതിരിക്കാന്‍ അദ്ദേഹം കഠിനമായ ശ്രമം നടത്തി. 'അനിയന്ത്രിതം' എന്ന വാക്ക് പലയിടങ്ങളിലായി ചിന്താവിഷ്ടയായ സീതയില്‍ കവി പ്രയോഗിക്കുന്നുമുണ്ടല്ലോ.

ഏറെ ചിന്തിച്ച ശേഷമാണ് 46–മത്തെ വയസ്‌സില്‍ തന്നേക്കാള്‍ 28 വയസ്‌സ് കുറവുള്ള ഭാനുമതിയമ്മയെ ആശാന്‍ വിവാഹം ചെയ്യുന്നത്. ഡോ. പല്‍പ്പുവിന്റെ ഇളയച്ഛനും എസ്.എന്‍.ഡി.പി യോഗത്തിന്റെ ഉപാധ്യക്ഷനുമായിരുന്ന റൈട്ടര്‍ കുമാരുവിന്റെ മകളായിരുന്നു ഭാനുമതി. ഇതില്‍ ഏറെ കൗതുകകരമായ ഒരു സംഗതി, ഭാനുമതി ജനിച്ച ദിവസം അവിചാരിതമായി ആശാന്‍ ആ വീട്ടില്‍ ചെന്നിരുന്നു. തൊട്ടിലില്‍ കൈകാലുകളിട്ട് കരയുന്ന ആ കൂട്ടി പിന്നീട് തന്റെ വധുവായി വന്നുചേരുമെന്ന് ഒരിക്കല്‍ പോലും കവി വിചാരിച്ചിട്ടുണ്ടാകില്ല. പിന്നീട് ഭാനുമതിയെ സംസ്‌കൃതം പഠിപ്പിക്കാന്‍ അവരുടെ വീട്ടില്‍ പോയിരുന്ന കവി ഭാനുമതിയെ പ്രണയിച്ച് വിവാഹം കഴിച്ചു. പ്രണയഭരിതമായ ഈ മനസ്‌സ് ആശാന്റെ നായികമാരിലും കാണാം. 1911–ലാണ് നളിനി കാമുകനെ തിരഞ്ഞ് വീടു വിട്ടിറങ്ങുന്നത്. 1914–ലാണ് ലീല മദനനെ അന്വേഷിച്ച് വിന്ധ്യാതടത്തിലെത്തുന്നത്. അതേ വര്‍ഷമാണ് വള്ളത്തോളിന്റെ ബന്ധനസ്ഥനായ അനിരുദ്ധന്‍ മായാരണത്തില്‍ തുറങ്കിലടയ്‌പ്പെടുന്നത്.

'' ഞാനളയച്ചു വരുത്തിയതാണ്

കയ്യേറാനായ് സ്വയം വരികയല്ല മമ ആര്യപുത്രന്‍''

എന്ന് പിതൃതുല്യനായ മുഖ്യസചിവന്‍ കുഭാണ്ഡനോട് ഉഷ തുറന്നടിക്കുന്നു. വിവാഹം കഴിയാത്ത ഒരു യുവതിയാണ് 'മമ ആര്യപുത്രന്‍' എന്ന് കാമുകനെ അഭിസംബോധനം ചെയ്യുന്നത്. അത് 1914–ലാണെന്ന് ഓര്‍ക്കണം. പുരുഷാധിപത്യവും സ്ത്രീവിരുദ്ധതയും അലങ്കാരങ്ങളായി പുരുഷന്മാര്‍ കൊണ്ടുനടന്ന കാലം. അതുകൊണ്ടാണ് മലയാളകവിതയിലെ തന്റേടമുറച്ച ആദ്യനായിക വള്ളത്തോളിന്റെ ഉഷയാണെന്ന് തായാട്ട് ശങ്കരന്‍ പിന്നീട് അടയാളപ്പെടുത്തുന്നത്. കാമുകന്മാരെ അന്വേഷിച്ച് നളിനിയും ലീലയും

സധൈര്യം വീടുവിട്ടിറങ്ങിയവരാണെങ്കിലും തങ്ങളുടെ കാമുകന്മാരുടെ മുമ്പില്‍ അവര്‍ ചഞ്ചലചിത്തരമായി മാറുന്നു. അപേക്ഷാഭാവത്തിലാണല്ലോ അവരുടെ പെരുമാറ്റവും ശരീരഭാഷയും. പ്രണയപരവശമായി പുലമ്പുന്ന ലീലയോട് 'നീ സൈ്വരിണിയെപ്പോലെ പെറുമാറുന്നുവെന്ന്് എന്ന് ഒട്ടൊരു ക്ഷോഭത്തോടെ തോഴിയായ മാധവി ചോദിക്കുന്നുണ്ട്. നളിനിക്ക് സ്വാമിനിയുള്ളതു പോലെ ലീലയ്ക്ക് കൂട്ട് മാധവിയുണ്ട്. ലീലയുടെ മേല്‍ മാധവിയുടെ നിയന്ത്രണമുണ്ട്. എന്നാല്‍ തോഴിമാരില്ലാതെ ആനന്ദഭിക്ഷുവിനെ തേടി ഒറ്റയ്ക്ക് പുറപ്പെട്ടവളാണ് മാതംഗി. അതിലൊരു നിശ്ചയദാര്‍ഢ്യമുണ്ട്. ലക്ഷ്യത്തോടെയാണ് മാതംഗിയുടെ യാത്ര. കാരണം അത്രമേല്‍ കുളിര്‍ജലം അവളുടെയുള്ളില്‍ വര്‍ഷിച്ചിട്ടാണ് ആനന്ദന്‍ പോയത്. ദിവാകരനും ആനന്ദനും ഉപഗുപ്തനുമെല്ലാം സന്യാസിമാരായാണ് പ്രത്യക്ഷപ്പെടുന്നതും. തന്റെയുള്ളിലെ കെട്ടടങ്ങാത്ത ആത്മീയതയാണ് ആശാന്‍ ഇവരിലൂടെ സാക്ഷാല്‍ക്കരിച്ചത്. അതുപോലെ തന്നെ നളിനിയും ലീലയും മാതംഗിയും സാവിത്രിയും വാസവദത്തയും കവിയുടെ അന്തരംഗത്തിലെ ഉയര്‍ന്നു പൊന്തുന്ന ലൗകികവാസനയുടെ പ്രതീകങ്ങളായി മാറുന്നു. ആശാനെ അലട്ടിയിരുന്ന മറ്റൊരു പ്രധാന സമസ്യ അനുരാഗത്തിന്റെ രഹസ്യമെന്താണ് എന്നതാണ്. അവയവങ്ങളറ്റ്, ശക്തി ക്ഷയിച്ച്, മൃതപ്രായയായി കിടക്കുന്ന വാസവദത്തയുടെ അരികിലേക്ക് ഉപഗുപ്തന്‍ നടന്നടുക്കുമ്പോള്‍ വളരെ പ്രയാസപ്പെട്ടവള്‍ കഴുത്തുപൊക്കി അയാളെ നോക്കാന്‍ ശ്രമിക്കുന്നു! നിമിഷങ്ങള്‍ക്കകം താന്‍ മരിക്കുമെന്നറിഞ്ഞിട്ടും അവളിലെ അനുരാഗി ജീവനുയര്‍ത്തുകയാണ്. ആശാന്‍ ചോദിക്കുന്നു. രാഗവൈഭവം കണ്ടോ...

കുമാരനാശാന്‍ പ്രായോഗികമതിയായ ഒരു വ്യക്തിയായിരുന്നു. താരതമ്യേന ദരിദ്രമായ ജീവിതപരിസരത്തില്‍ കവിതകെട്ടി ഉപജീവനം കഴിക്കാന്‍ സാധ്യമല്ലായെന്ന് അദ്ദേഹം നേരത്തേ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ആലുവയില്‍ അദ്ദേഹം ഓട്ടുകമ്പിനി ആരംഭിച്ചത്. കവിതാമണ്ഡലത്തിലും ഈ പ്രായോഗികമതിത്വം അദ്ദേഹം പ്രകടിപ്പിച്ചു. പ്രാസവാദം കൊടുമ്പിരികൊണ്ട കാലം. കേരളവര്‍മ്മയും ഏ.ആറും പരസ്യമായി രണ്ടു തട്ടിലായി. രണ്ടുപേരെയും പിന്‍പറ്റി അക്കാലത്തെ പ്രമുഖകവികള്‍ രംഗത്തിറങ്ങി. വാദകോലാഹലങ്ങള്‍ മുറുകി. മനസ്‌സ്‌കൊണ്ട് ഏ.ആര്‍ പക്ഷത്തുനിലകൊണ്ട ആശാന്‍ പക്ഷേ കേരളവര്‍മ്മയ്‌ക്കെതിരേയോ ദ്വിതീയക്ഷരപ്രാസത്തിനെതിരേയോ പരസ്യമായി ഒന്നുമുരിയാടിയില്ല. ഏ.ആറിനോടൊപ്പം ആശാന്‍ നിലകൊണ്ടത് രാജരാജവര്‍മ്മയോടുള്ള അദ്ദേഹത്തിന്റെ തികച്ചും വ്യക്തിപരമായ സ്‌നേഹബഹുമാനങ്ങള്‍കൊണ്ടുമാത്രമായിരുന്നു. ദ്വതിയാക്ഷരപ്രാസസമ്പ്രദായത്തിനോട് ആശാന് ഒരു എതിര്‍പ്പും ഇല്ലായിരുന്നുവെന്നതിന് അദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങള്‍ തന്നെ നേര്‍സാക്ഷി! ആശാന്റെ അനുപമമായ കാവ്യശൈലിയിലതു മുങ്ങിപ്പോയി എന്നതാണ് വാസ്തവം. സംസ്‌കൃതത്തോടും ആശാന്‍ ഏറെ ആഭിമുഖ്യം കാട്ടിയിരുന്നുവല്ലോ. ചണ്ഡാലഭിക്ഷുകിയിലേക്ക് തിരിച്ചുവന്നിട്ട് ഈ പ്രകരണം അവസാനിപ്പിക്കാം.

മലയാളത്തിലെ ആദ്യകഥാപ്രസംഗകര്‍ത്താവ് കുമാരനാശാനാണ് എന്നത് അത്രമേല്‍ പ്രസിദ്ധമായ ഒരു വാര്‍ത്തയായി ആരും രേഖപ്പെടുത്തി കണ്ടിട്ടില്ല. ചണ്ഡാലഭിക്ഷുകിയായിരുന്നു ആ കൃതി. അതിനു പിന്നിലൊരു ചരിത്രമുണ്ട്. ഹരികഥാകാരനായ സി.എ സത്യദേവന്‍ 1924–ല്‍ ആശാന്റെ മരണശേഷമാണ് ചണ്ഡാലഭിക്ഷുകി കഥാപ്രസംഗമായി അവതരിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ കഥാപ്രസംഗം! സത്യദേവന്‍ കെ.കെ. വാധ്യാര്‍ക്കയച്ച ഒരു കത്തില്‍ ഇതിനെ സംബന്ധിച്ച ചില പരാമര്‍ശങ്ങളുണ്ട്. മാര്‍ക്കേണ്ഡയചരിതം കഥ 1923–ല്‍ സത്യദേവന്‍ കഥാപ്രസംഗമായി അവതരിപ്പിച്ചപ്പോള്‍ അതിനാവശ്യമായ സംസ്‌കൃതപദ്യങ്ങള്‍ എഴുതികൊടുത്തത് കുമാരനാശാനായിരുന്നു.

ഇതേ മട്ടില്‍ ജാതിക്കെതിരായി ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്ന തന്റെ കൃതികള്‍ കഥാപ്രസംഗങ്ങളായി അവതരിപ്പിക്കുന്നതിനെക്കുറിച്ച് സത്യദേവനോട് പറയുകയും അദ്ദേഹമത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പക്ഷേ അതു കാണാന്‍ ആശാന് ഭാഗ്യമുണ്ടായില്ല. 1924 ജനുവരി 16–ന് അദ്ദേഹം റഡീമര്‍ ബോട്ടപകടത്തില്‍ മരിക്കുന്നു. നിരവധി ജലബിംബങ്ങളെ കവിതയിലൂടെ പ്രകാശിപ്പിച്ചവന് ഒടുവില്‍ ജലസമാധി!

ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും നൂറ് വര്‍ഷം പിന്നിട്ടു. 2023–ല്‍ ആശാന്റെ ഒടുവിലത്തെ കൃതിയായ കരുണയും നൂറ് വര്‍ഷം പിന്നിടും. 2023 ഏപ്രില്‍ 12–ന് കവിയുടെ പിറവിക്ക് നൂറ്റിയമ്പത് വര്‍ഷവും തികയും. 2024 ജനുവരി 16–ന് ആശാന്റെ അകാലമരണത്തിന് നൂറ് വര്‍ഷത്തിന്റെ കയ്പ്പും. ഒരു വലിയ കവിയുടെ ജനനവും മരണവും പ്രധാന കൃതികളുമെല്ലാം അങ്ങനെ നൂറും കടന്ന് കാലത്തിന് മുമ്പില്‍ സാക്ഷിയാകുമ്പോള്‍ ജീവിതാനുരാഗത്തോടൊപ്പം ലോകാനുരാഗവും മനസ്‌സില്‍ കാത്തുസൂക്ഷിച്ച മഹാകവേ, ഇപ്പോഴും ആ ചോദ്യം ഉത്തരമില്ലാതെ കിടക്കുന്നുവല്ലോ... രാഗരഹസ്യമാര്‍ക്കറിയാവൂ...?

''പാരിലൊറ്റക്കാലൂന്നി നിലകൊണ്ടാള്‍

മാരദൂതിപോല്‍ തെല്ലിട സുന്ദരി''

പൂത്ത വാകമരം പോലെ നിന്നവളും ചോദിക്കുന്നു.

രാഗരഹസ്യമാര്‍ക്കറിയാവൂ...

 

 

Malayalam poet kumaranasan