പെയ്തൊഴിയാത്ത മോഹം

By സ്വാന്തന സാജു.23 01 2021

imran-azhar

 

 

തുടിക്കുന്നുണ്ട്. കൺതടങ്ങൾ അല്ല... ഉള്ളിൽ എവിടയോ ജീവൻ തുടിക്കുന്നുണ്ട്
പക്ഷേ, പക്ഷേ അത് എങ്ങനെ സാധ്യമാകും. ജന്മം തന്ന അപ്പനും അമ്മയും, നിഴലുപോലെ കൂടെ നടന്ന കൂട്ടുകാർ,ഞാൻ അറിയുന്നവർ എന്നെ അറിയുന്നവർ, ഇന്ന് വരെ ഞാൻ കണ്ടിട്ടില്ലാത്തവർ.. ഇനി കാണേണ്ടതായി വരുന്നവർ അവരൊക്കെ ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾ അതിനൊക്കെ ഞാൻ എന്ത്‌ ഉത്തരം നൽകും.
ഈശ്വരാ... അറിയാതെ എന്റെ ഉള്ളൊന്നു പിടഞ്ഞു.
ചോദ്യങ്ങളെയെല്ലാം വകഞ്ഞുമാറ്റികൊണ്ട് അമ്മ കേറിവന്നു
"അക്ഷീ നീ കുളിക്കുന്നില്ലേ?", അമ്മ ചോദിച്ചു
"കുളിക്കണം "
"ശരി, വേഗം കുളിച്ചിട്ടുവാ, ഞാൻ ഭക്ഷണം എടുത്ത് വയ്ക്കാം."
ഇത്രയും പറഞ്ഞമ്മ അകത്തേക്ക് നടന്നുപോയി....
അമ്മപോകുന്നത് ഞാൻ നോക്കി ഇരുന്നു.. എന്റെ അമ്മ
ജീവന്റെ ഒരു തുടിപ്പ്മാത്രമായിരുന്ന കാലം മുതൽ ഇന്ന് 25 വർഷങ്ങൾക്കിപ്പുറവും നൈർമല്യമുള്ള ഒരു കാറ്റു പോലെ എന്നെ തകുഴുന്ന എന്റെ അമ്മ...
സ്നേഹത്തിന്റെ സൗഹൃദത്തിന്റെ വാത്സല്യത്തിന്റെ കരുണയുടെ അങ്ങനെ എത്രയെത്ര ഭാവങ്ങൾ നിറഞ്ഞതാണല്ലേ ഓരോ മാതൃത്വവും .
കൂടുതൽ ഒന്നും ചിന്തിക്കാതെ ഞാൻ നേരെ ബാത്റൂമിലേക്ക് പോയി.
കുളിക്കണം ശരീരം മാത്രമല്ല മനസ്സും തണുക്കുവോളം കുളിക്കണം.
മഴത്തുള്ളികൾ പോലെ പതിക്കുന്ന ഷവറിലെ വെള്ളത്തിന് കീഴിൽ നിർവികാരയായി ഞാൻ നിന്നു.
കുളികഴിഞ്ഞ് ഭക്ഷണം കഴിക്കാൻ നിൽക്കാതെ വേഗം റെഡിയായി ഞാൻ വീട്ടിൽനിന്നിറങ്ങി.
" ഭക്ഷണം കഴിച്ചിട്ട് പോ അക്ഷീ.. അല്ലേലും ഈ നേരത്ത് നീ ഇത് എങ്ങോട്ടാ?"
അമ്മ കൈയിൽ പിടിച്ച ചോറുമായി പിന്നാലെ വന്നു. ഞാൻ ഒന്നും കേൾക്കാത്ത ഭാവത്തിൽ പുറത്തേക്ക് നടന്നു "അക്ഷീ പറഞ്ഞിട്ട് പോ"."എന്റെ ലീലെ നീ ഒന്ന് ഒച്ച വയ്ക്കാതെ അവളുടെ ജോലിത്തിരക്ക് നിനക്ക് അറിയാവുന്നതല്ലേ". എന്നെ സപ്പോർട്ട് ചെയ്യാനെന്നോണം അച്ഛൻ അമ്മയെ ശകാരിക്കുന്നത് കേട്ടുകൊണ്ട് പടികൾ ഇറങ്ങി ഞാൻ നടന്നു.
സമയം ഏതാണ്ട് രണ്ടര കഴിഞ്ഞിട്ടുണ്ടാവും കത്തിനിൽക്കുന്ന സൂര്യന്റെ ചൂടും പൊടിയും വെയിലും എല്ലാം എനിക്ക് അസഹ്യമായി തോന്നി. ആദ്യം കണ്ട ഓട്ടോറിക്ഷ കൈകാട്ടി നിർത്തി അതിൽ കയറി
"മെഡിസിറ്റി hospital"
പോകേണ്ട ഇടം പറയുക എന്നതിനപ്പുറം എനിക്കും ആ ഡ്രൈവർക്കും ഇടയിൽ ശൂന്യത തളംകെട്ടി നിന്നു..
അച്ഛൻ ഇല്ലാത്ത കുട്ടി, അമ്മ മാത്രം ഉള്ള കുട്ടി. പിതൃത്വം പറയേണ്ടിവരുന്ന ഇടങ്ങളിലെല്ലാം ശൂന്യത മാത്രം നിറഞ്ഞു നിൽക്കുന്ന കുട്ടി...
അസാധാരണമാണ് അങ്ങനെ ഒരു കുഞ്ഞിന്റെ അവസ്ഥ...
ഞാൻ എന്ന വ്യക്തിയുടെ തീഷ്ണമായ ഒരു താല്പര്യത്തിന് ആ കുഞ്ഞ് നൽകേണ്ടിവരുന്നത് എത്ര വിലയായിരിക്കും???
ഇങ്ങനെ പല ചിന്തകളും എന്നെ വല്ലാതെ അലട്ടി....
ഇല്ല ഇതൊരു തെറ്റല്ല... അല്ലെങ്കിലും ഇതെങ്ങനെ തെറ്റാകും..
എന്റെ ഉള്ളിൽ നിറഞ്ഞൊഴുകുന്ന മാതൃത്വം അത് എനിക്ക് എങ്ങനെ കണ്ടില്ലന്നുവെയ്ക്കാൻ കഴിയും.
ഞാൻ അറിയാതെ എന്റെ കൈകൾ എന്റെ ഉദരത്തിൽ സ്പർശിച്ചത് ഞാൻ അറിഞ്ഞു....
ഇല്ല കുഞ്ഞേ ഇതിന്റെ പേരിൽ നീ ഒരിക്കലും ദുഖിക്കേണ്ടി വരില്ല നിന്നേ ഈ അമ്മ വളർത്തും. അച്ഛനും അമ്മയും എന്ന മനോഹരമായ രണ്ടുലോകങ്ങൾക്കപ്പുറം അതിലേറെ ഭംഗിയുള്ള മറ്റൊരു ലോകം ഈ അമ്മ നിനക്കായി തീർക്കും അവിടെ അച്ഛനും അമ്മയും എല്ലാം നിനക്ക് ഈ അമ്മ ആയിരിക്കും...
എന്റെ ചിന്തകളെ കീറിമുറിച്ചുകൊണ്ട് വണ്ടി ഹോസ്പിറ്റലിൽ എത്തി "മോളേ 90 രൂപ.."
പൈസ കൊടുത്ത് ഞാൻ ഹോസ്പിറ്റലിനുള്ളിലേക്ക് ചെന്നു.
"ലീലാവതി ഡോക്ടറെ കാണാൻ വേണ്ടി ആണ്, ഞാൻ രാവിലെ വിളിച്ചിരുന്നു"
"അക്ഷിത"
"അതെ"
"ഡോക്ടർ ക്യാബിനിൽ ഉണ്ട് അങ്ങോട്ട്‌ ചെന്നോളൂ"
"Ok, thankyou "
"May i come in doctor"
"Yes"
"ഡോക്ടർ ഞാൻ അക്ഷിത ".
"ആഹ് എനിക്ക് മനസിലായി അക്ഷിത,ഇരിക്കു".
ഡോക്ടർ എന്നേ നോക്കി പുഞ്ചിരിച്ചു.
നേരത്തേ ഫോണിലൂടെ കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നതുകൊണ്ട് ഈ കൂടിക്കാഴ്ച്ചയിൽ എന്റെ വരവിന്റെ ഉദ്ദേശം വ്യക്തമാക്കേണ്ടി വരില്ല എന്നത് എനിക്ക് വളരെ ആശ്വാസംനൽകി.
"അക്ഷിത, മോൾടെ തീരുമാനം എന്നേ വല്ലാതെ അത്ഭുതപ്പെടുത്തി.അതും ഇത്ര ചെറിയ പ്രായത്തിൽ"
ഇതിനു മറുപടിയായി ഞാൻ ഒന്ന് പുഞ്ചിരിച്ചു.
"മോളേ നിന്റെ തീരുമാനം തെറ്റാണന്നു പറയുകയല്ല...നിന്റെ പ്രായത്തിലുള്ള ഒരു പെൺകുട്ടിക്ക് ഒറ്റക്ക് എടുക്കാവുന്നതിൽവെച്ച് ഏറ്റവും ധീരമായ തീരുമാനം
തന്നെയാണിത് എന്നാൽ കാര്യങ്ങൾ മോളുകരുതുംപോലെ അത്ര എളുപ്പം അല്ല...
എളുപ്പം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് ഒരു sperm ഡോണറെ കിട്ടാനുള്ള ബുദ്ധിമുട്ടോ, pregnency കോംപ്ലിക്കേഷൻസോ ഒന്നും അല്ല .
അതിനപ്പുറം ഒരു കുഞ്ഞിനെ ഒറ്റക്ക് ഗർഭം ധരിക്കുക, ആ കുഞ്ഞിന് ജന്മം നൽകുക കുഞ്ഞിനേവളർത്തികൊണ്ട് വരിക അതും നമ്മളുടേതുപോലെ single parenting accept ചെയ്യാത്ത അല്ലങ്കിൽ വിദേശത്തേത് പോലെ പോപ്പുലർ അല്ലാത്ത ഒരു സമൂഹത്തിൽ ഒരമ്മക്ക് ഒറ്റക്ക് ഒരു കുഞ്ഞിനേ വളർത്തിക്കൊണ്ട് വരുക എന്നത് ഒട്ടും എളുപ്പമല്ല. പ്രിത്യേകിച്ചും നിന്റെ പ്രായത്തിലുള്ള ഒരമ്മക്ക്.
ഒരു കുട്ടിയുടെ അമ്മയാണ് ഞാനും.... ഒരു കുഞ്ഞിനെ വളർത്താനുള്ള ബുദ്ധിമുട്ടുകളും അതിനേക്കാൾ ഉപരി ഒരു കുഞ്ഞിന്റെ വളർച്ചയിൽ അച്ഛനുള്ള സ്ഥാനവും എല്ലാം അനുഭവിച്ച് അറിഞ്ഞു വന്ന ഒരാൾ ആണ് ... പ്രായത്തിന്റെ പക്വതഇല്ലാത്ത തീരുമാനമായി നാളെ ഒരിക്കൽ ഇത് നിനക്ക് തോന്നാൻ പാടില്ല അതുകൊണ്ട് ആണ് ഞാൻ ഇത് പറയുന്നത്... പിന്നെ ഒക്കെ നിന്റെ തീരുമാനം.
ഡോക്ടറോട് എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഒരു ഭാവഭേദവും കാണിക്കാതെ ഒരു വാക്ക് പോലും മിണ്ടാതെ അവരുടെ മുൻപിൽ ഞാൻ ഇരുന്നു.
പെട്ടന്നൊരുദിവസം പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ നിന്നുണ്ടായ തീരുമാനമോ, പക്വതയില്ലായ്മയോ ഒന്നുമല്ലഇത് എന്ന് പറയാൻ ഞാൻ മെനകെട്ടില്ല, പറഞ്ഞാലും അതവർക്ക് മനസിലാകില്ല എന്ന് എനിക്ക് തോന്നി...
എന്റെ ആഗ്രഹത്തിന്റെ തീവ്രത മനസ്സിലായത് കൊണ്ടോ, പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ടോ അതോ ഇതുതന്റെ ജോലിയാണ് എന്ന് മനസ്സിലാക്കിയത് കൊണ്ടോ ആകാം. അടുത്ത ഘട്ടത്തിലേക്ക് ഡോക്ടർ കാര്യങ്ങൾ നീക്കി.
കുറച്ച് ടെസ്റ്റുകൾക്കും മറ്റും എഴുതിതന്നു മനസ്സ്പോലെതന്നെ എന്റെ ശരീരവും ഒരു ഗർഭം ധരിക്കാൻ തയ്യാറാണോ എന്ന് അവർക്ക് അറിയണമായിരുന്നു. അവ എല്ലാം ചെയ്ത് റിസൾട്ടുമായി വരാൻ ഒരു തിയതിയും അവർ പറഞ്ഞു.
എല്ലാ കഴിഞ്ഞു പോരാൻ നേരം അവർ ഒരു കാര്യം കൂടി ഓർമിപ്പിച്ചു അടുത്ത തവണ വരുമ്പോൾ എന്റെ ഒപ്പം അച്ഛനോ അമ്മയോ ഉണ്ടാകണം, കഴിയുമെങ്കിൽ രണ്ടു പേരും അതല്ലെങ്കിൽ ഒരാൾ നിർബന്ധമായും ഉണ്ടായിരിക്കണം.ഞാൻ തലകുലുക്കി സമ്മതം മൂളി ഇറങ്ങിപ്പോന്നു.
ആശുപത്രിയിൽ നിന്നിറങ്ങി ഒരു യന്ത്രത്തെ പോലെ ഞാൻ വീട്ടിലേക്ക് നടന്നു. അസ്തമയ സൂര്യന്റെ അവസാന കിരണങ്ങൾ അപ്പോൾ ഭൂമിയെ ചുംബിച്ചുകൊണ്ടിരുന്നു.
വീട്ടിൽ എത്തിക്കഴിഞ്ഞാൽ അച്ഛനോടും അമ്മയോടും കാര്യങ്ങൾ എങ്ങനെ പറയും എന്നതായിരുന്നു എന്റെ മനസ്സ് നിറയെ.
നാട്ടിൻപുറത്തെ ഒരു സാധാരണ ഗവൺമെന്റ് സ്കൂളിലെ പ്രിൻസിപ്പൽ ആയി വിരമിച്ച അച്ഛൻ നാട്ടിലെ തന്നെ ഒരു സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥയായിരുന്ന അമ്മ നാട്ടുമ്പുറത്തെ കുടുംബബന്ധങ്ങളും ദാമ്പത്യ ബന്ധങ്ങളും അവിടുത്തെ പരസ്പരസ്നേഹവും വിശ്വാസവും ഒക്കെ കണ്ടുവളർന്നവർ
ആകെയുള്ള തങ്ങളുടെ മകളിൽ എല്ലാ പ്രതീക്ഷയും വെച്ച് പുലർത്തുന്നവർ. അവളുടെ വിവാഹം അവൾക്ക് ഉണ്ടാകാൻ പോകുന്ന മനോഹരമായ ജീവിതം അതിൽ അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ അവരുടെ കളിചിരികൾ ഒക്കെ സ്വപ്നംകണ്ട് ജീവിക്കുന്ന രണ്ടുപേർ.
അവരോട് വിവാഹം കഴിക്കാതെ ഒരു പുരുഷനെ പ്രാപിക്കാതെ ഒരു കുഞ്ഞിന് ജന്മം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് പറയുമ്പോൾ എന്ത് പ്രതികരണമാകും അവരിൽനിന്ന് ഉണ്ടാകുക എന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയുമായിരുന്നില്ല...
അതിപ്പോൾ എന്തുതന്നെ ആയാലും പറയാതെ പറ്റില്ലല്ലോ..
വീട്ടിലെത്തിയപ്പോൾ ആരെയും കണ്ടില്ല.
വന്ന പാടെ ഞാൻ സോഫയിൽ ചെന്നിരുന്നു. പുറത്തെ വെയിലും ചൂടും മനസ്സിലെ ഭാരവും എല്ലാം എന്നെ വല്ലാതെ അവശയാക്കി.
ഞാൻ തലപുറകിലേക്ക് ചായ്ച്ചു കണ്ണടച്ചിരുന്നു.
ഞാൻ സോഫയിൽ ഇരിക്കുന്നത്കണ്ട്
"മോൾ ഇത് എപ്പോൾ വന്നു "എന്ന് ചോദിച്ച്
അച്ഛൻ എന്റെ അടുത്തു വന്നിരുന്നു ഞാൻ സോഫയിൽ നിന്നും അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു അച്ഛൻ എന്നെ ഒരു കൈകൊണ്ട് ചേർത്തുപിടിച്ചു.
എന്റെ ഉള്ളിന്റെ ഉള്ളിൽ എവിടയോ ഒരു സങ്കട കടൽ തിരതല്ലി.
എന്റെ അച്ഛൻ.
എന്റെ ഓരോ വളർച്ചയിലും തളർച്ചയിലും കൂടെ നടന്ന മനുഷ്യൻ തന്റെ ജീവിതത്തിലെ നല്ല ഒരു ഭാഗവും എനിക്ക് വേണ്ടി കഷ്ടപ്പെട്ട് തീർത്ത മനുഷ്യൻ.
മാതൃത്വം പലപ്പോഴും ആഘോഷിക്കപെടുമ്പോൾ അംഗീകരിക്കപ്പെടാതെ പോകുന്ന പിതൃത്വങ്ങൾ ആണ് ഓരോ അച്ഛൻമാരും എന്ന് എനിക്ക് തോന്നി.
ഇല്ലഛാ...ഈ മകൾക്ക് എന്നും അച്ഛൻ ഒരത്ഭുതമായിരുന്നു. പത്ത് മാസം വയറ്റിൽ ചുമക്കാതിരുന്നിട്ടും നൊന്തു പ്രസവികാത്തിരുന്നിട്ടും ഈ ലോകത്തിൽ മറ്റാരേക്കാളും എന്നെക്കുറിച്ച് ഉള്ള വേവലാതികൾ ഞാൻ കണ്ടത് ഈ കണ്ണുകളിൽ ആയിരുന്നു.
പനി പിടിച്ച രാത്രികളിൽ എനിക്ക് കാവലിരുന്നപ്പോളും വഴിയിൽ കണ്ട ചെറുക്കൻമാരെ അവരുടെ കമന്റ്‌അടികളെ ഓർത്ത് പേടിച്ചപ്പോൾ കൈപിടിച്ച് കൂടെ വന്ന് ധൈര്യം തന്നപ്പോഴും, ആദ്യമായി എന്റെ ഉള്ളിൽ ഒരു ചുവന്ന പുഴ ഒഴുകിയത്തറിഞ്ഞ് ആ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോളും ഇന്ന് ഈ നിമിഷംഈ നെഞ്ചിൽ കിടക്കുമ്പോളും എനിക്ക് ഒന്ന് ഉറപ്പുണ്ട് ലോകത്ത് മറ്റൊരിടത്തും അച്ഛനോളം സ്നേഹം ഞാൻ കണ്ടിട്ടില്ല സുരക്ഷിതത്വം ഞാൻ അറിഞ്ഞിട്ടുമില്ല.
"എന്താ മോളേ നിനക്ക് എന്ത് പറ്റി. വയ്യായ്ക എന്തേലും ഉണ്ടോ "
അച്ഛന്റെ ചോദ്യം കേട്ട് ഞാൻ വേഗം എണീറ്റിരുന്നു
"ഇല്ലച്ഛ, ഒന്നും ഇല്ല".
"നീവന്നോ,പറയാതെ എവിടേ പോയതാ അക്ഷീ വിളിച്ചാൽ നിനക്ക് ഒന്ന് ഫോൺ എടുത്താൽ എന്താ മനുഷ്യനെ ഇങ്ങനെ തീ തീറ്റിക്കുന്നത് എന്തിനാ"
അമ്മ ഇപ്പോളും ദേഷ്യത്തിൽ തന്നെയാണ് എന്ന് എനിക്ക് ആ ചോദ്യത്തിൽ നിന്നുതന്നേ മനസിലായി എങ്കിലും പറയാൻ ഉള്ളത് പറയാൻതന്നെ ഞാൻ തീരുമാനിച്ചു.
"അച്ഛാ... എനിക്ക്..
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് "..
പറയാനുള്ളത് കേൾക്കാൻ എന്നോണം അച്ഛനും അമ്മയും എന്നേ നോക്കിയിരുന്നു
"എനിക്ക് ഒരു കുഞ്ഞിന് ജന്മം നൽകണം...എന്റേത് മാത്രമായ ഒരു കുഞ്ഞ് ".
അവരുടെ നെഞ്ചിലേക്ക് തീ കോരിയിടുന്നത് പോലെ ഞാൻ അത് പറഞ്ഞു.
"കുഞ്ഞോ"... ഞാൻ പറയുന്നത് മുഴുവൻ കേൾക്കാതെ അമ്മ അതിൽ ഏറ്റുപിടിച്ചു.
"അതങ്ങനെയാ ഒരു പ്രായം കഴിഞ്ഞാൽ എല്ലാ പെൺകുട്ടികളും അമ്മയാകാൻ കൊതിക്കും. അച്ഛൻ എത്ര നല്ല നല്ല ആലോചനകൾ കൊണ്ടുവന്നതാ നിനക്ക് വേണ്ട എന്ന് പറഞ്ഞത് കൊണ്ടല്ലേ അച്ഛൻ അതെല്ലാം ഒഴിവാക്കിയത് എന്നിട്ട് ഇപ്പോൾ കുഞ്ഞു വേണം പോലും."
" നല്ല ഒന്ന് രണ്ട് ആലോചനകൾ വന്നിട്ടുണ്ട് നമുക്കത് നോക്കാം മോൾടെ എല്ലാ ആഗ്രഹങ്ങളും നടക്കും" അച്ഛൻ വളരെ സൗമ്യമായി പറഞ്ഞവസാനിപ്പിച്ചു
വലിയ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു കൊണ്ട്തന്നെ ഞാൻ തുടർന്നു
അച്ഛാ... അതല്ല
"പിന്നെ എന്താടി നിനക്ക്"
ലീലെ നീ മിണ്ടാതിരിക്ക്, മോള്‌പറ
അച്ഛൻ വീണ്ടും എനിക്ക് ഒരവസരം തന്നു
"അച്ഛാ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ ഒരു വിവാഹ ജീവിതം എനിക്ക് ഉണ്ടാവില്ല...
ഇന്നോളം ഒരു പുരുഷനെയും ഞാൻ സ്നേഹിച്ചിട്ടില്ല സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിട്ടും ഇല്ല ..ഇനിയും അതങ്ങനെതന്നെ ആയിരിക്കും."
" ഒരു പുരുഷനെ സ്വന്തമാക്കാതെ അവനു സ്വന്തമാക്കാതെ അവനെ പ്രാപിക്കാതെ. എന്റെ സ്വന്തം അസ്ഥിത്വത്തിൽ നിലനിന്നുകൊണ്ട് എനിക്ക് ഒരു കുഞ്ഞിനു ജന്മം നൽകണം.എന്റേത് മാത്രമായ ഒരു കുഞ്ഞ് ".എങ്ങനെയൊക്കയോ ഞാൻ കാര്യം പറഞ്ഞവസാനിപ്പിച്ചു
ഒപ്പം ഡോക്ടറെ കണ്ട വിവരവും ഇതിന്റെ സാധ്യതകളെപ്പറ്റിയുമെല്ലാം ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞുനിർത്തി....
അമ്മ എല്ലാം കേട്ടുകഴിഞ്ഞു എന്തൊക്കെയോ പറഞ്ഞുകൊണ്ടേ ഇരുന്നു... അച്ഛൻ തന്ന സ്വാതന്ത്ര്യം കൂടി പോയതുകൊണ്ടാണ് ഇങ്ങനെ വന്നത് എന്നും എനിക്ക് എന്തോ മാനസിക രോഗമാണെന്നും എന്നെപോലെ ഒരു മകൾ ഉണ്ടായതിൽ നാണക്കേട് തോന്നുവെന്നുമെല്ലാം പറഞ്ഞുകൊണ്ടേ ഇരുന്നു....
അച്ഛൻ പക്ഷ അപ്പോഴും ഒരുവാക്കുപോലും പറയാതെ ചലനമറ്റിരുന്നു...
നിമിഷങ്ങൾ വർഷങ്ങൾ പോലെ തോന്നി... വീടൊരു ശവപ്പറമ്പുപോലെ ശാന്തം.
കുറേ കഴിഞ്ഞച്ഛൻ മുറിയിലേക്ക് പോയി..
ആരും പരസ്പരം ഒന്നും മിണ്ടിയില്ല മൗനത്തിന്റെ ശവപറമ്പിൽ മൂന്ന് ശവങ്ങൾ നിരത്തിവെച്ചതുപോലെ പലയിടങ്ങളിലായി ഞങ്ങൾ ഇരുന്നു...
രാത്രി ഒത്തിരി വൈകി അച്ഛൻ എന്റെ മുറിയിൽ വന്നു... ഞാൻ ഉറങ്ങുകയാണെന്നു കരുതിയാകാം എന്റെ കാൽകീഴിൽഇരുന്നഛൻ തേങ്ങി കരയുന്നത് ഞാൻ കേട്ടു..
"വേണ്ട മോളേ... വേണ്ടാ...."
നമ്മൾക്കിതു വേണ്ട... അമ്മക്കൊരിക്കലും അച്ഛനാകാൻ കഴിയില്ല അച്ഛനമ്മയും എന്റെ കുഞ്ഞത് മനസിലാക്കണം"നമ്മൾക്കിത് വേണ്ടാ..."
അച്ഛന്റെ കണ്ണീരും, ഇടറിയ വാക്കുകളും എന്നേ കൊല്ലാതെ കൊന്നു... ഇല്ല...അച്ഛന് വേണ്ടാത്തത് അമ്മേ വേദനിപ്പിക്കുന്നത് അത് എന്തുതന്നെയായാലും എനിക്കും വേണ്ട....ഒന്നും....
അങ്ങനെ ഒറ്റ നിമിഷംകൊണ്ട് ഒന്നും ഇല്ലാതാക്കുക....ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും അങ്ങനെ എല്ലാം...
തൊട്ടടുത്ത ദിവസം തന്നെഅവർ എന്നേ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി.... മാനസിക രോഗം ആണേൽ അത് മാറട്ടെ എന്നായിരുന്നു വാധം ... അതും കഴിഞ്ഞു പൂജയും മന്ത്രങ്ങളും ആയി സ്നേഹവും ഉപദേശവും ആയി....
പക്ഷേ എന്റെ മനസ്സ് മാത്രം ആരും കണ്ടില്ല...എന്റെ ഉദരംതുടിച്ചതോ മാറിടം ചുരത്തിയതോ ആരും കണ്ടില്ല...ഡോക്ടറെ കാണാൻ ചെല്ലാമെന്നു പറഞ്ഞ ദിവസം ഞാൻ പോയില്ല പകരം
ബാത്‌റൂമിലെ ഷവറിനു കീഴിൽ ഒരു ഭ്രൂണത്തേപോലെ കിടന്നുകൊണ്ട് ഞാൻ വിതുമ്പി....എന്നേ തഴുകി പോകുന്ന വെള്ളത്തിനപ്പോൾ ചുവന്ന നിറമായിരുന്നു... അത് രക്തമായിരുന്നു വെറും രക്തമായിരുന്നില്ല...എന്റെ കുഞ്ഞിനുവേണ്ടി ഈ അമ്മ ഒരുക്കിയ കിടക്കയായിരുന്നു അത് ....മനസും ശരീരവും ചേർത്തുവെച്ചു തുന്നി എടുത്ത കിടക്ക .
പക്ഷേ കണ്ടവർക്കൊക്കെ അത് വെറും രക്തമായിരുന്നു... വെറും ആർത്തവരക്തം.
എങ്കിലും ഇപ്പോളും തുടിക്കുന്നുണ്ട് കൺതടങ്ങളല്ല... ഉള്ളിൽ എവിടയോ ഒരു ജീവൻ.

OTHER SECTIONS