കഥ: നിമ്നോന്നതങ്ങള്‍

ക്രാങ്കനൂര്‍ പട്ടണത്തിന്റെ കിഴക്കു ചുറ്റിയുള്ള കായലിനു കുറുകെ പാലം ഇല്ലാതിരുന്ന കാലത്ത് കിഴക്കും പടിഞ്ഞാറുമുള്ള കടവുകളില്‍ കച്ചവടം പൊടിപൊടിച്ചിരുന്നു.

author-image
Web Desk
New Update
കഥ: നിമ്നോന്നതങ്ങള്‍

സി.എസ്.മുരളി

ക്രാങ്കനൂര്‍ പട്ടണത്തിന്റെ കിഴക്കു ചുറ്റിയുള്ള കായലിനു കുറുകെ പാലം ഇല്ലാതിരുന്ന കാലത്ത് കിഴക്കും പടിഞ്ഞാറുമുള്ള കടവുകളില്‍ കച്ചവടം പൊടിപൊടിച്ചിരുന്നു. കായലിന് പടിഞ്ഞാറ് ദേശം ഭദ്രകാളി ക്ഷേത്രത്താല്‍ പേരും പെരുമയും ഉണ്ടായിരുന്ന ഒരു വന്‍ പട്ടണമായിരുന്നു. പഴമക്കാരുടെ മൊഴിയില്‍ ഒരു കാലത്ത് ഇവിടം കേരളത്തിന്റെ തലസ്ഥാനമായിരുന്നു എന്നും വിദേശ രാജ്യങ്ങളുമായി സമുദ്ര വ്യാപാരത്തിലൂടെ ഇവിടം സമ്പന്നമായിരുന്നു എന്നുമാണ് അറിയുന്നത്.

എന്നാല്‍ കിഴക്കേ കടവ്, ഗ്രാമ വിശുദ്ധിയുടെ നേര്‍ച്ചിത്രമായിരുന്നു. ഇവിടെയായിരുന്നു ഇളയതിന്റെ ചായക്കട. ഇളയതിന്റെ ഏക മകനായിരുന്നു ആദിത്യന്‍. സ്‌കൂളില്‍ പോകുന്നതിന് മുന്‍പായി രാവിലെ അല്പസമയവും തിരിച്ച് സ്‌കൂള്‍ വിട്ടുവന്നിട്ട് ഇരുട്ടും വരെയും ആദിത്യന് അച്ഛനെ സഹായിക്കേണ്ട ഡ്യൂട്ടിയുണ്ടായിരുന്നു.

ആദിത്യന്‍ എട്ടാം ക്ലാസ്സിലായപ്പോഴാണ് കായലിന് കുറുകെ പാലം വന്നത്. അതോടെ കിഴക്കേ കടവിലെ എല്ലാ കച്ചവടക്കാരുടെയും സമൃദ്ധിക്കും സമ്പന്നതയ്ക്കും കോട്ടംതട്ടി. വാഹനങ്ങളില്‍ വരുന്ന അന്യദേശക്കാരായ ഒരാള്‍ക്കും ഈ കടവില്‍ ഇറങ്ങേണ്ടതില്ലാത്തതിനാല്‍ പല കടകളും ക്ഷയിച്ചു. കടയില്‍ കച്ചവടം കാര്യമായി കുറഞ്ഞതോടെ പാചകത്തിന് സഹായിയായി ഉണ്ടായിരുന്ന പൊതുവാളിനെ കാര്യം പറഞ്ഞ് മനസ്സിലാക്കിച്ച് ആനുകൂല്യങ്ങള്‍ നല്‍കി ഒഴിവാക്കി. പകരം കടയിലെ കാര്യങ്ങള്‍ ഇളയതും കുടുംബവും ചേര്‍ന്ന് ഒറ്റയ്ക്ക് തന്നെ നടത്തിക്കൊണ്ടുപോയി. ആദിത്യന്‍ പത്തില്‍ തോല്‍ക്കുവാന്‍ ഒരു പക്ഷെ അതും ഒരു കാരണമായിരുന്നിരിക്കാം.

തുടര്‍ പഠനം വേണ്ടതില്ല എന്ന് ആദിത്യന്‍ മാത്രമല്ല കുടുംബം ഒന്നടങ്കം തീരുമാനമെടുത്തതിനാല്‍ ആദിത്യന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ചായക്കടയില്‍ തന്നെയായിരുന്നു മുഴുവന്‍ സമയവും. രാത്രിയില്‍ കട അടച്ചു അച്ഛനും അമ്മയും കടയോട് ചേര്‍ന്നുള്ള വീട്ടിലേക്ക് നീങ്ങുമെങ്കിലും ആദിത്യന്‍ തന്റെ കിടപ്പ് കടയില്‍ തന്നെയാക്കി.

കായലിനക്കരെയുള്ള ഭദ്രകാളീക്ഷേത്രത്തില്‍ ഇതിനകം നാലഞ്ചു വട്ടം താലപ്പൊലി ഉത്സവവും മീനഭരണിയും പതിവു പോലെ ചമയങ്ങളോടെ തന്നെ കഴിഞ്ഞു പോയി. അപ്പോഴാണ് എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകാറുള്ള ദുരിതം പോലൊന്ന് ഇളയതിന്റെ കുടുംബത്തിലും വന്ന് ഭവിച്ചത്. ഒരു ദിവസം ആദിത്യന്‍ കടയിലെ അത്താഴത്തിരക്ക് എല്ലാം ഒതുങ്ങിയ ശേഷം കടയില്‍ മുന്‍പുണ്ടായിരുന്ന സഹായി പൊതുവാളിന്റെ മകന്‍ ബിനുവുമാത്ത് ബിനുവിന്റെ തന്നെ ബൈക്കില്‍ കാവില്‍ക്കടവിലെ തിയേറ്ററില്‍ സെക്കന്റ് ഷോയ്ക്ക് പോയി മടങ്ങിവരവെ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് താഴ്ന്ന് തൂങ്ങിക്കിടന്നിരുന്ന ചാനല്‍ കേബിളില്‍ കുരുങ്ങി അപകടത്തില്‍ പെട്ടു. വെല്‍ഡിങ്ങ് പണിക്ക് പോയിക്കൊണ്ടിരിക്കുന്ന ബിനുവിന് നിസ്സാരപരിക്കുകള്‍ മാത്രമേ പറ്റിയുള്ളൂ എങ്കിലും ആദിത്യന് ഒരു കാലില്‍ പൊട്ടലുണ്ടായി, കുറച്ച് ഗുരുതരമായിപ്പോയി.

മാസങ്ങളോളം മെഡിക്കല്‍ കോളേജിലും പിന്നീട് തുടര്‍ചികിത്സയ്ക്കായി ആയുര്‍വേദ ആശുപത്രിയിലും ആയിട്ട് ഒരു വര്‍ഷം നീണ്ടു നിന്ന ചികിത്സയിലൂടെ വടിയുടെ സഹായത്തോടെ നടക്കാമെന്ന അവസ്ഥയായി. ഇക്കാലമത്രയും കച്ചവടം നടന്നില്ല എന്ന് മാത്രമല്ല ഉണ്ടായിരുന്ന സമ്പാദ്യം ഏറെക്കുറെ തീരുകയും ചെയ്തു. ആദിത്യന് സ്വയം നടക്കാമെന്നായതോടെ കട വീണ്ടും തുറന്ന് കച്ചവടം ചെറുതായി തുടങ്ങി.

അതേ വര്‍ഷം തന്നെ ഇളയതിനെ ഒരു വശം തളര്‍ന്ന് ആശുപത്രിയിലാക്കി. ഒരാഴ്ചയ്ക്കു ശേഷം ഡിസ്ചാര്‍ജ് ആയി വന്ന ഇളയതിന് പക്ഷെ ആദിത്യന്‍ ഉപയോഗിച്ച് മാറ്റി വച്ചിരുന്ന വടിയുടെ സഹായം അത്യാവശ്യമായിത്തീര്‍ന്നു. അച്ഛനെ കാഷ് കൗണ്ടറില്‍ ഇരുത്തിയായിരുന്നു ആദിത്യന്‍ പിന്നീടങ്ങോട്ട് കാര്യങ്ങള്‍ നീക്കിയത്.

ജീവിതത്തില്‍ തുടരെത്തുടരെയുണ്ടായ തിരിച്ചടികളാലാണോ എന്തോ ആദിത്യന്‍ പതിയെ പഴയ കടവില്‍ സുലഭമായി ലഭിക്കുന്ന വാറ്റുചാരായത്തിലേയ്ക്ക് ഇതിനോടകം എപ്പോഴോ ആകൃഷ്ടനായിക്കഴിഞ്ഞിരുന്നു. പതിയെപ്പതിയെ ഈ കാര്യം അച്ഛനും അമ്മയും അറിഞ്ഞ് ഗുണദോഷിച്ചു നോക്കിയെങ്കിലും ആദിത്യനില്‍ അതൊന്നും കാര്യമായി ഏശിയില്ല. പലപ്പോഴും രാത്രി കടവിലിരുന്ന് മദ്യപിച്ച് ഏറെ വൈകിയാണ് കടയില്‍ വന്ന് കിടക്കാറ് എന്ന് എല്ലാവരും ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞു.

കുടി കൂടിക്കൂടി വന്നതോടെ ആദിത്യന്റെ കച്ചവടത്തിലുള്ള ശ്രദ്ധയും കുറഞ്ഞു. പണ്ട് ഒറ്റയ്ക്ക് കുടിച്ചു കൊണ്ടിരുന്നതിന് പകരം ഇപ്പോള്‍ പുതിയ കൂട്ടുകാരുമൊത്തിരുന്നാണ് കുടിച്ചു തീര്‍ക്കുന്നത്. ഇളയതിനും ഭാര്യയ്ക്കും ആരോഗ്യം തീരെ കുറഞ്ഞു തുടങ്ങി. ആദിത്യന്‍ കടയിലെ കാര്യങ്ങളില്‍ ഒട്ടുമേ ശ്രദ്ധിക്കാതെ പലപ്പോഴും കട അടച്ചിടേണ്ട അവസ്ഥ വരെ വന്നു തുടങ്ങി. കുടിക്കാന്‍ പൈസയില്ലാതെ അച്ഛനോടും അമ്മയോടും പൈസ ചോദിച്ച് വഴക്കും ബഹളവും പതിവായി.

കുടിയന്മാരായ പുതിയ ചങ്ങാതിമാരുടെ ഉപദേശപ്രകാരം പട്ടണത്തില്‍ പോയി പുതിയ ഒരു ഹോട്ടല്‍ തുടങ്ങാന്‍ കുറെ പൈസ വേണമെന്ന് പറഞ്ഞ് ഒരാഴ്ച ബഹളത്തിലായിരുന്നു. എന്തിനേറെപ്പറയുന്നു, ഒരു ദിവസം വീടിന്റെ ആധാരം പണയപ്പെടുത്താന്‍ എന്ന് പറഞ്ഞ് എടുത്തു കൊണ്ട് പോകുകയും ചെയ്തു. ഒരു വശം തളര്‍ന്ന അച്ഛനോ ആരോഗ്യം തീരെ ക്ഷയിച്ച അമ്മയ്ക്കോ ഒന്നും തടുക്കാന്‍ സാധിച്ചില്ല.

പണയം വച്ചിട്ട് കിട്ടിയ പൈസ കയ്യില്‍ വന്നുവെങ്കിലും പുതിയ ഹോട്ടല്‍ തുടങ്ങുവാനുള്ള ഒരു കാര്യവും ഉണ്ടായില്ല എന്ന് മാത്രമല്ല, കടവിലെ കുടിക്കൂട്ടത്തിലെ എണ്ണം കൂടിക്കൊണ്ടേയിരുന്നു.

വിധി വീണ്ടും അതിന്റെ സര്‍വ്വ ശക്തിയുമെടുത്ത് ഇളയതിന്റെ കുടുംബത്തെ ആഞ്ഞടിച്ചു. പുലര്‍ച്ചെ വേലിയിറക്കം കഴിഞ്ഞ് ചീനവല ഉയര്‍ത്തി മീന്‍ എടുക്കാന്‍ വന്നവരാണ് കടവില്‍ ബോധമില്ലാതെ കിടക്കുന്ന ആദിത്യനെ കണ്ട് നാട്ടുകാരെ അറിയിച്ചത്. നാട്ടു നന്മകള്‍ ഏറെയുള്ളതിനാല്‍ ഓടിക്കൂടിയ ആളുകള്‍ തന്നെ പട്ടണത്തിലെ ആശുപത്രിയിലാക്കി. മദ്യപിച്ച് വഴക്കും കയ്യാങ്കളിയും നടന്നതിന്റെ സര്‍വ്വ ലക്ഷണവും വസ്ത്രത്തിലും ശരീരത്തിലും നിറയെ കാണാമായിരുന്നു.

മൂന്നു ദിവസത്തെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ആദിത്യന്‍ ഇനി മുതല്‍ മദ്യപിക്കുന്ന പ്രശ്നമേയില്ല എന്ന് തീരുമാനിച്ചതാണ് ഇതു കൊണ്ടുണ്ടായ ഒരു ഗുണം. പക്ഷെ ആധാരം പണയപ്പെടുത്തി കിട്ടിയ പൈസയുടെ നല്ലൊരുഭാഗം ഇതിനോടകം കുടിച്ചും ബാക്കിയില്‍ കുറച്ച് കയ്യാങ്കളിയില്‍ ബോധം കെട്ടപ്പോള്‍ ആരൊക്കെയോ അപഹരിച്ചും ഇല്ലാതായത് ഉണങ്ങാത്ത മുറിവായി ആദിത്യന് തോന്നിത്തുടങ്ങി.

എന്തായാലും ബാക്കിയുണ്ടായിരുന്ന തുക കൊണ്ട് ഇപ്പോഴുള്ള ഹോട്ടല്‍ തന്നെ ഭംഗിയാക്കിയിട്ട് കച്ചവടം നന്നാക്കാമെന്ന അച്ഛന്റെ ഉപദേശം ആദിത്യന്‍ മനസാ വരിച്ച് പണികള്‍ തുടങ്ങി. ഒരാഴ്ച കൊണ്ട് പഴയ ചായക്കടയുടെ കെട്ടും മട്ടും ഒന്നാകെ മാറി. സഹായത്തിനായി ഏതോ ദൈവാധീനം പോലെ പഴയ പൊതുവാളിനെ വീണ്ടും കിട്ടിയത് ഇളയതിനെയും ഭാര്യയെയും ഉത്സാഹത്തിലാക്കി.

പുതിയ കട തുറക്കുന്ന ദിവസം പുലര്‍ച്ചെ തന്നെ കാവിലെ അമ്മയ്ക്ക് പുഷ്പാജലി ചെയ്ത് വന്ന് കട തുറക്കുവാനായി ആദിത്യന്‍ അച്ഛനുമൊത്ത് ഇറങ്ങവേ പൊതുവാള്‍ കയറി വന്ന് കയ്യിലിരുന്ന ഒരു കടലാസ് പൊതി ഇളയതിനെ ഏല്‍പ്പിച്ചു കൊണ്ട് പറഞ്ഞു 'ഇത് ആദിത്യന് പരിക്കേല്‍ക്കുന്നതിനും ഒരാഴ്ച മുന്‍പ് ഒരു ദിവസം കാവില്‍ കടവില്‍ വച്ച് അവനെ ഞാന്‍ കണ്ടപ്പോള്‍ ഈ ആധാരം ഏതെങ്കിലും ബാങ്കില്‍ പണയം വയ്ക്കാന്‍ പോകുകയാണ് എന്ന് അറിഞ്ഞ് ഞാന്‍ വാങ്ങി വച്ചിരുന്നതാണ്. അവന്‍ ആവശ്യപ്പെട്ട പൈസയുടെ പകുതി, ഞാന്‍ എന്റെ അക്കൗണ്ടില്‍ നിന്ന് അവന് അന്നു തന്നെ കൊടുത്തിരുന്നു. ബാക്കി പകുതി ഒരാഴ്ച കഴിഞ്ഞ് നല്‍കാമെന്നും ഞാന്‍ അവനോട് പറഞ്ഞിരുന്നതാണ്. '

ശരിയെന്ന മട്ടില്‍ ആദിത്യന്‍ തലയാട്ടി. ഇളയതും ഭാര്യയും നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ തങ്ങളുടെ ഇത്രയും കാലത്തെ സമ്പാദ്യത്തില്‍ ആകെ ബാക്കിയുള്ള ആ കടലാസുകളിലേക്കും പൊതുവാളിന്റെ മുഖത്തേയ്ക്കും ദൈന്യതയോടെ കണ്ണോടിച്ചു.

പൊതുവാള്‍ തുടര്‍ന്നു. 'ഞാന്‍ ഗള്‍ഫിലുള്ള ബിനുവിനെ അന്നു തന്നെ ഫോണില്‍ വിളിച്ച് ആ കാര്യം പറഞ്ഞിരുന്നു. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന ആദിത്യന്റെ അപകടവും ഞാന്‍ അറിയിച്ചിരുന്നു. ലീവ് ഇല്ലാത്തതിനാല്‍ ഇപ്പോള്‍ വരാന്‍ ബുദ്ധിമുട്ടാണെന്നും അവന്‍ പറഞ്ഞിരുന്നു. ഡിസ്ചാര്‍ജ് കഴിഞ്ഞാല്‍ പിറ്റേദിവസം തന്നെ ആധാരം ഇവിടെ കൊണ്ട് വന്ന് നിങ്ങളെ ഏല്‍പ്പിക്കണമെന്നും അവന്‍ എന്നോട് പറഞ്ഞിരുന്നതുപോലെ ഞാന്‍ ചെയ്യുന്നു എന്ന് മാത്രം. ഒന്നുമില്ലേലും ഇവിടത്തെ അന്നത്തിന്റെ ബലത്തിലല്ലേ ചേട്ടാ ഞങ്ങളുടെ കുടുംബം വര്‍ഷങ്ങളോളം കഴിഞ്ഞിരുന്നത്. അത് മറക്കാന്‍ പറ്റുമോ. '

പൊതുവാള്‍ കണ്ഠമിടറിക്കൊണ്ട് വീണ്ടും തന്റെ ഉള്ള് തുറന്നു. 'ആദിത്യന് ഞാന്‍ കൊടുത്ത പൈസയെക്കുറിച്ചൊന്നും ചേട്ടന്‍ ചിന്തിക്കേണ്ടതില്ല എന്ന് ബിനു പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇത് ഭദ്രമായി വച്ചോളൂ. ഇങ്ങനെയൊക്കെയല്ലേ ഞങ്ങള്‍ക്ക് നിങ്ങളോടുള്ള കടപ്പാട് നിറവേറ്റാന്‍ പറ്റൂ.'

ആര്‍ദ്രമായിപ്പോയ കണ്ണുകളോടെ ഇളയത് ഭാര്യയുടെ കയ്യില്‍ ആധാരം ഏല്‍പ്പിച്ചു കൊണ്ട് വിറയലോടെ വടികുത്തി മുറ്റത്തേക്കിറങ്ങിയപ്പോള്‍ ധൈര്യത്തിനായി പൊതുവാള്‍ ഒരു കൈ കൊണ്ട് ഇളയതിനെ പിടിച്ചിട്ടുണ്ടായിരുന്നു. നിമ്നോന്നതങ്ങള്‍ മണ്ണിലെപ്പോലെയും കടവിലെ ഓളങ്ങളെപ്പോലെയും എല്ലാ മനുഷ്യര്‍ക്കുമുള്ളതാണ് എന്ന് ചെവിയില്‍ മന്ത്രിച്ചു കൊണ്ട് കായല്‍ക്കടവില്‍ നിന്ന് വീശിയെത്തിയ നനുത്ത കാറ്റ് അവര്‍ നാല്‍വരേയും അപ്പോഴും തൊട്ടു തഴുകി തലോടിക്കൊണ്ടേയിരുന്നു. ഒപ്പം എല്ലാത്തിനും അകമ്പടിയായി സ്വര്‍ണ്ണ കിരണങ്ങള്‍ വാരി വിതറിക്കൊണ്ട് ഒരു നല്ല നാളെയുടെ പ്രതീക്ഷകളേകി ഉദിച്ചുയരുന്ന ആദിത്യനും.

story literature Malayalam