സന്യാസിയോട എല്‍സിയിലെ സ്വാമിമാര്‍- കഥ - ഇടപ്പോണ്‍ അജികുമാര്‍

By RK.07 10 2021

imran-azhar

സന്യാസിയോട എല്‍സിയിലെ സ്വാമിമാര്‍

കഥ

ഇടപ്പോണ്‍ അജികുമാര്‍

 


സംഘടനാകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഇന്നത്തെ ലോക്കല്‍ കമ്മറ്റി വിളിച്ചുചേര്‍ത്തിട്ടുള്ളത്. സെക്രട്ടറി സഖാവ് , എല്‍സി അതിര്‍ത്തിയില്‍ ഹിന്ദു വര്‍ഗ്ഗീയ ശക്തികള്‍ക്ക് സ്വാധീനം കൂടുന്നുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.

 

പാര്‍ട്ടിയുടെ അംഗങ്ങള്‍ പോലും രാജിവെച്ച് ഹൈന്ദവപാര്‍ട്ടിയില്‍ ചേരുന്ന അപകടകരമായ അവസ്ഥ നിലനില്‍ക്കുന്നെന്നും പ്രത്യയശാസ്ത്രപരമായ അപഭ്രംശങ്ങളെ കരുതലോടെ നേരിട്ടില്ലെങ്കില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പുതന്നെ ഇല്ലാതാകുമെന്നും സെക്രട്ടറി നിരീക്ഷിച്ചു.

 

സാധാരണപോലെ ഉപരികമ്മറ്റിയുടെ സര്‍ക്കുലര്‍ അംഗീകരിച്ചു തീരുമാനിച്ചശേഷം പിരിയുന്ന പതിവുവേണ്ടായെന്ന ഉറച്ച നിലപാടിലാണ് സെക്രട്ടറി എന്നുതോന്നുന്നു. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച വേണമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എല്‍സിയിലുള്ള പതിനെട്ട് അമ്പലഭരണസമിതിയില്‍ പതിനേഴിലും നമ്മുടെ സഖാക്കളാണ് ഭാരവാഹികള്‍.എന്‍.എസ്.എസ്.കരയോഗങ്ങളും എസ്.എന്‍.ഡി.പി.ശാഖകളും തുടങ്ങി എല്ലാ ജാതി സംഘടനകളുടെ യൂണിറ്റ് തലങ്ങളിലും പാര്‍ട്ടിക്ക് വ്യക്തമായ സ്വാധീനമുണ്ട്. എന്നിട്ടും ഹിന്ദുക്കളെ പിടിച്ചു നിര്‍ത്തുവാന്‍ നമുക്കാകാത്തതെന്ത് എന്ന സംശയവും അദ്ദേഹത്തിനുണ്ട്.

 

ചര്‍ച്ച ആരംഭിച്ചു. എല്ലാവരും അപകടം തിരിച്ചറിഞ്ഞിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്ന പരിശോധനയും നടന്നു.

 

ഭാരതത്തിലെ ജാതി വ്യവസ്ഥയെ ശരിയായി അഭിസംബോധനചെയ്യുവാന്‍ കേന്ദ്രകമ്മറ്റിക്കു കഴിഞ്ഞില്ലെങ്കിലും സന്യാസിയോടയിലെ പാര്‍ട്ടി ഇക്കാര്യത്തില്‍ വളരെ മുന്നിലാണെന്ന് എല്‍സിയിലെ ദാര്‍ശനികന്‍ സഖാവ് ഗംഗാനാഥ് പ്രസ്താവിച്ചു. അപ്പോളാണ് സഖാവ് ഗോപാലകൃഷ്ണന്‍ സ്വാമിമാരുടെ കാര്യങ്ങള്‍ പറഞ്ഞത്.

 

'നേരത്തെ നമ്മുടെ പ്രദേശത്ത് നിരവധി ചെറുകിട ഇടത്തരം സ്വാമിമാര്‍ ഉണ്ടായിരുന്നു. അവരെല്ലാം നമ്മുടെ പാര്‍ട്ടിയിലുമായിരുന്നു. ഇപ്പോള്‍ നമ്മുടെ പാര്‍ട്ടിയില്‍ സ്വാമിമാര്‍ ഇല്ല. സ്വാമിമാരെ ആശ്രയിക്കുന്ന ആത്മീയദാഹികള്‍ ഇപ്പോള്‍ മറ്റു വഴികള്‍ തേടുന്നു.വലിയ വലിയ ആള്‍ദൈവങ്ങളുടെയും അവതാരങ്ങളുടെയും കാലമല്ലേ ഇപ്പോള്‍ .അവരെല്ലാം തന്നെ നമ്മുടെ തട്ടകത്തിനു പുറത്തുമാണ്..''

 

'സ്വാമിമാര്‍ ഇല്ലാത്തതു കൊണ്ടാണോ പാര്‍ട്ടിയില്‍ നിന്നും ആളുകുറയുന്നത് ? വെറുതേ മണ്ടത്തരം പറയാതെ .. ' സെക്രട്ടറി ഇടപെട്ടു.

 

'മണ്ടത്തരം അല്ല സഖാവേ.സാധാരണക്കാരായ ആളുകള്‍ ആത്മീയ ആവശ്യങ്ങള്‍ക്ക് ആശ്രയിച്ചു വന്നിരുന്ന സ്വാമിമാര്‍ക്ക് അവരുടെ മനസ്സില്‍ ചെറുതെങ്കിലും ദിവ്യമായ സ്ഥാനമാണുള്ളത്. സ്വാമിമാര്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുമ്പോഴും പാര്‍ട്ടിയെ ന്യായീകരിച്ച് സംസാരിക്കുമ്പോഴും വിശ്വാസികള്‍ പാര്‍ട്ടിയോട് കൂടുതല്‍ അടുത്തു തന്നെ നില്‍ക്കും. ജില്ലാസമ്മേളന ദിവസമായതുകൊണ്ട് കാവടി പൂജ മാറ്റിവെച്ച സംഭവം വരെ സന്യാസിയോടയില്‍ ഉണ്ടായിട്ടുണ്ട്...'

 

ശാസ്ത്ര സാഹിത്യ പരിഷത്തില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു വരുന്ന സഖാവ് ഗംഗാനാഥിന് സഖാവ് ഗോപാലകൃഷ്ണന്റെ വാദഗതി ഇഷ്ടപ്പെട്ടില്ല.

 

' ഇതൊരു ആത്മീയ സംഘടനയല്ല. വൈരുദ്ധ്യാത്മക ഭൗതികവാദം അംഗീകരിക്കുന്നവരാണു നമ്മള്‍. ഇത്തരം തെറ്റായ ദിശയിലേക്ക് ചര്‍ച്ച വഴിതെറ്റിക്കുന്നത് ഭൂഷണമല്ല ' അദ്ദേഹം തുറന്നെതിര്‍ത്തു.

 

മുതിര്‍ന്ന അംഗവും എല്ലാവരാലും അംഗീകരിക്കപ്പെടുന്നയാളുമായ ഗംഗാനാഥ് എതിര്‍ത്തിട്ടും ഗോപാലകൃഷ്ണന്‍ പിന്‍മാറിയില്ല.

 

' ഞാന്‍ ആത്മീയവാദിയൊന്നുമല്ല. ദൈവത്തിലും വിശ്വസിക്കുന്നില്ല. പക്ഷേ യാഥാര്‍ത്ഥ്യം കാണാതെ പോകരുത്. ഗോപിപിള്ള,സിദ്ധാര്‍ത്ഥന്‍ , വിശ്വനാഥന്‍ , കുട്ടി തുടങ്ങിയ സ്വാമിമാര്‍ക്ക് നമ്മുടെ പ്രദേശവാസികളുടെ മനസ്സില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു. അവരുടെ സ്വാധീനത്തിന് ഏറ്റക്കുറച്ചിലുണ്ടാവാം, ജാതിവ്യതാസവുമുണ്ടാവാം. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരും ഒട്ടനവധി വൈജാത്യങ്ങള്‍ക്കിടയില്‍ ജീവിക്കുന്നവരുമായ ജനതയെ ഒരുമിച്ചുകൊണ്ടു പോകണമെങ്കില്‍ ആശയപരമായ കടുംപിടുത്തം കൊണ്ടുമാത്രം കഴിയില്ല. തിരുത്തല്‍ വാദമായോ ബദല്‍രേഖയായോ എന്റെ അഭിപ്രായത്തെ കരുതേണ്ടതില്ല. മേല്‍ക്കൂര-അസ്തിവാര സിദ്ധാന്തമൊക്കെ പണ്ടേ പൊളിഞ്ഞതാണല്ലോ'

 

തര്‍ക്കിച്ചിട്ടു കാര്യമില്ലായെന്നു തോന്നിയതിനാലാവാം സുദീര്‍ഘമായ മൗനമായിരുന്നു ഗംഗാനാഥിന്റെ മറുപടി.

 

അപ്പോഴേയ്ക്കും യുവരക്തങ്ങള്‍ ചര്‍ച്ച ഏറ്റെടുത്തു. പന്ത്രണ്ടു പാര്‍ട്ടി കോണ്‍ഗ്രസ്സു കാലത്തിലധികമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗോപാലകൃഷ്ണന്റെ നില പരുങ്ങലിലായി .സഖാവിന് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്നും അടിസ്ഥാന ആശയങ്ങളില്‍ നിന്നും പിന്‍മാറുന്നത് ആത്മഹത്യാപരമാണെന്നും ജനാധിപത്യ യുവജനനേതാക്കള്‍ അടിവരയിട്ടു.

 

പോസിറ്റീവ് എനര്‍ജി ,ബ്ലാക്ക് മാജിക് തുടങ്ങിയ പദങ്ങള്‍ ആദ്യമായി സന്യാസിയോട എല്‍സിയോഗത്തില്‍ മുഴങ്ങി.

 

പുതിയ തലമുറയുടെ ദാര്‍ശനിക ദാര്‍ഢ്യത്തിലും അറിവിലും ഗംഗാനാഥിന് സംതൃപ്തി തോന്നി.സെക്രട്ടറി സഖാവിനെ നോക്കി അദ്ദേഹം മന്ദഹസിച്ചു.

 

അഭിപ്രായത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിക്കുവാന്‍ ഗോപാലകൃഷ്ണന്‍ എഴുന്നേല്‍ക്കുവാന്‍ തുടങ്ങിയപ്പോള്‍ പുറത്ത് ശക്തിയായ കാറ്റുവീശി.

 

മന്ത്രോച്ചാരണങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും ഇരമ്പല്‍. സഖാക്കള്‍ ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി. പുറത്തു നക്ഷത്രാങ്കിത രക്തപതാക പാറിപ്പറന്നു.

 

തങ്ങളെപ്പറ്റിയുള്ള ചര്‍ച്ച കേള്‍ക്കുവാനും അഭിപ്രായങ്ങള്‍ പറയുവാനുമായി സ്വാമിമാരും അവരുടെ ഭക്തരും യോഗത്തിലെത്തി തുടങ്ങി.

 

പരമശിവനെ പോലെ നീട്ടിവളര്‍ത്തിയ ജടയും നെറ്റിമൂടിയ ഭസ്മക്കുറിയുമായി ഗോപിപിള്ള സ്വാമിയാണ് ആദ്യം വന്നത്.

 

ഗോപാലകൃഷ്ണന്‍ സഖാവിനെ നോക്കി മന്ദഹസിച്ച ശേഷം കഴുത്തിലെ രുദ്രാക്ഷമാലയില്‍ പിടിച്ചുകൊണ്ട് സ്വാമി പറഞ്ഞു.

 

'പാര്‍ട്ടിയ്ക്കുണ്ടായ പിന്നോട്ടടികളെ പരിശോധിച്ചുകൊണ്ടുള്ള നിങ്ങളുടെ ചര്‍ച്ച ഞങ്ങളും കേട്ടു. ഞങ്ങളെപ്പറ്റിയും ചര്‍ച്ചചെയ്തതിനാലാണ് ഞങ്ങള്‍ നേരിട്ടുവന്നത്. പാര്‍ട്ടിയുടെ സിദ്ധാന്തമൊന്നും ഞങ്ങള്‍ക്കറിയില്ല. ഇതു പാവപ്പട്ടവന്റെ പാര്‍ട്ടിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.അതുകൊണ്ടു തന്നെ എന്തുവില കൊടുത്തും പാര്‍ട്ടിയെ നിലനിര്‍ത്തണമെന്ന് ഞങ്ങളും ആഗ്രഹിക്കുന്നു.'

 

തന്നെ സാകൂതം നോക്കിയിരിക്കുന്ന എല്‍സി സെക്രട്ടറിയെ നോക്കി സ്വാമി തുടര്‍ന്നു.

 

'ഞാന്‍ ആരേയും ഇന്നു വരെ പറ്റിച്ചിട്ടില്ല.സ്തംഭനവും വിദ്വേഷണവും മാരണവും ഞാന്‍ ചെയ്തിട്ടുമില്ല. ആറ്റില്‍ നിന്നും ശംഖും ചക്രവും കിട്ടിയതോടെയായിരുന്നു ഞാന്‍ പൂജാകര്‍മ്മങ്ങള്‍ ആരംഭിച്ചതെന്നു നിങ്ങള്‍ക്കറിയാമല്ലോ. ബാധയുടെ ഉപദ്രവം,രോഗം , ദാരിദ്രം,ഭയം എന്നിവയുടെ ശമനത്തിനുള്ള ക്രിയകളാണ് ഞാന്‍ ചെയ്തിരുന്നത്. നമ്മുടെ നാട്ടിനകത്തും പുറത്തും നിന്ന് ഒട്ടനവധിയാളുകള്‍ എന്നെ തേടിയെത്തി. എന്റെ പൂജാസ്ഥലവുമായി ബന്ധപ്പെട്ട് പലര്‍ക്കും പലവിധ തൊഴിലുകളുണ്ടായി.മൊത്തത്തില്‍ ഞാന്‍ മൂലം നാടിന് അഭിവൃദ്ധിയാണുണ്ടായത്. പാര്‍ട്ടി സഖാക്കള്‍ എന്നെ വിമര്‍ശിക്കേണ്ട കാര്യമില്ല. മരിക്കുന്നതുവരെ ഞാന്‍ പാര്‍ട്ടിയോടുകൂടെ തന്നെയായിരുന്നു.''

 

'സ്വാമി പറഞ്ഞത് ശരിയാണ് . ഞങ്ങള്‍ ആദ്യമായി സിനിമാ നടനെ കണ്ടത് സ്വാമിയുടെ വീട്ടില്‍ വെച്ചാണ്. '

 

കര്‍ഷകസംഘം നേതാവ് സഖാവ് വിജയന്‍, സ്വാമിയെ പിന്താങ്ങി.

 

''താങ്കള്‍ ചെയ്ത എല്ലാ മന്ത്രവാദങ്ങളും ഫലസിദ്ധിയിലെത്തിയെന്നാണോ കരുതുന്നത് ? '

 

' വിശ്വാസം അതല്ലേ എല്ലാം ..''

 

സഖാവ് ഗംഗനാഥിന്റെ ചോദ്യത്തിന് ചെറുചിരിയോടെ മറുപടി നല്‍കിയ ശേഷം

 

സെക്രട്ടറിയുടെ ഇരിപ്പിടത്തിനടുത്തെ ഒഴിഞ്ഞ കസേരയില്‍ ഗോപിപിള്ള സ്വാമി ഇരുന്നു.

 

ഷണ്‍മുഖായ നമ: എന്ന മന്ത്രം ജപിച്ചും നരച്ചു വിടര്‍ന്ന താടി തടവിയും വന്ന സിദ്ധാര്‍ത്ഥന്‍ സ്വാമി കമ്മറ്റിക്കാരെ അഭിവാദ്യംചെയ്ത ശേഷം പറഞ്ഞു.

 

''ഞാന്‍ മന്ത്രവാദിയൊന്നുമല്ല. ഭഗവാന്‍ സുബ്രമണ്യനെ ദര്‍ശിക്കാന്‍ പളനിയില്‍ പോകുന്ന ഭക്തജനങ്ങള്‍ക്കായി കാവടി പൂജചെയ്യുന്നതാണ് എന്റെ ജോലി. ഹിഡുംബന്‍ സ്വാമി ആരംഭിച്ച കാവടിപൂജ എങ്ങനെ പാര്‍ട്ടിയ്ക്ക് എതിരാവും? മാത്രവുമല്ല ഞാന്‍ മരിക്കുന്നതു വരെ പാര്‍ട്ടി അംഗവുമായിരുന്നു.''

 

''ഹിഡുംബന്റെ കാര്യം പറഞ്ഞപ്പോളാണ് ഒരു കാര്യം ഓര്‍മ്മ വന്നത്. പണ്ടൊരു ഹിഡുംബന്‍പൂജയ്ക്ക് ചൂരല്‍ മുള്ളു ചുറ്റിയ വാഴ പിഴുത സംഭവത്തില്‍ നമ്മുടെ കിഴക്ക് ബ്രാഞ്ചില്‍ ചൂടന്‍ ചര്‍ച്ച നടന്നിരുന്നു.''

 

സഖാവ് സുനിലിന്റെ അഭിപ്രായത്തിന് ഉടനടി സിദ്ധാര്‍ത്ഥന്‍ സ്വാമി മറുപടി നല്‍കി.

 

''അത് സഖാവു തന്നെ വരുത്തി വെച്ച വിഷയമാണ്. പാര്‍ട്ടി അന്നു സുനിലിനെ ശാസിച്ച കാര്യം ഓര്‍ക്കുന്നില്ലേ ?''

 

'' കള്ളത്തരം കാണിച്ചിട്ടു ന്യായം പറയുന്നോ? .ഹിഡുംബന്‍ ശരീരത്തില്‍ കയറിയാല്‍ എന്തും തകര്‍ക്കാനുള്ള ശക്തി കിട്ടുമെന്ന നിങ്ങളുടെ വീമ്പ് പറച്ചില്‍ പൊളിക്കാനായിട്ടാണ് ഞങ്ങള്‍ വാഴ അത്രയും താഴ്ത്തിയിട്ടത്. നിങ്ങള്‍ ഞങ്ങളുടെ കണ്ണുവെട്ടിച്ച് വാഴയുടെ അടിഭാഗം അറത്തുവെച്ചു. പിന്നെ അതുതള്ളിയിടാന്‍ ഹിഡുംബന്റെ അദൃശ്യ ശക്തി ഒന്നും വേണ്ടായിരുന്നു.''

 

സുനിലിന്റെ ശബ്ദം ഒച്ചത്തിലായപ്പോള്‍ സെക്രട്ടറി സഖാവ് അയാളെ സൂക്ഷിച്ചു നോക്കി.

 

സെക്രട്ടറിയുടെ നോട്ടത്തില്‍ മയപ്പെട്ട സുനിലിന്റെ അടുത്തുതന്നെ സിദ്ധാര്‍ത്ഥന്‍ സാമി ഇരുന്നു.

 

അപ്പോഴേയ്ക്കും മണല്‍വാരല്‍ തൊഴിലിലേര്‍പ്പെട്ടിരിക്കെ ആറ്റില്‍ നിന്നും ശംഖും അതുവഴി ദിവ്യത്വവും ലഭിച്ച വിശ്വനാഥന്‍ സ്വാമി കടന്നു വന്നു. വൃത്തിയായി ക്ഷൗരം ചെയ്തു മിനുക്കിയ മുഖം.നെറ്റിയില്‍ ചെറിയ ചന്ദനക്കുറി .കൈയില്‍ പണ്ടു ലഭിച്ച ശംഖും..

 

സെക്രട്ടറിയേയും മറ്റു സഖാക്കളേയും അഭിവാദ്യം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു.

 

''പാര്‍ട്ടി വിരുദ്ധമായി ഞാനും പ്രവര്‍ത്തിച്ചിട്ടില്ല.അംഗമെന്ന നിലയില്‍ മരണം വരെ ഒരു പാര്‍ട്ടി നടപടിയും ലഭിക്കാത്ത ഉത്തമ സഖാവായിരുന്നു ഞാന്‍. ആവശ്യക്കാര്‍ക്ക് കൂടോത്രങ്ങളും വശ്യം ആകര്‍ഷണം തുടങ്ങിയ ചില കര്‍മ്മങ്ങളും ഞാന്‍ ചെയ്തു കൊടുത്തിട്ടുണ്ട്. ഞാന്‍ ചെയ്തു കൊടുത്തില്ലെങ്കില്‍ അവര്‍ മറ്റു പലരുടേയും അടുത്തു പോകും.''

 

''സഖാവിന്റെ പുത്രകാമേഷ്ടി പൂജകള്‍ നാട്ടില്‍ ചില്ലറ വിവാദങ്ങള്‍ ഉണ്ടാക്കിയത് മറന്നു പോയോ..?'' കര്‍ഷകസംഘം സഖാവ് വിജയന്‍ ചോദിച്ചു.

 

''സഖാവേ അതൊക്കെ വശ്യത്തിന്റെ കര്‍മ്മ ഫലമാണ്.''

 

വിശ്വനാഥന്‍ സ്വാമിയും സുനിലിന്റെ അടുത്താണ് ഇരുന്നത്.

 

ഗോപാലകൃഷ്ണന്‍ സഖാവ് എന്തോ പറയുവാന്‍ തുടങ്ങിയപ്പേഴേയ്ക്കും കുട്ടി സ്വാമി ബീഡി വലിച്ചുകൊണ്ട് കയറിവന്നു.

 

കണ്ടപാടെ ബീഡി ദൂരെയെറിയാന്‍ സെക്രട്ടറി സഖാവു ആംഗ്യം കാട്ടി

 

'' ഓ.. ഇപ്പോള്‍ കമ്മറ്റിയില്‍ ബീഡി വലിക്കാന്‍ പറ്റില്ല അല്ലേ. കാലം പോയ ഒരു പോക്കേ ... സത്യത്തില്‍ സഖാക്കളേ നിങ്ങളെന്തു പരിപാടിയാണീ കാണിക്കുന്നത്? ചത്തു മണ്ണടിഞ്ഞ ഞങ്ങളെപ്പറ്റി എന്തിനാ ചര്‍ച്ചയും വിമര്‍ശനവും . ഈ സമയത്ത് വല്ല ഗുണവുള്ള കാര്യം ചെയ്തു കൂടെ ? '

 

കുട്ടി സ്വാമിയുടെ വക ഗുണദോഷം കേട്ടപ്പോള്‍ ഗംഗനാഥിന് കലിപ്പു കയറി.

 

''ഇതൊരു പാര്‍ട്ടി കമ്മറ്റിയാണ്. ആവശ്യമില്ലാത്തവരൊക്കെ വലിഞ്ഞുകയറി വന്ന് അനാവശ്യങ്ങള്‍ പറയേണ്ട സ്ഥലമല്ലിത്. സെക്രട്ടറി ഇത് അനുവദിച്ചു കൊടുക്കുന്നത് ശരിയല്ല.

 

സെക്രട്ടറി സഖാവ് വിഷയത്തില്‍ ഇടപെട്ടു.

 

'' സഖാക്കളെ പ്രദേശത്ത് പാര്‍ട്ടി നേരിടുന്ന ഒരു വിഷയം ചര്‍ച്ചചെയ്യാനാണ് നമ്മള്‍ യോഗം ചേര്‍ന്നത്. ചര്‍ച്ചയ്ക്കിടയില്‍ സ്വാമിമാരുടെ കാര്യം പരാമര്‍ശിക്കപ്പെട്ടു. അതിനാലാണ് നമ്മള്‍ വിളിക്കാതെ തന്നെ ഇവരൊക്കെ വന്നത്.കുറെപേര്‍ ഇപ്പോള്‍ ഹാളിന് പുറത്തും നില്‍പ്പുണ്ട്.''

 

ഹാളിന്റെ കതകടയ്ക്കുവാന്‍ വാതില്‍പ്പടിക്കടുത്തിരിക്കുന്ന വിജയന്‍ സഖാവിനും ഇരിക്കാനായി കുട്ടി സ്വാമിയ്ക്കും നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ട് സെക്രട്ടറി തുടര്‍ന്നു.

 

'' ഇനിയാരേയും അകത്തേക്കു കയറ്റുന്നില്ല. വന്നവര്‍ മുമ്പ് പാര്‍ട്ടിക്കു നല്‍കിയ സേവനങ്ങളെ മാനിക്കാതിരിക്കുവാന്‍ നമുക്കു കഴിയില്ല. ഈ അന്തരാളഘട്ടത്തില്‍ നമ്മുടെ മുമ്പിലെ പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കാം. അക്കാര്യത്തില്‍ ഹാളിനുള്ളിലുള്ള സ്വാമി സഖാക്കള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നും നമുക്ക് ആരായാം. സഖാക്കള്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയോടു സഹകരിക്കണം.''

 

എല്‍സിയോഗത്തില്‍ പെട്ടെന്ന് നിശബ്ദത പടര്‍ന്നു.

 

നിമിഷങ്ങളുടെ ദൈര്‍ഘ്യം കൂടി വരുന്നതായി സഖാക്കള്‍ക്കു തോന്നി . ഹാളിലെ കറങ്ങുന്ന പങ്കകള്‍ ചൂടു കുറയ്ക്കാന്‍ വല്ലാതെ പാടുപെട്ടു.എല്‍സിയംഗങ്ങള്‍ പരസ്പരം നോക്കിയതല്ലാതെ ആരുമൊന്നും സംസാരിച്ചില്ല.സ്വാമിമാര്‍ കണ്ണടച്ചിരുന്നു.

 

നിശബ്ദത ഭഞ്ജിച്ചത് സെക്രട്ടറിയുടെ മൊബൈല്‍ ഫോണാണ്. ആരുടേയോ വിളി വന്നപ്പോള്‍ റിങ്ങ്‌ടോണായ ' പൊന്നരിവാളമ്പിളിയില്‍ 'എന്ന പാട്ടു മുഴങ്ങി. . സെക്രട്ടറി ഫോണ്‍ എടുത്തില്ല.

 

ഗോപിപിള്ള സ്വാമി കണ്ണു തുറന്ന ശേഷം ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു.

 

'' പാര്‍ട്ടിയ്ക്ക് ഇപ്പോള്‍ നല്ല സമയമല്ല . സ്ഥല ദോഷം , മാധ്യമദോഷം, ദൃഷ്ടിദോഷം, വ്യവഹാരദോഷം,പ്രേതബാധ , ശത്രു മാരണങ്ങള്‍ എന്നിവ പാര്‍ട്ടിയെ അലട്ടുന്നു.നമുക്ക് പരിഹാര ക്രിയകള്‍ ചെയ്യണം.സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ വിമര്‍ശന സ്വയം വിമര്‍ശന ചര്‍ച്ചകള്‍ കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്‌നമാണ്. ശത്രുക്കള്‍ പാര്‍ട്ടിയെ ബന്ധിച്ചിരിക്കുകയാണ്.ഒരു സുദര്‍ശന ഹോമം തന്നെ നടത്തണം. '

 

' സുദര്‍ശനഹോമം മാത്രം പോരാ ഹിഡുംബന്‍ പൂജയും നടത്തണം '

 

സിദ്ധാര്‍ത്ഥന്‍ സ്വാമിയും അഭിപ്രായം രേഖപ്പെടുത്തി.

 

''അതോടൊപ്പം തന്നെ കൂടുതലാളുകളെ ആകര്‍ഷിക്കാനായി രാജവശ്യകര്‍മ്മം തന്നെ നടത്തണം '

 

വിശ്വനാഥന്‍ സ്വാമി പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ കുട്ടി സ്വാമി ഇടപെട്ടു.

 

''വര്‍ഗ്ഗീയക്കാര്‍ക്കെതിരായി നമുക്ക് ഒരു സ്തംഭനം കൂടി നടത്തിയേക്കാം '.

 

സുദര്‍ശനഹോമം , ഹിഡുംബന്‍പൂജ , രാജവശ്യകര്‍മ്മം , സ്തംഭനം


സന്യാസിയോട ലോക്കല്‍ കമ്മറ്റിയില്‍ പല പുതിയവാക്കുകളും കടന്നു വരുന്നതില്‍ സെക്രട്ടറിയ്ക്ക് കൗതുകം തോന്നി.

 

ഗംഗനാഥന് ഓക്കാനം വരുന്നതു പോലെ തോന്നി . പക്ഷേ ആരും അതു ശ്രദ്ധിച്ചില്ല.

 

പുതിയ സാദ്ധ്യതകള്‍ യുവരക്തങ്ങളുടെ ഭാവിപ്രതീക്ഷകള്‍ക്കു ഊടും പാവും നെയ്തു.

 

എന്തുവന്നാലും പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാകരുതെന്നും എന്തുചെയ്താലും പാര്‍ട്ടി കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടേണ്ടതാണെന്നും പൊതുവായ വിലയിരുത്തല്‍ നടത്തി.

 

അടവുനയങ്ങളില്‍ അസ്വസ്ഥനായ ഗംഗനാഥന് ജനാധിപത്യ യുവജനത്തിന്റെ ചാഞ്ചാട്ടത്തില്‍ ജുഗുപ്‌സ തോന്നി.

 

ഗോപിപിള്ള സ്വാമി ഹാളിനു നടുക്ക് സുദര്‍ശനചക്രത്തിന്റെ കളം വരച്ച് അതില്‍ ഹോമകുണ്ഡം തീര്‍ത്തു.

 

വേല്‍മുരുകാ ഹരോഹരാ എന്ന ശരണം വിളിയോടെ സിദ്ധാര്‍ത്ഥന്‍ സ്വാമി ഹിഡുംബന്‍പൂജയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി.

 

മന്ത്രവാദക്കളത്തിന് ഇരുഭാഗത്തുമിരുന്ന് വിശ്വനാഥന്‍ സ്വാമിയും കുട്ടിസ്വാമിയും തങ്ങളുടെ ഗൂഢമന്ത്രങ്ങളില്‍ വിഹരിച്ചു.

 

സഖാവ് ഗോപാലകൃഷ്ണന്‍ കാറല്‍ മാര്‍ക്‌സിന്റെ ചിത്രത്തില്‍ രക്തഹാരമണിയിച്ചു.കര്‍ഷകസംഘം സഖാവ് ചിത്രത്തിനു മുമ്പില്‍ മെഴുകുതിരി കത്തിച്ചു.

 

ഹോമകുണ്ഡത്തിലെ അഗ്‌നി എള്ളും പൂവും നവധാന്യങ്ങളും സ്വീകരിച്ചു.

 

ഉന്‍മാദലഹരിയില്‍ ഹിഡുംബന്‍ ചൂരല്‍ മുള്‍പ്പടര്‍പ്പുകളെ ഒടിച്ചടക്കി. കവിളില്‍ കുഴിഞ്ഞിറങ്ങിയ ശൂലത്തിന്റെ ചുവട്ടില്‍ സിദ്ധാര്‍ത്ഥന്‍ സ്വാമി ചെറുനാരങ്ങ കുത്തിയിറക്കി.

 

കുട്ടിച്ചാത്തനും ഭൈരവനും ഗുളികനും ഒറ്റമുലച്ചിയും പാര്‍ട്ടി ഓഫീസിലെ മന്ത്രക്കളത്തില്‍ നിറഞ്ഞാടി.

 

അകന്നുപോയ ആളുകള്‍ കൂട്ടമായി മടങ്ങിയെത്തുന്നു.

 

കളത്തില്‍ സുദര്‍ശനം കറങ്ങി തുടങ്ങി.

 

എല്‍സി അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് മുദ്രാവാക്യം വിളിച്ചു.

 

മന്ത്രോച്ചാരണങ്ങളും മുദ്രാവാക്യം വിളികളും എല്‍സി ഓഫീസിനെ ശബ്ദമുഖരിതമാക്കി.

 

ആഫീസിന്റെ പരിസരത്തെ ജനസഞ്ചയത്തെ നിയന്ത്രിക്കുവാന്‍ ചുവപ്പുസന്നദ്ധ ഭടന്‍മാര്‍ പാടുപെട്ടു.

 

സെക്രട്ടറി സഖാവിന്റെ മുഖത്ത് നിഗൂഢ മന്ദഹാസം.

 

സന്യാസിയോട ലോക്കല്‍കമ്മറ്റിയിലെ സ്വാമിമാരുടെയും അവരുടെ ഭക്തരുടെയും ആവേശത്തില്‍ നിയന്ത്രണം വിട്ട മന്ത്രക്കളത്തിലെ സുദര്‍ശന ചക്രം പുറത്തു പാറികളിക്കുന്ന പാര്‍ട്ടി പതാകയിലെ നക്ഷത്രത്തില്‍ ലയിച്ചു ചേര്‍ന്നു.

 

 

 

 

OTHER SECTIONS