By RK.11 10 2021
കഥ
സ്വച്ഛസ്ഫടികം
ഉണ്ണിക്കൃഷ്ണന്‍ കളീക്കല്‍
സ്വച്ഛസ്ഫടിക ജലാശയം എന്ന ഒരു കല്പനപോലെ, ശ്രദ്ധപിടിച്ചുപറ്റാന്‍പോന്ന ഒരു ചെറുകമ്പനം പോലുമില്ലാത്തവിധം, രണ്ടറ്റവും അയച്ചു കെട്ടിയതായിരുന്നു, റാണിചന്ദ്രയുടെ അക്കാലത്തെ ദിവസങ്ങള്‍. ചിന്നുമോളെ സ്‌കൂള്‍ബസ്സില്‍ വിട്ട്, അമ്മയുണ്ടാക്കിവച്ച കൊഴുക്കട്ടയുടെ ഒരു കഷ്ണം വായിലിട്ട്, അപ്പോഴുണര്‍ന്നുവന്ന മോട്ടുവിനെ ഒന്നു താലോലിച്ച്, ഓഫീസിലേക്ക്. ആനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്ടുമെന്റിനു കീഴിലുള്ള വെറ്റിനറി പോളിക്ലിനിക്കിലെ, ഓഫീസ് സ്റ്റാഫാണ് റാണിചന്ദ്ര. ഡോ. സൂസന്‍ മാത്യുവാണ്, ആ വെറ്റിനറി പോളിക്ലിനിക്കിലെ സീനിയര്‍ ഡോക്ടര്‍.
അടുത്തകാലത്തൊന്നും ഒരു കത്തുവായിക്കേണ്ടിവന്നിട്ടില്ലാത്തതിനാല്‍, ലഞ്ച് ബ്രേക്കിനിടയില്‍ വന്ന ആ റെജിസ്റ്റേര്‍ഡ് കത്ത്, റാണിചന്ദ്രയെ അമ്പരിപ്പിച്ചു. കത്തിന്റെ ഉള്ളടക്കം പ്രധാനമായും ഒരു ചെക്കാണ്. ചെക്കിലെ തുക, അത്രവലുതല്ലെങ്കിലും, തീരെ ചെറുതുമല്ല.
അന്ന്, ജയന്തി ജനതയിലെ അണ്‍റിസര്‍വ്വഡ് കമ്പാര്‍ട്ട്‌മെന്റിലുള്ള ഒരുക്കങ്ങളില്ലാത്ത മടക്കയാത്രയില്‍, കല്യാണ ആല്‍ബം എടുത്തില്ല. പക്ഷെ, തരുണിന്റെ പഴയ ഒളിംപസ് എസ്സ് എല്‍ ആറില്‍, താനെടുത്ത കുറേ ഫോട്ടോകള്‍, ഒരു കവറില്‍ വെച്ചിരുന്നത്, മറക്കാതെടുത്തു. അതിലൊന്നില്‍, തരുണ്‍, പ്യാരിലാല്‍ ആന്‍ഡ് കോ എന്ന അലൂമിനിയം കമ്പനിയുടെ ഗേറ്റില്‍ ചാരി നില്‍ക്കുന്നുണ്ട് . പത്തിലേറെ വര്‍ഷങ്ങള്‍, തരുണ്‍ ആ കമ്പനിയില്‍ ജോലിചെയ്തതിന്റെ ആനുകൂല്യങ്ങളാണ്, ആ ചെക്കില്‍.
വൈകുന്നേരം, ഖത്തറില്‍ നിന്ന് ജയചന്ദ്രന്റെ വാട്ട്‌സാപ്പ് കോള്‍ വന്നപ്പോള്‍, അപ്രതീക്ഷതമായി എത്തിയ ആ ചെക്കിനെക്കുറിച്ചവള്‍ പറഞ്ഞു. കൂടുതലൊന്നും തിരക്കാതെ, തന്റെ അവധി ശരിയായവിവരമാണ് അയാള്‍ ആദ്യം പറഞ്ഞത്. കുട്ടികളെക്കുറിച്ചും , വിശേഷിച്ച് ഇത്തവണ പത്തിലെ ബോര്‍ഡ് എക്സാമിന് തയ്യാറെടുക്കുന്ന മകനെക്കുറിച്ചുള്ള ആശങ്കകളും പങ്കിട്ട്, അന്നത്തെ സംഭാഷണം അവസാനിച്ചു. രണ്ടുമാസത്തിലൊരിക്കല്‍, സ്‌പെഷ്യല്‍ ക്ലാസ്സില്ലാത്ത ആഴ്ചയില്‍, നിഷാന്തിനെ അവള്‍ ഹോസ്റ്റലില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാറുണ്ട്. ജയചന്ദ്രനെപ്പോലെ, അധികം സംസാരിക്കാത്തതല്ല, അവന്റെ പ്രകൃതം. ഡെയ്സ്‌കോളേഴ്‌സ് പറയുന്ന സിനിമാവിശേഷങ്ങള്‍, വാസനാനിര്‍ഭരമായി വിശദമാക്കി, ചുറ്റുമുള്ളവരെ എത്രനേരംവേണമെങ്കിലും മയക്കിയിരുത്തുവാന്‍, അവനറിയാമായിരുന്നു. രണ്ടുമാസത്തിലൊരിക്കലുള്ള അവന്റെ വരവ്, റാണിചന്ദ്രയും, ചിന്നുമോളും, മോട്ടുവും , എന്തിന് അമ്മപോലും കാത്തിരിക്കാറുണ്ട്. ശബ്ദം തീരെക്കുറഞ്ഞ അവരുടെ വീടിനെ, ആ രണ്ടുദിവസങ്ങള്‍, സദാ കമ്പനംകൊള്ളിക്കും.
അന്നുരാത്രി, പതിവുപോലെ കിടക്കുന്നതിനു മുമ്പ് , ചിന്നുമോളുടെ മുറിയില്‍ പോയപ്പോള്‍ , ലഞ്ച് ബ്രേക്കിനിനിടെ വന്ന ആ ചെക്കും, ഒപ്പമുള്ള കുറിപ്പും, അവള്‍ കൈയ്യിലെടുത്തു. രണ്ടും ശ്രദ്ധാപൂര്‍വം വായിച്ച ശേഷം, ചിന്നുമോള്‍ ഒന്നും മിണ്ടാതെ , റാണിചന്ദ്രയെ ചുറ്റിപ്പിടിച്ചു. കുറച്ചു നേരത്തേയ്ക്ക്, ചെളിയും, പൊടിയും, കാറിച്ചയും, അസംഖ്യം മനുഷ്യരും തിങ്ങിയ ഒരു തീവണ്ടി മുറിയിലേയ്ക്ക് , അവളും, ചിന്നുമോളും വീണ്ടും കുത്തി നിറയ്ക്കപ്പെട്ടു.
തൊട്ടടുത്ത മുറിയില്‍, മോട്ടുവിനോട് ചേര്‍ന്ന് കണ്ണടച്ചു കിടക്കുമ്പോഴും, ആ ചെക്ക്, റാണിചന്ദ്രയുടെ ബാഗിലിരുന്ന്, ചെന്നിയിലെ മുറിവില്‍ നിന്ന് ചെവിയിലേക്കൊലിച്ചിറങ്ങുന്ന നനവു പോലെ, ഒരു ശബ്ദം പുറപ്പെടുവിച്ചു തുടങ്ങി. അപ്പോഴേതാണ്ട്, പതിനൊന്നു മണിയോടടുത്തായി. അവള്‍ മൊബൈല്‍ ഫോണ്‍ കൈയെത്തിയെടുത്ത്, സൂസന്‍ മേമിന്റെ വാട്‌സാപ്പ് നമ്പറിലേക്ക്, ഉറങ്ങിയോ എന്നൊരു മെസ്സേജയച്ചു. പിറകേതന്നെ സൂസന്‍ മേമിന്റെ വിളിയെത്തി.
'നിനക്കിന്നുറങ്ങാനിത്തിരി വെഷമമാണെന്നെനിക്കറിയാം.'
'സാറുറങ്ങിയോ?'
'ദേ ഫീല്‍ഡ് വര്‍ക്ക് കഴിഞ്ഞ് മൂക്കറ്റം കേറ്റിയേച്ചാ വരവ്. സാലഡിന്റെ കൂടെ ഒരെണ്ണംകൂടെ വിട്ടപ്പോഴേക്കും കൂര്‍ക്കംവലിതുടങ്ങി. '
സൂസന്‍ മാത്യുവിന്റെ ഭര്‍ത്താവ് മറ്റൊരു പോളിക്ലിനിക്കിലെ വെറ്റിനറി ഡോക്ടറാണ് .
സൂസന്‍ മേം സംസാരം നിര്‍ത്തിയയുടന്‍തന്നെ അവള്‍ തന്റെ ഫോണില്‍ തെളിഞ്ഞ സ്‌ക്രീന്‍സേവര്‍ സൂക്ഷിച്ചുനോക്കി . ഒരു പബ്ലിക് നോട്ടിഫിക്കേഷനിലൂടെ എത്തിയതാണ് ആ ചിത്രം . ഏതോ ഒരു സ്‌കൂളിലെ അലുമ്നി ഗ്രൂപ്പില്‍നിന്ന് ഷെയര്‍ ചെയ്യപ്പെട്ട ആ ചിത്രവും, ചിത്രകാരന്റെ കോളേജ്കാലത്തെ ഫോട്ടോയും, അതിന്റെ സഞ്ചാരത്തിനിടെ റാണിചന്ദ്രയുടെ ഫോണിലും വന്നുപെട്ടതാണ്. റീസൈക്കിള്‍ ബിന്നിലേയ്ക്ക് പോകാന്‍ മടിച്ച ആ ചിത്രം, ഒടുവിലവള്‍ സ്‌ക്രീന്‍ സേവറാക്കി. അന്ന് തരുണിന്റെ മുടി, തലയ്ക്കുപുറകില്‍ ഒരു കുടുക്ക പോലെ കെട്ടിവച്ചിരിക്കുകയായിരുന്നു . ആന്റ്റോപ്ഹില്ലിലെ താമസത്തിനിടെ ആ ചിത്രത്തിന്റെ ഒറിജിനല്‍ അവള്‍ കണ്ടിട്ടുണ്ട്. കോര്‍പ്പറേഷന്‍ ഹാളില്‍വച്ച് നടന്ന ഒരു മത്സരത്തില്‍ ആ ചിത്രത്തിന് അയാള്‍ക്ക് മൂന്നാം സമ്മാനവും ലഭിച്ചതാണ് . ചിത്രങ്ങളൊന്നും ശ്രദ്ധാപൂര്‍വ്വം കണ്ടിട്ടുകൂടിയില്ലാത്ത റാണിചന്ദ്രയ്ക്ക്, ആ ചിത്രത്തിലെ മറഞ്ഞിരുന്ന ഛായകള്‍ , നിഴലുകള്‍ , രൂപങ്ങള്‍, ഒക്കെ തരുണ്‍ അന്ന് കാണിച്ചുകൊടുത്തതാണ്.
ഒരു വൈകുന്നേരം, കമ്പനിവിട്ടുവന്ന തരുണും, അവളും കൂടി നടന്നെത്തിയത് തിരക്കില്ലാത്ത ഒരു ബീച്ചിലാണ്. അസ്തമയം കഴിഞ്ഞിരുന്നു. അനാഡംബരമായ ആ കടല്‍ത്തീരത്തെ , ചുരുക്കം ചില കച്ചവടക്കാരും സന്ദര്‍ശകര്‍ പോയതിനുപിന്നാലെ പെട്ടിക്കടകള്‍ പൂട്ടിപ്പോയിരുന്നു. ഇരുണ്ട വിജനത. തണുപ്പ്. പേടിതോന്നിയെങ്കിലും, വൃത്തിയുള്ള ഒരു പാറക്കല്ലില്‍, തൊട്ടുതാഴെ ഇരുട്ടില്‍ ഇടവിട്ടുയരുന്ന തിരമാലകളുടെ ഇരമ്പവും കേട്ട്, നിലാവുദിക്കുവോളം അവര്‍ ഇരുന്നു. ഉപ്പുകാറ്റില്‍ മുങ്ങിയ ആശങ്കപ്പെടുത്തുന്ന വിജനത, കടല്‍ത്തീരത്താകെ പരന്നെങ്കിലും, അവളുടെ ഓര്‍മയിലെ ഏറ്റവും നല്ല ഒരു രാത്രിയായിരുന്നു അത് .
ചില വിരുന്നുകാര്‍ക്കായി എല്ലാമുറികളും ഒഴിച്ചിച്ചിടണം . എങ്കിലേ അവര്‍ വരൂ. നാളുകള്‍ ഒരുപാട് അലുത്തുപോയെങ്കിലും , ഇന്നും ഉറക്കം, പിടിവാശിക്കാരനായ ഒരു വിരുന്നുകാരനാകാറുണ്ട്. ആ കിടപ്പില്‍, എപ്പോഴോ ഒന്നു കണ്ണടഞ്ഞപ്പോള്‍, മുംബൈ ആന്റ്റോപ് ഹില്ലിലെ, സി. ജി. എസ് ക്വാര്‍ട്ടേഴ്‌സിലെ, സെക്ടര്‍ രണ്ടിലെ, മുന്നൂറ്റി നാലാം നമ്പര്‍, രണ്ടുമുറി ഫ്‌ലാറ്റില്‍, അവള്‍ റൊട്ടിയും, ദാലും വിളമ്പി, തരുണിനെ ഡ്രോയിങ് ബോര്‍ഡില്‍നിന്നും പറിച്ചെടുത്ത്, ഭക്ഷണമേശയ്ക്കു മുമ്പിലിരുത്തുകയായിരുന്നു........ തരുണ്‍ എങ്ങനെയാണ് ലാഭത്തിലോടുന്ന ആ ഇടത്തരം കമ്പനിയില്‍ അക്കങ്ങളെ മെരുക്കിയെടുത്തത് ? അക്കാലത്ത് , അമ്പരപ്പോടെ അവള്‍ എന്നും ഓര്‍ത്തിരുന്നു .
റാണിചന്ദ്ര ഭയന്നതുപോലെ, അയാളുടെ മള്‍ട്ടി ടാസ്‌കിങ്, ഒരിക്കല്‍ പൊളിഞ്ഞുവീണു.
ചിന്നുമോള്‍ടെ ആദ്യപിറന്നാള്‍ കഴിഞ്ഞ് അധികമാകുന്നതിനുമുമ്പ്, ഒരു പണാപഹരണക്കേസില്‍ തരുണ്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു . കെട്ടിച്ചമച്ചതെന്നുറപ്പുള്ളതു കൊണ്ടാകും, വൈകുന്നേരത്തെ തങ്ങളൊരുമിച്ചുള്ള ചെറുസഞ്ചാരങ്ങള്‍ അതുകൊണ്ടൊന്നും അവസാനിച്ചില്ല. വഴിയോരത്തെ വടാ പാവും, പാവ് ഭാജിയും , ഇറാനിയന്‍ ഹോട്ടലിലെ കബാബുമെല്ലാമായി വീണ്ടും സ്വാദിഷ്ടമായ മൂന്നു നാലു മാസങ്ങള്‍ . പക്ഷെ, അപ്പോഴേക്കും കെട്ടിച്ചമച്ചതെന്ന് തരുണ്‍ പറഞ്ഞിരുന്ന ആ കേസ് അതിന്റെ മുഴുവന്‍ ശക്തിയോടെയും അയാളെ പൊതിയാന്‍ തുടങ്ങി. നീണ്ടുപോകുന്ന ആ കേസും, അതിന്റെ പോരാട്ടവുമായി പകല്‍മുഴുവന്‍ തരുണ്‍ അപ്രത്യക്ഷനായി. പുതിയ ചില കൂട്ടാളികള്‍, രാത്രിയില്‍ കോണി കയറി വന്ന് അയാളെ മുറിയില്‍ നിക്ഷേപിച്ചുമടങ്ങി. അത് പതിവായപ്പോള്‍, തരുണിനെ മുറിയില്‍ക്കിടത്തിക്കഴിഞ്ഞാല്‍, ഒന്നിരുന്ന് ഒരു ഗ്ലാസ്സ് വെള്ളം കൂടി കുടിക്കണമെന്നായി അവരില്‍ ചിലര്‍ . ഒരുദിവസം, വെള്ളമെടുക്കാന്‍ പോയ അവള്‍ക്കൊപ്പം അടുക്കള വരെ ഒരുവനെത്തിയപ്പോഴാണ് അപകടത്തിന്റെ മുഖം നേര്‍ക്കുനേര്‍ അവള്‍ കണ്ടത്. അത്തരം ഒരു രാത്രിയുടെ ഭയപ്പെടുത്തുന്ന ഇരുട്ടിലേക്ക് വീണ് എപ്പോഴോ അവളുറങ്ങിപ്പോയി.
പിറ്റേന്ന്, ഓഫീസില്‍ പുതിയ ചില സ്‌കീമുകളുടെ തിരക്കുപിടിച്ച പണികളില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ ഉച്ചയായി. ലഞ്ച് ബ്രേക്കിന് എഴുന്നേല്‍ക്കുന്നതിനു മുമ്പ് തന്നെ, റാണിചന്ദ്രയുടെ കഴുത്തിന്റെ ഇരുവശങ്ങളില്‍ നിന്നും തുടങ്ങിയ ചൊറിച്ചില്‍ , തോളുകള്‍ പിന്നിട്ട് ഉള്ളിലേക്ക് , ആദ്യം ഒരു പുഴുവിന്റെ ഓമനിക്കല്‍ പോലെ തുടങ്ങി , അതിവേഗം അസ്വസ്ഥമാക്കുന്ന പുകച്ചിലും, നീറ്റലുമായി എരിയാന്‍ തുടങ്ങി. സൂസന്‍മേമിന്റെ ഹാന്‍ഡ്ബാഗിലെ മരുന്നുശേഖരത്തില്‍നിന്ന് തപ്പിയെടുത്ത ആ ചെറിയ ഗുളിക, വെള്ളം തൊടാതെ വിഴുങ്ങി. ഉച്ചകഴിഞ്ഞ്, തിരക്കൊഴിഞ്ഞപ്പൊള്‍, മേമിന്റെ പക്കല്‍ നിന്നും ആ ചെറിയ ഗുളിക രണ്ടെണ്ണം കൂടിവാങ്ങി, അവള്‍ ബാഗില്‍ വച്ചു .
വൈകുന്നേരം, എങ്ങനെയാണ് വീട്ടിലെത്തിയതെന്നവള്‍ക്കറിയില്ല. കടുത്ത ക്ഷീണം. എത്രയും പെട്ടെന്ന് കുളിമുറിയില്‍ കയറി വാതിലടയ്ക്കാനാണ് അവള്‍ പാഞ്ഞത്. കുളിമുറിയുടെ വാതിലില്‍ ചിന്നു തട്ടുന്നുണ്ട്. .അവള്‍ക്കുവേണ്ടതെന്തെങ്കിലും, ടൗണ്‍ ബേക്കറിയില്‍നിന്നു വാങ്ങിയോ എന്നാണാചോദ്യം. ഓഫീസുവിട്ടിറങ്ങുമ്പോള്‍ ആ പതിവൊരിക്കലും മുടക്കാറില്ല.
വെള്ളം വീണപ്പോള്‍ നീറ്റല്‍ ഒന്നാഞ്ഞു കത്തി. ടൗവ്വലു കൊണ്ടു തുടയ്ക്കുമ്പോള്‍ ചുവന്നപാടുകള്‍ കൂടുതല്‍ തെളിയുന്നു . മനുഷ്യശരീരത്തില്‍ ചില പാത്തികള്‍ രൂപമെടുത്തിട്ടുണ്ട്. ചരിഞ്ഞ മേല്‍ക്കൂരയിലെ പെരുമഴയെ പുറത്തേക്കൊഴുക്കാന്‍പോന്ന പാത്തികളെപ്പോലെയാണവ. ആ പാത്തികളിലാണ് നീറ്റലിന്റെ ചുവന്ന മൊട്ടുകള്‍ ആദ്യം പാകപ്പെടുക. ചൂടുകുരുവിനു വാങ്ങിയ മണം കുറഞ്ഞ പൗഡര്‍, ആ തിണര്‍ത്ത മൊട്ടുകള്‍ക്കു മേലെ അവള്‍ നിര്‍ല്ലോഭം വിതാനിച്ചു .
അത്താഴമേശയിലും, പുസ്തകമടയ്ക്കാതെ ചിന്നുമോള്‍ വേഗം വാരിത്തിന്നുകയാണ് . അമ്മ, മോട്ടുവിനെ മേശപ്പുറത്തിരുത്തി ഓരോന്നുപറഞ്ഞ് ഭക്ഷണം കഴിപ്പിക്കുന്നു . ഒരിക്കല്‍, സൂസന്‍ മേം, അവളോടു പറഞ്ഞതാണ് .
''വീട്ടുജോലിയാണെങ്കിലും, പോളിക്ലിനിക്കിലെ പണിയാണെങ്കിലും, ഒട്ടും ബാക്കി വെയ്ക്കാതെ, അത് നമ്മെ തിന്നു തീര്‍ക്കും. രാത്രീല് കെടക്കാറാകുമ്പം , ജീവന്റെ ഒരു തുള്ളി ബാക്കി കാണത്തില്ല.''
നീറ്റലിനു ശമനമില്ല. ഇടയ്ക്ക്, റാണിചന്ദ്രയുടെ കൈ, നൈറ്റിക്ക് പുറത്ത് മാന്തുന്ന കറ കറ ശബ്ദംകേട്ട്, ചിന്നുമോള്‍ തിരിഞ്ഞുനോക്കി.
'എന്തോന്നാ അമ്മേ.....? നാളെത്തന്നെ ഡോക്ടറെ കണ്ടോണം .'
അന്നുരാത്രി ഉറങ്ങാന്‍കിടന്നപ്പോഴും, ആ ചെക്ക് അവളുടെ ഹാന്‍ഡ്ബാഗിലിരുന്ന്, അവള്‍ക്കുമാത്രം കേള്‍ക്കാവുന്ന ഒരലാറം മുഴക്കിക്കൊണ്ടേയിരുന്നു. ഫാനിന്റെ റെഗുലേറ്റര്‍ അഞ്ചിലേക്ക് തിരിച്ചിട്ടെങ്കിലും, വിയര്‍പ്പില്‍കുളിച്ചും, വിയര്‍പ്പാവിയാകുന്ന ചെറു തണുപ്പില്‍ പൂണ്ടും ഒന്നു മയങ്ങി.
ആന്റ്റോപ് ഹില്ലിലെ , മുന്നൂറ്റി നാലാം നമ്പര്‍ ഫ്‌ളാറ്റിലെ, ഇതുപോലെ ഉഷ്ണിച്ചൊഴുകുന്ന ഒരു രാത്രി. തലേന്നത്തെപ്പോലെ, അന്നും തരുണ്‍ വരാതിരിക്കുമോ എന്നവള്‍ ഭയന്നു. പക്ഷെ, പാതിരാകഴിഞ്ഞപ്പോള്‍ രണ്ടുപേരുടെ തോളില്‍ത്തൂങ്ങി തരുണ്‍ എത്തി. അയാളുടെ മേലാകെ ഛര്‍ദ്ദിയായിരുന്നു . ഇത്തവണ അയാളെ കിടക്കയില്‍ കിടത്തി , വെള്ളം വാങ്ങിക്കുടിച്ചിട്ടും കൂടെവന്ന ഇരുവരും പോകാന്‍ കൂട്ടാക്കിയില്ല .
'ഭാഭി...ഭയ്യാ കി തബിയത്ത് കുച്ച് ഖരാബ് ലഖ്താ ഹെ.
ഉസ്‌കെ ഉഡ്ഡ്നെ തക് ഹം ഭീ ആപ്കേ സാഥ് ഇഥര്‍ ഠഹരേങ്‌ഗേ'.
ഒരു സെക്ടറിനപ്പുറത്ത്, ഒപ്പം ജോലിചെയ്യുന്ന കറുകച്ചാലുകാരന്‍ ഗംഗാധരേട്ടനുണ്ടെങ്കിലും, നാട്ടില്‍ പോയിരിക്കുകയാണ്. പെട്ടെന്നുണ്ടായ തോന്നലില്‍ , സയണ്‍ മാര്‍ക്കറ്റില്‍നിന്ന് അടുത്തകാലത്തു വാങ്ങിയ കറിക്കത്തി, ജീവന്‍ രക്ഷാകവചം പോലെ, അവള്‍ കൈയെത്തുന്നിടത്തൊളിപ്പിച്ചുവച്ചു . അല്പം കഴിഞ്ഞപ്പോഴേക്ക്, അവര്‍ രണ്ടും കല്പിച്ചാണെന്ന് അവള്‍ക്ക് ബോധ്യമായി. അതിലൊരുവന്‍, കിടപ്പുമുറിയിലേക്ക് കടന്നുവന്നതേ റാണിചന്ദ്രയ്ക്ക് ഓര്‍മയുള്ളു. കറിക്കത്തി തലങ്ങും വിലങ്ങും വീശിയതും, ചോര കണ്ടവന്‍ പിന്നോട്ടോടി . ബഹളംകേട്ട് കണ്ണുതുറന്നെങ്കിലും, അടുത്തനിമിഷം, തരുണ്‍ വീണ്ടും മയക്കത്തിലാണ്ടു പോയി . ആ രാത്രി, എങ്ങനെ കഴിച്ചുകൂട്ടിയെന്ന് ഇന്നും അവള്‍ക്കറിയില്ല. തൊട്ടടുത്ത ഫ്‌ളാറ്റിലെ നേഴ്‌സ് ലീലാമ്മയുടെ സഹായത്തോടെ ചിന്നു മോളെയുമെടുത്ത്, ജയന്തി ജനതയിലെ അണ്‍റിസര്‍വ്ഡ് കമ്പാര്‍ട്ട്‌മെന്റ്റില്‍ കയറിപ്പറ്റിയപ്പോഴാണ് റാണിചന്ദ്രയ്ക്ക് ആദ്യമായി തന്നെക്കുറിച്ച് മതിപ്പുതോന്നിയത്.
ആ തീവണ്ടിക്കുതിപ്പിന്റെ ചൊരുക്കില്‍ നിന്ന് അവളെപ്പോഴോ ഉണര്‍ന്നു. മണി മൂന്നു കഴിഞ്ഞു. അതേ സ്‌ക്രീന്‍ സേവര്‍ . അവസാനം കാണുമ്പോഴുള്ള തരുണിന്റെ കൂനിക്കൂടിയുള്ള ആ കിടപ്പ്, ആ സ്‌ക്രീന്‍ സേവേറിന്റെ ഏതോ ഗ്രിഡ്ഡില്‍ കുടുങ്ങിയ ചായച്ചണ്ടി പോലെ. ഉണര്‍ത്താന്‍ താനെത്രനോക്കിയതാണ് . ഒടുവില്‍, ഉണര്‍ന്നെങ്കിലും, ഒന്നും മനസ്സിലാകാതെ, തങ്ങളുടെ പോക്കുകണ്ട് അങ്ങനെയൊരു കിടപ്പ് .
ഡൈവോഴ്‌സ് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതിനെക്കുറിച്ച്, വീട്ടില്‍ ആലോചനകള്‍ മുറുകുമ്പോഴാണ്, നേഴ്‌സ് ലീലാമ്മയുടെ ഫോണ്‍ വന്നത്. സയണ്‍ സ്റ്റേഷനടുത്തു വച്ച് ട്രെയിനില്‍നിന്ന് തരുണ്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു . പിറകേ ഗംഗാധരേട്ടന്റെ ഫോണുംവന്നു . അവശ്യഘട്ടത്തില്‍ നാട്ടിലായിപ്പോയതില്‍ ഒത്തിരി സങ്കടം പറഞ്ഞു . കല്യാണം കഴിഞ്ഞാദ്യം മുംബൈയിലെത്തിയപ്പോള്‍, ഫ്‌ലാറ്റെടുക്കുന്നതുവരെ രണ്ടാഴ്ച ഗംഗാധരേട്ടന്റെ ഫ്‌ളാറ്റിലെ ഒരു മുറിയിലായിരുന്നു അവളും തരുണും. നാട്ടില്‍ പോകുന്നതിന്റെ തലേ ആഴ്ച, ഗംഗാധരേട്ടനും ചേച്ചിയും കൂടി വന്നിരുന്നു. ഗംഗാധരേട്ടനേയും ചേച്ചിയെയും കണ്ടപ്പോള്‍ തന്നെ, പാതി ധൈര്യം തിരിച്ചു കിട്ടി. പഴയപടി, ഓരോന്നും സമയപ്പട്ടികയിലെ ക്രമപ്പെടുത്തിയ അതാതിന്റെ കൊളുത്തുകളില്‍ തൂക്കിയിടാമെന്ന ഒരു വിശ്വാസത്തില്‍, റാണിചന്ദ്ര ചായയുമായി വന്നപ്പോഴേക്കും, തരുണ്‍, ഗംഗാധരേട്ടനോട് തട്ടിക്കയറുകയായിരുന്നു.
'മോള് വിഷമിക്കണ്ട. ഞങ്ങള് മാറിമാറി അവന് കവലിരുന്നോളാം .'
പിന്നീടേതാനും ദിവസങ്ങളേ വേണ്ടിവന്നുള്ളു, നേഴ്‌സ് ലീലാമ്മയുടെ അടുത്ത ഫോണ്‍ കോളിന് . പിന്നാലെ ഗംഗാധരേട്ടനും വിളിച്ചു . ബോഡി നാട്ടിലേക്ക് കൊണ്ടുവരാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്ന് റാണിചന്ദ്ര ചോദിച്ചതാണ്. പതിവില്ലാതെ അമ്മ തീര്‍ത്തുപറഞ്ഞു . അച്ഛനും വല്ലാതെ ശബ്ദമുയര്‍ത്തി . പിന്നീടെത്രയോ കാലം ആ ഫോണ്‍ കോളിന്റെ വിശദാംശങ്ങള്‍ അവളെ കീഴടക്കി .
മൂന്നു വര്‍ഷമെടുത്തു , അവള്‍ അവളിലേയ്ക്ക് തിരികെയെത്തുവാന്‍ . പി. എസ്സ്. സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടശേഷമാണ്, ജയചന്ദ്രനുമായുള്ള അവളുടെ പുനര്‍വിവാഹം . വിവാഹത്തിന് മുമ്പ്, ഒരുകാര്യം പാഞ്ഞുറപ്പിക്കുവാന്‍ അവള്‍ മറന്നില്ല .
'പോയ കാലം വെട്ടിപ്പൊളിച്ചെടുക്കരുത് '
'എഗ്രീഡ്. '
പകരം ജയചന്ദ്രന്‍ തന്റെ ഡിമാന്‍ഡും മുന്നോട്ട് വെച്ചു.
'നിന്റെ കുട്ടിയും, എന്റെ കുട്ടിയും, നമ്മുടെ കുട്ടിയോടൊപ്പം കളിയ്ക്കുന്നു, എന്ന് നമുക്കിരുവര്‍ക്കും തോന്നരുത് '
അങ്ങനെ, സ്വയം ഫോര്‍മാറ്റ് ചെയ്ത ഒരു ഹാര്‍ഡ് ഡിസ്‌കിലേയ്ക്ക് രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നപോലെ, അവരിരുവരും ലോഡ് ചെയ്യപ്പെട്ടു. ജയചന്ദ്രന്റെ വര്‍ഷംതോറുമുള്ള സന്ദര്‍ശനംകൊണ്ട്, ആ ചൊല്ല് പൂര്‍ത്തിയാക്കാനും സാധിച്ചു . മോട്ടുവിനിപ്പോള്‍ നാലു വയസ്സ്.
സ്വച്ഛസ്ഫടിക ജലാശയം പോലെ കുറേ വര്‍ഷങ്ങള്‍ . പക്ഷെ, കഴിഞ്ഞ രണ്ടു രാത്രികളിലെ ഉറക്കത്തിന്റെ കിട്ടാക്കടം, ഇന്നിപ്പോള്‍ അവളുടെ പകലിന്റെ ബാധ്യതയായിരിക്കുന്നു. ഓഫീസിലേക്ക് ഇറങ്ങിയപ്പോള്‍, കണ്ണിനു നല്ല പുളിപ്പ്. കഴുത്തിന് താഴേക്കിറങ്ങിപ്പോകുന്ന ചുവന്ന തിണര്‍പ്പുകള്‍ക്കു നല്ല നീറ്റലും.
പോളിക്ലിനിക്കില്‍ നല്ല തിരക്കുള്ള ഒരു പകല്‍. ഒഴിഞ്ഞുകിടന്ന വെറ്റിനറി സര്‍ജന്റെ തസ്തികയിലേക്ക്, പുതിയതായി നിയമിതനായ വിഘ്നേഷും സൂസന്‍ മേമിനെ സഹായിക്കാനുണ്ടായിരുന്നു. കഴിഞ്ഞാഴ്ച ചില ദിവസങ്ങളില്‍, വിഘ്നേഷിന്റെ ഹാര്‍ലി ഡേവിഡ്‌സണില്‍ അവള്‍ക്ക് വീടുവരെ ലിഫ്റ്റ് കിട്ടിയിരുന്നു . ഒന്നിച്ച്, വീട്ടിലേക്കുള്ള യാത്രയില്‍, ഹാര്‍ലി ഡേവിഡ്സണിന്റെ അടക്കിപ്പിടിച്ച കുളമ്പടി ഒച്ചയില്‍, അവന്റെ നീട്ടിവളര്‍ത്തിയ മുടി, വല്ലപ്പോഴും പിറകോട്ടു പറന്ന് , റാണിചന്ദ്രയുടെ കണ്‍ പിലിയിലുരസി, തിരികെപ്പോയി.
വേനലിന്റെ അത്യുഷ്ണംകൊണ്ട് പൊറുതികെട്ട നാല്‍ക്കാലികളേയും കൊണ്ട്, ഇടതടവില്ലാതെ ഓരോരുത്തര്‍ വന്നുകൊണ്ടിരുന്ന ഒരുദിവസമായിരുന്നു അത് . ആ മിണ്ടാപ്രാണികള്‍, തീറ്റയെടുക്കാതെ, കൈകാലുയര്‍ത്തി അസ്വസ്ഥരാകുന്നതും, തുടര്‍ച്ചയായി കരയുന്നതും, അയവെട്ടുന്നതിലെ താളഭംഗവും, സസൂഷ്മം നിരീക്ഷിച്ച്, ഒരു നല്ല ഡോക്ടര്‍, എങ്ങനെ രോഗം കണ്ടെത്തുന്നുവെന്ന് സൂസന്‍ മേം, അവള്‍ക്ക് കാണിച്ചു കൊടുത്തു .
അന്ന്, തിരക്ക് കൂടുതലായതിനാല്‍ എല്ലാവരും വൈകിയാണിറങ്ങിയത്. ഡോക്ടര്‍ അരുണ്‍ ഡിക്രൂസിന്റെ സ്‌കിന്‍ ആന്‍ഡ് കോസ്‌മെറ്റിക് ക്ലിനിക്കിലെ അവളുടെ ടോക്കണ്‍ നമ്പര്‍ നാലാണ് . വിഘ്നേഷ് ആ വഴിയാണ് പോകുന്നത് . വിടര്‍ത്തിയ ഇരുകൈപ്പത്തികള്‍പോലെ, വിസ്തൃതമായ ആ വാഹനത്തിന്റെ പിന്‍സീറ്റില്‍, ഇരുവശത്തുമായി കാലുകള്‍തൂക്കി അവള്‍ ഇരുന്നതും , മുറുകിയ ഹൃദയതാളത്തില്‍, ഹാര്‍ലി ഡേവിഡ്‌സണ്‍ കുതിക്കാന്‍തുടങ്ങി . എതിരെവന്ന കാറ്റ്, അവളുടെ മുഖത്തും കഴുത്തിലും പറ്റിയ വിയര്‍പ്പ് നക്കിത്തോര്‍ത്തി . പക്ഷെ, ശരീരത്തിന്റെ ആ പാത്തികളിലെ നീറ്റല്‍ അടക്കാവുന്നതിനെത്രയോ അപ്പുറം . അത്തരം ഒരു ഗതികെട്ടനേരത്ത്, അവള്‍ക്ക് ആകെചെയ്യാവുന്നത് , വലതുകൈകൊണ്ട് വിഘ്നേഷിനെ ചുറ്റിപ്പിടിച്ച്, ഇടതുകൈ പിന്നോട്ടെത്തിച്ച്, ആ നീറ്റലില്‍ നിന്ന് രക്ഷപ്പെടുകമാത്രമാണ് . തിണര്‍പ്പുകള്‍ക്കു മുകളില്‍, വിരലുകള്‍ പാഞ്ഞു നടക്കുമ്പോഴുള്ള പരമാനന്ദത്തില്‍, ക്ലിനിക്കിനു മുന്നിലെത്തിയത് അവളറിഞ്ഞില്ല.
രണ്ടാംനില കയറിയെത്തുന്ന ആ സ്‌കിന്‍ ക്ലിനിക്കില്‍, അഞ്ചോ ആറോ കസേരകളെ രോഗികള്‍ക്കായി മാറ്റിവച്ചിട്ടുള്ളു . വരാന്തയില്‍, വേണ്ടത്ര വെളിച്ചവുമില്ല . വെളിച്ചമില്ലാത്ത മൂലയില്‍, ചെറിയൊരാള്‍ക്കൂട്ടമുണ്ട് . മറ്റേതൊരു കണ്‍സള്‍ട്ടിങ് റൂമിനു മുമ്പിലുള്ളതിലും വ്യത്യസ്തമായി, സ്‌കിന്‍ ആന്‍ഡ് കോസ്‌മെറ്റിക് വിഭാഗത്തിനുമുമ്പിലെ സാമൂഹ്യനീതി, ഡോക്ടറിനെ കാണാനെത്തുന്നവര്‍, പരസ്പരം മുഖം കാണേണ്ടെന്നാണോ ? ആര്‍ക്കറിയാം. ചൊറിയാതിരിയ്ക്കാന്‍, അവള്‍ കഠിനമായി പരിശ്രമിച്ചു കൊണ്ടിരുന്നു.
തന്നെ ആരൊക്കെയോ ചുഴിഞ്ഞു നോക്കുന്നത് അവള്‍ തിരിച്ചറിഞ്ഞു. നോട്ടത്തിന്റെ പിച്ചാത്തി മുന ശരീരത്തിന്റെ നെല്ലിട തോറും വരഞ്ഞു കീറി പരിശോധിക്കുന്നു. തൊലിപ്പുറത്തെവിടെയാണ് ? .പുറത്തു കാണുന്നിടത്തോ.....? പൊതിഞ്ഞു വെച്ചിരിക്കുന്നിടത്തോ......? എവിടെയാണെവിടെയാണ്? ഒരെത്തും പിടിയും കിട്ടുന്നില്ലെങ്കില്‍, ചുറ്റുമുള്ള നിരീക്ഷകര്‍ക്ക്, ഊഹാപോഹത്തിന്റെ ആനന്ദം .
ചോദ്യോത്തരങ്ങള്‍ക്കും, പരിശോധനകള്‍ക്കും ശേഷം ഡോ. അരുണ്‍ ഡിക്രൂസ്, സാവധാനം സംസാരിച്ചു തുടങ്ങി.
'ഇതുപോലെയുള്ള റാഷസ്, അലര്‍ജിയാകാം . സ്‌ട്രെസ്സ് കൊണ്ടുമുണ്ടാകാം . അി്യ ീെൃ േീള ൃലരലി േലഃരലശൈ്‌ല േെൃല ൈ? അങ്ങനെ എടുത്തുപറയത്തക്ക എന്തെങ്കിലും, പുതിയതായി ........? '
എന്തു പറയണമെന്ന് റാണിചന്ദ്ര സംശയിച്ചിരുന്നപ്പോള്‍ , ഡോക്ടര്‍ മരുന്ന് കുറിക്കുകയായിരുന്നു. വീണ്ടുംവീണ്ടും ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
'ഒരിക്കലും ചൊറിയരുത് . അങ്ങനെ തോന്നിയാലും. ' അവള്‍ തലയാട്ടി .
അന്നുരാത്രി തന്റെ നീണ്ട നഖങ്ങള്‍ വെട്ടി, ഇളം റോസ് നിറമുള്ള നെയില്‍ പോളിഷിടുമ്പോള്‍ ചിന്നുമോള്‍ അവളെ കളിയാക്കി.
'എന്തിനാ അമ്മേ മെനക്കെടുന്നെ ? ചൊറിയാനല്ലേ ? '
റാണിചന്ദ്ര പതറിയില്ല .
പിന്നീട് രണ്ടുദിവസം അവള്‍ ഓഫീസില്‍ പോയില്ല . ഒരു പകല്‍മുഴുവന്‍ സ്വച്ഛതയോടെ സ്വന്തം ശരീരത്തെ നിരീക്ഷിച്ച്, വിയര്‍ക്കാന്‍ വിടാതെ കൃത്യമായി മരുന്നുപുരട്ടി വിശ്രമിച്ചു .
പിറ്റേന്ന് ഉച്ചയ്ക്കൊന്ന് മയങ്ങിയപ്പോഴാണ്, കോളിങ്ങ് ബെല്‍ . അത് വിഘ്‌നേഷായിരുന്നു . ഫീല്‍ഡ് വര്‍ക്കിന് പോകുന്നതിനിടെയാണ് അവന്റെ വരവ് . മുഖത്തു നല്ല തെളിച്ചം . അതങ്ങനെയാണ്. പണി കൂടുന്നതിനനുസരിച്ച്, അവന്റെ ഊര്‍ജ്ജം കൂടിവരും . അവന് കടുപ്പം കുറഞ്ഞ മധുരം കൂടിയ ചായയാണിഷ്ടം .
പാലു തിളച്ചുതുടങ്ങിയപ്പോള്‍, തന്റെ കഴുത്തിനുതാഴെ, ചുവന്ന ആ തിണര്‍പ്പില്‍ ഒരു വിരലോട്ടം . നീറ്റലിനുപകരം കറ്റാര്‍വാഴപ്പോളയുടെ തണുപ്പ് . അവള്‍ ഞെട്ടിത്തിരിഞ്ഞു . ആരുമില്ല. ഭിത്തിയില്‍നിന്ന്, അവളുടെ കഴുത്തിലേക്കുവീണ ഒരു ഗൗളി, ധൃതിയില്‍ താഴെക്കിഴഞ്ഞ്, കാലുകള്‍ക്കിടയിലൂടെ പാഞ്ഞുപോയി .
അന്നുരാത്രി, ഏറെനേരം തന്റെ മൊബൈലിലെ സ്‌ക്രീന്‍ സേവര്‍ അവള്‍നോക്കിയിരുന്നു. ജീവന്റെ അവശേഷിപ്പുകള്‍ക്കും, അനുബന്ധങ്ങള്‍ക്കും, ഒരു ജനിതകചിത്രം ഉണ്ടെന്നതുപോലെയാണ്, അവയുടെ ഓര്‍മ്മകള്‍ക്കും. സ്‌ക്രീന്‍ സേവറിലെ, ആ പടം കുരുങ്ങിയ ഗ്രിഡ്ഡുകളില്‍, അശുവായ പ്രാണിയുടെ രൂപം വെടിഞ്ഞ്, കീഴ്‌പ്പെടുത്താന്‍ പോന്ന ഒരെട്ടുകാലിയായി, അവള്‍ പതുങ്ങിക്കിടന്നു. ഓരോ വലക്കണ്ണിയിലും, പല പല വസ്തുക്കള്‍, സാമഗ്രികള്‍ കുരുങ്ങിക്കിടക്കുന്നു. ആളൊഴിഞ്ഞ കടല്‍ത്തീരം. പാന്‍മസാല പറ്റിയ ചുണ്ടുകള്‍. പച്ചവെള്ളുള്ളിയുടെ സ്വാദ്, കാലിക്കുപ്പി, മുതല്‍ ഊറ്റിയെടുത്ത കളര്‍ ട്യൂബുവരെ, .
കൂടുതല്‍ നേരം അവള്‍ക്കാപ്പടം കണ്ടിരിക്കാന്‍ തോന്നിയില്ല.
സമയത്തിന്റെ കാലണ പോലും ബാക്കിയില്ല. ആ സ്‌ക്രീന്‍ സേവര്‍ ഡിലീറ്റ് ചെയ്ത്, പകരം ചീന്തിയെടുത്ത തെളിച്ചമുള്ള നീലാകാശത്തിന്റെ ഒരു താള് സ്‌ക്രീനിലേക്ക് റാണിചന്ദ്ര അപ്ലോഡ് ചെയ്തു. അവളുടെ ഹാന്‍ഡ്ബാഗിലെ അവള്‍ക്കുമാത്രം കേള്‍ക്കാവുന്ന അലാറം, അടുത്ത നിമിഷം നീലനിറത്തില്‍ മുങ്ങി നിന്നു പോയി.
പിറ്റേന്നുതന്നെ, ഓഫീസിനടുത്തുള്ള നാഷണലൈസ്ഡ് ബാങ്കില്‍, അവള്‍ ആ ചെക്ക് നിക്ഷേപിച്ചു . ഏറ്റവും നല്ല പലിശനിരക്കിലുള്ള ഒരു ടേം ഡിപ്പോസിറ്റ് . നോമിനി ചിന്നുമോളാണെന്നു പറയേണ്ടതില്ലല്ലോ. വീണ്ടും, സ്വച്ഛസ്ഫടിക ജലാശയം എന്ന ആ പഴയ കല്പനപോലെ, ഒരു ചെറുകമ്പനം പോലുമില്ലാത്തവിധം രണ്ടറ്റവും അയച്ചുകെട്ടിയ റാണിചന്ദ്രയുടെ ദിവസങ്ങള്‍.
ചേച്ചീ, ഇവന്റെ ആരോഗ്യം ശരിയല്ലെന്ന് തോന്നുന്നു.
ഇവനുണരും വരെ ഞങ്ങളും ഇവിടെത്തങ്ങാം.