വെള്ളത്തിലാശാന്‍

രണ്ട് പെണ്മക്കളുള്ളതില്‍ ഒരാളെ അമേരിക്കയിലേക്കും മറ്റെയാളെ ദുബായിലേക്കും കെട്ടിച്ചയക്കുന്നത് വരെ അബികാദേവിക്ക് നിന്ന് തിരിയാന്‍ നേരം കിട്ടിയിട്ടില്ല. അലാംവച്ച് അരുമകളെ അഞ്ചു മണിക്ക് ഉണര്‍ത്തിവിടണം, ഏഴു മണീടെ ബസ്സ് മിസ്സാവാതെ നോക്കണം, കാപ്പിയും ചോറും കൊടുത്തയക്കണം, തിന്നാതെ അത്‌പോലെ കൊണ്ട് വന്നോ എന്ന് പരിശോധിക്കണം, മൂന്നു ദിവസം കൂടുമ്പോള്‍ 'ഡല്‍ക്കോലാക്‌സ്' കൊടുത്തു് തൂറാന്‍പിടിക്കണം, പരീക്ഷയാവുമ്പോള്‍ തുണ്ട് വയ്ക്കാനുള്ള തന്ത്രങ്ങളും മാര്‍ഗ്ഗങ്ങളും കൊറിയോഗ്രാഫി ചെയ്യണം . ആകെമൊത്തം അങ്കലാപ്പും വെപ്രാളവും തന്നെ. ദൈവം സഹായിച്ചു് പങ്കപ്പാടിന് പ്രയോജനമുണ്ടായി. രണ്ടെണ്ണത്തിനേം കുടുംബത്തില്‍ പിറന്ന കോന്തന്മാരുടെ കൈയിത്തന്നെ ഏല്‍പ്പിക്കാനായി.

author-image
RK
New Update
വെള്ളത്തിലാശാന്‍

കഥ

വെള്ളത്തിലാശാന്‍

വി എസ് അജിത്ത്

രണ്ട് പെണ്മക്കളുള്ളതില്‍ ഒരാളെ അമേരിക്കയിലേക്കും മറ്റെയാളെ ദുബായിലേക്കും കെട്ടിച്ചയക്കുന്നത് വരെ അബികാദേവിക്ക് നിന്ന് തിരിയാന്‍ നേരം കിട്ടിയിട്ടില്ല. അലാംവച്ച് അരുമകളെ അഞ്ചു മണിക്ക് ഉണര്‍ത്തിവിടണം, ഏഴു മണീടെ ബസ്സ് മിസ്സാവാതെ നോക്കണം, കാപ്പിയും ചോറും കൊടുത്തയക്കണം, തിന്നാതെ അത്‌പോലെ കൊണ്ട് വന്നോ എന്ന് പരിശോധിക്കണം, മൂന്നു ദിവസം കൂടുമ്പോള്‍ 'ഡല്‍ക്കോലാക്‌സ്' കൊടുത്തു് തൂറാന്‍പിടിക്കണം, പരീക്ഷയാവുമ്പോള്‍ തുണ്ട് വയ്ക്കാനുള്ള തന്ത്രങ്ങളും മാര്‍ഗ്ഗങ്ങളും കൊറിയോഗ്രാഫി ചെയ്യണം . ആകെമൊത്തം അങ്കലാപ്പും വെപ്രാളവും തന്നെ. ദൈവം സഹായിച്ചു് പങ്കപ്പാടിന് പ്രയോജനമുണ്ടായി. രണ്ടെണ്ണത്തിനേം കുടുംബത്തില്‍ പിറന്ന കോന്തന്മാരുടെ കൈയിത്തന്നെ ഏല്‍പ്പിക്കാനായി.

ഇനി വേണം വായ്ക്കുരു ചിയായിട്ടു കെട്ടിയവനെ ഒന്ന് പഠിക്കാന്‍. അമ്മച്ചിയാണേ ഒള്ളത് പറഞ്ഞാല്‍ ഇങ്ങേര് ആര്? എന്തര് ?ഏത് ? എന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. രാവിലെ അഞ്ചരക്ക് ചായ കൊടുക്കും കുടിക്കും, പിള്ളേരെ ബൈക്കി കേറ്റി ബസ്സ് സ്റ്റോപ്പില്‍ വിടാന്‍ പറയും വിടും, ഗ്യാസ് കുറ്റിക്കു എണ്ണൂറു രൂപ ചോദിക്കും തരും. വൈകീട്ട് വരുമ്പം മീന്‍ വേണമെന്ന് പറഞ്ഞാല്‍ വാങ്ങിക്കൊണ്ടു വരും, രാത്രി ഇച്ചിരി കഞ്ഞീം പയറും കൊടുക്കും കുടിക്കും, ഒരു പപ്പടമോ ഓംലെറ്റോ എക്‌സ്ട്രാ കൊടുത്താലും വേണ്ടാന്ന് പറയില്ല. മൂന്ന് മാസത്തിലൊരിക്കല്‍ ലതും പൊക്കിക്കൊണ്ട് വരും. നാപ്പത് സെക്കന്റ് ഏറിയാല്‍ ഒന്നര മിനിറ്റ്. ഒരു ദിവസം ചെറഞ്ഞൊരു നോട്ടം നോക്കിയതിപ്പിന്നെ അത് നിന്ന്. (അങ്ങനെ നോക്കണ്ടായിരുന്നു. പാവം !) അങ്ങേരെക്കുറിച്ചു ഇത്രേ അറിയാവൂ. ബാക്കി മൊത്തം ഇനി വേണം പഠിക്കാന്‍!

ഒന്നും വിട്ടുപറയുന്ന പ്രകൃതക്കാരനല്ല. ആശയ വിനിമയം അത്യാവശ്യത്തിനു മാത്രം. കല്യാണം, പാലുകാച്ചു്, നൂലുകെട്ട്, ജാതകംകൊട, തെരണ്ടു കല്യാണം, മാമോദിസ, മരണം, സഞ്ചയനം, പതിനാറടിയന്തിരം അങ്ങനെ എന്തിനെങ്കിലും വിളിക്കപ്പെട്ടാല്‍ നിവൃത്തിയില്ലെങ്കില്‍ പോകും. കൊടുക്കേണ്ടത് കൊടുത്തിട്ട് തിന്നേണ്ടതു തിന്നോണ്ട് പോരും. ചിലരെപ്പോലെ അവിടെ ചെന്ന് അപ്പം കണ്ടവന്റെ കൂടെ കാറിനകത്തിരുന്നു കള്ളു കുടിക്കുക, കലക്ടറേറ്റിലെ പിയൂണിന്റെ പൊങ്ങച്ചം കേള്‍ക്കുക, സര്‍ക്കാര്‍ ജീവനക്കാര്‍ വട്ടം കൂടി നിന്ന് പേ കമ്മീഷന്‍, ലീവ് സറണ്ടര്‍, ടി.എ , ഡി.എ എന്നൊക്കെ പറഞ്ഞു പാവങ്ങളെ അസൂയപ്പെടുത്തുന്നതിന്റെ ഇടയില്‍ കയറി കോലിട്ടിളക്കുക, മറ്റു ചിലരെപ്പോലെ പെണ്ണുങ്ങളുടെ ഏരിയയില്‍ ചെന്ന് വളിച്ച വിറ്റും മറ്റും അടിച്ചു് വിരവുക, വേറെ ചിലരെ പ്പോലെ സഞ്ചയനത്തിന് മണ്‍കുടം കുത്തിപ്പൊട്ടിക്കാനുള്ള കത്തി ഇങ്ങനല്ല; ജാതകം കൊടുക്കുമ്പോള്‍ അളിയന്‍ തലേക്കെട്ടുന്ന തോര്‍ത്തിന്റെ ചുട്ടി ശരിയായില്ല; തുടങ്ങി വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനിടയുള്ള ശാസ്ത്ര സാങ്കേതിക പിഴവുകളില്‍ ഇടപെട്ട് പിണങ്ങിപ്പോവുക (അനന്തരം ആയത് നാസയുടെ ശ്രദ്ധയില്‍ പെടുത്തും!) തുടങ്ങിയ സോഷ്യല്‍ ഇന്റെര്‍വെന്‍ഷന്‍ ഒന്നും അങ്ങേര്‍ക്കില്ല.

നവരസങ്ങളൊന്നും അങ്ങേരുടെ മുഖത്തു വിരിയാറില്ല. കിലുക്കം സിനിമ കണ്ട് ചിരിക്കുക, ആകാശദൂത് കണ്ട് വിതുമ്പുക, ഡ്രാക്കുള കണ്ട് പേടിക്കുക, സൗണ്ട് തോമ കണ്ട് പുച്ഛിക്കുക , ഇന്റര്‍സ്റ്റെല്ലാര്‍ കണ്ട് ചിന്തിക്കുക ഇത്യാദി ഏര്‍പ്പാടുകള്‍ നഹി ! ഡെയിലി ഒരു പെഗ് വച്ച് ഒറ്റയ്ക്ക് വീട്ടിലിരുന്ന് കഴിക്കും. ശനിയും ഞായറും മൂന്നെണ്ണം വിടും. ഏതു വാതിലിലൂടെ കേറിയാലാണ് ഇങ്ങേരെ പഠിക്കാന്‍ പറ്റുക എന്നൊരു എത്തും പിടിയും ഇല്ല. എന്തു വില കൊടുത്തും ഇങ്ങേരുടെ ഡെപ്തും വിഡ്ത്തും ഹൈറ്റും വോളിയവും യംഗ്സ് മോഡുലസും ആങ്കുലാര്‍ മൊമെന്റ് വും കണ്ടുപിടിച്ചേ തീരൂ. അംബികാ ദേവി മജീഷ്യന്‍ മുതുകാടിനെ സമീപിച്ചു. പുള്ളിക്കാരന്റെല്‍ എന്തിനും ഒരു സൊല്യൂഷന്‍ ഉണ്ടാവും. മുതുകാട് ഒരു മാന്ത്രികപ്പുതപ്പ് നല്‍കി. ഇതിട്ടുകൊണ്ട് ആരുടെയെങ്കിലും പുറകേ നടന്നാല്‍ അയാള്‍ നമ്മെ കാണുകയില്ല.

ഒന്നാം ദിവസം: അതൊരു ഞായറാഴ്ചയായിരുന്നു. അയാള്‍ പറമ്പിന്റെ വടക്കേ മൂലയില്‍ ക്രമരഹിതമായി നില്‍ക്കുന്ന കല്ലന്‍മുളയുടെ ചില്ലകള്‍ വകഞ്ഞുമാറ്റി അതിരില്‍ നിന്നും അരയാള്‍ താഴ്ചയുള്ള പള്ളത്തിലേക്ക് ചാടി. ആണുങ്ങള്‍ പെടുക്കാനിരിക്കുന്ന പോലെ കുന്തിച്ചിരുന്നു. പട്ടികളെ പോലെ അതിര്‍ത്തിയില്‍ അധികാരം സ്ഥാപിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണോ എന്ന് അവര്‍ സംശയിക്കാതിരുന്നില്ല. അനന്തരം താനേ വീണു കിടക്കുന്നതാണെന്ന് ഒറ്റ നോട്ടത്തിലും ഏതോ മനിതന്‍ മനപ്പൂര്‍വം വച്ചതാണെന്ന് വിശദവിശകലനത്തിലും തോന്നുന്ന വിധത്തില്‍ കിടക്കുന്ന മഞ്ഞയും ഉണങ്ങിയതുമായ ശീമപ്ലാവിന്റെ ഇലകള്‍ അവധാനതയോടെ എടുത്തു മാറ്റി. പിരുപിരാന്ന് കൊറേ ഉറുമ്പുകള്‍! ചറപറാന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. അരിപ്പൊടി പോലെ എന്തരോ പൊടികള് കിടപ്പുണ്ട്. മണിക്കൂറൊന്നായിട്ടും അങ്ങേര് കണ്ണും തള്ളി അവറ്റകളേം നോക്കി ഒരേ ഇരുപ്പു തന്നെ. കാല് കഴച്ചപ്പോ അംബിക ദേവി വീട്ടി പോയി. ഇങ്ങേര് ഉറുമ്പിനെ തിന്നുന്ന ഈനാം പേച്ചിയോ മറ്റോ ആണോ എന്തോ

വാട്‌സ്ആപ്പ് പരിശോധിച്ചാല്‍ നിഗുഢതകള്‍ കണ്ടു പിടിക്കാം എന്ന ഐഡിയ മനസില്‍ വന്നു. പുള്ളിക്കാരന്‍ ഉറങ്ങുന്ന തക്കത്തിന് ഫോണെടുത്തു. ഒരു മറിയഓമനയുടെ മെസ്സേജുകള്‍ അടിക്കടി വന്നിട്ടുണ്ട്. എല്ലാം ഒരുമാതിരി സയന്‍സോ എന്തരോ! വല്ല എരിയുംപുളിയും ഉണ്ടോന്നു തപ്പി കുറേ താഴെ ചെന്നപ്പോ രസകരമായ ഒരു ചോദ്യം കണ്ടു.

' ഗൂഗിള്‍ ഉറുമ്പിനെ കുറിച്ചു് പറയാമോ? ഇത് കേരളത്തില്‍ ഉണ്ടോ ?''

''മരയുറുമ്പ്, ചെന്തലയന്‍ തേനുറുമ്പ്, വലിയ തേനുറുമ്പ്, വെള്ളിവയറന്‍ തേനുറുമ്പ്, മഞ്ഞ തേനുറുമ്പ്, പന്തുറുമ്പ്, ഇലയുറുമ്പ്, കട്ടുറുമ്പ്, ചാട്ടക്കാരനുറുമ്പ്, പടയാളി ഉറുമ്പ്, മഞ്ഞവയറന്‍ മുടിയുറുമ്പ്, മുടിയുറുമ്പ്, നെയ്യുറുമ്പ്, അരിയുറുമ്പ്, കൂനനുറൂമ്പ്, വലിയ കറുപ്പന്‍തേനുറുമ്പ്, വരയന്‍ കുഞ്ഞുറുമ്പ്, വെട്ടുറുമ്പ്, കരിംചോണന്‍, ഉരുളന്‍ ഉറുമ്പ്, എണ്ണക്കറുപ്പന്‍ മുള്ളുറുമ്പ്, വെള്ളിമുടിയന്‍ മുള്ളുറുമ്പ്, വയല്‍വരമ്പന്‍ മുള്ളുറുമ്പ്, മുടിയന്‍ മുള്ളുറുമ്പ്, സുവര്‍ണ്ണ മുള്ളുറുമ്പ്, ചെമ്പന്‍ മുള്ളുറുമ്പ്, ചെങ്കാലന്‍ മുള്ളുറുമ്പ്, കടിയന്‍ഉറുമ്പ്, കുഞ്ഞനുറുമ്പ്, വെള്ളിക്കാലന്‍ ഉറുമ്പ്, നീറ്, ചോണന്‍ ഉറുമ്പ് ഇത്രയുമാണ് കേരളത്തിലെ ഉറുമ്പുകള്‍. ഗൂഗിള്‍ ഉറുമ്പ് അഥവാ 'പ്രാസേര്‍ഷ്യം ഗൂഗിള്‍' കാലിഫോര്‍ണിയ അക്കാദമിയിലെ ബ്രിയന്‍.എന്‍.ഫിഷര്‍ എന്ന ശാസ്ത്രജ്ഞന്‍ ഗൂഗിള്‍മാപ്പിന്റെ സഹായത്താല്‍ മഡഗാസ്‌ക്കറില്‍ നിന്നും കണ്ടെത്തിയതാണ്.

രണ്ടെണ്ണത്തിനും വട്ടാണെന്ന് കരുതി അവര്‍ തല്ക്കാലം ഫോണ്‍ താത്തിവച്ചു. സ്‌ക്രോള്‍ ചെയ്യുന്നതിനിടയില്‍ ഇടയ്‌ക്കെവിടേയോ 'വെള്ളത്തിലാശാന്‍' എന്ന് കണ്ടത് പെട്ടെന്ന് ഓര്‍മ്മ വന്നു. അതൂടൊന്ന് വായിച്ചേക്കാമെന്നു വച്ചു.

''ഹേയ് മാസ്റ്റര്‍! നമ്മുടെ കുളത്തില്‍ ഒരു വാട്ടര്‍ സ്‌ട്രൈഡര്‍ വന്നിട്ടുണ്ട്.''

''വെള്ളത്തിലാശാന്‍! ദാറ്റ് ഈസ് ഗ്രേറ്റ്! ഇനി അതിന്റെ ഇണ കൂടി വരും. അപ്പോള്‍ എന്നെ വിളിക്കണം'

''ഇണ?!''

' പ്രതലബലം പ്രയോജനപ്പെടുത്തിയാണ് അവ ഇണ ചേരുന്നത്. എക്‌സ് പ്ലോയിറ്റിങ് സര്‍ഫസ് ടെന്‍ഷന്‍ ആന്‍ഡ് വിത്ത്ഔട്ട് എനി ടെന്‍ഷന്‍'

''ആശാന്‍ എന്ന് വിളിക്കാന്‍ കാരണം?'

'അത് നമ്മുടെ കുക്കുടാനന്ദ സ്വാമികളുടെ ഗുരു തങ്കപ്പനാശാന്‍ വെള്ളത്തിന് മുകളിലൂടെ നടന്നു എന്നൊക്കെ പറയാറുണ്ടല്ലോ! വാട്ടര്‍ സ്‌ട്രൈഡറിനു ആക്ച്വലി അങ്ങനെ നടക്കാന്‍ പറ്റുമല്ലോ ! അതുകൊണ്ടാണ് വെള്ളത്തിലാശാന്‍ എന്ന പേരു കിട്ടിയത്. '

അപ്പൊ ഇങ്ങേര്‍ക്ക് തമാശ പറയാന്‍ അറിയാം. ഫ്‌ളര്‍ട്ടിങ്ങും ഉണ്ട്. മറിയഓമനയെ കണ്ടു പിടിച്ചിട്ടു തന്നെ കാര്യം.

രണ്ടാം ദിവസം അങ്ങേരുടെ പുറകേ പോകുന്നതിനേക്കാള്‍ നല്ലത് മറിയയെ കാണുന്നതായിരിക്കും. ഫോണ്‍ നമ്പര്‍ കുറിച്ചെടുക്കാതിരിക്കത്തില്ലല്ലോ! നേരിട്ട് കേറിയങ്ങു വിളിച്ചു. 'ഒന്ന് കാണണം' എന്ന് പറഞ്ഞപ്പോ 'വന്നോളൂ' എന്ന് പ്രതികരിച്ചു. അഡ്രസ്സും സമയവും അയച്ചു തന്നു. ആരാ എന്താ എന്നൊന്നും ചോദിച്ചില്ല. പ്രാന്തിയാണെന്നു തോന്നുന്നു! അതോ ലങ്ങേര് വല്ല സൂചനയും ഇട്ട് വച്ചിട്ടുണ്ടാവുമോ? പറഞ്ഞ സമയത്തു തന്നെ ചെന്ന് കേറി.

'അശോകന്‍ സാറിനെ എങ്ങനെ അറിയാം ?'

' സാറ് ലോകപ്രശസ്ത എന്റമോളജിസ്റ്റ് അല്ലേ?'

' എന്ന് വച്ചാ? '

''ഇന്‍സെക്ടസ് നെ ഐ മീന്‍ കീടങ്ങളെ ക്കുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞന്‍.'

' അശോകന്‍ സാറോ ?! '

' പിന്നേ... 'നേച്ചര്‍' പോലുള്ള ജേര്‍ണലിലൊക്കെ എഴുതാറുണ്ടല്ലോ..'

' ഞാനാരാണെന്നു ചോദിക്കാത്തതെന്ത്?'

' അത്ര ഇന്‍ക്വിസിറ്റീവ്‌നെസ്സ് തോന്നിയില്ല'

' വന്നത് എന്തിനെന്നും ചോദിച്ചില്ല'

' എന്തെങ്കിലും കാര്യമില്ലാതെ ആരും വരാറില്ലല്ലോ!'

'അശോകന്‍ സാറുമായിട്ടു എന്താ ബന്ധം?'

' എ മാസ്റ്റര്‍ സ്റ്റുഡന്റ് റിലേഷന്‍ ഷിപ്പ്'

' എന്ന് വച്ചാ.?'

'ഞാന്‍ എന്റമോളജി യില്‍ റിസര്‍ച്ചു ചെയ്യുന്നയാളാണ്..ഒരു ഗമയ്ക്കു യുവശാസ്ത്രജ്ഞ എന്ന് പറയാം.'

'സാറിവിടെ എപ്പഴും വരാറുണ്ടോ?'

' ഇടയ്‌ക്കൊക്കെ വരും'

'കല്യാണം കഴിച്ചതാണോ? '

' സാറോ ? അതോ ഞാനോ? '

' മറിയ'

' അയ്യേ.. അല്ല ! '

ഇത്രയുമായപ്പോള്‍ വിചിത്ര സ്വാഭാവിയായ ഒരു പെണ്ണാണ് ഇവളെന്നു അംബികാദേവിക്ക് മനസ്സിലായി. ആ നിലയ്ക്ക് വളച്ചു കെട്ടില്ലാതെ നേരേ കാര്യത്തിലേക്ക് വരാം എന്നവര്‍ തീരുമാനിച്ചു.

' ഞാനൊരു ചോദ്യം ചോദിച്ചാല്‍ സത്യം പറയുമോ? '

' സത്യം എന്ന ആശയം ഞങ്ങള്‍ ശാസ്ത്രജ്ഞരെ അലട്ടുന്ന ഒന്നല്ല. '

' നിങ്ങള്‍ക്ക് കള്ളത്തിലാണോ വിശ്വാസം ?'

' സത്യത്തിന്റെ മറുപുറമാണല്ലോ കള്ളം. പിന്നെ വിശ്വാസം എന്ന വാക്ക് തന്നെ അശാസ്ത്രീയമാണ്.'

ഇതിനിടയില്‍ മറിയ ഇന്‍ഡക്ഷന്‍ കുക്കറില്‍ ഒരു ബ്ലാക്ക് കോഫി ഉണ്ടാക്കി. ഒരു കപ്പ് അംബികാദേവിക്ക് നീട്ടിയിട്ട് തുടര്‍ന്നു.

' വിശ്വാസത്തിന്റെയും മറ്റും ഹോള്‍സെയില്‍ ഡീലേഴ്സ് ഒരുപാടുണ്ടല്ലോ ഇപ്പോള്‍! അങ്ങനെ വല്ലതും അറിയാനാണെങ്കില്‍ അങ്ങോട്ട് പോയാപ്പോരേ ? ഞങ്ങള്‍ പരികല്പനകള്‍, നിരീക്ഷണങ്ങള്‍, പരീക്ഷണങ്ങള്‍, മോഡലുകള്‍, എന്നിവയിലാണ് വ്യാപൃതരായിരിക്കുന്നത്. ഇന്നലെ വരെ ശരി എന്ന് ഞങ്ങള്‍ പറഞ്ഞ കാര്യം തെറ്റാണ് എന്ന് കണ്ടു പിടിക്കാന്‍ ഇന്ന് ഞങ്ങള്‍ തന്നെ റിസേര്‍ച്ചില്‍ ഏര്‍പ്പെടാറുണ്ട്. അത് പോലെ തിരിച്ചും.''

'എന്നാ തുറന്നങ്ങു ചോദിക്കാം.. അശോകന്‍ സാറും മറിയയും തമ്മില്‍ സെക്‌സ് ഉണ്ടായിട്ടുണ്ടോ?'

' ഉണ്ട് '

' ഒരു മിനിട്ടായിരിക്കും!'

' ഏയ് അല്ല.. നാല്പത്തഞ്ചു മിനിട്ടുണ്ടാവും.ആ എക്‌സ്‌പെരിമെന്റല്‍ പോണ്ട് കണ്ടാ.. അതിനകത്തു രണ്ടു വാട്ടര്‍ സ്‌ട്രൈഡര്‍ പെയേഴ്സ് ഉണ്ട്. ' വെള്ളത്തിലാശാന്‍' എന്നാ സാറ് പറയുന്നത്. അവര് സര്‍ഫസ് ടെന്‍ഷന്റെ ആനുകൂല്യത്തില്‍ ഇണ ചേരുന്നത് കണ്ടപ്പോള്‍ നമുക്കും അങ്ങനെ ചെയ്താലൊന്നു സാറ് ചോദിച്ചു.'

' ആ പുല്‍ത്തകിടിയിലോ? '

' അതേ ആ പുല്‍ത്തകിടിയില്‍ തന്നെ. അതൊരു ചെറിയ തിട്ടയാണല്ലോ. തൊണ്ണൂറു ഡിഗ്രി കഴുത്തു തിരിച്ചാല്‍ വെള്ളത്തിലാശാനേം ആശാത്തിയെം വ്യക്തമായി കാണാം. അവറ്റകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ എത്ര നേരമെടുത്താലും സാറ് കൂള്‍ കൂള്‍ ആയിരിക്കും. നോ ടെന്‍ഷന്‍!'

ആവശ്യം കഴിഞ്ഞു മാന്ത്രിക പുതപ്പ് തിരികെ ഏല്‍പ്പിക്കാം എന്ന് മുതുകാടിനു കൊടുത്ത വാക്ക് പാലിക്കേണ്ട എന്ന് അംബികാ ദേവി തീരുമാനിച്ചു. അത് തയ്യക്കാരി മണിച്ചീടെ കടയില്‍ കൊടുത്തു് കയ്യോടെ ഒരു ചുരിദാര്‍ അടിച്ചിട്ടു.

 

story literature