മറന്നുപോയത്

അക്ഷരം കൂട്ടിവായിച്ച മകന്‍ എന്തെന്ന് ചോദിച്ചപ്പോഴാണ് പാടം

New Update
മറന്നുപോയത്

നെല്ല്...
അക്ഷരം കൂട്ടിവായിച്ച മകന്‍
എന്തെന്ന് ചോദിച്ചപ്പോഴാണ്
പാടം നികത്തിവെച്ച ഫ്ളാറ്റിലിരുന്ന്
ചങ്ക് ഉരുകിയൊലിച്ചത്

മരം...
പൊട്ടിക്കോയിലെ ബോണ്‍സായിയുടെ
എക്‌സ്പാന്‍ഡഡ് വേര്‍ഷനെന്ന്
ഊറ്റംകൊണ്ടപ്പോഴാണ്
മാവിനെറിഞ്ഞും ഊഞ്ഞാലാടിയും നടന്ന
കുട്ടിക്കാലം വേട്ടയാടിയത്

വെള്ളം...
കുപ്പിയില്‍ കാണുന്നതെന്ന്
നിര്‍വചിച്ചപ്പോഴാണ്
കിണറാഴങ്ങളെയും പുഴകളേയുമോര്‍ത്ത്
മനസ്സ് വിലപിച്ചത്

മണ്ണ്...
ഇന്റര്‍ലോക്കായത് കാരണം
കാട്ടിക്കൊടുക്കാനാവാത്തപ്പോഴാണ്
വെള്ളയുടുപ്പിനെ ചുവപ്പിച്ച
സ്‌കൂള്‍ കാലം കണ്ണ് നിറച്ചത്

മഴ...
ഗൂഗിളില്‍ പരതാന്‍ നിര്‍ദേശിച്ചപ്പോഴാണ്
കുടക്കീഴില്‍ അവന്‍ തന്ന ആദ്യ ചുംബനം
വീണ്ടും നീറിയത്

മനുഷ്യത്വം...
പറയാന്‍ വാക്കുകള്‍ കിട്ടാഞ്ഞപ്പോഴാണ്
അര്‍ഥം മറന്ന് മനസ്സ് കല്ലായിപ്പോയത്
ഓര്‍മ്മ വന്നത്.

എസ് ഗീതാഞ്ജലി 
പുത്തൻപറമ്പിൽ, 
തലച്ചിറ ഏറം പി ഒ 
പത്തനംതിട്ട 
689664 
s geethanjali