ഓര്‍മ്മയിലൂടെ ഒഴുകു നിലാനദി

'ഇതാ എന്റെ കവിത. ഇവള്‍ ഞാനാണ് എന്നാല്‍ ഇവള്‍ മാത്രമാണു ഞാന്‍. ഇവളിലില്ലാത്തതൊന്നും എന്നിലില്ല. എന്നിലുള്ളതൊക്കെ ഇവളിലുണ്ട്. ഇരുളും വെളിച്ചവും ഇമ്പവും ഇടച്ചിലും' - ഇത് ആരുടെ വരികളണെന്ന് ചോദിച്ചാല്‍ നിങ്ങളുടെ നാവി

author-image
online desk
New Update
ഓര്‍മ്മയിലൂടെ ഒഴുകു നിലാനദി

'ഇതാ എന്റെ കവിത. ഇവള്‍ ഞാനാണ് എന്നാല്‍ ഇവള്‍ മാത്രമാണു ഞാന്‍. ഇവളിലില്ലാത്തതൊന്നും എന്നിലില്ല. എന്നിലുള്ളതൊക്കെ ഇവളിലുണ്ട്. ഇരുളും വെളിച്ചവും ഇമ്പവും ഇടച്ചിലും' - ഇത് ആരുടെ വരികളണെന്ന് ചോദിച്ചാല്‍ നിങ്ങളുടെ നാവില്‍ നൂറു പേരുകള്‍ വരുമായിരിക്കും. എന്നാല്‍ ആ പെരുകാരാരുമല്ല ഈ സത്യസന്ധമായ വാക്കുകള്‍ കുറിച്ചത്. തിളക്കമുള്ള വചനമിഴിയും അതിനെക്കാള്‍ തിളക്കമേറിയ അന്ത ചക്ഷസ്സും ചുണ്ടുകളില്‍ ഇപ്പോഴും ചെറുചിരിയുടെ മകരനിലാവും ഉള്ളിന്റെയുള്ളില്‍ ആര്‍ക്കും കാണാനാകാത്ത കദനസാഗരവും ഉള്ള സുജാതാ ദേവി എന്ന അനുഗ്രഹീത പ്രതിഭയുടെ വരികളാണ് ഇവ. തന്റെ ഭൗതികമായ ഔന്നിത്യവും പാണ്ഡിത്യത്തിന്റെ തെളിച്ചവും ഒരിടത്തും പ്രദര്‍ശിപ്പിക്കുന്നത് സുജാത ടീച്ചര്‍ക്ക് ഇഷ്ടമേ അല്ലായിരുന്നു. ഒരിക്കല്‍ ഞാന്‍ എന്റെ നാട്ടില്‍ ഒരു പരിപാടിക്ക് വരണമെന്ന് പറഞ്ഞപ്പോള്‍ വാത്സല്യത്തോടെയുള്ള മറുപടി വന്നു 'വേണ്ട സുമേഷ്... ഞാന്‍ കുറേ കാലമായി ഇതൊക്കെ ഒഴുവാക്കിയിരിക്കുകയാണ് ചേച്ചിയെ ( സുഗതകുമാരി ) വിളിക്കു'. ഞാന്‍ ആലോചിക്കാറുണ്ട് ഇടയ്‌ക്കൊക്കെ നെയ്യാറ്റിന്‍കരക്കാരനായ ബോധേശ്വരന്‍ സാര്‍ മലയാളത്തിന് നല്‍കിയ സംഭാവനകള്‍ അദ്ദേഹത്തിന്റെ കവിതകള്‍ മാത്രമല്ല, പ്രഭാഷണങ്ങളും സമരപരിപാടികളുമല്ല വിപ്ലവോജ്ജ്വലമായ വാക്കുകള്‍ മാത്രമല്ല. ചങ്കുറ്റവും അക്ഷരബലവും ആത്മചൈതന്യവുമുള്ള മൂന്നു മക്കളും കൂടിയാണ്. അവരെ കുറിച്ചു കൂടി പറയുമ്പോഴേ ആ സര്‍ഗ്ഗസം ഭാവന സമ്പൂര്‍ണ്ണമാകുകയുള്ളൂ.

ബോധേശ്വരന്‍ എന്ന അനുഗ്രഹീത കവിയുടെയും പ്രൊഫ. വി.കെ. കാര്‍ത്യായനിയമ്മ എന്ന പ്രശസ്ത സംസ്‌കൃത പണ്ഡിതയുടെയും മക്കളായതുകൊണ്ടാവണം. പ്രൊഫ.ബി.ഹൃദയകുമാരിക്കും, കവയത്രി സുഗതകുമാരിക്കും, പ്രൊഫ. സുജാതാ ദേവിയ്ക്കും കാളിദാസന്‍, ഭവഭൂതി, ഭാസന്‍, ശങ്കരാചാര്യര്‍, എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍, കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ തുടങ്ങിയ പേരുകളൊക്കെ ബാല്യകാലത്തില്‍തന്നെ പരിചിതങ്ങളായിരുന്നു.

ഒരിക്കല്‍ ശ്രീ രാമകൃഷ്ണ ആശ്രമത്തില്‍ (നെട്ടയം) സുഗതകുമാരി ടീച്ചറിന്റെ കൂടെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ഞാനും പോയിരുന്നു. അവിടെ പ്രസംഗിക്കുമ്പോള്‍ സുഗതടീച്ചര്‍ ഒരു സംഭവം പറഞ്ഞു. ഒരു ദിവസം രാവിലെ മുതല്‍ സുജാത ഒരേ കരച്ചില്‍. അവളെക്കൊള്‍ പന്ത്രണ്ട് വയസ്സോളം ഇളയതാണ്. കുഞ്ഞാണ് അവള്‍ എനിക്കും ചേച്ചിക്കും (ഹൃദയകുമാരി) അവള്‍ അനിയത്തിയല്ല. സ്വന്തം മകളെപ്പോലെയാണ്. അവള്‍ വാശിപിടിച്ചപ്പോള്‍ അമ്മ പറഞ്ഞു. കൊച്ചിന്റെ വാശി കൊണ്ട് തോറ്റല്ലോ. കുഞ്ഞു സുജാത ഉറക്കെ നിലവിളിച്ചു കരയുകയാണ്. 'എനിച്ച് ഉണ്ണിയപ്പം വേണം....' പിന്നീടാവട്ടെ എന്ന് വിളിച്ചു കരയുകയാണ്. അപ്പോഴാണ് അപ്രതീക്ഷിതമായി ശ്രീ രാമകൃഷ്ണ ആശ്രമത്തില്‍ നിന്ന് അംബാനന്ദ സ്വാമികള്‍ കൈനിറയെ ഉണ്ണിയപ്പവുമായി വരുന്നത്. അത്ഭുതപ്പെട്ടു പോയി എല്ലാരും. സ്വാമികള്‍ കുഞ്ഞു സുജാതയുടെ കൈയില്‍ കൊടുത്തു. അതിരറ്റ ആനന്ദത്തോടെ ആ കുഞ്ഞിക്കണ്ണുകള്‍ സ്വാമിയെ നന്ദി പൂര്‍വ്വം നോക്കി. സ്വാമികള്‍ പറഞ്ഞു 'ആശ്രമത്തില് ഉണ്ണ്യപ്പണ്ടാക്കി അപ്പളാ ഓര്‍ത്തത് സുജാത കുഞ്ഞിന്റെ കാര്യം. നേരേ ങ്ങോട്ട്് കൊണ്ട്വു' ആഗ്രഹിക്കുതൊക്കെ തന്റെ മുന്നില്‍ ഇതുപോലെ വരുത്താമായിരുന്നു സുജാത ടീച്ചറിന്. എന്നാല്‍ അവര്‍ ഒന്നും ആഗ്രഹിച്ചില്ല. കൂട്ടമായി നടക്കാനും കൂട്ടംതെറ്റി നടക്കാനും അവര്‍ക്ക് പരിചയമുണ്ടായിരുന്നു.

എന്നോട് ഒരിക്കല്‍ ഞങ്ങളൊരുമിച്ച് യാത്ര ചെയ്യുമ്പോള്‍ പറഞ്ഞു ' സുമേഷ്.. ഒരു കവി ഒറ്റയ്ക്കിരിക്കുമ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും അയ്യാള്‍/ അവള്‍ ആനന്ദക്കുന്നത് പോലെ ഒരിക്കലും ആനന്ദിക്കാനാവില്ല.' അത് വളരെ ശരിയാണന്ന്് പിന്നീട് എനിക്കനുഭവിക്കാന്‍ സാധിച്ചു. ആരെക്കുറിച്ചും മോശമായി പറയുന്ന ദുസ്വഭാവം സുജാത ടീച്ചറിന് ഇല്ലായിരുന്നു. 'ദൈവദശകം' ചൊല്ലാന്‍ എന്നോട് ചിലപ്പോള്‍ ആവിശ്യപ്പെടുമായിരുന്നു. എന്നിട്ടു പറയും ' വേദാന്തത്തെ ഇത്രത്തോളം ലാളിത്തവല്‍ക്കരിക്കാന്‍ സാധിക്കണമെങ്കില്‍ ശ്രീനാരായണഗുരു തീര്‍ച്ചയായും ഒരു അക്ഷരപ്രഭു ആയിരിക്കണം' എത്ര കവിതകളെകുറിച്ചാണ് നിര്‍ത്താതെ സംസാരിച്ചിരുന്നത്. എനിക്ക് ഒരു പുരസ്‌കാരം കിട്ടിയ വര്‍ത്തയറിഞ്ഞപ്പോള്‍ എന്നെ ഫോണില്‍ വലിച്ചിട്ടു പറഞ്ഞു ' ഞാനൊരു സമ്മാനം തരുന്നുണ്ട്. അവസരം വരെട്ട 'കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ശ്രീരാമകൃഷ്ണ ആശ്രമ(ശാസ്തമംഗലം) ത്തില്‍ വച്ചു നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത് സുജാത ടീച്ചര്‍ തന്നെയാണ്. സുഗത ടീച്ചറും വി.മധുസൂദന്‍ സാറും ഞാനുമൊക്കെയുണ്ടായിരുന്നു ഒരു യോഗത്തില്‍ വച്ച് ടീച്ചര്‍ ഒരു തുണി സഞ്ചിനിറയെ പുസ്തകങ്ങള്‍ എനിക്ക് തന്നു. വീട്ടില്‍ച്ചെന്ന് ഞാനോരോന്നും മറിച്ചു നോക്കി. നോക്കുമ്പോള്‍ ശ്രീനാരായണവചനാമൃതം എന്ന പുസ്തകത്തിനുള്ളില്‍ ഒരു ചെറിയ കവര്‍. ഞാന്‍ തുറന്ന് നോക്കി ആയിരം രൂപ. ഞാനുടനേ ടീച്ചറിനെ ഫോണില്‍ വിളിച്ചു. ടീച്ചറിനോട് കാര്യം പറഞ്ഞു. അപ്പോള്‍ മന്ദസ്വരത്തില്‍ ടീച്ചര്‍ മറുപടി തതിങ്ങനെ ' ഞാനൊന്നു വിളിച്ചപ്പോള്‍ ആറാലും മൂട്ടില്‍ നിന്ന് ബസ്സിലല്ലേ വന്നത്. പറന്നല്ലല്ലോ. അതിന് കാശുവേണ്ടേ. വീട്ടിലുള്ള ആരെങ്കിലും തന്നുവെന്ന്് വിചാരിച്ചാല്‍ മതി' . എനിക്ക് അറിയാതെ കരച്ചില്‍ വന്നു. കാരണം വാത്സല്യത്തോടെ എനിക്കെന്തെങ്കിലും തന്നിട്ടുള്ളവര്‍ എന്റെ ജീവിതത്തില്‍ അധികം പേരില്ല.

സുജാത ടീച്ചര്‍ മരിച്ചു എന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. അവര്‍ ഇപ്പോഴും എന്റെ ജീവിതത്തിലൂടെ ഒഴുകുന്നു. ഓര്‍മ്മയുടെ നിലാനദി പോലെ. കാടുകള്‍ അവര്‍ക്കായി താളമിടുന്നു മൃണ്‍മയിയാകാതെ അമരത്വത്തിന്റെ സാന്ദ്രഗീതകമായി അവര്‍ അന്തരാത്മാവില്‍ നിറയുന്നു. 'ഈ യാത്രയില്‍ ലക്ഷ്യം എത്തും വരെ അല്ലെങ്കില്‍ വീഴും വരെ പാടാനാവുമെന്ന് ഞാന്‍ കൊതിക്കുന്നു. ഈ യാത്രയില്‍ എന്നോടൊത്ത് ഇത്തിരി നേരം നടക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഈ കവിതകളിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.' എന്നെഴുതിയ കവി അക്ഷരാര്‍ത്ഥത്തില്‍ തന്റെ ജീവിതത്തിന്റെ കരി നിഴലുകളെ മറയ്ക്കുകയും ചുരത്തുകയും ചെയ്തു. വല്ല്യ ചേച്ചിയുടെയും കൊച്ചു ചേച്ചിയുടെയും പ്രിയപ്പെട്ട അനിയത്തിക്കുട്ടിയായി ശ്രീദേവി പിള്ളയുടെ (ഹൃദയകുമാരിയുടെ മകള്‍) 'ചുഞ്ചമ്മ' യായും വിഷ്ണുക്കുട്ടന്റെ അമ്മുമ്മയായും ഞങ്ങളുടെയൊക്കെ സ്വന്തം സുജാത ടീച്ചറായും ഇും അവള്‍ ജീവിക്കുന്നു. എന്ന് വിശ്വസിക്കാനാണ് എനിക്ക്; അല്ല ഞങ്ങള്‍ക്ക് ഇഷ്ടം. അവരുടെ വരികള്‍ നമ്മോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. വീണ്ടും വീണ്ടും.

 

'എന്റെയേകാന്ത ഹേമന്തത്തില്‍ ; നെഞ്ചിലെ

പഞ്ചരത്തില്‍ കുറുകും കാട്ടു പക്ഷിക്കു

ചെറ്റു തണുപ്പകറ്റാന്‍ പാറിവീണൊരു

കൊച്ചു കനലാം കവിതേ, നമിപ്പൂ ഞാന്‍'

സുമേഷ്‌കൃഷ്ണന്‍ എന്‍.എസ് (9544465542)

sujatha teacher