/kalakaumudi/media/post_banners/6ea4c52d2bd1ed6d57778c68228e50bed446703b72cfe210f1c75bade72bad9e.png)
എറണാകുളം: നാലാമത് ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം ഡോ. എം.ലീലാവതിക്കു സമര്‍പ്പിച്ചു. കളമശ്ശേരിയിലെ വസതിയില്‍ നടന്ന ചടങ്ങില്‍ ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമര്‍പ്പിച്ചു.
മൂന്നുലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പൊതു നിരൂപണരംഗത്തു തന്നെ കുലപര്‍വത സമാനമായ വ്യക്തിത്വമാണ് ലീലാവതി ടീച്ചറിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരൂപണരംഗത്ത് സ്ത്രീ സാന്നിധ്യം അധികമില്ല. ഉള്ളവര്‍ പൊതുവെ മിന്നിപ്പൊലിഞ്ഞു മായുകയാണ്.
ലീലാവതി ടീച്ചര്‍ ഏഴു പതിറ്റാണ്ടിലേറെയായി സാഹിത്യ നിരൂപണ രംഗത്ത് തെളിഞ്ഞു നില്‍ക്കുന്നു. ഒരു ഏകാന്ത ദ്വീപു പോലെ എന്നു പറയാം. സമാനമായതെന്നു പറയാവുന്ന മറ്റൊരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടീച്ചര്‍ ഈ സ്ഥാനം നേടിയത് സ്ത്രീയെന്ന പ്രത്യേക പരിഗണനയിലൂടെയല്ല. അതിപ്രഗത്ഭരായ പുരുഷ കേസരികളോട് മത്സരിച്ചു തന്നെയാണ്. അവര്‍ക്കിടയില്‍ സ്വന്തമായൊരു കസേര വലിച്ചിട്ട് ഇരിക്കുകയായിരുന്നു അവര്‍.
അതാകട്ടെ പ്രതിഭയുടെയും അപഗ്രഥനശേഷിയുടെയും ബലത്തിലാണ്. ടീച്ചര്‍ നമുക്ക് തന്നത് മലയാള കവിതാ സാഹിത്യ ചരിത്രം തന്നെയാണ്. പുതിയ തലമുറയെ ടീച്ചര്‍ സാഹിത്യ ആസ്വാദനത്തിന്റെ പുതിയ ചക്രവാളത്തിലേക്ക് നയിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തനിക്കു ലഭിച്ച പുരസ്‌കാരം അന്തിചായും നേരത്ത് നല്‍കപ്പെട്ട വലിയ സാന്ത്വനമാണെന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം ലീലാവതി ടീച്ചര്‍ അഭിപ്രായപ്പെട്ടത്.
വയസുകാലത്ത് കിട്ടുന്ന പുരസ്‌കാരങ്ങളെല്ലാം സാന്ത്വനമാണ്. തന്നെക്കാള്‍ താഴെ പ്രായമുള്ളവരുടെ പുരസ്‌കാരം എന്നു പറയുന്നത് ദീര്‍ഘായുസ്സിന് ലഭിക്കുന്ന ശാപമാണെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
