ലോക ചരിത്ര വിസ്മയങ്ങളിലെ രാമായണം; പന്ന്യന്‍ രവീന്ദ്രന്‍ എഴുതുന്നു

അടുത്ത കാലത്തായി പുറത്തിറങ്ങിയ രണ്ട് മലയാള ഗ്രന്ഥങ്ങള്‍ വാത്മീകിയുടെ മൂലകൃതിയുമായി യോജിക്കുന്നില്ല. ഒന്ന് ആനന്ദ് നീലകണ്ഠന്‍ എഴുതിയ രാവണനും ബി .സന്ധ്യ എഴുതിയ ഇതിഹാസത്തിന്റെ ഇതള്‍ വിരിയുമ്പോളും ആണ് അവ.

author-image
Web Desk
New Update
ലോക ചരിത്ര വിസ്മയങ്ങളിലെ രാമായണം; പന്ന്യന്‍ രവീന്ദ്രന്‍ എഴുതുന്നു

പന്ന്യന്‍ രവീന്ദ്രന്‍

രാമായണം ആദികാവ്യമാണ്. ത്രേതായുഗത്തിലാണ് രാമായണത്തിന് അടിസ്ഥാനമായ സംഭവങ്ങള്‍ നടന്നത്. ലോകമാകെ ഏറ്റവും കൂടുതല്‍ ഭാഷകളില്‍ എഴുതപ്പെട്ടിരിക്കുന്ന കൃതിയും രാമായണം തന്നെ. 323 രാമായണ കൃതികള്‍ ഇന്ന് ലോകത്ത് പ്രചരിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യ, സിംഗപ്പൂര്‍, ബര്‍മ്മ, സിലോണ്‍, ഈജിപ്ത് തുടങ്ങി നിരവധി രാജ്യങ്ങളില്‍ രാമായണമുണ്ട്. ഇവയെല്ലാം വ്യത്യസ്ത തലങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നവയാണ്. ഇന്ത്യയില്‍ തന്നെ കംബരാമായണം, കൃത്തിവാസരാമായണം തുടങ്ങി പല പേരുകളില്‍ രാമായണം പ്രചരിക്കുന്നുണ്ട്. മലയാളത്തില്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണ് ആധികാരികഗ്രന്ഥം.

ഇതിന് പുറമെ രാമായണം കഥയെ തന്നെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച പല കൃതികളും പ്രചരിച്ചിട്ടുണ്ട്. കണ്ണശ്ശരാമായണവും രാമായണകഥയുടെ മറ്റൊരു തലത്തിലുള്ള ആവിഷ്‌കരണമാണ്. നളനെ കല്യാണം കഴിക്കാന്‍ വരണമാല്യവുമായി സ്വയം വരപ്പന്തലിലെത്തിയ ദമയന്തിയുടെ മാനസികവസ്ഥയിലാണ് ആസ്വാദകലോകം.

രാമായണം വാത്മീകിമഹര്‍ഷിയുടെതാണ്. വിമര്‍ശകരുടെ ഭാഗത്ത് പലതരം അഭിപ്രായങ്ങളുണ്ട്. വാത്മീകി ഒരാളല്ലെന്നും രാമായണം പലര്‍ചേര്‍ന്ന് എഴുതി പൂര്‍ത്തിയാക്കിയതാണെന്നും പ്രചരിപ്പിക്കുന്നുണ്ട്. വയലാറിന്റെ രാവണപുത്രി, സീതയെ രാവണന്റെ മകളായി ചിത്രീകരിക്കുന്നു.

അടുത്ത കാലത്തായി പുറത്തിറങ്ങിയ രണ്ട് മലയാള ഗ്രന്ഥങ്ങള്‍ വാത്മീകിയുടെ മൂലകൃതിയുമായി യോജിക്കുന്നില്ല. ഒന്ന് ആനന്ദ് നീലകണ്ഠന്‍ എഴുതിയ രാവണനും ബി .സന്ധ്യ എഴുതിയ ഇതിഹാസത്തിന്റെ ഇതള്‍ വിരിയുമ്പോളും ആണ് അവ.

ക്രി.മു.രണ്ടാം നൂറ്റാണ്ടിലാണ് രാമായണകാവ്യം രചിച്ചതെന്ന് ചില പണ്ഡിതന്മാര്‍ നിരീക്ഷിക്കുന്നു. എന്നാല്‍ എഴുതപ്പെടാത്ത കഥയുടെ രൂപത്തില്‍ ഇത് അതിനും വളരെക്കാലം മുമ്പ് പ്രചരിപ്പിച്ചതായും ചിലര്‍ രേഖപ്പെടുത്തുന്നു. എന്തായാലും ഒന്ന് തീര്‍ച്ച തലമുറകളായി നിലനിന്നിരുന്ന ഒരു പ്രാചീന കഥയാണ് വാത്മീകി രാമായണം.

കര്‍ക്കിടക മാസത്തില്‍ മലയാളികള്‍ രാമായണപാരായണം വീടുകളില്‍ നടത്തും . പഴയകാലത്ത് കൂട്ടുകുടുംബമായി താമസിക്കുന്ന വീടുകളില്‍ കര്‍ക്കടക മാസത്തില്‍ രാമായണം വായിക്കാറുണ്ട്. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഈണത്തില്‍ പാടുന്നവര്‍ നിരവധിയാണ്. കര്‍ക്കടകം കഷ്ടപ്പാടിന്റെ മാസമായാണ് പഴമക്കാര്‍ കരുതിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിളവെടുപ്പില്‍ കിട്ടിയ ധാന്യങ്ങളെല്ലാം തീരുകയും കാലവര്‍ഷം ശക്തിപ്രാപിക്കുകയും ചെയ്യുന്നതോടെ കഷ്ടപ്പാടിന്റെ മാസമായാണ് കര്‍ക്കടക മാസത്തില്‍ പൊതുസ്ഥിതി. പഞ്ഞമാസത്തില്‍ ദുരിതമയമായ ജീവിതത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസത്തിന്റെ പ്രകാശമായാണ് രാമായണപാരായണത്തെ കാണുന്നത്.

മഹാകവി വള്ളത്തോളിന്റെ 'ഒരു തോണിയാത്ര' എന്ന പ്രസിദ്ധമായ കവിതയില്‍ തോണിക്കാരന്‍ ചിമ്മിനി വിളക്കിന്റെ പ്രകാശത്തില്‍ രാമായണം വായിച്ച് ആസ്വദിക്കുന്നതിനെപ്പറ്റിയുള്ള കവിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്.

'കാവ്യം സുഗേയം കഥ രാഘവീയം കര്‍ത്താവ് തുഞ്ചത്തുളവായ ദിവ്യന്‍ ചൊല്ലുന്നതോ ഭക്തിമയസ്വരത്തില്‍ ആനന്ദലബ്ദിക്കിനിയെന്ത് വേണം!' മഹാകവിയുടെ വരികള്‍ക്ക് ഒരുവല്ലാത്ത അനുഭൂതിയുണ്ട്. കവി തുടരുന്നതിങ്ങിനെയാണ്. തോണിക്കാരന്റെ പാരായണം അതീവഹൃദ്യമാണ് 'പാട്ട് കേട്ട് സ്തംഭിച്ചു നിന്നു ദിവിതാരകങ്ങള്‍ ' എന്ന് പറയുന്ന കവി തുടരുകയാണ്. 'ഓളങ്ങളാകുന്ന കരങ്ങള്‍ കൊണ്ട് താളം പിടിച്ചു നദി മെല്ലെ മെല്ലെ'. പ്രകൃതി പോലും രാമായണം വായനയുടെ അനുഭൂതി ആസ്വദിച്ചു പോയി എന്ന് കവി തുറന്നെഴുതുകയാണ്.

രാമായണകാവ്യം ആദികാവ്യമായാണ് ചരിത്രം രേഖപ്പെടുത്തിയത്. മഹാകവി വാത്മീകിയാണ് രചയിതാവ്.രാമായണ കഥയെഴുതിയ വാത്മീകിയും കഥയുടെ ഭാഗം കൂടിയാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും മനസില്‍ ഒരുപാട് ചിന്താധാരകള്‍ സൃഷ്ടിക്കുന്നതും മനുഷ്യജീവിതത്തിന്റെ മഹത്തരമായ യാത്രയ്ക്ക് പ്രകാശം പരത്തുന്നതുമാണ് ഈ ഗ്രന്ഥം. ആത്മീയതയുടെയും ഭൗതികതയുടെ യുഗം തര്‍ക്കങ്ങളുടെ ഭാഗമാക്കാതെ രാമായണം വായിച്ച് ആസ്വദിക്കാവുന്നതാണ്.

ശ്രീരാമനും സീതയും രാവണനും രാമായണത്തിലെ മുഖ്യ കഥാപാത്രങ്ങളാണ്. അതോടൊപ്പം ലക്ഷ്മണനും കൈകേയിയും ഹനുമാനും ദശരഥ മഹാരാജാവും രത്നാകരന്‍ എന്ന വാത്മീകിയും രാമായണത്തിന്റെ അകത്തളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. രാമായണത്തെ മതഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്താവുന്നതല്ല.കാരണം, രാമായണകാലത്ത് മതങ്ങള്‍ പിറന്നിട്ടുണ്ടായിരുന്നില്ല.

വിശ്വാസവും അവിശ്വാസവും തമ്മിലുള്ള വേര്‍തിരിവുകള്‍ ഈകാവ്യത്തിനില്ല. ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനും മുന്‍ കേരള മുഖ്യമന്ത്രിയുമായ സി .അച്യുതമേനോന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തിന് പ്രാധാന്യം ഏറെയുണ്ട് '..... ഒരു കാവ്യം എന്ന നിലവിട്ട് രാമായണകഥയുടെ സ്വഭാവമോര്‍ത്താലും അതിനൊരു പ്രത്യേക വശ്യതയുണ്ടെന്ന് സമ്മതിക്കാതെ തരമില്ല.'

രാമാനന്ദസാഗറിന്റെ രാമായണം ടി വി യില്‍ സംപ്രേഷണം തുടങ്ങിയപ്പോള്‍ അത് ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ചു. കഥയില്‍ എന്തെല്ലാം പാകപ്പിഴകള്‍ ഉണ്ടെന്ന് നിരൂപകര്‍ പറഞ്ഞാലും ദൂരദര്‍ശന്‍ ആവിഷ്‌കരണത്തില്‍ എന്തെല്ലാം വൈകല്യങ്ങള്‍ ഉണ്ടായിട്ടും ലക്ഷക്കണക്കിന് പ്രേക്ഷകര്‍ അത് ഇഷ്ടപ്പെടുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കണമല്ലോ. അത് രാമകഥയുടെ ശക്തമായ ആകര്‍ഷണമാണെന്ന് എനിക്ക് തോന്നുന്നു. നൂറ്റാണ്ടുകളായി ഭാരതീയരുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന കഥയാണത്. എഴുതപ്പെടാത്ത കഥയുടെ രൂപത്തില്‍ ആ കഥ അതിന് മുമ്പും ഭാരതമൊട്ടാകെ പ്രചരിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.

തലമുറകളായി നിലനിന്നിരുന്ന ഈ ആകര്‍ഷണത്തിന്റെ കാരണമെന്താണ്? അതെന്തെന്ന് ടാഗോര്‍ സൂചിപ്പിച്ചിട്ടുണ്ട് 'ഗാര്‍ഹസ്ഥ്യജീവിതത്തിന്റെ വികാരഭരിതവും യഥാര്‍ത്ഥവുമായ ചിത്രത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് രാമായണം എന്നാണ് അദ്ദേഹം പറഞ്ഞത്.രാമകഥയുടെ മാഹാത്മ്യം പലരും പലവിധമാണ് സൂചിപ്പിച്ചിരിക്കുന്നത്.

രാമനിലൂടെ വാത്മീകി ഒരാദര്‍ശ രാജാവിനെ സൃഷ്ടിച്ചിരുന്നതായി ചിലര്‍ കാണുന്നു.

ഒരു സത്യത്തെ രക്ഷിക്കാന്‍ വേണ്ടി സിംഹാസനം പോലും തൃണതുല്യം ത്യജിക്കാനും പതിനാലു വര്‍ഷം ക്ലേശഭരിതമായ കാനന വാസം വരിക്കാനും തയ്യാറായ രാജാവ്. തന്റെ ഭരണത്തില്‍ കളങ്കം ലേശം പോലും ഇല്ലാതാക്കാന്‍ വേണ്ടി താന്‍ പ്രാണനു തുല്യം സ്നേഹിച്ചിരുന്ന സ്വപത്നിയെപ്പോലും കാട്ടിലുപേക്ഷിക്കാന്‍ ഒരുങ്ങിയ ഭരണാധികാരി എന്ന നിലകളില്‍ അവര്‍ രാമനില്‍ ആദര്‍ശഭരണാധികാരിയെ കാണുന്നു.

അത് ശരിയോ തെറ്റോ ആകാം. വിവാദത്തിന് വകയുള്ള പലതും അത്തരം വീക്ഷണത്തില്‍ ഉണ്ട്. വാസ്തവത്തില്‍ ടാഗോര്‍ പറഞ്ഞതാണ് കാര്യം. ഹൃദയോന്മാദിയായ കുടുംബകഥയാണ് രാമായണം എന്നതത്രേ അതിന്റെ മേന്മ.

രാമായണ കഥക്ക് ശാശ്വത പ്രശസ്തി നേടിക്കൊടുത്തതും അതു തന്നെ. രാമായണകഥയുടെ മര്‍മ സ്പര്‍ക്കായ അംശം രാമ- സീതാ ബന്ധമാണ്. പരസ്പര പ്രേമത്തിന്റെ ദിവ്യപ്രഭയാല്‍ പ്രോജ്വലിതമെങ്കിലും അതിനകത്ത് പോലും സ്ത്രീക്ക് അനുഭവിക്കേണ്ടിയിരുന്ന അവര്‍ണ്ണനീയമായ പീഡനത്തിന്റെയും ദു:ഖത്തിന്റെയും കഥയാണ് സീതാകഥ . എല്ലാ കാലത്തേയും ദുഃഖപുത്രിയാണ് സീത. ഈ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തും അതുകൊണ്ടാണ് സീതയുടെ കഥയ്ക്ക് പ്രസക്തി നശിക്കാത്തത്.

കേരളത്തില്‍ മുന്‍പൊരുകാലത്ത് ഒരു പതിവുണ്ടായിരുന്നു സീതാദു:ഖം പാടുകയെന്നുള്ളതാണത്. 'സീതാദു:ഖം'എന്നപേരില്‍ ഏതോ ഒരു കവി രചിച്ച പാട്ടാണ് സീതാദു:ഖം. സ്ത്രീകള്‍ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞു ഗൃഹജോലികളില്‍ നിന്ന് മുക്തിനേടി കുറച്ചു സമയം വിശ്രമിക്കാന്‍ അവസരം കിട്ടുമ്പോള്‍ തളത്തില്‍ വട്ടം കൂടിയിരുന്ന് സീതാദുഃഖം പാടിയിട്ടോ വായിച്ചുകേട്ടോ കൂട്ടത്തോടെ കരയുന്ന ഒരേര്‍പാട് തന്റെ ബാല്യകാലത്ത് അനവധി തവണ കണ്ടതായി ഇ.വി. കൃഷ്ണപിള്ള തന്റെ ബാല്യകാല സ്മരണകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് വായിച്ചപ്പോള്‍ എനിക്ക് അശേഷം അതിശയം തോന്നിയില്ല.

കാരണം നേരത്തെ പറഞ്ഞത് പോലെ നമ്മുടെ സമൂഹത്തില്‍ സ്ത്രീയായി ജനിച്ചത് കൊണ്ട് മാത്രം മനുഷ്യജീവിക്ക് അനുഭവിക്കേണ്ടി വരുന്ന ദാസ്യത്തിന്റയും പീഡനത്തിന്റെയും ദു:ഖത്തിന്റെയും കഥയാണ് സീതയുടെ കഥ. ഞാന്‍ ഉപസംഹരിക്കുന്നു. മേല്‍പ്പറഞ്ഞ എല്ലാ കാരണങ്ങള്‍ കൊണ്ടുമാണ് 'അദ്ധ്യാത്മരാമായണം എനിക്ക് ഏറ്റവും പത്ഥ്യമായ ഗ്രന്ഥമായത് '(സി. അച്യുതമേനോന്‍ തിരഞ്ഞെടുത്ത കൃതികള്‍ ഭാഗം 5 )

ഒരു കാലത്ത് കേരളത്തില്‍ രാവിലെയോ സന്ധ്യയ്ക്കോ രാമായണം വായിക്കാത്ത വീടുകള്‍ ഉണ്ടാവാറില്ല.ചെറിയവരോ വലിയവരോ എന്ന് ഭേദമില്ലാതെ അക്ഷര ശുദ്ധിയോടെ രാമായണം വായിച്ചു സരസമായും സഭ്യമായും സംസാരിക്കാന്‍ കേരളീയര്‍ പഠിച്ചതും അക്ഷരശുദ്ധി കൈവരിച്ചതും അതു കൊണ്ടാണെന്നും പഴമക്കാര്‍ വിശ്വസിക്കുന്നു.

അഭീഷ്ട സിദ്ധിക്ക് വേണ്ടി രാമായണം വായിക്കുന്നതും ഗ്രന്ഥം പകുത്തു വെച്ച് ഭാവി ഫലം നിശ്ചയിക്കലും പഴയകാലത്ത് നടന്നതായി പറയപ്പെടുന്നു. രാമായണ കര്‍ത്താവായ വാത്മീകിയെ സങ്കല്‍പിച്ച് 'ശ്രീ വാത്മീകി മഹര്‍ഷായേ നമ; എന്നും തുടര്‍ന്ന് രാമ ഭക്തനായ ഹനുമാനെ മനസ്സില്‍ ഓര്‍മിച്ചു കൊണ്ട് ശ്രീ ആഞ്ജനേയ നമ; എന്നും ജപിക്കണമെന്നാണ് പഴയകാലത്തെ രീതിയെന്ന് വിശ്വസിക്കുന്നു. അടുത്തതായി 'ശ്രീ സീതാ ലക്ഷ്മണ ഭരത ശത്രുഘ്നന്‍ ഹനുമല്‍സമേത ശ്രീ രാമചന്ദ്രസ്വാമിയേ എന്ന് നൂറ്റിയെട്ട് പ്രാവശ്യം ജപിക്കണമെന്നാണ് പഴയകാലത്തെ ശീലം.

വിശ്വാസത്തിന്റ നിബന്ധനകളില്ലാതെ എല്ലാവര്‍ക്കും വായിച്ചറിയാനുള്ള മഹാകാവ്യം തന്നെയാണിത്.രാമായണം മനുഷ്യ ജീവിതത്തിന്റെ സര്‍വതല സ്പര്‍ശിയായ ഒരു ബൃഹത് ഗ്രന്ഥമാണ്.

(പന്ന്യന്‍ രവീന്ദ്രന്‍: 94470 32655)

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

 

literature ramayana pannyan raveendran