അവസാനയാത്രയിലും അരികെ

മനസ്സില്‍ തിളക്കമാര്‍ന്ന ഒരു ദിവസം: 1988 ഒരു ഏപ്രില്‍ മാസം വയനാട്ടില്‍ എത്തിയാലുള്ള പതിവുനടത്തത്തിന് അച്ഛനെ കൂട്ടാന്‍ വീരേന്ദ്രകുമാര്‍ സാര്‍ വീട്ടില്‍ വരുന്നു. നടത്തം കഴിഞ്ഞാല്‍ അമ്മയുടെ കയ്യില്‍ നിന്ന് ഒരു ചായയും കുടിച്ചാണ് മടക്കം. അന്നു വന്നപ്പോള്‍ ചായയുമായി ചെന്നത് ഞാന്‍. അച്ഛന്റെ വാക്കുകളിലൂടെ കേട്ടറിഞ്ഞ, പത്രത്താളുകളിലൂടെ കണ്ടറിഞ്ഞ ആ വലിയ മനുഷ്യനെ ആദ്യമായി കാണുന്ന മട്ടില്‍ ഞാനന്ന് ആദരവോടെ, കൗതുകത്തോടെ ഒരു നിമിഷം നോക്കി നിന്നു. 'നിങ്ങള്‍ എന്തു ചെയ്യുന്നു?' എന്നോട് ഒരു ചോദ്യം. സി.എയ്ക്ക് പഠിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ അടുത്ത ചോദ്യം: 'ജോലിക്കു താത്പര്യമുണ്ടോ?' ജീവിതത്തില്‍ വഴിത്തിരിവായി മാറിയ ആ ചോദ്യത്തിനുള്ള മറുപടിയായാണ് 1988 മെയ് 4 ന് എംഡീസ് സെക്രട്ടേറിയറ്റില്‍ ഞാന്‍ ജോലിക്കു ചേര്‍ന്നത്.

author-image
Web Desk
New Update
അവസാനയാത്രയിലും അരികെ

എം.നന്ദകുമാര്‍

മനസ്സില്‍ തിളക്കമാര്‍ന്ന ഒരു ദിവസം: 1988 ഒരു ഏപ്രില്‍ മാസം വയനാട്ടില്‍ എത്തിയാലുള്ള പതിവുനടത്തത്തിന് അച്ഛനെ കൂട്ടാന്‍ വീരേന്ദ്രകുമാര്‍ സാര്‍ വീട്ടില്‍ വരുന്നു. നടത്തം കഴിഞ്ഞാല്‍ അമ്മയുടെ കയ്യില്‍ നിന്ന് ഒരു ചായയും കുടിച്ചാണ് മടക്കം. അന്നു വന്നപ്പോള്‍ ചായയുമായി ചെന്നത് ഞാന്‍. അച്ഛന്റെ വാക്കുകളിലൂടെ കേട്ടറിഞ്ഞ, പത്രത്താളുകളിലൂടെ കണ്ടറിഞ്ഞ ആ വലിയ മനുഷ്യനെ ആദ്യമായി കാണുന്ന മട്ടില്‍ ഞാനന്ന് ആദരവോടെ, കൗതുകത്തോടെ ഒരു നിമിഷം നോക്കി നിന്നു.

'നിങ്ങള്‍ എന്തു ചെയ്യുന്നു?' എന്നോട് ഒരു ചോദ്യം. സി.എയ്ക്ക് പഠിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍

അടുത്ത ചോദ്യം: 'ജോലിക്കു താത്പര്യമുണ്ടോ?' ജീവിതത്തില്‍ വഴിത്തിരിവായി മാറിയ ആ ചോദ്യത്തിനുള്ള മറുപടിയായാണ് 1988 മെയ് 4 ന് എംഡീസ് സെക്രട്ടേറിയറ്റില്‍ ഞാന്‍ ജോലിക്കു ചേര്‍ന്നത്.

അന്ന് തുടങ്ങിയ ആ ബന്ധം ഔദ്യോഗിക തലത്തില്‍ അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി വരെയെത്തി. മൂന്ന് പതിറ്റാണ്ടിലധികം നീണ്ട ആ ബന്ധത്തിനിടയില്‍ വൈവിദ്യമാര്‍ന്ന എത്ര എത്ര യാത്രകള്‍, എത്രയോ കാഴ്ചകള്‍, കേള്‍വികള്‍, തിരിച്ചറിവുകള്‍. ജീവിതത്തിന്റെ പ്രസാദമധുരിമ നിറഞ്ഞ കാലഘട്ടം.

അദ്ദേഹവുമായുള്ള എന്റെ ബന്ധം ഒരു അച്ഛനും മകനുമായുള്ള അടുപ്പമായിരുന്നു. ഒരു മകനോടുള്ള സ്‌നേഹം, വാത്സല്യം, ലാളന, ശാസന, വിശ്വാസം ഇതെല്ലാം അദ്ദേഹത്തില്‍ നിന്ന് അനുഭവിച്ചറിയാനുള്ള ഭാഗ്യമുണ്ടായി. എല്ലാവര്‍ക്കും ആ വിയോഗം ഒരു തീരാനഷ്ടമാണ്. എന്നാല്‍ എന്നെ സംബന്ധിച്ച് ഒരു ഭാഗമാണ് നഷ്ടമായത്. ഞാന്‍ തന്നെ ഇല്ലാതായ അവസ്ഥ. വീരേന്ദ്രകുമാര്‍ സാര്‍ എനിക്ക് വലിയ സാന്നിധ്യവും ആശ്വാസവും സാന്ത്വനവുമായിരുന്നു എന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.

1907 മുതല്‍ എല്ലാ യാത്രകളിലും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ആദ്യത്തെ വിമാനയാത്ര, ആദ്യ വിദേശയാത്ര.. എല്ലാമെല്ലാം. ഓരോ യാത്രയിലും സാറിന്റെ കരുതല്‍ ഇന്ന് നഷ്ടബോധത്തോടെ അറിയുന്നു. ആദ്യ വിമാനയാത്രയില്‍ എന്നെ കാത്ത് വിമാനത്താവളത്തില്‍ സാര്‍ നില്‍ക്കുന്നത്. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. ഒരു കുട്ടിക്കെന്ന പോലെ എനിക്ക് എല്ലാം പറഞ്ഞുതന്നു. ഓരോ യാത്രയിലും ഒരായിരം കാര്യങ്ങള്‍. എല്ലാം പുതിയ അറിവുകള്‍. യാത്രയ്ക്കിടയില്‍ അതതു സ്ഥലത്തെ ആളുകളുമായി സംവദിക്കാന്‍ സാര്‍ സമയം കണ്ടെത്താറുണ്ട്. എന്നിട്ട് പറയും: 'നമ്മുടെ വിചാരം നമുക്ക് മാത്രമാണ് അറിവെന്നും മറ്റുള്ളവര്‍ക്ക് ഒരു വിവരവുമില്ലെന്നുമാണ്. എന്നാല്‍ എല്ലാവര്‍ക്കും അവരവരുടേതായ അറിവുണ്ട്. ആരോട് സംസാരിച്ചാലും നമുക്ക് പുതുതായി എന്തെങ്കിലും ഒരു അറിവുകിട്ടും'... എന്നും സാധാരണക്കാരോടായിരുന്നു സാറിന്റെ അടുപ്പം. അവരുടെ പ്രശ്‌നങ്ങളും വേദനകളുമെല്ലാം തന്റേതുകൂടിയാണെന്ന് കരുതി അതിനുള്ള പരിഹാരം കണ്ടെത്തും. പലപ്പോഴും പറയും നമ്മള്‍ എപ്പോഴും നമ്മളേക്കാള്‍ ഉയരത്തിലേയ്ക്ക് നോക്കരുത്. നമ്മളേക്കാള്‍ താഴെയുള്ളവരെ ശ്രദ്ധിക്കണം.

ഹൈമവതഭൂവിലിനായി 3 തവണ ചാര്‍ധാം യാത്ര

യാത്ര എന്നും അദ്ദേഹത്തിന് ഒരു ഹരമായിരുന്നു. കുടെ ആരെങ്കിലുമുണ്ടെങ്കില്‍ കൂടുതല്‍ സന്തോഷം. യാത്രയ്ക്കിടയില്‍ ഭക്ഷണം ഒരു പ്രശ്‌നം അല്ലായിരുന്നു. വെജിറ്റേറിയന്‍ വേണമെന്ന നിര്‍ബന്ധം മാത്രം. അത് പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നായാലും തട്ടുകടയില്‍ നിന്നായാലും രുചി ഉണ്ടെങ്കിലും ഇല്ലെങ്കിലും ആസ്വദിച്ച് കഴിക്കും. ഞങ്ങള്‍ ഭക്ഷണത്തെപ്പറ്റി മോശമായി പറഞ്ഞാല്‍ സാര്‍ പറയും, 'നിങ്ങള്‍ക്ക് ഭക്ഷണത്തിന്റെ വിലയറിയില്ല', അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയ തടവുകാരനായി 1 മാസം ജയിലില്‍ കിടന്നപ്പോള്‍ ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടിയില്ലെന്നും കിട്ടുന്ന ഭക്ഷണം രുചിയോടെ കഴിച്ചിരുന്നെന്നും പറയുമായിരുന്നു. 'ജയിലില്‍ കിടന്നാലേ നിങ്ങള്‍ക്ക് ഭക്ഷണത്തിന്റെ വിലയറിയൂവെന്നും അദ്ദേഹം ശാസനയുടെ സ്വരത്തില്‍ പറയും.

'ഹൈമവതഭൂവില്‍' എന്ന പുസ്തകത്തിന്റെ രചനയ്ക്ക് വേണ്ടി മുന്നു പ്രാവശ്യം ചാര്‍ധാം യാത്ര നടത്തിയിട്ടുണ്ട്. വൃത്യസ്ത സംഘങ്ങളായിട്ടായിരുന്നു യാത്ര. അംഗങ്ങളില്‍ ഓരോരുത്തരെയും വലിപ്പച്ചെറുപ്പമില്ലാതെ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. ഹിമാലയയാത്രയ്ക്കിടെ മസൂറിയില്‍ ഒരു ഫോട്ടോഷൂട്ടിനു പറ്റിയ സ്ഥലമുണ്ട്. വിവിധ വേഷങ്ങളില്‍ നമുക്ക് ഫോട്ടോ എടുക്കാം. സാര്‍ ആദ്യം ഫോട്ടോ എടുത്ത് എല്ലാവരെക്കൊണ്ടും വിവിധ വേഷങ്ങളില്‍ ഫോട്ടോ എടുപ്പിച്ചു. യാത്രയിലുടനീളം ആ സ്ഥലത്തെക്കുറിച്ചും അവിടത്തെ രീതികളെക്കുറിച്ചും എല്ലാവര്‍ക്കും പറഞ്ഞുതരും. ഞങ്ങളുടെ ആദ്യ യാത്രയില്‍ മാതൃഭൂമിയിലെ എം.ആര്‍. രാജേഷ് (ഇന്നത്തെ ആചാര്യ എം.ആര്‍. രാജേഷ്) കൂടെ ഉണ്ടായിരുന്നു. ഹരിദ്വാറില്‍ ഉച്ചയ്ക്ക് ഊണിന്റെ സമയം രാജേഷിന് ഒരു വയറുവേദന. ഞങ്ങള്‍ വിചാരിച്ചു, യാത്രയ്ക്കിടെ സംഭവിക്കുന്ന എന്തോ അസ്വസ്ഥതയായിരിക്കുമെന്ന്. അങ്ങനെ മസൂറിയിലെത്തി. ഫോട്ടോഷൂട്ട് കഴിഞ്ഞു. രാത്രി രാജേഷിന് വേദന കൂടി. സാര്‍ എന്നോട് രാജേഷിനെ ആശുപ്രതിയില്‍ കൊണ്ടുപോകുവാന്‍ പറഞ്ഞു. ഡോക്ടര്‍ പരിശോധിച്ച ശേഷം ഇഞ്ചക്ഷനും ഡ്രിപ്പും കൊടുത്തു. രാജേഷിന് പാന്‍ക്രിയാസിസിന് ചെറിയ പ്രശ്‌നമുള്ളതുകൊണ്ട് തുടര്‍യാത്ര ബുദ്ധിമുട്ടായിരിക്കുമെന്നും അറിയിച്ചു. ഇതിനിടയില്‍ ഓരോ മണിക്കൂറിലും സാര്‍ ഉറങ്ങാതെ വിവരം അന്വേഷിച്ചുകൊണ്ടേയിരുന്നു.

അടുത്ത ചാര്‍ധാം യാത്രയില്‍ ഞങ്ങള്‍ ബര്‍ക്കോട്ടിലേക്കുള്ള യാത്രയ്ക്കിടെ പലസ്ഥലത്തും മണ്ണിടിച്ചിലുണ്ടായിരുന്നു. സത്യത്തില്‍ ആ യാത്ര ഭയാനകമായിരുന്നു. സംഘാംഗങ്ങള്‍ ഓരോരുത്തരും മുന്നോട്ടു പോകാന്‍ കഴിയുമോ എന്ന് സംശയിച്ചിരുന്നു. എന്നാല്‍ ഉള്ളിലുള്ള എല്ലാഭയവുമടക്കി എല്ലാവര്‍ക്കും ധൈര്യം തന്ന് സാര്‍ മുന്നോട്ടുള്ള യാത്ര നയിച്ചു. അവസാനം ബര്‍ക്കോട്ടെത്തിയപ്പോള്‍ പാതിരാത്രിയായി. ഞങ്ങള്‍ ലോഡ്ജില്‍ കയറുമ്പോള്‍ അവര്‍ ചോദിച്ചു നിങ്ങള്‍ എങ്ങനെയിവിടെയെത്തി. വഴിക്കുണ്ടായിരുന്ന പെട്രോള്‍ പമ്പ് അടക്കം എല്ലാം മണ്ണിനടിയിലാണ്. ഇനി നിങ്ങള്‍ എങ്ങനെ മുന്നോട്ട് പോകും. തിരിച്ചുപോകും. ഇതുകേട്ടപ്പോള്‍ എല്ലാവരും പരിഭ്രാന്തരായി. എന്നാല്‍ ഒട്ടും വേവലാതിയില്ലാതെ സാര്‍ ഞങ്ങളുടെ ടൂര്‍ ഗൈഡ് രാമദാസിനോട് മുന്നോട്ടുള്ള യാത്ര തുടരാന്‍ ധൈര്യം നല്‍കി. യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരിനാഥ് എന്നിവിടങ്ങളിലെല്ലാം ദര്‍ശനം നടത്തി ഞങ്ങള്‍ ഡല്‍ഹിയില്‍ സുഖമായി തിരിച്ചെത്തി. ആ യാത്രയില്‍ ഉടനീളം ഞങ്ങള്‍ ഓരോരുത്തരും ഞങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. ഞങ്ങള്‍ തിരിച്ച് ഡല്‍ഹിയില്‍ എത്തുമ്പോള്‍ ഒരു ദീര്‍ഘയാത്രയായിരുന്നെങ്കിലും എല്ലാ വളരെ പെട്ടെന്ന് കഴിഞ്ഞതു പോലെയായിരുന്നു എല്ലാവര്‍ക്കും.

 

'മാതൃഭൂമി'യെ മറക്കാതെ

2009 സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 12 വരെ നീണ്ടുനില്‍ക്കുന്നതായിരുന്നു ഞങ്ങളുടെ മറ്റൊരു ചാര്‍ധാം യാത്ര. ഡല്‍ഹിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. യാത്രയില്‍ 94 പേര്‍ ഉണ്ടായിരുന്നു. അതില്‍ രണ്ടു പേര്‍ ഡോക്ടര്‍മാരായിരുന്നു. ഗംഗോത്രിയില്‍ എത്തിയപ്പോള്‍ ഭയങ്കര തണുപ്പ്. എല്ലാവരും സെറ്റര്‍ ധരിച്ചിരുന്നു. എന്നാല്‍ തണുപ്പിനെ അകറ്റാനുള്ള ഒന്നും സംഘാംഗമായ കെ.കൃഷ്ണന്‍കുട്ടി (മന്ത്രി) കരുതിയിരുന്നില്ല. അപ്പോള്‍ സാര്‍ പറഞ്ഞു: 'തണുപ്പ് അനുഭവപ്പെടുന്നില്ലെങ്കിലും നെഞ്ച് നന്നായി കവര്‍ ചെയ്യണം'. അത് അദ്ദേഹം യാത്രയില്‍ ഇടയ്ക്കിടെ പറയുമായിരുന്നു. എന്നാല്‍ കൃഷ്ണന്‍കുട്ടിയേട്ടന്‍ അക്കാര്യം അത്ര ഗൗരവമായി എടുത്തില്ല. സന്ധ്യമയങ്ങിയപ്പോള്‍ അദ്ദേഹത്തിന് നെഞ്ചില്‍ ഒരു വേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ സാര്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഡോക്ടര്‍മാരോട് (ഡോ.സി.കെ. രാമചന്ദ്രന്‍, ഡോ.എം.ടി.ജയശങ്കര്‍) പരിശോധിക്കാന്‍ പറഞ്ഞു. കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും തണുപ്പുമായി ബന്ധപ്പെട്ടതാവാമെന്നും അവര്‍ പറഞ്ഞെങ്കിലും സാറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനും ഞങ്ങളുടെ ടൂര്‍ ഗൈഡ് കോഴിക്കോട് വിവേകാനന്ദ ട്രാവല്‍സിലെ രാമദാസും ചേര്‍ന്ന് കൃഷ്ണന്‍കുട്ടിയേട്ടനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലായിരുന്നു. ഇടയ്ക്കിടെ എന്നെ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടേയിരുന്നു. സാറിനൊപ്പം ധാരാളം യാത്ര ചെയ്തിരുന്നെങ്കിലും ഈ യാത്ര തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരനുഭവമായിരുന്നുവെന്ന് കൃഷ്ണന്‍കുട്ടിയേട്ടന്‍ എപ്പോഴും പറയുമായിരുന്നു. അങ്ങനെ എത്ര എത്ര അനുഭവങ്ങള്‍, എത്ര എത്ര യാത്രകള്‍, ഇന്ത്യക്കകത്തും പുറത്തുമായി. ഏത് യാത്രയിലും എത്ര ദൂരെയാണെങ്കിലും യാത്രയിലുടനീളം സാര്‍ 'മാതൃഭൂമി' വിശേഷങ്ങള്‍ ഫോണിലൂടെ ചോദിച്ചറിയുമായിരുന്നു. മാതൃഭൂമിയെ മറന്ന് ഒരു കാര്യവും അദ്ദേഹത്തിനില്ലായിരുന്നു.

kerala m p veerendrakumar writer politician