സാക്ഷരരുടെ രാക്ഷസ മുഖം

author-image
online desk
New Update
സാക്ഷരരുടെ രാക്ഷസ മുഖം

ശ്രീകുമാര്‍.പി

തലയിലിടാനൊരു മുണ്ടു തരൂ–ഇനി
തലയുയര്‍ത്തി നടക്കാനാമോ
തകരുകയായ് മമ കേരളമേ നിന്‍
തലമുറ നേടിയ പേരും പൊരുളും

കാട്ടിലെ കായ്കനി തിന്നു നടന്നും
കാട്ടുമരത്തിലെ തേന്‍ തെരഞ്ഞും
കാടിന്‍ മക്കളലഞ്ഞു നടന്നൊരു
കാടതു നാടായ് മാറിയ നേരം

വേലികള്‍ കെട്ടി കാടു പകുത്തോര്‍
വേട്ടകളാടിക്കാടു തകര്‍ത്തോര്‍
വേലക്കാരായ് കാടിന്‍ മക്കളെ
വേഷം കെട്ടിപ്പണികള്‍ കൊടുത്തോര്‍

സുഖവാസത്തിനു കാടിന്‍ കുളിരും
സഹവാസത്തിനു മധുവും തനുവും
സഹ്യസമീപം കെട്ടിയുണര്‍ത്തീ
സല്‍ക്കാരത്തിനു കേളീഗൃഹവും

അതിരുകള്‍ മാന്തി വേലികള്‍ മാറ്റീ
അവരിന്നിവിടെ താമസമായി
അവരുടെയടിമപ്പണിചെയ്തങ്ങനെ
അഗതികളാശ്രമമില്ലാത്തവരായ്

കാടില്ലവിടെ കനിയില്ലവിടെ
കാട്ടുമരത്തിന്‍ തേനില്ലിവിടെ
കാട്ടിലെ തെളിനീരുറവകള്‍ വറ്റീ
കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങീ

നാട്ടിലിറങ്ങിയ കാട്ടുമൃഗങ്ങള്‍
നാവു നനയ്ക്കാന്‍ ദാഹമകറ്റാന്‍
നദികളിലങ്ങനെ പതിവായ് വരവായ്
നാട്ടിലെ കൃഷികള്‍ ഭക്ഷണമാക്കീ

പശിയതടക്കാന്‍ നാട്ടിലിറങ്ങിയ
പതറിച്ചിതറിയ കാട്ടുമൃഗങ്ങളെ
പതിതരേ നിങ്ങള്‍ തടയാഞ്ഞെന്തേ
പലരും സെല്‍ഫിയെടുക്കാത്തെന്തേ

ബലമുള്ളവനുടെ മുന്നില്‍ ധൈര്യം
ബലിയാടാകും നിങ്ങള്‍ക്കറിയാം
ബലമില്ലാത്തവര്‍ തന്നുടെ മുന്നില്‍
ബഹളം വയ്ക്കാന്‍ നിങ്ങള്‍ക്കറിയാം

ഓര്‍ക്കുക നിങ്ങള്‍ പശിയതടക്കാന്‍
ഒട്ടിയ വയറിന്‍ വേദനമാറ്റാന്‍
ഒട്ടിമെലിഞ്ഞൊരു പ്രാകൃതരൂപം
ഒന്നുശ്രമിച്ചാലതിലപരാധം

ഉടുമുണ്ടൂരി കൈകള്‍ കെട്ടീ
ഉടയോന്മാരായ് നിങ്ങള്‍ പലരും
ഉടലിലടിച്ചു ആക്രോശിച്ചു
ഉന്മദവൃന്ദം സാക്ഷര ലോകം

മനസ്‌സിന്‍ താളം തെറ്റിയ മധുവിന്‍
മിഴിനീരാരും കണ്ടതുമില്ലാ
മാനുഷനെന്നതു നിങ്ങള്‍ മറന്നൂ
മാനവധര്‍മ്മം നിങ്ങള്‍ മറന്നൂ

സെല്‍ഫിയെടുത്തും ലൈക്കിനുവേണ്ടി
സെറ്റുകള്‍ പലതും ഫ്‌ളാഷുതെളിച്ചും
സഞ്ചിയിലുള്ളതു പരതാന്‍ വിരുതര്‍
സദ്ചരിതത്തിനു പോലീസായോര്‍

ഇനി മധുവില്ലാ...ഇനി വരികില്ലാ
ഇനിയവനൊന്നും തിന്നാന്‍ വേണ്ടാ
ഇടറിയമനമതു നിങ്ങളെ നോക്കീ
ഇനി കനിവിന്നായ് കൈനിട്ടില്ലാ

കേഴുക കേഴുക കേരളമേ നിന്‍
കേള്‍വിയുയര്‍ത്തിയ മാനവധര്‍മ്മം
കേവല ക്രൂരമനസ്‌സുതകര്‍ത്താല്‍
കേഴുക കണ്ണീര്‍ ബലിയായ് നല്‍കാം

ഒരു നേരത്തെ വിശപ്പു ശമിക്കാന്‍
ഒരു പാവത്തിനു ചോറു കൊടുക്കാന്‍
ഒരുമിച്ചൊന്നായ് ചേര്‍ന്നു ശ്രമിക്കാം
ഒഴുകിയ പെരുമ തിരിച്ചു പിടിക്കാന്‍

sakshararude mukham