ആത്മ സമർപ്പണത്തിന്റെ ഏടുകൾ

By മോഹൻദാസ് മണ്ണാർക്കാട് .11 10 2020

imran-azhar

 

 

"എന്റെ സ്നേഹത്തിന്റെ ഒപ്പം ചേർന്ന് നടക്കാൻ പോരുന്നോ ?
ഇത്രയും ദിവസങ്ങൾ ഞാനതു ചോദിച്ചില്ല , എനിക്കറിയാം അതിനിഷ്ടമാകില്ലെന്ന് .....എന്നാൽ ഇന്ന് , ഈ നിമിഷം ഞാൻ ചോദിക്കുന്നു............ഉത്തരം കിട്ടുമോ ?"

ഞെട്ടിക്കുന്ന ഒരു ചോദ്യത്തിന് മുൻപിൽ അല്പം പതറിപ്പോയി മാഷ് ...

ശ്രീധരൻ മാഷ് .............. നാട്ടിന്പുറത്തു കാരുടെ കണ്ണിലുണ്ണി യാണ് മാഷ് ..

ഇടവഴികൾ എല്ലാം പരിചയം ......വളഞ്ഞ കാലൻ കുടയുടെ ഒരറ്റം ഭൂമി ദേവിയുടെ മടിയിൽ തട്ടിച്ചെ ശ്രീധരൻ മാഷ് നടക്കൂ ...
ഇടവഴികളിൽ കാണുന്നവരോടൊക്കെ കുശലം പറയും ..ഓരോരുത്തരെയും പേരെടുത്തു വിളിക്കും .....അതാണ് ശ്രീധരൻ മാഷിന്റെ രീതി .....

എന്നാൽ ആര്യപുത്രിയുടെ ആ ചോദ്യം ഒന്ന് മാഷെ നന്നായി കുലുക്കി...( അവളാണ് മാഷിന്റെ സ്യമന്തകം)

ഇങ്ങനെ ഒരു ചോദ്യം ഈ പ്രായത്തിൽ മാഷ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല , സത്യം .....അൻപതുകൾ പിന്നിട്ട ഈ സമയത്തു്................ഇനിയൊരു ക്ഷണം ....അത് വിശ്വസിക്കാമോ ?

ആവൊ , ഒന്നും പിടികിട്ടുന്നില്ല ....

കുട്ടിക്കാലത്തു തറവാട്ട് വീട്ടിൽ നല്ല കർക്കിടക മാസത്തിലുണ്ടായ ദുരനുഭവത്തിനു ശേഷം മാഷ് പിന്നെ ആർക്കും മനസ്സ് കൊടുത്തിട്ടില്ല ....

അതൊന്നും ഓർക്കാൻ കൂടി ആഗ്രഹിക്കാറില്ല മാഷ് ........ജോലി കിട്ടി തന്റെ സ്വന്തം തറവാടിന്റെ പടിയിറങ്ങി ഇപ്പോൾ ഇവിട എത്തിയിട്ട് വർഷങ്ങൾ ഇരുപത്തെട്ടായി ......

ഈ ഇടവഴികളും , അതെല്ലാം ചെന്നവസാനിക്കുന്ന അമ്പലമുറ്റവും, അവിടത്തെ നാഗ ദൈവങ്ങളുടെ പ്രതിഷ്ഠയും , അമ്പലത്തിനോട് ചേർന്ന് നിൽക്കുന്ന അമ്പലക്കുളവും ഇതെല്ലം ആണല്ലോ തന്റെ ലോകം.....

പിന്നെ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന തന്റെ ശിഷ്യ സമ്പത്തും.....
ഇതിൽ കൂടുതൽ പുണ്യം എന്താണ്....

തന്റെ കുട്ടിക്കാലത്തൊക്കെ കർക്കിടക മഴ എന്നാൽ അതൊരു സംഭവം തന്നെയായിരുന്നു .....അന്ന് വെറുതെയല്ല കർക്കിടക മാസത്തെ പഞ്ഞ മാസം എന്ന് വിശേഷിപ്പിച്ചിരുന്നത്....കോരിച്ചൊരിയുന്ന മഴയത്തു ചോർന്നൊലിക്കുന്ന കുടയും പിടിച്, തോളിൽ തുണി സഞ്ചിയിൽ പുസ്തകങ്ങളും , ചോറ്റു പത്രവും ഇട്ട് , കൂട്ടുകാരോടൊത്തു മഴ വെള്ളത്തിൽ കളിച്ചു ട്രൗസറിൽ മുഴുവൻ ചെളിയുമായി സ്കൂളിൽ പോയിരുന്ന ആ കാലം ഇന്നും ഓർമ്മയിൽ തെളിഞ്ഞു വരാറുണ്ട് ....

ഇന്നത്തെ പോലെ നാലു ദിവസം മഴ പെയ്യുമ്പോഴേക്കും പ്രളയമൊന്നും അന്നുണ്ടായിട്ടില്ല ..

മഴയുടെ തോർച്ച നോക്കി മാത്രമേ കാര്യസ്ഥൻ രാഘവൻ നായര് ദൂരെയുള്ള മാർക്കറ്റിൽ പോകൂ .................
വല്യച്ഛന്റെ ഉത്തരവ് കിട്ടിയ ശേഷം, അങ്ങാടി യാത്ര ഒരു രസം തന്നെയാണ് രാഘവൻ നായർക്ക് ....

വല്യച്ഛൻ പറയുന്ന സാധങ്ങളുടെ ലിസ്റ്റൊക്കെ തയ്യാറാക്കി , തോളിൽ ഒരു വെള്ള തോർത്തുമിട്ട് , രണ്ടു ചെവിയിലും പുറത്തേക്കു നീണ്ടു നിൽക്കുന്ന രോമങ്ങളുടെ അകമ്പടിയോടെ യാണ് കാര്യസ്ഥന്റെ അങ്ങാടി യാത്ര ...
മണിക്കൂറുകൾ കഴിഞ്ഞേ നായര് തിരിച്ചെത്തൂ .....പിന്നെ ഒരിരുപ്പും വിവരണവുമാണ് ..................ആ നാട്ടിലെ ഒരു വിധ സംഭവങ്ങളും കൊണ്ടേ നായര് വരൂ................ അതെല്ലാം വല്യച്ചന് വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുക്കണം ....

ഒപ്പം വെറ്റിലയും , ചുണ്ണാമ്പും കലർത്തി അതിന്റെ മുകളിൽ പാക്കിന്റെ കഷ്ണങ്ങളും ഇട്ട് വല്യച്ചന് മുറുക്കാനുള്ളത് തയ്യാറാക്കി കൊടുക്കണം ....

ഇടയ്ക്കിടയ്ക്ക് വല്യച്ചന് തുപ്പാൻ പാകത്തിൽ കോളാമ്പി സ്ഥാനത്തു തന്നെ വെച്ച് കൊടുക്കണം ....സാധാരണ വെക്കുന്ന സ്ഥാനം തെറ്റിയാൽ വല്യച്ഛന്റെ മുഖ ഭാവം മാറും.....അത് രാഘവൻ നായർക്കു നേരത്തെ മനസ്സിലാവും...................

പൊടിപ്പും തൊങ്ങലും കലർത്തിയുള്ള വിവരണം കഴിയുമ്പോഴേക്ക് നേരം ഇരുട്ടി തുടങ്ങും.....

ആ കുട്ടിക്കാലം ഇനി ഓർമകളിൽ മാത്രം .....

തന്റെ സുശീലയുടെ ഓർമകളും...

അവളെ സ്വന്തമാക്കാൻ വേണ്ടി നടന്നിരുന്ന ഊടുവഴികൾ....എല്ലാം മറന്നു തുടങ്ങി ...............

.ഒരു പ്രേമ ലേഖനം ....എഴുതി അത് അവളുടെ കയ്യിൽ എത്തിക്കാൻ അന്നൊക്കെ പെട്ട പാട് ..............അകന്ന ബന്ധത്തിൽ പെട്ട വേറൊരു പെൺകുട്ടിക്ക് ക്ലാസ്സു കഴിഞ്ഞു വരുമ്പോൾ മിടായി വാങ്ങിക്കൊടുത്താണ് അന്നതൊക്കെ സാധിച്ചത് ...

ഒരു കണക്കിൽ കൈക്കൂലി തന്നെ....കാര്യം സാധിക്കേണ്ടെ ? ലക്‌ഷ്യം ആയിരുന്നു പ്രധാനം...മാർഗ്ഗമല്ലായിരുന്നു അന്നൊക്കെ ....

കോളേജിൽ നിന്നും വരുമ്പോൾ ഒരിക്കൽ കശുമാവിൻ തോട്ടത്തിലെ ഏറ്റവു വലിയ മാവിന്റെ പടർന്ന കൊമ്പുകളുടെ ഇടയിൽ നിന്നും , തന്നെയും സുശീലയെയും കയ്യോടെ അമ്മാവൻ പിടി കൂടി വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയതും , വല്യച്ഛന്റെ ചൂരൽ പ്രയോഗവും ഇന്നും ഓർമയിലുണ്ട് ...

ഇന്നത്തെ പോലെ അല്ലായിരുന്നു അന്നത്തെ സ്നേഹം ....

സിനിമക്ക് പോകാൻ തിയേറ്ററുകൾ കുറവ് ....
മാവിന്റെ ഇലകൾ നിലത്തു വിരിച്ചു അവിടെ താനിരുന്നു , മടിയിൽ സുശീലയെ കിടത്തി................ആ കാതുകളിൽ കിന്നാരം പറഞ്ഞിരുന്ന നിമിഷങ്ങൾ എല്ലാം എന്നോ മറന്നു പോയതാണ് ..............

അതിപ്പോൾ ഓർമ്മിപ്പിക്കാൻ സ്യമന്തകത്തിന്റെ ഈ മെസ്സേജ് വേണ്ടി വന്നു ..." എന്റെ സ്നേഹത്തിന്റെ കൂടെ പോരുന്നോ "

അതും ഫേസ് ബുക്ക് മെസ്സഞ്ചറിൽ.............
ഈശ്വര..................കാലം പോയ പോക്ക്....അന്ന് തന്റെ സുശീലക്കു ഒരു പ്രേമ ലേഖനം കൊടുക്കാൻ കൈക്കൂലി കൊടുത്തു ഒരാളെ കാത്തിരുന്ന കാലം........................ഇന്നോ?

ഒരു പക്ഷെ ഇന്നാണ് തന്റെ സുശീല ജീവനോടെയുണ്ടായിരുന്നതെങ്കിൽ..................ശ്രീധരൻ മാഷ് വിതുമ്പി .......
കണ്ണുകൾ തുടച്ചു ....................

ആരുടെയും സഹായമില്ലാതെ എന്തൊക്കെ പറയാമായിരുന്നു ....രാവിനെ പകലാക്കിയും, പകലിനെ രാത്രിയാക്കിയും ......................ഇല്ല വയ്യ ...ഒന്നും ഓർമ്മിക്കാൻ ..............

താൻ കാരണം അവൾക്കു വന്ന കല്യാണ ആലോചനകൾ ഒന്നൊന്നായി മുടങ്ങിയപ്പോൾ ഈ ലോകത്തു നിന്ന് തന്നെ യാത്ര പറയാൻ അവൾ തീരുമാനിച്ചില്ലായിരുന്നെങ്കിൽ....................

......
അന്ന് താൻ കാണിക്കാത്ത ധൈര്യക്കുറവല്ലേ സുശീലയെ തനിക്കു എന്നന്നേക്കുമായും നഷ്ടപ്പെട്ടത് ? മാഷ് ഓർത്തു .....
വിളിച്ചാൽ തന്റെ കൂടെ എപ്പോളോ ഇറങ്ങി വരാൻ തയ്യാറായിരുന്നു സുശീലയെ അന്ന് വിളിച്ചിറക്കി , വേറെ എവിടെയെങ്കിലും പോയി കഞ്ഞിയും ചമ്മന്തിയും കഴിച്ചു ജീവിച്ചിരുന്നെങ്കിൽ ......................

.എത്രയോ പ്രാവശ്യം ഇതൊക്കെ ഓര്ത്തു കരഞ്ഞതാണ് ...............
വർഷങ്ങൾ എത്രയോ പോയി ....

ഇന്നിപ്പോൾ തന്നോട് ചോദിക്കുന്നു.... വേറൊരാൾ " എന്റെ സ്നേഹത്തിന്റെ ഒപ്പം നടക്കാൻ കൂടുന്നോ, ?' എന്ന്....
എന്താണ് തനിക്കു പറയാൻ കഴിയുക................അല്ലെങ്കിൽ എന്ത് താൻ പറയും.....................

തന്റെ മുൻപിൽ ആത്മ സമർപ്പണം ചെയ്ത , അല്ലെങ്കിൽ ചെയ്തു എന്ന് മെസ്സേജിൽ എങ്കിലും പറയുന്ന സ്യമന്തകത്തിനെ എങ്ങനെ ഇനി അകറ്റും?

അവരെന്തിനാ ഇങ്ങനെ ചെയ്തത് ?
ഒരിക്കൽ ശ്രീധരൻ മാഷ് പറഞ്ഞു

" നോക്ക്, സ്യമന്തകം ....എല്ലാം സമ്മതിച്ചു ....ഏതു ഭാവവും അംഗീകരിക്കാം ......അനിയത്തി , ചേച്ചി , 'അമ്മ
, കൂട്ടുകാരി, ശിഷ്യ ...................എന്തും ...................എന്നാൽ വേറൊരു ഭാവത്തിലേക്ക് ദൂരം കൂടുതലാണ് ...........അത് നീ അറിയുക , അറിഞ്ഞേ പറ്റൂ "

ഇതെല്ലം പല പ്രാവശ്യം മാഷ് അവരോടു പറഞ്ഞു.....
അവൾ കെഞ്ചി

" മാഷെ, എനിക്ക് ഒന്നും വേണ്ട ...............ഞാൻ ആത്മ സമർപ്പണം ചെയ്തു കഴിഞ്ഞു .....ആ കാൽക്കൽ പ്രണമിക്കുന്നു മാഷെ , ആർക്കു വേണമെങ്കിലും നിങ്ങളുടെ മനസ് കൊടുത്തോ.........
എന്നോട് ഒരിത്തിരി സ്നേഹം ഉണ്ടെന്നു പറഞ്ഞാൽ മതി"

" എനിക്ക് മാഷെ , മാഷിന്റെ വാക്കുകളിൽ കൂടി അത് കേൾക്കണം , എന്നെ ഇത്തിരി ഇഷ്ടമാണെന്ന് "

" ഇഷ്ടമല്ലെന്നും ഞാൻ എവിടെയെങ്കിലും പറഞ്ഞോ, ?" മാഷ് എല്ലാ ചോദ്യത്തിനും ഉത്തരം ഇതിൽ ഒതുക്കി നടക്കാൻ തുടങ്ങി കുറെയായി ....

അല്ലെങ്കിൽ തന്നെ മാഷ് എന്താ ചെയുക? തന്റെ അനുവാദം ഇല്ലാതെ തന്നെ ഹൃദയത്തിൽ വെച്ച് ആരാധിക്കാൻ ആർക്കാ അവകാശം ഇല്ലാത്തത്? അതിലിത്ര വലിയ തെറ്റുണ്ടോ ?

ഈ ലോകത്തു എത്രയോ പേര് മറ്റുള്ളവർ അറിയാതെ വേറൊരാളെ ആരാധിക്കുന്നുണ്ടാവും ....
അപൂർവം ചിലർ മാത്രമേ അത് പറയൂ .....................

ചിലർക്ക് അത് സ്വപ്നത്തിൽ വന്നു പോകും .....വീണ്ടും വീണ്ടും സ്വപ്നം കാണുമ്പൊൾ അവരതു പറഞ്ഞു പോകും .....
അതിലേന്ത തെറ്റ് ?
ഇതിനിടയില് മാഷ് പെട്ടെന്ന് അതോർത്തു പോയി ....

താൻ തന്റെ ദേവിയുടെ മുൻപിൽ സ്വയം സമർപ്പിച്ചു കഴിഞ്ഞതല്ലേ ? ദേവി പ്രസാദിച്ചാലും ഇല്ലെങ്കിലും അതിൽ നിന്നും തനിക്കു ഒരു മടക്ക യാത്ര സാധ്യമാണോ ? ഒരിക്കലുമില്ല....

ഇതേ പോലെ സ്വപനത്തിൽ അവിടെയെത്തി നേരം പുലരാൻ കാലത്തു താൻ ആരെയോ ( ദേവിയെ തന്നെ ) പുതപ്പിച്ചു കിടത്തി , തലയിൽ താഴ്ന്നു കിടക്കുന്ന മുടിയിഴകൾ ഒതുക്കി വെച്ച് , നെറ്റിത്തടത്തിൽ അമർത്തി ചുംബിച്............................അതായിരുന്നല്ലോ ആ സ്വപ്നം .....

അത്രയും ആഴത്തിൽ സ്വപനത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞ ആ ദേവീ ഭാവത്തിനു മുൻപിൽ താൻ സ്വയം സറണ്ടർ ചെയ്തു കഴിഞ്ഞതല്ലേ ?

" ശരീരമില്ലെങ്കിലും, ആത്മാവിനെ പ്രണയിച്ചു കൊണ്ട് നമ്മൾ എന്നും കൂടെ ഉണ്ടാവില്ലേ ? ഏട്ടാ"
അതായിരുന്നു അവളുടെ സംശയം .................

അതിൽ നിന്നും മോചനം സാധ്യമല്ലാത്ത താൻ ഇപ്പോൾ എന്ത് മറുപടി കൊടുക്കും സ്യമന്തകത്തിന് ?

മാഷ് നടത്തം തുടർന്ന് കൊണ്ടിരുന്നു....
ഇടവഴികൾ താണ്ടിക്കൊണ്ടിരുന്നു ....
കാണുന്നവർക്കൊക്കെ മനസ്സിലായി " ഇന്ന് മാഷ് ആകെ അസ്വസ്ഥനാണ് "

എന്നാൽ ആർക്കും മാഷോട് നേരിട്ട് ചോദിയ്ക്കാൻ ധൈര്യമില്ല .....കാരണം അന്നാട്ടിലെ ഒട്ടു മിക്ക ചെറുപ്പക്കാരും മാഷിന്റെ ശിഷ്യ ഗണത്തിൽ പെട്ടവർ തന്നെ ......
മനസ്സിനറിയില്ലല്ലോ, മനുഷ്യന്റെ മതിൽക്കെട്ടുകൾ ...............വെറുതെ മാഷ് ചിന്തിച്ചു...............

അപ്പോളേക്കും അമ്പല മുറ്റത്തു എത്തിക്കഴിഞ്ഞിരുന്നു ....
അരയാലിന്റെ ചുവട്ടിൽ സിമന്റിട്ട പടികളെ നോക്കി മാഷ് ഇരുന്നു ...കാലൻ കുട ഓരോരം ചേർത്ത് മണ്ണിൽ കുത്തി നിർത്തി ..............

'നമസ്കാരം മാഷെ ," പലരും അതും പറഞ്ഞു പോകുന്നുണ്ടായിരുന്നു....
അമ്ബലത്തിന്റെ പ്രദക്ഷിണ വഴിയേ നോക്കി മാഷ് ചിന്തയിലാണ്ടു ....
നാട്ടിലെ പ്രമാണിയായ അദ്ധ്യാപകൻ ...............അതിൽനിന്നും മാഷ് മാറി ........കണ്ണുകളിൽ നിന്നും കണ്ണ് നീര് കുടു കുടെ ഒഴുകാൻ തുടങ്ങി .............

കഴിഞ്ഞ ഇരുപത്തെട്ടു വര്ഷങ്ങളായി ഈ നാട്ടിലെ ഒട്ടു മിക്ക പ്രശ്നങ്ങളിലും പരിഹാരം കാണാൻ ആൾക്കാർ സമീപിച്ചത് മാഷിനെയാണ്.
അതൊക്കെ ഭംഗിയായി താൻ തീർത്തു കൊടുത്തു ....

" അയ്യേ, എന്താ ശ്രീയേട്ടാ , ഇതൊക്കെ , ഞാനെന്നും ശ്രീയേട്ടന്റെ കൂടെ ഇല്ലേ , വിഷമിക്കേണ്ട"
തന്റെ സുശീലയുടെ ശബ്ദം എവിടെ നിന്നോ മുഴങ്ങുന്ന പോലെ തോന്നി മാഷിന് ....

തനിക്കറിയാം...............താൻ എന്നൊക്കെ ഒരു തീരുമാനം എടുക്കാൻ ബുദ്ധി മുട്ടിയോ , അന്നൊക്കെ അശരീരി മാതിരി അവളുടെ ശബ്ദം താൻ കേട്ടിട്ടുണ്ട് ...................

" നീ തന്നെ ഒരു തീരുമാനം പറഞ്ഞു താ ...................സ്യമന്തകത്തിന് ഞാൻ എന്താ മറുപടി കൊടുക്കുക " മാഷ് ആരോടോ ചോദിച്ചു .................

അവളുടെ ചില വാക്കുകൾ അയാളുടെ ചിന്തകളിൽ തട്ടിയുടഞ്ഞു

" മാഷെ, എനിക്ക് ഒരു കുഞ്ഞു മനസ്സുണ്ട് , അതിൽ കുഞ്ഞു കുഞ്ഞു ചിന്തകളും , പിന്നെ ചെറിയ സ്വപ്നങ്ങളും, മോഹങ്ങളും .....പക്ഷെ എല്ലാം മോഹ ഭാംഗങ്ങൾ മാത്രമായി ഒതുങ്ങി മാഷെ"

ഇതെപ്പോഴും അവൾ പറഞ്ഞിരുന്നു ...
ഇടയ്ക്കു തന്നോട് പാട്ടു പാടാൻ പറയുമായിരുന്നു....
എല്ലായ്പ്പോഴും താൻ അവരെ ഉപദേശിച്ചിട്ടുണ്ട്.............

" നോക്കൂ, എത്ര നേരം സംസാരിച്ചാലും , കുഴപ്പമില്ല...മനസ്സ് മാത്രം അടിയറവു വെക്കരുത് ഒരിക്കലും ............അതും അർദ്ധ രാത്രിയിലെ സംസാരങ്ങൾ ................അവിട ശ്രദ്ധിക്കണം ...................വിചാരം വികാരങ്ങൾക്ക് വഴി മാറാൻ അത് കാരണമാകും"

അപ്പോഴും അവർക്കു ഒന്ന് മാത്രമേ അറിയേണ്ടൂ.

" മാഷെ, ദേവി എന്നെങ്കിലും തിരിച്ചു വന്നാൽ മാഷ് സ്വീകരിക്കുമോ ? "

അത് മാത്രം അവർക്കു അറിയേണ്ടതായിരുന്നു.....

താൻ ദേവി ഭാവത്തിൽ സങ്കല്പിച്ചു ആരുടെ മുന്നിലാണോ സ്വയം സമർപ്പിച്ചത് ................അതാണ് അവർ ഉദ്ദേശിച്ചത് ............

ചില ചെറിയ സൗന്ദര്യ പിണക്കങ്ങൾ, വലിയ പിണക്കങ്ങൾ ആയി തന്നോട് യാത്ര പറഞ്ഞു പോയ ദേവിയുടെ കാര്യമാണ് അവർ ചോദിച്ചത്....

എന്നാൽ , താനോ ..................
ഉത്തരം കിട്ടാതെ , ക്ലാസ്സിൽ കുട്ടികൾ ചില ചോദ്യങ്ങൾക്കു മുന്നിൽ വെള്ളം കുടിക്കുന്ന പോലെ..................വിയർക്കുന്നു.....അതും അരയാലിന്റെ നനുത്ത ഇളം കാറ്റുണ്ടായിട്ടു പോലും ...........

അമ്പലത്തിന്റെ പ്രദക്ഷിണ വഴിയേ ചുറ്റി വീശുന്ന കാറ്റിന് പോലും മാദക മണം ഉള്ളതായി മാഷിന് തോന്നി .....
മദം പൊട്ടി ഒലിക്കുന്ന ആനയുടെ ഗതിയിലാണ് താനെന്നു മാഷിന് മനസ്സിലായി....................

" മാഷെ നമ്മുടെ ബന്ധം പവിത്രമാകണം , ആകാശത്തിലെ പറവകളെ പ്പോലെ, നമ്മളെ പോലെ നമ്മൾ മാത്രം , ലോകത്തിനു മാതൃകയാവണം "

സ്യമന്തകത്തിന്റെ അവസാന വരികൾ വീണ്ടു വീണ്ടു മാഷ് വായിച്ചു ..............

ഉത്തരം കിട്ടാത്ത സമസ്യകൾക്കൊടുവിൽ ശ്രീധരൻ മാഷ് തിരിച്ചറിഞ്ഞു ...

അതാ ദേവി തന്റെയടുത്തേക്കു നടന്നു വരുന്നു ................സാക്ഷാൽ ഭഗവതി തന്നെ...................

അമ്പലക്കുളത്തിൽ ഇറങ്ങി കയ്യും കാലും കഴുകി, വീണ്ടും നടന്നു വരുന്നു ...

നെറ്റിയിൽ മഞ്ഞൾ കൊണ്ട് കുറിയുണ്ട് .....
മുകളിൽ കുങ്കുമപ്പൊട്ട് ...
അതിന്റെ മുകളിൽ ചന്ദനം കൊണ്ട് ..........
ഏറ്റവും മുകളിൽ ഭസ്‌മം കൊണ്ട് വരച്ച നീണ്ട വര ....................

തന്റെ നേരെ തിരിഞ്ഞ ദേവി ചോദിച്ചു

.." ഏട്ടാ, വരൂ , നമുക്കൊരുമിച്ചു തിരിഞ്ഞു നടക്കാം , പോരില്ലേ എന്റെ കൂടെ? "

എല്ലാം അവസാനിച്ചു ലോകം കീഴ്മേൽ മറിഞ്ഞ പോലെ മാഷിന് തോന്നി...
താൻ സ്വയം സമർപ്പിച്ച ദേവിയുടെ
വിളികൾക്കു കാതു കൊടുക്കണോ ?

അതോ, തന്റെ മുൻപിൽ ആത്മസമർപ്പണം നടത്തിയ ശേഷമുള്ള വിളികൾക്കു കാതു കൊടുക്കണോ ?

എന്തായാലും ചിന്തകളേക്കാൾ , ബന്ധങ്ങൾ മനോഹരമായിരിക്കട്ടെ.....

എന്ന് താൻ തന്നെ കുട്ടികളെ പഠിപ്പിച്ച ആ പാഠഭാഗത്തിൽ തട്ടി മാഷിന്റെ ചിന്തകൾ ചിന്നി ചിതറി ......

 

OTHER SECTIONS