ചിത

അങ്ങനെ ഇരുൾ തിന്നുതീർത്ത വഴികളിൽ തിട്ടമില്ലാതെ അലഞ്ഞലഞ്ഞാണ് അയാൾ ഒടുക്കം അവിടെ എത്തിച്ചേർന്നത്. അവിടെയും വെട്ടമുണ്ടെന്നു പറഞ്ഞുകൂട. എന്നാലും, അലഞ്ഞ വഴികളോട് തട്ടിക്കുമ്പോൾ ഇരുട്ടിന് ഒരു നേർപ്പ്..! ഇനി പോകേണ്ട വഴികൾക്കായി അയാൾ ആ നേർപ്പിലേക്ക് ചൂഴ്ന്നു... "ഒരുപാട് അലഞ്ഞു.അല്ലെ സുഹൃത്തേ..!" പിന്നിൽ നിന്ന് ശബ്ദം കേട്ട് അയാൾ ഞെട്ടിത്തിരിഞ്ഞു.വ്യക്തമായി ഒന്നും കാണുന്നില്ല.പക്ഷെ,അവിടെ...അവിടെ എന്തോ ഉണ്ട്.

New Update
ചിത

അങ്ങനെ ഇരുൾ തിന്നുതീർത്ത വഴികളിൽ തിട്ടമില്ലാതെ അലഞ്ഞലഞ്ഞാണ് അയാൾ ഒടുക്കം അവിടെ എത്തിച്ചേർന്നത്. അവിടെയും വെട്ടമുണ്ടെന്നു പറഞ്ഞുകൂട. എന്നാലും, അലഞ്ഞ വഴികളോട് തട്ടിക്കുമ്പോൾ ഇരുട്ടിന് ഒരു നേർപ്പ്..! ഇനി പോകേണ്ട വഴികൾക്കായി അയാൾ ആ നേർപ്പിലേക്ക് ചൂഴ്ന്നു...

"ഒരുപാട് അലഞ്ഞു.അല്ലെ സുഹൃത്തേ..!"

പിന്നിൽ നിന്ന് ശബ്ദം കേട്ട് അയാൾ ഞെട്ടിത്തിരിഞ്ഞു.വ്യക്തമായി ഒന്നും കാണുന്നില്ല.പക്ഷെ,അവിടെ...അവിടെ എന്തോ ഉണ്ട്.

"...കുറച്ചു നേരം ഇവിടെ വിശ്രമിക്കാം.ഇനി മുന്നോട്ട് കടന്നു പോകേണ്ടത് സൂചകം ലഭിച്ചതിനു ശേഷമാണ്.അപ്പുറത്തായി ഒരു മഞ്ഞ വെട്ടം തെളിഞ്ഞു വരും.അപ്പോഴാണ് നാം നടന്നു തുടങ്ങേണ്ടത്..."

"അത്.അത് നിങ്ങൾക്ക് എങ്ങനെ അറിയാം? !"അയാൾ ചോദിച്ചു.

"ഞാൻ വരുമ്പോൾ മറ്റൊരാൾ ഇവിടെ ഉണ്ടായിരുന്നു.അയാൾ പറഞ്ഞു തന്നതാണ്.ഇവിടെ ഇരുന്ന് സമയം ചെല്ലും തോറും നമ്മുടെ ഓർമകൾ ശോഷിച്ച് ശോഷിച്ച് വരും.ഒടുക്കം ആ മഞ്ഞ വെട്ടം തെളിയുമ്പോൾ നമ്മൾ മുന്നിൽ കാണുന്ന പാലത്തിലൂടെ മുന്നോട്ട് നടക്കണം.നൂല് കൊണ്ട് കെട്ടിയ പാലമാണ്,സൂക്ഷിക്കണം.അതിനാണ് വെട്ടം തെളിയുന്നത്.ഇത്രയും ഇനി വരുന്ന ആളോട് പറയാൻ എന്നെ ഏൽപിച്ചു..! എന്റെ ഓർമ മുരടിച്ചു തുടങ്ങും മുമ്പ് പറഞ്ഞവെന്നെ ഉള്ളൂ.താങ്കളും ഇത് പോലെ ചെയ്തേക്കൂ.ഇനിയൊരാൾ വരുമ്പോൾ..."

"നമ്മൾക്ക് എന്താ പറ്റ്യേ.ഇതിപ്പൊ എവിടെയാ സ്ഥലം..!?"

"നമ്മൾ മരിച്ചിരിക്കുന്നു.അങ്ങനെയാണ് മറ്റെയാൾ പറഞ്ഞു തന്നത് .ഈ സ്ഥലം ജീവനും ജീവനില്ലായ്മയ്ക്കും ഇടയിൽ എവിടെയോ.പറഞ്ഞല്ലോ, എനിക്ക് ഓർമ കെട്ടു തുടങ്ങിയെന്ന് തോന്നുന്നു..!"

"നിങ്ങളുടെ പേര്...?"

"അറിയില്ല.ആദ്യം വന്നത് ഞാനല്ലേ...ഞാൻ ഒന്നാമൻ.നീ രണ്ടാമൻ.അത് പോരെ..!"

രണ്ടാമൻ ചിരിക്കാൻ ശ്രമിച്ചു.

"...ഞാൻ വന്നപ്പോൾ സംസാരിച്ചിരുന്നത് നിന്നെപ്പോലെ ആയിരുന്നു എന്ന് തോന്നുന്നു.ഇതേ ശൈലിയിൽ.ഉറപ്പില്ല.എന്നാലും അങ്ങനെ തോന്നുന്നു. പറയുന്ന രീതി ഞാൻ മറന്നെന്നു തോന്നുന്നു..." ഒന്നാമൻ പറഞ്ഞു..."മനസ്സിലാവുന്നുണ്ട്..എന്നാലും..!"

"...എനിക്ക് പേടിയാവുന്നുണ്ട്. കുറച്ച് നേരം കൂടി കഴിഞ്ഞാൽ നിങ്ങള് പോകും.ഞാനിവിടെ തനിച്ച്.ഒറ്റയ്ക്ക്..! എനിക്ക് ഭയമാണ്.ഒറ്റയ്ക്ക് ഞാൻ നടന്നപ്പോൾ.കൊറേ ആളോള്. ഒരലർച്ച..! അതിനു ശേഷം കണ്ണ് തുറക്കുമ്പോൾ ഞാൻ ഈ ഇരുട്ടിലാണ്.അവർ ഈടേം വന്നാലോ..!"

"ഇവിടെയാര് വരാനാണ്? എന്നെ പോലെ നീയും തനിച്ചിരിക്കുമ്പോൾ വേറെ ആരെങ്കിലും വരും.അവരോട് ഇതുപോലെ ഒന്ന് രണ്ടു വാക്കു മിണ്ടിപ്പറയുമ്പോൾ വെട്ടം തെളിയും.അത്ര തന്നെ...!വന്ന നേരത്ത് ഞാനും ഇതുപോലെ ആയിരുന്നു എന്ന് തോന്നുന്നു.പേടി, ആകുലത. എന്നെയും ഇതു പോലെ ആരൊക്കെയോ ചേർന്ന്...! ആവോ..!ചിലപ്പോൾ ഓർമ ചിതലിക്കുമ്പോൾ നിന്റെത് ഞാൻ കടം കൊളളുന്നതവാനും മതി... "

ഒന്നാമൻ നെടുവീർപ്പിട്ടു...

"ങ്ങള് പറയും പ്രകാരം ആണേൽ മ്മള് തമ്മിൽ എന്തോ ബന്ധൂള്ള പോലെ.ഈ ഇരുട്ടത്ത് എങ്ങനെ അറിയാനാണ്..!പക്ഷെ ഈ ശബ്ദം ഞാൻ കേട്ടിട്ടില്ല.മുമ്പൊന്നും..." രണ്ടാമൻ പറഞ്ഞു...

"ഹാ.ചിലപ്പോൾ എന്തെങ്കിലും ബന്ധം കാണും.ഏതെങ്കിലും ഒരിടത്ത് നമ്മൾ ഒരുമിച്ച് എന്തൊക്കെയോ ചെയ്ത് കാണും.ജീവിച്ച് തീർത്ത് തിരിഞ്ഞു നോക്കുമ്പോൾ ജീവിതം എന്തൊരു തമാശയാ അല്ലെ.എന്തൊക്കെയോ പഠിച്ച് ആർക്കൊക്കെയോ വേണ്ടി എന്തൊക്കെയോ ചെയ്ത്കൂട്ടി ഒടുക്കമിങ്ങനെ ഈ കൂരിരുട്ടിൽ ഇങ്ങനെ ഒന്നാമനും രണ്ടാമനും ആവാൻ വേണ്ടിയുള്ള പെടാപ്പാട്... " ഒന്നാമൻ ചിരിക്കാൻ ശ്രമിച്ചു.രണ്ടാമനും..!

നേരം ഒഴുകി.കാത്തിരിപ്പിന്റെ ഏതോ യാമത്തിൽ നൂൽപ്പാലത്തിനെ പീതവർണത്തിൽ പൊതിഞ്ഞ ഒരു അരണ്ട വെട്ടം പ്രത്യക്ഷപ്പെട്ടു.രണ്ടാമൻ അതുകണ്ട് ഞെട്ടി എഴുന്നേറ്റു..!

"അതേ...നിങ്ങളുടെ ഊഴം ആയെന്നു തോന്നുന്നു.എവിടെയാണ് ഇരിക്കുന്നത്?"..

ആരും മറുപടി പറഞ്ഞില്ല.അയാൾ തന്നിലേക്ക് പതുങ്ങി. ഒന്നുമൊന്നും ഓർത്തെടുക്കാനാവാതെ അയാൾ വർത്തമാനത്തിൽ പിടഞ്ഞു. ആലോചനയുടെ ഏതോ വിനാഴികയിൽ മഞ്ഞ വെളിച്ചം പതിയെ പതിയെ താഴ്ന്നു..!

മറുപുറം പേരറിയാത്ത "അവരുടെ" നാട്ടിൽ ഒന്നാമന്റെ ചിത കത്തി അമർന്നിരുന്നു.

രണ്ടാമന്റെ ചിത ഒരുങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ..!റോഡുകളിൽ കട്ട കെട്ടിയ ചോരപ്പാടുകൾ ഉണങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ..! വെട്ടേറ്റു വീണ ഇരുവരുടെയും മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞ ദിനപ്പത്രങ്ങളിൽ അച്ചടി മഷി പടരുന്നതേയുണ്ടായിരുന്നുള്ളൂ..!മുതലക്കണ്ണീർ അവസാനിപ്പിച്ച് ഇനി വെട്ടി വീഴ്ത്തേണ്ടവന്റെ കണക്കെടുപ്പിനായി മുന്നണി ആപ്പീസുകളുടെ താഴുകൾ തുറക്കപ്പെടുന്നതേയുണ്ടായിരുന്നുള്ളൂ..!

ഇരുളിൽ അപ്പോഴും രണ്ടാമൻ ഒന്നാമനാവാനുള്ള കാത്തിരിപ്പിൽ ആയിരുന്നു..!

സചിന്ത് പ്രഭ

ഗവേഷണ വിദ്യാർത്ഥി

രസതന്ത്ര വിഭാഗം

ഐഐടി മദ്രാസ് 

short story chitha