/kalakaumudi/media/post_banners/4a4d3da1b95430a029a28df4d7ed8402dfc27d58e26034e99bc6dede9c9d25e9.jpg)
'ഈ ജങ്ഷനിൽ നിന്ന്
ഇടത്തോട്ടോ വലത്തോട്ടോ
എന്നിപ്പോഴും അറിയില്ലേ?'
'ഇല്ല, ആ കവലയിൽ
ഇളംകാറ്റിനു താളം പിടിക്കുന്നിലകളുള്ള
ഒരു നല്ലാൽമരമുണ്ടെന്നറിയാം.'
എൻറെ മൗനം വാചാലമാകും.
'ഞാൻ പറയുന്നതൊന്നും
നീ കേൾക്കുന്നില്ലേ?'
'ചിലപ്പോളില്ല, പക്ഷേ
ഉണ്ടെന്ന് വരുത്താനെങ്കിലുമറിയാം.
'മനസ്സാന്നിധ്യമില്ലായ്മ' എന്നൊരു
അസുഖമുണ്ടെന്ന്.
'ഉണ്ടാവാം! പിന്നെയത്
ഒരു വർഗ്ഗത്തിനു മാത്രം
കുത്തകയൊന്നുമല്ലല്ലോ!'
'ഓ, അവളൊരു ട്യൂബ് ലൈറ്റാണെന്നേ,
തമാശ കേട്ട് ചിരിച്ചു വരാൻ സമയമെടുക്കും.'
'ആയിരിക്കാം, എന്നാൽ
അതിലും രസമുള്ള ഒരു കൂട്ടം
എന്നെ രസിപ്പിക്കുന്നുണ്ട്.'
ട്യൂബ് ലൈറ്റെന്നല്ല, അന്ധയോ
ബധിരയോ മൂകയോ,
മനസ്സ് കവിതയെ ഗർഭം പേറിയാൽ
അങ്ങനെയൊക്കയാവാം.
പലതിനോടും കൊതി തോന്നും
ഗർഭകാലം. കരുതൽ. വാത്സല്യം.
സുഖമുള്ള പേറ്റു നോവ്.
പിന്നയൊരു സുഖപ്രസവം.
അത്യാനന്ദം!
എൻറെ ഛായയിലുള്ള,
എന്നെയിങ്ങും പോറ്റുന്ന
എൻറെ കുഞ്ഞുങ്ങൾ!
കളിച്ചും ചിരിച്ചും
ഉണ്ടുമൂട്ടിയും
മഴ നനഞ്ഞും
വെയിൽ കാഞ്ഞും
പാടിയാടി മതി മറന്ന്
ഞങ്ങളങ്ങനെ..
~ സിതാര അഷ്‌റഫ്