'പ്രണയിക്കുമ്പോള്‍ ദൈവം എന്റെ ഹൃദയത്തിലുണ്ടെന്നു പറയരുത്, ഞാന്‍ ദൈവ ഹൃദയത്തിലെന്നെ പറയാവൂ'

ഖലീല്‍ ജിബ്രാന്‍ പറഞ്ഞു: 'പ്രണയിക്കുമ്പോള്‍ ദൈവം എന്റെ ഹൃദയത്തിലുണ്ടെന്നു പറയരുത്. ഞാന്‍ ദൈവ ഹൃദയത്തിലെന്നെ പറയാവൂ'

author-image
Web Desk
New Update
'പ്രണയിക്കുമ്പോള്‍ ദൈവം എന്റെ ഹൃദയത്തിലുണ്ടെന്നു പറയരുത്, ഞാന്‍ ദൈവ ഹൃദയത്തിലെന്നെ പറയാവൂ'

 

ഖലീല്‍ ജിബ്രാന്‍ പറഞ്ഞു: 'പ്രണയിക്കുമ്പോള്‍ ദൈവം എന്റെ ഹൃദയത്തിലുണ്ടെന്നു പറയരുത്. ഞാന്‍ ദൈവ ഹൃദയത്തിലെന്നെ പറയാവൂ'

അതെ! ദൈവത്തിന്റെ സ്പര്‍ശവുമായി ജനിച്ച എഴുത്തുകാര്‍, അവരുടെ പ്രണയം! അതവരുടെ അസ്തിത്വത്തിന്റെ ഭാഗമായി തീരുമ്പോള്‍ ലോകം കണ്ടതില്‍ വെച്ചേറ്റവും ദൃഢവും വ്യത്യസ്തങ്ങളുമായ പ്രണയങ്ങളായി തീരുന്നു. ആ പ്രണയങ്ങള്‍ വഴി ലോക സാഹിത്യത്തിന് ലഭിച്ചത് അതി മഹത്തായ ചില രചനകളും!

മലയാളത്തിന്റെ ഇടപ്പള്ളിയുടെ പ്രണയം ചങ്ങമ്പുഴക്ക് രമണന്‍ എന്ന മഹത്തായ ഒരു കൃതിക്ക് കാരണമായി, കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന് ഭാര്യയെ പിരിഞ്ഞതിലുള്ള പ്രണയ വിഷാദം, വിരഹം അതുല്യമായ മയൂര സന്ദേശത്തിനു കാരണമായി. അങ്ങനെയൊക്കെയുള്ള ചില വിശ്വപ്രസിദ്ധ പ്രണയങ്ങളിലൂടെ ഈ വാലെന്റൈന്‍സ് ദിനത്തില്‍ ഒരു യാത്ര! പ്രണയാതുരമനസ്സുമായി...

മംഗലം ശിവന്‍

ഒരു കാമ്പസ്. എങ്ങും തളിര്‍ത്തു നില്‍ക്കുന്ന വാകമരങ്ങളും വാടാമല്ലിമരങ്ങളും. അതിന്റെ തളിര്‍ത്തുമ്പത്തു മഞ്ഞിന്‍കണം തുളുമ്പി നില്പുണ്ട്. തലേന്ന് പൊഴിഞ്ഞ മഞ്ഞയും ചുവപ്പും കലര്‍ന്ന പൂക്കള്‍ വര്‍ണപ്പകിട്ടുള്ള പരവതാനി പോലെ ആ മരങ്ങള്‍ക്ക് താഴെ കിടപ്പുണ്ട്. അതിനുതാഴെ പലസ്ഥലത്തായി പ്രണയജോഡികള്‍ തൊട്ടുരുമ്മി ഇരുപ്പുണ്ട്. മുഖം വ്യക്തമല്ല! ഒരുപക്ഷെ നമ്മളിലാരെങ്കിലും ഒക്കെ ആയിരിക്കാനും വഴിയുണ്ട്. താഴെ കുളിരുമായി ഒരു പുഴ ഒഴുകുന്നുണ്ടാകാം.

ഇത് ഈ ആകാശത്തിനു താഴെയുള്ള ഏതെങ്കിലും ഒരു കാമ്പസ്സുമാകാം. അവിടെ തളിര്‍ത്ത പ്രണയങ്ങളുടെ ഓര്‍മ്മകള്‍. ഉപേക്ഷിച്ചുപോയ ചില പ്രണയ മുഹൂര്‍ത്തങ്ങള്‍. ഇത് പ്രണയമസം! പ്രണയ ജോഡികളുടെ ദിനം- ഫെബ്രുവരി 14.

ചരിത്രത്തില്‍ ഇടം പിടിച്ച ചില പ്രണയങ്ങള്‍ കണ്ടെടുക്കുകയാണിവിടെ. പ്രണയത്തെപ്പറ്റി മഹാഗീതങ്ങള്‍ എഴുതിയ ഷെല്ലി പറഞ്ഞത്.

'സ്വര്‍ണം പോലും പങ്കുവെച്ചാല്‍ കുറയും, എന്നാല്‍ പ്രണയം പങ്കിടുംതോറും അത് ഉജ്വലമാകുകയേ ഉള്ളു' എന്നാണ്.

അത്തരത്തിലുള്ള, പ്രണയം മാറ്റിമറിച്ച ചില ജീവിതങ്ങള്‍ ലോകസാഹിത്യത്തിലെ പല അത്യുന്നത സൃഷ്ടികള്‍ക്കും കാരണമായി തീര്‍ന്നു. അകാലത്തില്‍ പൊലിഞ്ഞു പോയ മള്‍ബെറിയുടെ ഷെല്‍വിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പ്രണയത്തെ കലയും കലാപവും അതിജീവനത്തിന്റെ നൈസര്‍ഗ്ഗീക മാര്‍ഗവുമാക്കിയ ചില മഹാ സാഹിത്യകാരന്മാര്‍, പ്രണയത്തെപ്പറ്റി പറയുമ്പോള്‍ അവരെ സ്പര്‍ശിക്കാതെ പോകാനാവില്ല.

ആധുനിക ജര്‍മ്മന്‍ സാഹിത്യത്തിലെ അതുല്യ പ്രതിഭയായിരുന്ന ഫ്രാന്‍സ് കാഫ്ക ഒരു കാലഘട്ടത്തിലെ നോവല്‍ ആരാധകരുടെ മനസ്സില്‍ അഗ്‌നി കോരിയിട്ട നോവലിസ്റ്റായിരുന്നു. ഒരു വിഷാദ ഗാനമായി ജീവിച്ച ഫ്രാന്‍സ് കാഫ്ക്കയുടെ ജീവിതത്തില്‍ അദ്ദേഹമെഴുതിയ സാഹിത്യത്തിന്റെ ആകര്‍ഷണത്തില്‍ എട്ടോളം സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാമുകി പദം അലങ്കരിച്ചിട്ടുണ്ട്. അവരുടെ സാമിപ്യത്തില്‍ എത്രയോ മഹത്തരങ്ങളായ നോവലുകള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടായി. അസ്തിത്വ ദര്‍ശനപരമായ നോവല്‍ സാഹിത്യത്തിലൂടെ എത്രയെത്ര സാഹിത്യപ്രേമികളെ ആണ് അദ്ദേഹം മാറ്റിമറിച്ചത്. അദ്ദേഹം അവര്‍ക്കെല്ലാം പ്രണയ ലേഖനങ്ങള്‍ എഴുതിയിട്ടും ഉണ്ട്.

അക്കാലത്തു കത്തുകള്‍ പ്രണയത്തിന്റെ അവിഭാജ്യ ഘടകമായിരുന്നല്ലോ. അതിലൊന്ന് ഇതാ:

''പ്രിയപ്പെട്ട മിലേന...

പ്രാഗില്‍ നിന്നും അതിനുശേഷം മിരാനില്‍ നിന്നും നിനക്ക് ഞാന്‍ കത്തുകള്‍ എഴുതിയിരുന്നു. പക്ഷേ, ഒന്നിനും എനിക്ക് മറുപടി ലഭിച്ചില്ല. പെട്ടെന്നുള്ള മറുപടിയൊന്നും വേണ്ട. പക്ഷേ, നിന്റെ മൗനം പോലും സുഖകരമായ ഒരു മാനസികാവസ്ഥയാണ് എന്നില്‍ പ്രദാനം ചെയ്യുന്നത് എന്ന് നീ മനസ്സിലാക്കണം. ആ അര്‍ത്ഥത്തില്‍ ഞാന്‍ തികച്ചും സംതൃപ്തനാണ്.

അങ്ങനെ തുടരുന്നു ആ കത്തുകള്‍. അത് അദ്ദേഹം അതവസാനിപ്പിച്ചത് ഇങ്ങനെയാണ്. ഏതെങ്കിലും ഒന്ന് നിന്നില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒന്നുകില്‍ വിഷമിക്കേണ്ട, എനിക്ക് സുഖം തന്നെ എന്നര്‍ത്ഥമാക്കുന്ന നിന്റെ മൗനം! അതല്ലെങ്കില്‍ രണ്ട് വരികള്‍.

സ്‌നേഹാന്വേഷണങ്ങളോടെ

കാഫ്ക്ക

വിശ്വപ്രസിദ്ധ കവിയായിരുന്ന പി.ബി.ഷെല്ലിക്കുമുണ്ടായിരുന്നു അഞ്ചോളം പ്രണയബന്ധങ്ങള്‍. കൂടാതെ വിശ്വപ്രസിദ്ധ സാഹിത്യകാരന്മാരായിരുന്ന തോമസ് ഹാര്‍ഡി, ഹെര്‍മന്‍ ഹെസ്സെ, ഡി.എച്ച്. ലോറന്‍സ്, വിശ്വപ്രസിദ്ധ ചിത്രകാരന്മാരായിരുന്ന സാല്‍വദോര്‍ ദാലി, പാബ്ലോ പിക്കോസോ, വിന്‍സെന്റ് വാന്‍ഗോഗ്, വിശ്വപ്രസിദ്ധ ചലച്ചിത്രകാരനായ ഇംഗ്മെര്‍ ബെര്‍ഗ്മാന്‍ ഇവരുടെയൊക്കെ ജീവിതത്തില്‍ അനേകം സ്ത്രീകള്‍ കടന്നുവരികയും അവരൊക്കെ പ്രണയം കൊണ്ട് ഇവരുടെയൊക്കെ ജീവിതത്തില്‍ പ്രണയത്തിന്റെ വസന്തം വിരിയിക്കുകയും അതുവഴി സാഹിത്യത്തിലെ പല ഉല്‍കൃഷ്ട കൃതികള്‍ക്ക് ഹേതുഭൂതരാകുകയും ചെയ്തിട്ടുണ്ട് എന്നുള്ളതാണ് സത്യം.

പക്ഷെ അപ്പോഴും ഇവരുടെയൊക്കെ പ്രണയത്തിനു ഒന്നോ രണ്ടോ അതുമല്ലെകില്‍ മൂന്നോ വര്‍ഷത്തിനപ്പുറം ആയുസ്സുണ്ടായിരുന്നില്ലെന്നുള്ളതാണ് കൗതുകം. പ്രണയങ്ങളുടെ കെട്ടുറപ്പില്ലായ്മയിലും അതിനു അപവാദപരമായി മൂന്ന് ബന്ധങ്ങള്‍ എടുത്തു പറയാനുണ്ട്. ഒന്ന് ലോകത്തെ തന്നെ മാറ്റി മറിച്ച പ്രഥമ കമ്മ്യൂണിസ്റ്റാചാര്യനായ കാറല്‍ മാര്‍ക്‌സിന്റെ പ്രണയം ആണ്. ആ പ്രണയം തീവ്രവും സത്യസന്ധവുമായിരുന്നു! ജര്‍മനിയിലെ ട്രയല്‍ പട്ടണത്തിലെ ഒരു പ്രഭു കുടുംബത്തിലെ അംഗമായിരുന്നു മാര്‍ക്‌സിന്റെ പ്രണയിനി. ജന്നി വോണ്‍ വെസ്റ്റ് ഫാലന്‍! വിവാഹത്തില്‍ കലാശിച്ച ആ പ്രണയം മാതൃകാപരവും ദാര്‍ശനികവുമായിരുന്നു!

അതേപോലെ പ്രണയം കൊണ്ട് വ്യത്യസ്തരാകുകയും പ്രണയത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്ത പ്രണയ ജോഡികളായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ധിഷണാശാലിയായ, ദാര്‍ശനിക പ്രതിഭയായിരുന്ന ഴാങ് പോള്‍ സാര്‍ത്രും സീമോന്‍ ദ ബുവ്വയും തമ്മിലുള്ള പ്രണയം! ഒന്നിച്ചു ജീവിക്കാന്‍ വിവാഹത്തിന്റെ ആവശ്യമില്ലെന്നു തെളിയിച്ച പ്രണയജോഡികള്‍ ആയിരുന്നു അവര്‍! ലോകത്തിലെ ആദ്യത്തെ ലിവിങ്ങ് ടുഗതര്‍ ജോഡികള്‍.

വിശ്വപ്രസിദ്ധ നോവലിസ്റ്റ് ഡോസ്റ്റോവ്‌സ്‌കിക്കുമുണ്ടായിരുന്നു ഒന്നിലേറെ പ്രണയങ്ങള്‍. എങ്കിലും അന്നയായിരുന്നു ഡോസ്റ്റോവ്‌സ്‌കിയുടെ സര്‍ഗാത്മകതയോട് ഏറെ അടുത്തു നിന്നിരുന്ന സ്ത്രീ. അതിനെപ്പറ്റി ഡോസ്റ്റോയോവ്‌സ്‌കി തന്നെ പറഞ്ഞിട്ടുണ്ട്. 'ദിവസവും ഇയാള്‍ പൂര്‍ത്തിയാക്കി കൊണ്ടുവരുന്ന നോവലുകള്‍, ഈ ഉദ്യമത്തില്‍ നമ്മള്‍ വിജയിക്കുമെന്ന് നീ തന്നിരുന്ന ഉറപ്പുകള്‍ അതെനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിരുന്നു. അന്നാ നീ എത്ര കാരുണ്യവതിയാണെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. നീയാണ് എന്നെ നിത്യ നരകത്തില്‍ നിന്നും രക്ഷപെടാന്‍ സഹായിച്ചത്. ഞാന്‍ ഏകാകിയായിരുന്നതിനാല്‍ നീ പകര്‍ന്നു തന്ന സ്‌നേഹം കാരുണ്യം ഇതൊക്കെ എന്നില്‍ വലിയ ആശ്വാസമായി. അപ്പോഴാണെന്ന് തോന്നുന്നു എനിക്ക് നിന്നോട് ആദ്യമായി പ്രണയമുദിച്ചത്...'

അതുപിന്നെ ഒന്നിച്ചുള്ള ഒരു ജീവിതത്തില്‍ എത്തി ചേര്‍ന്നു എന്ന് പറയേണ്ടതില്ലല്ലോ. കാരണം അന്നയില്ലാതെ ഡോസ്റ്റോയോവ്‌സ്‌കിക്കു ഒരു നിമിഷം ജീവിക്കാനാകുമായിരുന്നില്ല. മുപ്പത്തിയഞ്ചാം വയസ്സില്‍ അന്ന വിധവയാകും വരെ ആ പ്രണയം ഇണക്കങ്ങളും പിണക്കങ്ങളും കൊണ്ടും, ദാരിദ്ര്യത്തിന്റെയും അപസ്മാരത്തിന്റെയും ഇടയിലൂടെ അനര്‍ഗ്ഗള സുന്ദരമായി കാലത്തിലേക്കൊഴുകി... സോളമന്റെ ഉത്തമഗീതത്തിലെ പോലെ ഗ്രാമങ്ങളില്‍ പോയി അവര്‍ രാപാര്‍ത്തില്ല, വെളുപ്പിനെഴുന്നേറ്റു മുന്തിരിവള്ളികള്‍ തളിര്‍ത്തോ എന്നും, മാതളനാരകം പൂവിട്ടോയെന്നും അവര്‍ നോക്കിയില്ല. അവിടെവെച്ചു അവര്‍ പ്രണയം കൈമാറിയതുമില്ല!.

അങ്ങനെ ചരിത്രത്തില്‍ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ എക്കാലത്തെയും മഹത്തരമായ പതിമൂന്നോളം നോവലുകള്‍ക്കും ആ ചുരുക്കെഴുത്തുകാരിയുടെ പേനയും പ്രണയവും കാരണമായി. വിശ്വപ്രസിദ്ധ കവി, ചിലിയുടെ മഹാകവി പാബ്ലോ നെരൂദയ്ക്കും ഉണ്ടായിരുന്നു പ്രണയം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നെരൂദയുടെ കൂട്ടുകാരന് ഒരു പ്രണയമുണ്ടായിരുന്നു അക്കാലത്ത്. ഒരു ഇരുമ്പു പണിക്കാരന്റെ മകള്‍ ബ്‌ളാങ്ക! സുഹൃത്തിനു കാമുകിക്കുവേണ്ടിക്കൊടുക്കാന്‍ പ്രണയലേഖനങ്ങള്‍ എപ്പോഴും എഴുതിയിരുന്നത് നെരൂദയായിരുന്നു. ബ്‌ളാങ്ക ആ കത്തുകളെല്ലാം വായിച്ചു തന്റെ കാമുകനെ അളവറ്റു പ്രണയിച്ചു. ഏതു പെണ്ണും ആ കത്തുകളിലെ വാക്കുകളില്‍ വീണു പോയില്ലെങ്കിലേ അതിശയമുള്ളൂ. അത്ര സുന്ദരവും കാല്പനികവും കവിത തുളുമ്പുന്നതും വികാര തീവ്രവുമായിരുന്നു അതിലെ വരികള്‍ എന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ പിന്നീട് ബ്ലാങ്കക്കു കിട്ടിയ കത്തുകളെല്ലാം യഥാര്‍ത്ഥത്തില്‍ എഴുതിയത് നെരൂദാണെന്നറിഞ്ഞ ബ്ലാങ്ക തന്റെ പ്രണയം പിന്നീട് നെരൂദയോടായി. നെരൂദയുടെ ആദ്യത്തെ പ്രണയം!

അവരൊക്കെ പ്രണയം കൊണ്ട് അവരുടെയൊക്കെ ജീവിതത്തില്‍ വസന്തം വിരിയിക്കുകയും അതുവഴി പല ഉല്‍കൃഷ്ട കൃതികള്‍ക്ക് ഹേതുഭൂതരാകുകയും ചെയ്തവരാണ്. പ്രണയം സത്യവും തീവ്രമാണെന്ന് തെളിയിച്ചവരാണ് അവര്‍!

 

literature writer valentines day love