ഒരേയൊരു പല്‍പ്പു

കേരളീയ നവോത്ഥാനത്തിലും സാമൂഹികസമത്വം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിലും ഡോ.പല്‍പ്പു വഹിച്ച പങ്ക് ചരിത്രപരവും സമാനതകളില്ലാത്തതുമാണ്

author-image
Web Desk
New Update
ഒരേയൊരു പല്‍പ്പു

വെളളാപ്പളളി നടേശന്‍

(എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി)

കേരളീയ നവോത്ഥാനത്തിലും സാമൂഹികസമത്വം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിലും ഡോ.പല്‍പ്പു വഹിച്ച പങ്ക് ചരിത്രപരവും സമാനതകളില്ലാത്തതുമാണ്

എസ്.എന്‍.ഡി.പി യോഗചരിത്രം എന്നും നന്ദിയോടെ സ്മരിക്കുന്ന ഏതാനും നാമധേയങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഡോ. പല്‍പ്പുവിന്റെ സ്ഥാനം. ശ്രീനാരായണഗുരുദേവന്‍ യോഗത്തിന്റെ സ്ഥാപകനും ആദ്ധ്യാത്മിക മാര്‍ഗദര്‍ശിയുമായിരുന്നെങ്കില്‍ കുമാരനാശാന്‍ അതിന്റെ ദൈനംദിന കാര്യ ദര്‍ശിയും പ്രത്യക്ഷസംഘാടകനുമായിരുന്നു. അതേ സമയം പ്രത്യക്ഷവും പരോക്ഷവുമായി നിന്നുകൊണ്ട് യോഗത്തെ നയിക്കുകയും അതിന് പുത്തന്‍ ദിശാബോധം നല്‍കുകയും പ്രായോഗികമായ കര്‍മ്മപരിപാടികളിലുടെ യോഗത്തിന് അടിത്തറയിടുകയും ചെയ്ത പല്‍പ്പുവിന് സമാനമായി മറ്റൊരു വ്യക്തി ചരിത്രത്തിലില്ല എന്നതാണ് സത്യം.

സമവായത്തിന്റെയോ സഹിഷ്ണുതയുടെയോ അല്ല, പോരാട്ടത്തിന്റെ മാര്‍ഗമായിരുന്നു പല്‍പ്പുവിന്റേത്. പിന്നാക്കക്കാരുടെ അവകാശങ്ങള്‍ക്കായി നിലകൊളളുകയും സന്ധിയില്ലാ സമരത്തിലുടെ അത് നേടിയെടുക്കുകയും ചെയ്ത പല്‍പ്പു ലക്ഷ്യസാദ്ധ്യത്തിനായി ഏതറ്റം വരെയും പോകാന്‍ മടി കാണിച്ചില്ല. ഒരു ലക്ഷ്യം നിശ്ചയിച്ചാല്‍ അത് സാധ്യമാക്കാതെ വിശ്രമിക്കുന്ന ശീലം അദ്ദേഹത്തിനില്ല.

ഡോ.പല്‍പ്പു ഈ സാമൂഹിക അസമത്വത്തിനെതിരെ പോരാടിയ കാലത്ത് തിരുവിതാംകൂറില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഈഴവസമുദായത്തില്‍ പെട്ട ഒരാളുടെ പോലും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. നായന്‍മാര്‍ 800 പേര്‍ ഉളളപ്പോള്‍ 13000 ത്തോളം പരദേശി ബ്രാഹ്‌മണര്‍ സര്‍വീസിലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.പല്‍പ്പു മൂന്നാമത്തെ പേരുകാരനും ഒപ്പുകാരനുമായി സമര്‍പ്പിച്ച മലയാളി മെമ്മോറിയല്‍ എന്ന നിവേദന സമരം കൊണ്ട് ഫലത്തില്‍ പ്രയോജനം സിദ്ധിച്ചത് നായര്‍ വിഭാഗത്തിന് മാത്രമായിരുന്നു. പിന്നീട് ഈഴവ മെമ്മോറിയല്‍ എന്ന പേരില്‍ മറ്റൊരു നിവേദനത്തിലുടെ ഭരണകൂടത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പല്‍പ്പു ശ്രമിച്ചതോടെ കുറച്ചെങ്കിലും മാറ്റങ്ങളുണ്ടായി.

അധ:സ്ഥിതരുടെ വിമോചകന്‍

പല്‍പ്പുവിന്റെയുളളിലെ അടങ്ങാത്ത അഗ്‌നിയാണ് സമുദായത്തിന് മുഴുവന്‍ മാതൃകയായിത്തീര്‍ന്നത്.പല്‍പ്പു ഉപരിപഠനത്തിന് മദ്രാസില്‍ പോവുകയും താന്‍ ആഗ്രഹിച്ച പ്രകാരം ഒരു ഭിഷഗ്വരന്‍ ആയിത്തീരുകയും ചെയ്തു. ഈഴവസമുദായത്തില്‍ ആദ്യമായി ഡോക്ടര്‍ പദവിയിലെത്തുന്ന ആള്‍ എന്ന നിലയില്‍ ചരിത്രപരമായ ഒരു വഴിത്തിരിവിന് അദ്ദേഹം ബീജാവാപം ചെയ്തു എന്ന് തന്നെ പറയാം.

എന്നാല്‍ അത്രയൊക്കെ ശ്രമകരമായി നിര്‍ദ്ദിഷ്ടയോഗ്യതകള്‍ നേടിയിട്ടും അദ്ദേഹത്തെ സര്‍ക്കാര്‍ സര്‍വീസില്‍ എടുക്കാന്‍ തിരുവിതാംകൂറിലെ ഭരണാധികാരികള്‍ തയ്യാറായില്ല. മൈസൂര്‍ സര്‍ക്കാരില്‍ ജോലി ചെയ്തുകൊണ്ട് പല്‍പ്പു അവിടെയും വിലക്കുകളെ മറികടന്നു.

താന്‍ ലക്ഷ്യമിട്ട വഴികളിലേക്ക് ഏത് ദുര്‍ഘട ഘട്ടത്തിലും എത്തിച്ചേര്‍ന്ന പല്‍പ്പു ഇച്ഛാശക്തിയുളള പിന്നാക്കക്കാരന് മുന്നില്‍ വേറെയും മാര്‍ഗങ്ങളുണ്ടെന്ന് സമര്‍ത്ഥിച്ചു. അന്ന് ഉന്നതകുലജാതര്‍ക്ക് പോലും കഴിയാത്ത വിധത്തില്‍ വിദേശത്ത് ഉപരിപഠനം നടത്തിക്കൊണ്ട് സമാനതകളില്ലാത്ത മാതൃക കാട്ടി. ഒപ്പം തൊഴില്‍മേഖലകളില്‍ അധ:സ്ഥിതര്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പോലും മുന്‍കൈ എടുത്തു.

അന്നും ഇന്നും...

സംവരണവിഷയത്തില്‍ കഴിഞ്ഞകാലങ്ങളില്‍ നിലനിന്ന നിയമങ്ങള്‍ പിന്നാക്കക്കാരന് അനുകൂലമാണെന്ന് ഫലത്തില്‍ തോന്നുമെങ്കിലും ദീര്‍ഘകാലം ജാതിസംവരണം ലഭിച്ചിട്ടും ഇന്നും പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. മതന്യൂനപക്ഷങ്ങള്‍ അടക്കമുളളവര്‍ക്ക് ഇക്കാര്യത്തില്‍ ബഹുദൂരം സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടും പിന്നാക്കവിഭാഗങ്ങളുടെ സ്ഥിതി അതീവദയനീയമാണ്. നാമമാത്രമായി ചിലര്‍ ഉന്നതപദവികളില്‍ വിരാജിക്കുന്നു എന്നതൊഴിച്ചാല്‍ മഹാഭൂരിപക്ഷം വരുന്ന അധ:സ്ഥിതര്‍ ഇന്നും സമൂഹത്തിന്റെ താഴേത്തട്ടില്‍ ജീവിക്കാനായി കഷ്ടപ്പെടുകയാണ്. എന്നാല്‍ പിന്നാക്കക്കാര്‍ എല്ലാം നേടിക്കഴിഞ്ഞുവെന്നും ഇനി ജാതിസംവരണം ആവശ്യമില്ലെന്നുമുളള മട്ടില്‍ തെറ്റായ പ്രചരണം അഴിച്ചുവിടുകയാണ് ചിലര്‍. വളരെ ബോധപൂര്‍വമായ ഒരു അജണ്ടയുടെ അടിസ്ഥാനത്തില്‍ ചിലര്‍ നടത്തുന്ന കരുനീക്കങ്ങളായി ഇതിനെ കാണേണ്ടിയിരിക്കുന്നു.

എസ്. എന്‍.ഡി.പി യോഗം മുന്നാക്കക്കാര്‍ അടക്കമുളള ഇതരജനവിഭാഗങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് എതിരല്ല. എന്നാല്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ആ വാദത്തില്‍ ഏതെങ്കിലും തരത്തിലുളള അനീതിയോ അന്യായമോ അധാര്‍മ്മികതയോ ഇല്ലെന്ന് നിഷ് പക്ഷക്ഷമതികള്‍ക്ക് കണ്ടെത്താന്‍ കഴിയൂം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അര്‍ഹമായ പങ്കാളിത്തം ലഭിക്കും വിധം സാമൂഹ്യനീതി നടപ്പിലാക്കണം എന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഡോ.പല്‍പ്പു ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം മുന്നോട്ട് വച്ച വാദഗതിയും ഇതുതന്നെയായിരുന്നു.

എല്ലാവര്‍ക്കും എല്ലാം ലഭിക്കുന്ന സമത്വസുന്ദരമായ ഒരു ലോകം വിഭാവനം ചെയ്തവരാണ് ഡോ.പല്‍പ്പു അടക്കമുളള മഹത്തുക്കള്‍. അവരുടെ ജനന-ചരമദിന വാര്‍ഷികങ്ങള്‍ കടന്നു പോകുമ്പോള്‍ വെറുതെ ചില ഭംഗിവാക്കുകള്‍ പറയുകയല്ല കരണീയം. മറിച്ച് അവര്‍ മുന്നോട്ട് വച്ച സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനും കേരളത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും നന്മയ്ക്ക് ഉപയുക്തമായ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. എല്ലാത്തരം വിഭാഗീയതകളും വേര്‍തിരിവുകളും മാറ്റി വച്ച് ഈ മഹാദൗത്യത്തില്‍ ഏകമനസോടെ നാം നിലകൊളളുകയാണ് വേണ്ടത്.

പല്‍പ്പു കാണിച്ചുതന്ന വഴികള്‍

പിന്നാക്കവിഭാഗങ്ങളുടെ അവശതകള്‍ ദൂരീകരിക്കുന്നതിനായി ഭരണവര്‍ഗത്തോട് പോരാടിയ വ്യക്തി എന്ന നിലയില്‍ മാത്രമല്ല പല്‍പ്പു നമുക്ക് വഴികാട്ടിയാവുന്നത്. അദ്ദേഹം മുന്‍പേ നടന്നുകൊണ്ട് മറ്റ് പല കാര്യങ്ങളിലും നമുക്ക് മാതൃക കാട്ടി. എസ്.എന്‍.ഡി.പി യോഗത്തിന്റെ വാര്‍ഷിക സമ്മേളനങ്ങള്‍ പോലും അദ്ദേഹം സംഘടിപ്പിച്ചത് കേവലം ഒരു സംഘടനയുടെ ആഘോഷവേള എന്ന തലത്തില്‍ ഉപരിപ്ലവമായിട്ടായിരുന്നില്ല. മറിച്ച് കാര്‍ഷികമേളകള്‍ അടക്കം ഉത്പാദനപരമായ നിരവധി പദ്ധതികളിലൂടെ ഇത്തരം ആഘോഷങ്ങളെ അദ്ദേഹം ഫലപ്രദവും മനുഷ്യര്‍ക്ക് പ്രയോജനപ്രദവുമായ ഒന്നാക്കി പരിവര്‍ത്തിപ്പിച്ചു. ജനജീവിതം മെച്ചപ്പെടുത്തുക എന്നതിനായിരുന്നു അദ്ദേഹം മുന്‍കൈ എടുത്തത്. കുമാരനാശാന്‍ അടക്കമുളളവര്‍ പില്‍ക്കാലത്ത് പല്‍പ്പു തുടക്കമിട്ട ആശയഗതികള്‍ക്ക് പ്രചാരണം നല്‍കുകയും അതിന്റെ സന്ദേശവാഹകരായി തീരുകയും ചെയ്തു.

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ അടിസ്ഥാന സന്ദേശവും ലക്ഷ്യവുമായി ഇന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന ആശയങ്ങളില്‍ മര്‍മ്മപ്രധാനമാണ് വ്യവസായം കൊണ്ടും കൃഷികൊണ്ടും അഭിവൃദ്ധിപ്പെടുക എന്നത്. ഈ സന്ദേശങ്ങള്‍ ഗുരുദേവ മുഖത്തു നിന്നും ആവിര്‍ഭവിച്ചതാണെങ്കിലും ഇത്തരം ആശയങ്ങളില്‍ ഗുരുദേവന്‍ പോലും ഡോ.പല്‍പ്പുവിന്റെ സ്വാധീനത്തില്‍ ആകൃഷ്ടനായിട്ടുണ്ടെന്ന് കാണാം. ഗുരുദേവന്‍ എക്കാലത്തും പല്‍പ്പുവിന്റെ അഭിപ്രായം ആരായുകയും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കുകയും ചെയ്തിരുന്നു. ആദ്ധ്യാത്മികമായ ഉണര്‍വിനൊപ്പം ഭൗതികമായ ഉന്നമനവും മനുഷ്യരാശിയുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും അനിവാര്യമാണെന്ന് ഗുരുദേവനും ഡോ.പല്‍പ്പുവും കുമാരനാശാനും ഒരു പോലെ മനസിലാക്കിയിരുന്നു. ഈ ത്രിമൂര്‍ത്തികളുടെ കൂട്ടായ്മയാണ് വാസ്തവത്തില്‍ ഇന്ന് കാണുന്ന തരത്തില്‍ ഈഴവസമുദായത്തിന് കുറച്ചെങ്കിലും ഉന്നമനം കൈവരിക്കാന്‍ അടിസ്ഥാന പ്രേരണയായി വര്‍ത്തിച്ചത്. ആ വിധത്തില്‍ അടിമച്ചമര്‍ത്തപ്പെട്ട ഒരു മഹാജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഡോ. പല്‍പ്പു തലമുറകള്‍ എത്ര കഴിഞ്ഞാലും നമുക്ക് മാര്‍ഗദര്‍ശിയാണ്. വഴിവിളക്കാണ്. ആ ധന്യാത്മാവിന്റെ പാവനസ്മരണയ്ക്ക് മുന്നില്‍ ആദരപൂര്‍വം പ്രണമിക്കുന്നു.

 

kerala vellappally natesan dr palpu