/kalakaumudi/media/post_banners/27d98cc0b749ad14d4500a83713c0f3822adc01066dc39e5ce1ed75202792064.jpg)
തിരുവനന്തപുരം: പതിനഞ്ചാമത് ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് ഈമാസം നാലിന് തുടക്കമാകും. നവതിയിലെത്തിയ എഴുത്തുകാരനും സംവിധായകനുമായ എം.ടി. വാസുവേദന്‍ നായര്‍ക്ക് ഐഡിഎസ്എഫ്എഫ്‌കെ ആദരം നല്‍കും. എംടിയുടെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച രണ്ടു ഡോക്യുമെന്ററികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എം.എ. റഹ്മാന്‍ സംവിധാനം ചെയ്ത കുമരനെല്ലൂരിലെ കളങ്ങള്‍, ദേശീയ പുരസ്‌കാര ജേതാവ് കെ.പി. കുമാരന്‍ സംവിധാനം ചെയ്ത എ മൊമെന്റ്‌സ് ലൈഫ് ഇന്‍ ക്രിയേറ്റിവിറ്റി എന്നിവയാണ് പ്രദര്‍ശിപ്പിക്കുക. അതിനു പുറമെ മേളയില്‍ അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ കെ.പി. ശശി ഉള്‍പ്പെടെ ആരു പ്രതിഭകളെ ആദരിക്കും.
ദുവിധ, ഫ്രെയിംസ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ നവറോസ് കോണ്‍ട്രാക്ടര്‍, ചെക്ക് എഴുത്തുകാരന്‍ മിലന്‍ കുന്ദേര, ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ഡോക്യുമെന്ററി സംവിധായികയും സാമൂഹിക പ്രവര്‍ത്തകയുമായ ചന്ദിത മുഖര്‍ജി, ചിത്രകാരനും ശില്‍പ്പിയുമായ വിവാന്‍ സുന്ദരം എന്നിവരെയാണ് ആദരിക്കുക.
ഇവരുടെ ചിത്രങ്ങളും ഡോക്യുമെന്ററികളുമാണ് ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. കെ.പി. ശശിയുടെ റെസ്റ്റിംഗ് കോസ്റ്റല്‍ ഇന്‍വേഷന്‍, സുനാമി റീഹാബിലിറ്റേഷന്‍: ആന്‍ അണ്‍ഫിനിഷ്ഡ് ബിസിനസ്, എ ക്ലൈമറ്റ് കോള്‍ ഫ്രം ദ കോസ്റ്റ്, ദ സോഴ്‌സ് ഓഫ് ലൈഫ് ഫോര്‍ സെയില്‍ ഫാബ്രിക്കേറ്റഡ് എന്നീ അഞ്ചു ഡോക്യുമെന്ററികളാണ് പ്രദര്‍ശിപ്പിക്കുക. ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ സംവിധായകനും ഛായാഗ്രാഹകനുമായ ആര്‍.വി. രമണിയുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.