മുൻ പങ്കാളിയായ ആനന്ദ് ഇപ്പോൾ തനിക്ക് സഹോദരസ്നേഹമാണ് എന്ന് നടി കനി കുസൃതി. ചലച്ചിത്ര നിർമാതാവും സംരംഭകനുമായ ആനന്ദ് ഗാന്ധിയുമായി വർഷങ്ങളായി ലിവ്ഇൻ റിലേഷനിൽ ആയിരുന്നു കനി.
ഇപ്പോൾ ആനന്ദ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാണെന്നും ആനന്ദുമായി തനിക്ക് ഇപ്പോഴും നല്ല സൗഹൃദവും സഹോദരബന്ധവുമാണ് ഉള്ളതെന്നും കനി പറയുന്നു. ആനന്ദ് പുതിയ പങ്കാളിയുമായി താമസിക്കുന്നിടത്ത് പോകാറുണ്ടെന്നും ആനന്ദിനും തനിക്കും ഒരിക്കലും പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കാതെ കഴിയാനാകില്ലെന്നും കനി പറഞ്ഞു.
‘‘ഞാൻ എപ്പോഴും ഓപ്പൺ റിലേഷൻഷിപ്പ് ഉണ്ടായിരുന്ന ഒരാളാണ്. ഒരു പാർട്ണറുമായി ഒരുമിച്ച് താമസിക്കണമെന്നോ ഒരു പങ്കാളിയുമായി ബന്ധം പുലർത്തണമെന്നോ ഉള്ള വാശിയൊന്നും കുട്ടിക്കാലം മുതലേ എനിക്കില്ല.
ഒരാളുടെ കൂടെ ജീവിക്കണമെന്നും ആഗ്രഹം ഉണ്ടായിട്ടില്ല. എന്റെ കൂട്ടുകാരിയും അവളുടെ പാർട്ണറും ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കിൽ, അവളുടെ വീട്ടിൽ, കെട്ടാതെ പോയ ഒരു മകളെ പോലെ ജീവിക്കാനാണ് എനിക്കിഷ്ടം. ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്കിഷ്ടമല്ല. ആ ഒരു ഫാമിലി ഫീലിങ് എനിക്കിഷ്ടമാണ്.
പക്ഷേ എനിക്ക് എന്റെ ഭർത്താവ്, കുട്ടികൾ എന്നൊക്കെ പറയുന്നത് ഇഷ്ടമല്ല. സൗഹൃദം പങ്കുവയ്ക്കാനും എല്ലാം പറയാനും ഒരുമിച്ച് സിനിമ കാണാനും പുറത്തു പോകാനും ഒരു കൂട്ടുകാരി ഉണ്ടെങ്കിൽ, അവൾക്കും പങ്കാളിക്കും കുട്ടികളുണ്ടെങ്കിൽ ഞാനവരെ വളർത്താൻ സഹായിക്കും.
മുൻപ് ബോയ്ഫ്രണ്ട് ഉണ്ടായിരുന്നപ്പോഴും, ഇവര്‍ ആരെയെങ്കിലും കണ്ടുപിടിച്ച് ഒരുമിച്ച് ജീവിക്കട്ടെ, എനിക്ക് ഇവരോടൊപ്പം താമസിക്കാൻ പറ്റില്ല എന്ന് തോന്നലാണ് ഉണ്ടായിട്ടുള്ളത്. ആനന്ദിനെ പരിചയപ്പെട്ടപ്പോഴാണ്, ഇത്രയും കണക്‌ഷൻ ഉള്ള ഒരാളെ കിട്ടിയാൽ ഇത് മതി, ഇവരോടൊപ്പം ജീവിക്കാം എന്ന് തീരുമാനിച്ചത്.
ഇത്രയും രസമായി ഒരുമിച്ചു താമസിക്കാൻ പറ്റുന്ന ഒരാളെ കിട്ടുമെന്ന് ഞാൻ അതുവരെ കരുതിയതേ അല്ല. ആനന്ദ് മോണോഗോമസ് ആയ വ്യക്തിയാണ്, പല പങ്കാളികൾ വേണമെന്ന് അവന് നിർബന്ധമില്ല. പക്ഷേ താൻ ഓപ്പൺ റിലേഷൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ് എന്ന് ആനന്ദിനോട് എപ്പോഴും പറഞ്ഞിട്ടുണ്ട്. നമ്മൾ ഒരുമിച്ച് താമസിക്കുമ്പോഴും, വ്യക്തികളായ നമുക്ക് മറ്റ് ഇഷ്ടങ്ങളും താൽപര്യങ്ങളും ഉണ്ടായിക്കോട്ടെ എന്നൊക്കെ ഞാൻ ആനന്ദിനോട് പറഞ്ഞിട്ടുണ്ട്.
പക്ഷേ ആനന്ദിന് അത് ഇഷ്ടമല്ല. ഒടുവിൽ അവന് പറ്റിയ ഒരാളെ ആനന്ദ് കണ്ടുപിടിച്ചു. അവര്‍ രണ്ടുപേരും ഒരു വ്യക്തിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. ഇപ്പോൾ അവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. പക്ഷേ എനിക്ക് ആനന്ദിനോടൊപ്പം തന്നെ താമസിക്കണമെന്നും പല ജോലികൾ ചെയ്ത് പല സ്ഥലത്ത് പോയാലും തിരിച്ചുവന്ന് ആനന്ദിനോട് കാര്യങ്ങൾ തുറന്നുപറയാൻ പറ്റുന്ന ബന്ധം എപ്പോഴും നിലനിർത്തണമെന്നുമുണ്ട്. ആനന്ദിനും അങ്ങനെ തന്നെയാണ്.
എനിക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന ആളിപ്പോഴും ആനന്ദ് തന്നെയാണ്. ആനന്ദ് എന്റെ അടുത്തു വരികയും ഞാൻ ആനന്ദിന്റെ അടുത്ത് പോവുകയും ചെയ്യും.
പക്ഷേ പങ്കാളികൾ തമ്മിലുള്ള ബന്ധം ഞങ്ങൾ തമ്മിൽ ഇല്ല. എനിക്കിപ്പോൾ അവൻ ഒരു സഹോദരനെപ്പോലെയായി. ഇത് പറയുമ്പോൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെടില്ല, എനിക്ക് തെറി കിട്ടും എന്നൊക്കെ എനിക്ക് അറിയാം.
പക്ഷേ എനിക്ക് പറയാനുള്ളത് തുറന്നു പറഞ്ഞേ പറ്റൂ. ഒരു ബന്ധത്തിൽ ഇരുന്നുകൊണ്ട് കള്ളത്തരം കാണിച്ച് മറ്റൊരു ബന്ധത്തിലേക്ക് പോകുന്നവരെ എനിക്കറിയാം. പക്ഷേ എനിക്ക് അങ്ങനെ കള്ളത്തരം കാണിക്കാൻ ഇഷ്ടമല്ല. എല്ലാം തുറന്നു പറഞ്ഞു ചെയ്യുന്നതാണ് ഇഷ്ടം. എന്തായാലും പങ്കാളികൾ തമ്മിൽ എല്ലാം തുറന്നു സംസാരിക്കുക. കള്ളത്തരം കാണിക്കാതിരിക്കുക അതാണ് ഒരു ബന്ധത്തിൽ വേണ്ടത്.’’ കനികുസൃതി പറയുന്നു.
2009 ൽ കേരള കഫേ എന്ന സിനിമയിലൂടെയാണ് കനി ശ്രേദ്ധേയയായത് 2019-ൽ ബിരിയാണി എന്ന ചിത്രത്തിൽ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.