/kalakaumudi/media/post_banners/d1e24c7b4f9ad31d8915c5aa7605c22f540142536347eb096971712a2f8d3593.jpg)
തിരുവനന്തപുരം: മലയാള സിനിമയില്‍ അടുത്തകാലത്തിറങ്ങിയ അതിമനോഹരമായ മേക്കിംഗാണ് ആട്ടം. 1982ല്‍ കെ.ജി. ജോര്‍ജ് അണിയിച്ചൊരുക്കിയ യവനികയെ അനുസ്മരിപ്പിക്കുമെങ്കിലും ആട്ടം അതില്‍ നിന്നും ഒരുപാട് വേറിട്ട് നില്‍ക്കുന്നുണ്ട്. ആട്ടത്തിലെ ഓരോ സീനും മനുഷ്യര്‍ക്കിടയിലെ ഓരോ മാറ്റത്തെയും എടുത്തുകാട്ടുന്നുണ്ട്. വിനയ് ഫോര്‍ട്ട്, സറിന്‍ ഷിഹാബ്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇവരെല്ലാം തന്നെ തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളാണ്.
ഒരു നാടകത്തിലെ നായികയും നായകനുമാണ് വിനയ് ഫോര്‍ട്ടും സറിന്‍ ഷിഹാബും. ഇവര്‍ക്കിടയില്‍ പ്രണയമുണ്ട്. എന്നാല്‍ ഇരുവരും അത് ആരോടും വെളിപ്പെടുത്തുന്നില്ല. ഇവര്‍ക്കിടയിലേക്കാണ് കാലഭവന്‍ ഷാജോണിന്റെ കഥാപാത്രം എത്തുന്നത്. സിനിമയില്‍ നിന്നും തിയേറ്റര്‍ ആര്‍ട്ടിസ്റ്റാകാനെത്തിയ ആളാണ് അദ്ദേഹം. ഇതോടെ വിനയന്റെ നായകസ്ഥാനം തെറിക്കുന്നു. കലാഭവന്‍ ഷാജോണിനോട് വിനയ്ക്ക് ദേഷ്യവും പകയും ഉണ്ടാകുന്നു. എന്നാല്‍ അതൊന്നും വീട്ടാനുള്ള അവസരം കിട്ടുന്നില്ല. അങ്ങനെയിരിക്കെയാണ് ഇവരുടെ നാടകം വിദേശ സംഘത്തിന് ഇഷ്ടപ്പെടുന്നത്.
നാടകത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അവര്‍ ഒരു പാര്‍ട്ടി കൊടുക്കുന്നു. എല്ലാവരും നന്നായി എന്‍ജോയ് ചെയ്യുന്നു. ഇതിനിടയില്‍ നായികയ്ക്ക് ക്ഷീണം തോന്നി അവള്‍ കിടക്കാന്‍ പോകുന്നു. ഒരു സോഫയില്‍ കിടക്കുമ്പോള്‍ അവളുടെ കൈയില്‍ ആരോ കടന്നുപിടിച്ചു. ഇരുട്ടിന്റെ മറവില്‍ അതാരാണെന്ന് അവള്‍ കാണുന്നില്ല. എന്നാല്‍ തന്നെ ആരോ കയറിപ്പിടിച്ചെന്ന് അവള്‍ക്ക് മനസിലായി. ഇക്കാര്യം തന്റെ കാമുകനായ വിനയനോട് പറയുന്നു.ഇതിനു പിന്നില്‍ പുതിയ നായകനായി വന്ന കലാഭവന്‍ ഷാജോണ്‍ ആയിരിക്കുമെന്നും മറ്റുള്ളവരോടെല്ലാം അയാളുടെ പേര് പറയണമെന്നും വിനയന്‍ കാമുകിയോടു പറയുന്നു.
അയാളാകും തന്നെ പിടിച്ചതെന്ന് നായികയും സംശയിക്കുന്നുണ്ടെങ്കിലും അതാരാണെന്നു കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ എങ്ങനെ ഇത് മറ്റുള്ളവരോട് പറയുമെന്ന സംശയവും അവള്‍ക്കുണ്ട്. എങ്കിലും തനിക്കുണ്ടായ അനുഭവം കൂടെ അഭിനയിക്കുന്നവരോട് അവള്‍ പങ്കുവച്ചു. നാടകത്തിലെ സഹ അഭിനേതാക്കളല്ലാം തുച്ഛ വരുമാനക്കാരാണ്. നായിക ഇക്കാര്യം പറയുന്നതിനിടെ പ്രതിസ്ഥാനത്തു നിര്‍ത്തിയിരിക്കുന്ന കലാഭവന്‍ ഷാജോണിന്റെ കഥാപാത്രം ഇവര്‍ക്ക് ഒരു യൂറോപ്യന്‍ യാത്ര ഓഫര്‍ ചെയ്യുന്നു. മാത്രമല്ല എട്ടുലക്ഷം രൂപ ഈ യാത്രയിലൂടെ തങ്ങള്‍ക്ക് ലഭിക്കുമെന്നും അയാള്‍ പറയുന്നു. ഇതോടെ സാധാരണക്കാരായ സഹ അഭിനേതാക്കള്‍ നായികയ്‌ക്കൊപ്പം നില്‍ക്കാന്‍ കൂട്ടാക്കുന്നില്ല. അവര്‍ നാടകത്തിലെ നായകനൊപ്പം കൂടുന്നു.
ഇതോടെ നായിക ആ ട്രൂപ്പില്‍ നിന്നും വിട്ടുപോയി മറ്റൊരു ഗ്രൂപ്പുണ്ടാക്കുന്നു. അവിടെ അവള്‍ ഒരു നാടകം കളിക്കുന്നു. ഈ നാടകം കാണാന്‍ പഴയ കൂട്ടുകാരെ തിയേറ്ററിലേക്ക് കൊണ്ടുവരുന്നുണ്ട് നായിക. തന്നെ കയറിപ്പിടിച്ച സംഭവത്തെ ഉള്‍ക്കൊണ്ടാണ് നായിക പുതിയൊരു നാടകം രൂപപ്പെടുത്തിയത്. ഇത് പഴയ സഹപ്രവര്‍ത്തകരെ കാണിച്ചശേഷം നായിക പറയുന്ന ഒരു ഡയലോഗുണ്ട്, ''എന്നെ പിടിച്ചവര്‍ ആരാണെന്ന് തനിക്കറിയേണ്ട. കാരണം തന്നെ കയറിപ്പിടിച്ചവനെപ്പോലെ കുറ്റം ചെയ്തവരാണ് മറ്റുള്ളവരും...'' അതായത് സത്യം മനസിലാക്കാതെ അവരവരുടെ സ്വാര്‍ത്ഥ താത്പര്യത്തിനു വേണ്ടി ചിലരോടു കൂടെനിന്നു എന്നാണ് പറയുന്നത്. അതുകൊണ്ടാണ് എല്ലാവരും ഒരുപോലെ കുറ്റക്കാരനാണെന്ന് നായിക പറഞ്ഞുവയ്ക്കുന്നത്. യവനികയില്‍ ഒരു കുറ്റകൃത്യം സംവിധായകന്‍ കാട്ടിത്തരുന്നുണ്ട്. ഈ സിനിമയിലും മറ്റൊരു തരത്തില്‍ ഒരു കുറ്റകൃത്യമാണ് സംവിധായകന്‍ ആനന്ദ് ഏകര്‍ഷി കാട്ടിത്തരുന്നത്. ഒരു പെണ്‍കുട്ടിയെ ഒരാള്‍ ഉപദ്രവിച്ചു. അത് ഒരു പ്രത്യേക വ്യക്തിയാണ് എന്ന രീതിയിലാണ് കഥ മുന്നോട്ടു പോകുന്നത്. അതുമായി ബന്ധപ്പെട്ട് കള്ളം പറയാന്‍ പ്രേരിപ്പിക്കുകയും, ആ കള്ളം മറ്റൊരാള്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്തൊക്കെയാണെന്നു മനസിലാകാതിരിക്കുകയും ചെയ്യുന്നത് ഒരു ക്രൈം ആണ്. അതിനെ വൈകാരികമായി സമീപിച്ചുകൊണ്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.