
സിനിമാ സീരിയല്‍ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടി കനകലത
പാര്‍ക്കിന്‍സണ്‍സും മറവിരോഗവും കാരണം ദുരിതാവസ്ഥയിലെന്ന് സഹോദരിയുടെ വെളിപ്പെടുത്തല്‍. നടിയുടെ സഹോദരി വിജയമ്മ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കനകലതയുടെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 2021 മുതലാണ് നടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതെന്ന് വിജയമ്മ പറഞ്ഞു.
ഉറക്കക്കുറവായിരുന്നു ആദ്യ ലക്ഷണം. ഡോക്ടറെ കണ്ടതിന് പിന്നാലെയാണ് ഡിമന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടെത്തിയത്. എംആര്‍ഐ സ്‌കാന്‍ ചെയ്തപ്പോള്‍ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി.
ഇപ്പോള്‍ ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോകുന്നു. ഉമിനീരു പോലും ഇറക്കാതായി. ഭക്ഷണം കഴിക്കുന്നതുപോലും പൂര്‍ണമായി നിര്‍ത്തി. ലിക്വിഡ് ഫുഡാണ് ഇപ്പോള്‍ കൊടുക്കുന്നത്. ശരീരം തീരെ മെലിഞ്ഞ് ആളെ മനസ്സിലാകാത്ത രൂപമായി മാറിയെന്നും വിജയമ്മ പറയുന്നു.
34 വര്‍ഷമായി കനകലതയുടെ കൂടെയുള്ള വിജയമ്മയാണ് ഇപ്പോള്‍ കാര്യങ്ങളൊക്കെ നോക്കുന്നത്. കനകലതയ്‌ക്കൊപ്പം പ്രോഗ്രാമിനും ഷൂട്ടിനുമൊക്കെ പോകാന്‍ കൂട്ടിനായി വന്നതാണ് വിജയമ്മ. ഇവരുടെ സഹോദരന്റെ മകനാണ് ഇപ്പോള്‍ സഹായത്തിനുള്ളത്.
കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് കനകലത വാങ്ങിയ വീട്ടിലാണ് ഇവരുടെ താമസം. വിവാഹമോചനം നേടിയ കനകലതയ്ക്ക് കുട്ടികളില്ല.
പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം അഭിനയിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സിനിമകളും സീരിയലുമൊക്കെ ഒഴിവാക്കിയിരുന്നു. അമ്മ സംഘടനയുടെ ഇന്‍ഷുറന്‍സ് ഉണ്ട്. മാസം 5000 രൂപ കൈനീട്ടമായും ലഭിക്കും. ആത്മയില്‍നിന്നും ചലച്ചിത്ര അക്കാദമിയില്‍നിന്നും ധനസഹായവും ലഭിച്ചിരുന്നു.
മലയാളത്തിലും തമിഴിലുമടക്കം 360 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച താരമാണ് കനകലത.
ചെറുപ്പത്തില്‍ത്തന്നെ കലാരംഗത്ത് സജീവമായിരുന്ന കനകലത അമച്വര്‍ നാടകങ്ങളിലൂടെയാണ് കനകലത അഭിനയ രംഗത്ത് എത്തിയത്. പിന്നീട് പ്രഫഷനല്‍ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം ജീവിതമാര്‍ഗമാക്കി. 'ഉണര്‍ത്തുപാട്ട്' ആയിരുന്നു ആദ്യം അഭിനയിച്ച സിനിമ. പക്ഷേ അത് റിലീസായില്ല. പിന്നീട് 'ചില്ല്' എന്ന സിനിമയിലൂടെയാണ് താരം അഭ്രപാളികളില്‍ എത്തുന്നത്.