By Web Desk.20 08 2023
ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ ജൂഹുവിലെ വില്ല ലേലത്തിന്. ബാങ്ക് ഒഫ് ബറോഡയാണ് ലോണ്‍ തുക തിരിച്ചുപിടിക്കാനായി ലേല പരസ്യം നല്‍കിയത്. ലോണ്‍ തുക 56 കോടിയാണ്. ലോണ്‍ തുകയും പലിശയും ഉള്‍പ്പെടെ ഈടാക്കാനാണ് ബാങ്കിന്റെ നീക്കം.
ആഗസ്റ്റ് 20 ഞായറാഴ്ച ഒരു ദേശീയ ദിനപത്രത്തിലാണ് ലേല പരസ്യം പ്രത്യക്ഷപ്പെട്ടത്. അജയ് സിംഗ് ഡിയോള്‍ എന്നാണ് താരത്തിന്റെ ഔദ്യോഗിക നാമം. ഈ പേരിലാണ് ലേല പരസ്യം നല്‍കിയിട്ടുള്ളത്.
സണ്ണി ഡിയോളിന്റെ പേരിനൊപ്പം ജാമ്യക്കാരായ സഹോദരനും ബോളിവുഡ് താരവുമായ ബോബി ഡിയോള്‍, അച്ഛനും മുതിര്‍ന്ന ബോളിവുഡ് നടനുമായ ധര്‍മേന്ദ്ര സിംഗ് ഡിയോള്‍ എന്നിവരുടെ പേരുകളും ലേല പരസ്യത്തിലുണ്ട്. പരസ്യത്തില്‍ ബോബി ഡിയോളിന്റെ യഥാര്‍ത്ഥ പേരായ വിജയ് സിംഗ് ഡിയോള്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതിനിടയില്‍, സണ്ണി ഡിയോളിന്റെ ഒടുവില്‍ റിലീസ് ചെയ്ത ഗദര്‍ 2 വന്‍ വിജയമാണ്. 2001 ല്‍ പുറത്തുവന്ന ഗദര്‍ ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് പ്രധാന വേഷങ്ങളില്‍. 9 ദിവസം കൊണ്ട് 400 കോടിയാണ് ചിത്രം നേടിയത്.