/kalakaumudi/media/post_banners/75a27c9e355be41137b7162347e15b1bd043f226ef1ff4d2e3e471cc03e8fdac.jpg)
വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ച ആദ്യ മലയാളചിത്രമായി 'ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്'. ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത് മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ ഒരുക്കിയ ചിത്രമാണ് ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്.ചിത്രം ഇതിനോടകം തന്നെ വിവിധ രാജ്യങ്ങളില്‍ നടന്ന ഫിലിം ഫെസ്റ്റിവലുകളില്‍ ശ്രദ്ധേയമായിരുന്നു.
വത്തിക്കാനിലെ പലാസോ സാന്‍ കാര്‍ലോയിലെ സല ഫില്‍മോറ്റെക്കയില്‍ വെച്ചാണ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസിന്റെ പ്രദര്‍ശനം നടത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണ് ലഭിച്ചത്.
ചിത്രത്തിന്റെ സംവിധായകനുള്‍പ്പെടെയുള്ളവര്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു.മാര്‍പ്പാപ്പയ്ക്ക് വേണ്ടിയും പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. അനുഗ്രഹിക്കപ്പെട്ട മുഹൂര്‍ത്തം എന്നാണ് സംവിധായകന്‍ ഷെയ്‌സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തങ്ങളുടെ ചിത്രത്തെ മാര്‍പ്പാപ്പക്ക് പരിചയപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.
1995ല്‍ മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ബയോപിക് ആണ് ചിത്രം. സിസ്റ്റര്‍ റാണി മരിയയായി വിന്‍സി അലോഷ്യസാണ് വേഷമിട്ടത്. ചിത്രത്തില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നായി 150 ഓളം അഭിനേതാക്കള്‍ കഥാപാത്രങ്ങളായുണ്ട്.
നിരവധി പുരസ്‌കാരങ്ങളും ഇതിനോടകം ചിത്രത്തെ തേടിയെത്തിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിന്‍സി അലോഷ്യസിന് മികച്ച നടിക്കും സംവിധായകന്‍ ഷൈസണ്‍ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
പാരീസ് സിനി ഫിയസ്റ്റയില്‍ 'ബെസ്റ്റ് വുമന്‍സ് ഫിലിം' പുരസ്‌കാരവും കാനഡയിലെ ടൊറന്റോ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ 'ബെസ്റ്റ് ഹ്യൂമന്‍ റൈറ്റ്‌സ് ഫിലിം' പുരസ്‌കാരവും ഉള്‍പ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്‌കാരങ്ങള്‍ സിനിമ ഇതുവരെ കരസ്ഥമാക്കി.
ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ സാന്ദ്ര ഡിസൂസ റാണ ആണ് ചിത്രം നിര്‍മ്മിച്ചത്. ജയപാല്‍ അനന്തന്‍ തിരക്കഥയും ദേശീയ പുരസ്‌കാരം നേടിയ ക്യാമറാമാന്‍ മഹേഷ് ആനെ ചായാഗ്രാഹണവും നിര്‍വഹിച്ചു. നൂറിലേറെ മലയാള ചലച്ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍വഹിച്ച രഞ്ജന്‍ എബ്രഹാം ആണ് എഡിറ്റര്‍. കൈതപ്രത്തിന്റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും പശ്ചാത്തല സംഗീതം നിര്‍വഹിച്ചതും അല്‍ഫോണ്‍സ് ജോസഫ് ആണ്. നിര്‍മ്മാണ നിര്‍വഹണം ഷാഫി ചെമ്മാട്.