അനിയന്ത്രിതമായി പ്രവേശനം അനുവദിക്കില്ല; കെഎസ്ആര്‍ടിസിയുടെ ഇ- ബസ് സൗജന്യ സര്‍വീസ് നടത്തും

അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും.

author-image
Greeshma Rakesh
New Update
അനിയന്ത്രിതമായി പ്രവേശനം അനുവദിക്കില്ല;  കെഎസ്ആര്‍ടിസിയുടെ ഇ- ബസ് സൗജന്യ സര്‍വീസ് നടത്തും

തിരുവനന്തപുരം: 28ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ 18 രാജ്യങ്ങളില്‍ നിന്നുള്ള 175 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും.

ലോകസിനിമാ വിഭാഗത്തില്‍ 62 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ 26 സിനിമകള്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കറിന് വിവിധ രാജ്യങ്ങള്‍ തെരഞ്ഞെടുത്ത ഔദ്യോഗിക എന്‍ട്രികളാണ്. ഇത്തവണ ഡെലിഗേറ്റുകളുടെ എണ്ണം 12,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡെലിഗേറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത് പറഞ്ഞു. കുസാറ്റിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

തിയേറ്ററുകളില്‍ ഉള്‍ക്കൊള്ളാവുന്നതിനപ്പുറം ആളുകളെകയറ്റരുതെന്നാണ് നിര്‍ദ്ദേശം. പാസ് വാങ്ങുന്നവരില്‍ പലരും സിനിമ കാണാന്‍ എത്താറില്ല. എന്നാല്‍ ചില സിനിമകള്‍ പ്രതീക്ഷയോടെ കാണാനെത്തുന്നവര്‍ കൂടുതലുണ്ട്. അത്തരം സിനിമകള്‍ക്ക് ആള്‍ത്തിരക്ക് കൂടും. എന്നാല്‍ ആ സിനിമയുടെ സ്‌ക്രീനിംഗ് അടുത്ത ദിവസം ഉണ്ടെന്നു മനസിലാക്കി കാണാനെത്തുന്നവര്‍ സ്വയം തിരക്ക് നിയന്ത്രിക്കണമെന്നും രഞ്ജിത്ത് പറഞ്ഞു.

പത്തു തിയേറ്ററുകളില്‍ പ്രദര്‍ശനം

പത്തു തിയേറ്ററുകളിലായാണ് സിനിമാ പ്രദര്‍ശനം നടത്തുക. നിശാഗന്ധി, ടഗോര്‍, കലാഭവന്‍, ന്യൂ തിയേറ്റര്‍, കൈരളി, ശ്രീ, നിള, ഏരീസ് പ്ലക്‌സ് എസ്എല്‍ സിനിമാസ്, അജന്ത, ശ്രീപദ്മനാഭ, എന്നീ തിയേറ്ററുകളിലായാണ് പ്രദര്‍ശനം. ഡെലിഗേറ്റുകള്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് ഇ-ബസുകള്‍ പ്രദര്‍ശനവേദികളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക സൗജന്യ സര്‍വീസ് നടത്തുന്നതാണ്. മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെസ്റ്റിവല്‍ വെഹിക്കിള്‍ പാസ് ഉള്ള വാഹനങ്ങള്‍ക്ക് മാത്രമേ ടാഗോറിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ.

സാംസ്‌കാരിക പരിപാടികള്‍ മാനവീയം വീഥിയില്‍

ചലച്ചിത്ര മേളയുടെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികള്‍ ഇത്തവണ മാനവീയം വീഥിയിലായിരിക്കും നടത്തുക. കഴിഞ്ഞ തവണ മെയിന്‍ വേദിയായ ടഗോര്‍ തിയേറ്ററിലായിരുന്നു പരിപാടികള്‍ നടന്നത്. അന്ന് അനിയന്ത്രിതമായ തിരക്കാണ് ഉണ്ടായത്.

 

ഇതേത്തുടര്‍ന്ന് പൊലീസും ചലച്ചിത്ര അക്കാഡമിയോട് സാംസ്‌കാരിക പരിപാടികള്‍ അവിടെനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണിത്. പ്രായമായവര്‍ വരെ അവിടെ താമസിക്കുന്നുണ്ട്. അവര്‍ക്ക് പരിപാടിയുടെ ശബ്ദം വളരെ ബുദ്ധിമുട്ടായെന്ന് ചലച്ചിത്ര അക്കാഡമിയെ അറിയിച്ചിരുന്നു.

ഇതുകൂടി പരിഗണിച്ചാണ് മാനവീയം വീഥിയില്‍ സാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ അക്കാഡമിയെ പ്രേരിപ്പിച്ചത്. അഭയ ഹിരണ്‍മയി അണ്‍പ്ളഗ്ഡ്, ഫൈ്ളയിംഗ് എലഫന്റ്, രാഗവല്ലി, മാങ്കോസ്റ്റീന്‍ ക്ളബ്, ഇഷ്‌ക് സൂഫിയാന എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

inaguration Thiruvananthapuram IFFK