നായകനാക്കാമെങ്കില്‍ മാത്രം ലോകേഷിനൊപ്പം സിനിമ ചെയ്യും, നടികര്‍ സംഘത്തിനെതിരെ നിയമനടപടി സ്വീകരിക്കും: മന്‍സൂര്‍ അലി ഖാന്‍

By Web desk.22 11 2023

imran-azhar

 

തെന്നിന്ത്യന്‍ താരം തൃഷയ്‌ക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന നിലപാടില്‍ ഉറച്ച് നടന്‍ മന്‍സൂര്‍ അലി ഖാന്‍. തമിഴ് താര സംഘടനയായ നടികര്‍ തിലകം തന്നെ അപമാനിച്ചെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് മന്‍സൂര്‍ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ്മീറ്റില്‍ പറഞ്ഞത്.

 

തന്നോട് സംസാരിക്കുക പോലും ചെയ്യാതെ ലോകേഷ് കനകരാജ് പ്രസ്താവനയിറക്കിയതില്‍ നിരാശയുണ്ടെന്നും, ഇനി നായകനായി അഭിനയിക്കാന്‍ ആണെങ്കില്‍ മാത്രമേ ലോകേഷിനൊപ്പം സിനിമ ചെയ്യുകയുള്ളൂ എന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു. നടികര്‍സംഘം അടുത്ത നാല് മണിക്കൂറില്‍ അവരുടെ പ്രസ്താവന പിന്‍വലിക്കുകയും തന്നോട് വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യണമെന്നും മന്‍സൂര്‍ അലി ഖാന്‍ ആവശ്യപ്പെട്ടു.

 

അതേസമയം തൃഷയ്‌ക്കെതിരെ നടത്തിയ ലൈംഗിക പരാമര്‍ശത്തില്‍ മന്‍സൂര്‍ അലിഖാനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള പരാമര്‍ശം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. നടനെതിരെ കേസെടുക്കാന്‍ ദേശീയ വനിതാ കമ്മിഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഡിജിപി ശങ്കര്‍ ജിവാലിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് കേസെടുത്തത്.

 

അടുത്തിടെ, ലിയോ സിനിമയുമായുടെ പ്രമോഷന് വേണ്ടി നല്‍കിയ ഒരു അഭിമുഖത്തിലാണ് മന്‍സൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. ലിയോ സിനിമയില്‍ തൃഷയുമായി റേപ്പ് സീന്‍ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു പരാമര്‍ശം.

 

മന്‍സൂര്‍ അലി ഖാനെതിരെ നടിയും രംഗത്തെത്തിയിരുന്നു. മന്‍സൂര്‍ അലി ഖാനെപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തത് ആശ്വാസകരമാണെന്നും തന്റെ സിനിമാ ജീവിതത്തില്‍ ഇനിയുണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

 

 

 

 

OTHER SECTIONS