ഹായ് നാണ്ണാ; ട്രെയിലര്‍ റിലീസ് ചെയ്തു

By Web desk.25 11 2023

imran-azhar

 


നാച്ചുറല്‍ സ്റ്റാര്‍ നാനിയെയും മൃണാല്‍ താക്കൂറിനെയും നായികാനായകന്മാരാക്കി നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ഹായ് നാണ്ണായുടെ ട്രെയിലര്‍ പുറത്തിറങ്ങി. വൈര എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദര്‍ റെഡ്ഡി ടീഗലയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബര്‍ 7 ന് പ്രേക്ഷകരിലേക്കെത്തും.

 

ഇ4 എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ബേബി കിയാര ഖന്ന സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഹെഷാം അബ്ദുള്‍ വഹാബാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ദസറയിലെ മാസ് കഥാപാത്രത്തിന് ശേഷം ഒരു കുടുംബനാഥന്റെ വേഷത്തില്‍ നാനി പ്രത്യക്ഷപ്പെടുന്ന സിനിമയാണ് 'ഹായ് നാണ്ണാ'.

 


ഒരു രാജാവിന്റെ കഥ പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. രാജാവിനൊരു മകള്‍ ഉണ്ട്. എന്നാല്‍ കഥയില്‍ എവിടെയും അമ്മയെ കുറിച്ച് പറയുന്നില്ല. ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ ട്രെയിലറില്‍ പ്രധാനമായും പ്രണയം, കുടുംബ ജീവിതം, മാതൃത്വം, സ്‌നേഹം, ഏകാന്തത, വിരഹം തുടങ്ങിയ വികാരങ്ങളാണ് പ്രകടമാവുന്നത്. ഫാമിലി എന്റര്‍ടെയ്നര്‍ സിനിമയാണെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

 

ചിത്രത്തിന്റെ ടീസറും നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ മൂന്ന് ഗാനങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് വലിയ ആകാംക്ഷ നല്‍കുന്നതാണ്.

 

സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീണ്‍ ആന്റണിയും പ്രൊഡക്ഷന്‍ ഡിസൈന്‍ അവിനാഷ് കൊല്ലയുമാണ് കൈകാര്യം ചെയ്യുന്നത്. സതീഷ് ഇവിവിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വസ്ത്രാലങ്കാരം: ശീതള്‍ ശര്‍മ്മ, പിആര്‍ഒ: ശബരി.

 

OTHER SECTIONS