/kalakaumudi/media/post_banners/aac6fe06d35e3c9636d95596e49b2c028201815c407cefee85bb115e9f5459bc.jpg)
തിരുവനന്തപുരം: വ്യത്യസ്തമായ പ്രമേയം കൊണ്ടും പുതുമ കൊണ്ടും ശ്രദ്ധേയമായി 28ാമത് രാജ്യാന്തല ചലച്ചിത്ര മേളയുടെ ആദ്യദിനം. ഉദ്ഘാടന ചിത്രം ഉള്‍പ്പെടെ 11 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇറ്റാലിയന്‍ ചിത്രം മാര്‍ക്കോ ബെല്ലോച്ചിയോയുടെ കിഡ്‌നാപ്പ്ഡ് എന്ന സിനിമയായിരുന്നു മേളയില്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനുശേഷം നിശാഗന്ധിയില്‍ മൊഹമ്മദ് കോര്‍ഡോഫാനി സംവിധാനം ചെയ്ത ഗുഡ് ബൈ ജൂലിയ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.
ഉദ്ഘാടന ചിത്രമായാണ് ഈ സിനിമ പ്രദര്‍ശിപ്പിച്ചത്. എല്ലാ ഷോകളുടെയും പ്രദര്‍ശനം നിറഞ്ഞ സദസ്സിലായിരുന്നു. ആദ്യദിനം അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. റിസര്‍വേഷന്‍ ഇല്ലാതിരുന്നിട്ടും ആദ്യ ദിനം കാണികളുടെ മികച്ച പങ്കാളിത്തം ശ്രദ്ധേയമായി. മേളയുടെ പ്രധാന വേദിയായ ടാഗോറില്‍ പ്രദര്‍ശിപ്പിച്ച മാര്‍ക്കോ ബെല്ലോചിയോയുടെ 'കിഡ്നാപ്പ്ഡ്', മൗനിയ മേഡറിന്റെ 'ഹൂറിയ' എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചു.
ലോകസിനിമാ വിഭാഗത്തില്‍ ഇസ്രായേലിയന്‍ ചിത്രം അണ്ടര്‍ ദി ഷാഡോ ഓഫ് സണ്‍ എന്ന ചിത്രം ജനശ്രദ്ധ പിടിച്ചുപറ്റി. വര്‍ണ വിവേചനവും സമൂഹത്തിലെ തെളിഞ്ഞും ഒളിഞ്ഞുമുള്ള വേര്‍തിരുവുകളും ഒക്കെ ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്നലെ രാവിലെ 10.15ന് ശ്രീ തിയേറ്ററിലായിരുന്നു പ്രദര്‍ശനം. രണ്ട് വയസുള്ളപ്പോള്‍ നഷ്ടമായ സ്വന്തം മകനെ കണ്ടെത്താന്‍ 15 കൊല്ലത്തിന് ശേഷം ഒരു അച്ഛന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. ജീവിതത്തില്‍ രണ്ടാമതൊരു അവസരം ലഭിക്കുന്ന ഒരാള്‍ തനിക്ക് നഷ്ടമായത് തിരികെ സ്വന്തമാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വൈകാരികമായി ഈ ഇസ്രായേലി ചിത്രം അടയാളപ്പെടുത്തുന്നു.
ഷാലോം ഹാഗര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മറ്റാക്കോ എന്ന കേന്ദ്ര കഥാപാത്രമായി എമോസ് അയേനോ എത്തുന്നു. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 15 വര്‍ഷം തടവില്‍ കഴിഞ്ഞ മറ്റാക്കോ ജയില്‍ മോചിതനാകുന്നിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. എത്യോപ്യന്‍ ജൂതനായ മറ്റാക്കോയുടെ മടങ്ങിവരവ് ഒട്ടും സുഖകരമായിരുന്നില്ല. താന്‍ ചെയ്ത തെറ്റിന്റെ പരിണിത ഫലം അതിക്രൂരമായിരുന്നു. ശാപവാക്കുകളും കയ്യാങ്കളിയും ഒക്കെ നേരിടേണ്ടി വന്ന മറ്റാക്കോയ്ക്ക് ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു, 15 വര്‍ഷം മുന്നെ തനിക്ക് നഷ്ടമായ മകനെ കണ്ടെത്തുക.രണ്ട് വയസുള്ളപ്പോള്‍ തനിക്ക് നഷ്ടമായ മസ്ഗാനോ എന്ന് പേരുള്ള മകനെ കണ്ടെത്താന്‍ മറ്റാക്കോ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം വരച്ചുകാട്ടുന്നത്.
ഇസ്രായേല്‍ പശ്ചാത്തലമാക്കി പുരോഗമിക്കുന്ന ചിത്രം മറ്റാക്കോയുടെ കാഴ്ചപ്പാടിലൂടെയാണ് പുരോഗമിക്കുന്നത്. മകനെ കണ്ടെത്താന്‍ ഏതറ്റം വരെയും പോകാന്‍ അയാള്‍ ഒരുക്കമായിരുന്നു. കഥ പുരോഗമിക്കവേ മകനിലേയ്ക്കുള്ള അകലം കുറയുന്നുണ്ടെങ്കിലും മകന്‍ തന്നില്‍ നിന്ന് മാനസികമായി ഏറെ അകലെയാണെന്ന് ആ അച്ഛന്‍ തിരിച്ചറിയുന്നു.ഒരു അച്ഛനും കാണാന്‍ ആഗ്രഹിക്കാത്ത നിലയില്‍ കണ്ടെത്തുമെങ്കിലും മകനിലേയ്ക്ക് ഒരുപാട് ദൂരം അയാള്‍ക്ക് സഞ്ചരിക്കാനുണ്ടായിരുന്നു. താന്‍ ചെയ്ത തെറ്റുകള്‍ക്കുള്ള പ്രയാശ്ചിത്തമായി മകന് വേണ്ടി എന്തും ചെയ്യാന്‍ അയാള്‍ ഒരുക്കമായിരുന്നു.
ജീവിതത്തില്‍ രണ്ടാമതൊരു അവസരം മറ്റാക്കോ അര്‍ഹിക്കുന്നുണ്ടെന്ന് മകന്‍ തിരിച്ചറിയുമോ എന്ന ആകാംക്ഷ നിലനിര്‍ത്തികൊണ്ടാണ് ചിത്രം പുരോഗമിക്കുന്നത്. അച്ഛന്‍ മകന്‍ ബന്ധത്തിന്റെ തീവ്രത പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതില്‍ റാന്‍ ഭാഗ്നോയുടെ സംഗീതത്തിന് വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എമോസ് അയേനോയുടെ പ്രകടനവും ശക്തമായ തിരക്കഥയുമാണ് ചിത്രത്തിന്റെ ജീവന്‍. ഒരു തെറ്റ് ചെയ്താല്‍ ജീവിതാവസാനം വരെ അത് വേട്ടയാടുമെന്ന് ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.