മലയാള സിനിമയില്‍ നിന്ന് വേള്‍ഡ് ക്ലാസ് ചിത്രം! ഫിലിം ഫെസ്റ്റിവലുകളില്‍ ചര്‍ച്ച, ആടുജീവിതത്തിന്റെ ഹൈലൈറ്റ്‌സ്, റിലീസ് തിയതി

By Web Desk.01 12 2023

imran-azhar

 

 


കാത്തിരിപ്പുകള്‍ക്ക് വിരാമം. ബ്ലെസ്സി, പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ആടുജീവിതം 2024 ഏപ്രില്‍ 10 ന് തിയേറ്ററുകളിലെത്തും. ബെന്യാമിന്റെ നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രം ഒട്ടേറെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ ചര്‍ച്ചാവിഷയമായിരുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

 

വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, ഇന്ത്യന്‍ നടന്‍ കെ.ആര്‍.ഗോകുല്‍, അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

 

ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍ റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും ആടുജീവിതത്തിന്റെ പ്രത്യേകതകളാണ്. ചിത്രത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സുനില്‍ കെ എസ്സും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ആണ്.

 

വിവിധ രാജ്യങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം അഞ്ചു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് എത്തുന്നത്. ഭാഗ്യം തേടി വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ആടുജീവിതം പറയുന്നത്.

 

ആഗോള പ്രേക്ഷകരെക്കൂടി മനസ്സില്‍ കണ്ടുകൊണ്ട് നിര്‍മ്മിച്ച ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ബ്ലെസി പറയുന്നു. ആടുജീവിതം സാര്‍വത്രിക ആകര്‍ഷണീയതയുള്ള ഒരു വിഷയമാണ്. അതിന്റെ ആഖ്യാന ശൈലിയോട് കഴിവതും സത്യസന്ധത പുലര്‍ത്തണമെന്നതായിരുന്നു എന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഈ നോവല്‍ ചില യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അവിശ്വസനീയമായ സംഭവവികാസങ്ങളിലൂടെ ഓരോ നിമിഷവും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പലപ്പോഴും കഥകളെക്കാള്‍ വിചിത്രമാണ് സത്യം. ഈ ചിത്രം പൂര്‍ണ്ണമായും തീയറ്റര്‍ ആസ്വാദനം ആവശ്യമായ സിനിമയാണ്. ഈ മാഗ്‌നം ഓപ്പസ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക്സന്തോഷമുണ്ട്.

 

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പിആര്‍ഒ ആതിര ദില്‍ജിത്ത്.

 

 

OTHER SECTIONS