/kalakaumudi/media/post_banners/4f02bbb26d1b144c05634ab45ae0187ee2e6a51e67b274b96763985e2425603b.jpg)
രോഗബാധിതനായ ചലച്ചിത്ര സീരിയല്‍ നടന്‍ കൊല്ലം ഷായ്ക്ക് മമ്മൂട്ടിയുടെ കൈത്താങ്ങ്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഡോക്ടര്‍മാര്‍ ഹൃദയശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു.
നടന്‍ മനോജാണ് ഷായുടെ രോഗവിവരം മമ്മൂട്ടിയെ അറിയിച്ചത്. മനോന്റെ മെസേജ് കണ്ട മമ്മൂട്ടി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി. തുടര്‍ന്ന് ഷായുടെ ചികിത്സയ്ക്കു വേണ്ട സഹായം മമ്മൂട്ടി വാഗ്ദാനം ചെയ്യുകയായിരുന്നു.
ഒരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഷായ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഹൃദയത്തില്‍ നാല് ബ്ലോക്കുണ്ടെന്ന് കണ്ടെത്തി.
ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന ഭീമമായ തുക കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ഷായുടെ കുടുംബത്തെ സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയും നടി സീമ ജി നായരും സഹായിച്ചിരുന്നു. എന്നാല്‍, ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ചെലവാകും. തുടര്‍ന്നാണ് മനോജ് മമ്മൂട്ടിയ്ക്ക് സന്ദേശം അയച്ചത്.
മനോജിന്റെ വാക്കുകള്‍ ഇങ്ങനെ. ഷാ ഇക്കയുടെ ഫോട്ടോയും ബാക്കി വിവരങ്ങളും കൂടി ഞാന്‍ മമ്മൂക്കയ്ക്ക് അയച്ചു. ഷാ ഇക്കയുടെ അവസ്ഥ കഷ്ടമാണ് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ ഇങ്ങനെ ഒരു അവസ്ഥ ആയതുകൊണ്ടാണ് ബുദ്ധിമുട്ടിക്കുന്നത് എന്ന് വോയ്സ് അയച്ചു.
സാധാരണ എന്ത് മെസ്സേജ് അയച്ചാലും പ്രതികരിക്കാറുള്ള മമ്മൂക്ക ഈ മെസേജിന് പ്രതികരിച്ചില്ല. ജൂണ്‍ ഏഴാം തീയതി ആണ് ഞാന്‍ ആദ്യം മെസ്സേജ് അയച്ചത്. അദേഹത്തിന്റെ മറുപടി ഒന്നും കാണാത്തതുകൊണ്ട് 12 ആം തീയതി അദ്ദേഹത്തിന്, ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം മമ്മൂക്ക എന്നുപറഞ്ഞ് ഒരു മെസ്സേജ് കൂടി അയച്ചു. അതിനും അദ്ദേഹം പ്രതികരിച്ചില്ല.
ജൂണ്‍ പതിനഞ്ച് എന്നെ ഞെട്ടിച്ച ഒരു ദിവസം ആയിരുന്നു. ഒരു 6:55 ആയപ്പോള്‍ എന്റെ ഫോണില്‍ മമ്മൂക്ക എന്ന് തെളിഞ്ഞു വന്നു. എന്റെ കയ്യും കാലും വിറച്ചുപോയി. ഞാന്‍ ഒന്നുകൂടി ഫോണിലേക്ക് നോക്കി, മമ്മൂക്ക തന്നെയാണോ. ഞാന്‍ കോള്‍ എടുത്തു.
മനോജ് ഷായുടെ കാര്യം പറഞ്ഞിരുന്നല്ലോ, ഞാന്‍ ആശുപത്രിയില്‍ വിളിച്ചു പറയാം, വേണ്ട കാര്യങ്ങള്‍ അവര്‍ ചെയ്തു തരും എന്നാണ് മമ്മൂക്ക പറഞ്ഞു. അന്ന് രാത്രി തന്നെ അദ്ദേഹം ആശുപത്രിയില്‍ വിളിച്ചു പറഞ്ഞു, ഷാ ഇക്കയുടെ ചികിത്സ മുഴുവന്‍ സൗജന്യമായി.
ജീവിതത്തില്‍ ആദ്യമായി ഈ സിംഹത്തിന്റെ കോള്‍ എന്റെ ഫോണിലേക്ക് വന്നത് ഒരിക്കലും മറക്കില്ല. അദ്ദേഹം ശരിക്കും സ്‌നേഹമുള്ള സിംഹം തന്നെയാണ്. ഷായുടെ ഹൃദയ ശസ്ത്രക്രിയ 27 ജൂണിന് ആശുപത്രിയില്‍ നടന്നു. അദ്ദേഹത്തിനു വേണ്ടി എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാകണം...