'ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശം, ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു'; വിമർശനങ്ങൾക്ക് മറുപടിയുമായി സാനിയ

author-image
Greeshma Rakesh
New Update
 'ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശം, ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു'; വിമർശനങ്ങൾക്ക് മറുപടിയുമായി സാനിയ

കഴിഞ്ഞ ദിവസങ്ങളിൽ നടി സാനിയ ഇയ്യപ്പന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സെൽഫി എടുക്കാൻ തന്റെയരുകിലെത്തിയ ചെറുപ്പക്കാരനോട് നടി സാനിയ ഇയ്യപ്പൻ അവജ്ഞയോടെ പെരുമാറി എന്ന തരത്തിലുള്ള വിഡിയോയാണ് വൈറലായത്.

സാനിയയുടെ കൂടെ ഒരു ആരാധകൻ സെൽഫി എടുക്കുമ്പോൾ സെൽഫി ഫ്രെയ്മിലേക്ക് മറ്റൊരാൾ കൂടി കയറിനിൽക്കുന്നതാണ് വീഡിയോ.രണ്ടാമത്തെ ആൾ തന്റെ അടുത്തേക്ക് നിൽക്കുമ്പോൾ സാനിയ അകന്നുനിൽക്കുന്നത് വീഡിയോയിൽ കാണാം. കാരണം ഒട്ടും പ്രതീക്ഷിക്കാതെയാണ് രണ്ടാമത്തെ ആൾ വരുന്നത്. ഈ വിഡിയോ വൈറലായതിനു പിന്നാലെ നിരവധിപേരാണ് താരത്തെ വിമർശിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ആ സാഹചര്യം വിശദീകരിച്ച് സാനിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘'ഈയിടെ ഒരു വ്യക്തിയോട് ഞാൻ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും അതിൽ ചില വ്യക്തികൾ അവരുടെ വിയോജിപ്പ് കമന്റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തിൽ പല രീതിയിലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങൾക്ക് മുമ്പ് എന്റെ ജീവിതത്തിൽ ഒട്ടും മറക്കാൻ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിനു ശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാം ഞാൻ ഉള്ളിലൊതുക്കിയെങ്കിലും, ഓരോ തവണയും മനസ്സിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു.

ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാൽ, ഇതിന്റെ ഗൗരവം എല്ലാവർക്കും ഒരുപോലെയല്ലെന്ന സത്യവും ഞാൻ മനസ്സിലാക്കുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അബദ്ധവശാൽ ഞാൻ അങ്ങനെ ചെയ്തെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്നെ മനസ്സിലാക്കിയതിന് നന്ദി’'. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സാനിയയുടെ പ്രതികരണം.

viral video movie news saniya iyyappan