/kalakaumudi/media/post_banners/75733564fd720dd5adb4e5c1938a91cabc7b4a9470921502a1ad64a782d0195c.jpg)
തിരുവനന്തപുരം: കെഎസ്എഫ്ഡിസിയില്‍ നിന്നും സംവിധായകന്‍ ഡോ.ബിജു രാജിവച്ചു. ബോര്‍ഡ് മെമ്പര്‍ സ്ഥാനമാണ് രാജിവച്ചത്. തൊഴില്‍പരമായ കാരണങ്ങളാണ് രാജിക്ക് പിന്നില്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള പ്രശ്‌നമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.
ബിജുവിന്റെ 'അദൃശ്യജാലകങ്ങള്‍' സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് ഐഎഫ്എഫ്‌കെ തീരുമാനം എടുത്തിരുന്നു. രാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയതോടെയാണ് അദൃശ്യജാലകങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. രഞ്ജിത്തിന്റെ പരാമര്‍ശത്തിന് ബിജു കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു.
കേരളത്തിനും ഗോവയ്ക്കും അപ്പുറം ഒരു ചലച്ചിത്രമേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനോടു രാജ്യാന്തര ചലച്ചിത്രമേളകളെപ്പറ്റി സംസാരിക്കുന്നതു വ്യര്‍ഥമെന്നു സംവിധായകന്‍ ഡോ.ബിജു പ്രതികരിച്ചു. തിയറ്ററുകളില്‍ ആളെക്കൂട്ടിയതുകൊണ്ടല്ല സിനിമകള്‍ ചലച്ചിത്രമേളകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. അക്കാര്യം പോലും അറിയാത്തയാളാണു കേരളത്തില്‍ ചലച്ചിത്രമേളയുടെ ചെയര്‍മാനായിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജുവിന്റെ 'അദൃശ്യജാലകങ്ങള്‍' സിനിമയ്ക്ക് തിയറ്ററില്‍ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണു സമൂഹമാധ്യമത്തില്‍ ബിജുവിന്റെ തുറന്ന കത്ത്.
തിയറ്ററില്‍ ആളെ കൂട്ടുന്നതു മാത്രമാണു സിനിമ എന്ന രഞ്ജിത്തിന്റെ ബോധം തിരുത്താന്‍ താന്‍ ആളല്ല. വളരെയേറെ ക്രിട്ടിക്കല്‍ അംഗീകാരം കിട്ടിയ തന്റെ സിനിമയെ ഐഎഫ്എഫ്‌കെയില്‍ സിനിമ തിരഞ്ഞെടുത്തപ്പോള്‍ രഞ്ജിത്തിന്റെ സുഹൃത്ത് തള്ളിക്കളഞ്ഞതാണ്. പിന്നീട് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ ഇടംപിടിച്ചപ്പോള്‍ ഐഎഫ്എഫ്‌കെയിലെ കലൈഡോസ്‌കോപ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തന്നോട് അനുമതി ചോദിക്കുകയായിരുന്നു. ആദ്യ പ്രദര്‍ശനത്തിന് അഭൂതപൂര്‍വമായ തിരക്കുമുണ്ടായി.
കഴിഞ്ഞ മേളയില്‍ ഡെലിഗേറ്റുകളെ പട്ടിയോട് ഉപമിച്ചയാളാണു രഞ്ജിത്ത്. രഞ്ജിത്തിന്റെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യില്‍ വച്ചാല്‍ മതി. രാജ്യാന്തര ചലച്ചിത്ര മേളയുടെ ചെയര്‍മാനായിരിക്കാന്‍ എന്തെങ്കിലും യോഗ്യതയുണ്ടോ എന്നു സ്വയം ആലോചിക്കൂവെന്നും തുറന്ന കത്തില്‍ ഡോ.ബിജു പറയുന്നു.
തനിക്കെതിരെ പരാമര്‍ശിച്ച രഞ്ജിത്തിന്റെ അഭിമുഖം കണ്ടതിനു പിന്നാലെ അദ്ദേഹത്തിന് ഫോണ്‍ സന്ദേശം അയച്ചിരുന്നതായും ബിജു പറഞ്ഞു.
''എന്റെ പ്രസക്തി തീരുമാനിക്കുന്നത് രഞ്ജിത്ത് അല്ല. കേരളത്തിനും ഇന്ത്യയ്ക്കും അപ്പുറം ഒരു സിനിമാലോകമുണ്ട് എന്നുപോലും അറിയാത്ത താങ്കളുടെ വിലയിരുത്തല്‍ എനിക്ക് ആവശ്യമില്ല'' എന്നായിരുന്നു ഡോ.ബിജുവിന്റെ സന്ദേശം. 'മറുവാക്കുകള്‍ക്കു നന്ദി' എന്ന് ആദ്യം മറുപടി നല്‍കിയ രഞ്ജിത്ത് പിന്നീട് 'മതി നിര്‍ത്തിക്കോ' എന്ന ഭീഷണി സന്ദേശം അയച്ചെന്നും 'രഞ്ജിത്തിന്റെ ആജ്ഞ അനുസരിക്കാന്‍ തനിക്കു ബാധ്യതയില്ല' എന്നു മറുപടി നല്‍കിയെന്നും ഡോ.ബിജു വെളിപ്പെടുത്തിയിരുന്നു.