സൈനിക സേവനത്തിനൊരുങ്ങി ആർഎം, ജിമിൻ, വി, ജങ്കൂക്ക്; ബിടിഎസിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുമെന്ന് ആർമി

താരങ്ങൾ അവരുടെ സൈനിക സേവന ചുമതലകൾ നിറവേറ്റാനുള്ള ഒരുക്കത്തിലാണെന്നും കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കുമെന്നും ബിഗ് ഹിറ്റിന്റെ പ്രസ്താവനയിൽ പറയുന്നു.

author-image
Greeshma Rakesh
New Update
സൈനിക സേവനത്തിനൊരുങ്ങി ആർഎം, ജിമിൻ, വി, ജങ്കൂക്ക്; ബിടിഎസിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുമെന്ന് ആർമി

ലോകമെമ്പാടും നിരവധി ആരാധകരുള്ള കെ-പോപ്പ് ബോയ് ബാൻഡാണ് ബിടിഎസ്.പലപ്പോഴും ആരാധകർ ബിടിഎസിന്റെ പുതിയ വാർത്തകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്.എന്നാൽ  ആരാധകർക്ക് ഏറെ സങ്കടമുണ്ടാക്കുന്ന വാർത്തയാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ബിടിഎസിലെ ആർഎം, ജിമിൻ, വി, ജങ്കൂക്ക് എന്നീ താരങ്ങളുടെ സൈനിക സേവനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ബിഗ് ഹിറ്റ് അറിയിച്ചിരിക്കുകയാണ്. താരങ്ങൾ അവരുടെ സൈനിക സേവന ചുമതലകൾ നിറവേറ്റാനുള്ള ഒരുക്കത്തിലാണെന്നും കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കുമെന്നും ബിഗ് ഹിറ്റിന്റെ പ്രസ്താവനയിൽ പറയുന്നു.

 

താരങ്ങൾ സൈനിക സേവനം പൂർത്തിയാക്കി സുരക്ഷിതരായി മടങ്ങിയെത്തുന്നതുവരെ ആർമിയുടെ സ്നേഹവും പിന്തുണയും ആർഎം, ജിമിൻ, വി, ജങ്കൂക്ക് എന്നിവർക്ക് വേണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

താരങ്ങളുടെ സൈനിക സേവനത്തെ കുറിച്ച് ഏറ്റവും പുതിയ വിവരങ്ങളാണ് ബിടിഎസ് ഏജൻസിയായ ബിഗ്ഹിറ്റ് പുറത്തുവിട്ടിരിക്കുന്നത്. ബിടിഎസ് ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണെങ്കിലും കടമകൾ പൂർത്തിയാക്കി എത്രയും വേഗം മടങ്ങിയെത്തുമെന്ന് താരങ്ങൾ തങ്ങളുടെ ആരാധകർക്ക് ഉറപ്പ് നൽകി.

കഴിഞ്ഞ വർഷം മുതലാണ് ബിടിഎസ് താരങ്ങൾ നിർബന്ധിത സൈനിക സേവനത്തിനായി പോയിത്തുടങ്ങിയത്. സേവനം പൂർത്തിയാക്കി 2025 ഓടെ താരങ്ങളെല്ലാം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ആരാധകർ.നിലവിൽ ബിടിഎസ് താരങ്ങളായ ജിൻ, ജെ-ഹോപ്പ്, സുഗ എന്നിവർ ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിലാണ്. ഏഴംഗ സംഘത്തിൽ ഇനി സൈനിക സേവനത്തിനായി ബാക്കിയുള്ളത് ആർഎം, ജിമിൻ, വി, ജങ്കൂക്ക് എന്നീ താരങ്ങളാണ്.

ദക്ഷിണ കൊറിയയിലെ നിയമം അനുസരിച്ച് 18 നും 28 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കണം. 20 മാസമാണ് സൈനിക സേവനം. ബിടിഎസ് താരങ്ങളുടെ തിരക്കുകൾ പരിഗണിച്ച് പ്രായ പരിധിയിൽ ഇളവ് നൽകിയിരുന്നെങ്കിലും സൈനിക സേവനത്തിൽ നിന്ന് മാറി നിൽക്കേണ്ടെന്ന് ബിടിഎസ് തന്നെ തീരുമാനിക്കുകയായിരുന്നു.

south korea Jimin Jhope military enlistment Jin Taehyung Jungkook RM Bighit Entertainment Suga BTS BTS Army