സംസ്ഥാനത്ത് സിനിമാ നയം വരുന്നു; 10 അംഗ സമിതിക്ക് രൂപം നല്‍കി സര്‍ക്കാര്‍

അതേസമയം സമിതിയില്‍ നിന്നും മഞ്ജു വാര്യരും രാജീവ് രവിയും പിന്‍മാറി. അംഗങ്ങളാകാന്‍ അസൗകര്യമുണ്ടെന്ന് ഇരുവരും സര്‍ക്കാരിനെ അറിയിച്ചു.

author-image
Greeshma Rakesh
New Update
സംസ്ഥാനത്ത് സിനിമാ നയം വരുന്നു; 10 അംഗ സമിതിക്ക് രൂപം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ സിനിമാ നയം വരുന്നു. ഇതിനായി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ 10 അംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി.അതേസമയം സമിതിയില്‍ നിന്നും മഞ്ജു വാര്യരും രാജീവ് രവിയും പിന്‍മാറി. അംഗങ്ങളാകാന്‍ അസൗകര്യമുണ്ടെന്ന് ഇരുവരും സര്‍ക്കാരിനെ അറിയിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് സിനിമാ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതിനായി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ 10 അംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുകയായിരുന്നു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവര്‍ക്കൊപ്പം നടന്മാരായ എം മുകേഷ്, എംഎല്‍എ, മഞ്ജു വാര്യര്‍, പത്മപ്രിയ, നിഖില വിമല്‍, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, ഛായാഗ്രാഹകന്‍ രാജീവ് രവി, നിര്‍മ്മാതാവ് സന്തോഷ് കുരുവിള എന്നിവരും പാനലില്‍ അംഗങ്ങളാക്കിയാണ് സമിതിക്ക് രൂപം കൊടുത്തത്.

രണ്ട് മാസത്തിനകം കരട് നയം സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സമിതിയില്‍ അംഗങ്ങളാകാന്‍ അസൗകര്യമുണ്ടെന്ന് മഞ്ജു വാര്യരും രാജീവ് രവിയും സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.സിനിമാ മേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പക്കല്‍ രണ്ട് റിപ്പോര്‍ട്ടുകള്‍ ഉണ്ട്: ഒന്ന് ചലച്ചിത്ര നിര്‍മ്മാതാവ് അടൂര്‍ ഗോപാലകൃഷ്ണന്റേതും മറ്റൊന്ന് ജസ്റ്റിസ് കെ ഹേമയുടേതുമാണ് ആ റിപ്പോര്‍ട്ടുകള്‍.

സിനിമാ വ്യവസായത്തില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചാണ് രണ്ടു റിപ്പോര്‍ട്ടിലും പ്രതിപാദിക്കുന്നത്. സംസ്ഥാനത്തെ ചലച്ചിത്രമേഖലയുടെ ഉന്നമനമാണ് നയത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.നടിമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളും ലഹരിവസ്തുക്കളുടെ ദുരുപയോഗ ആരോപണങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

പുതിയ നയം വരുന്നതോടെ ഇതിനൊക്കെ പരിഹാരമുണ്ടാകും. കൂടാതെ, സിനിമാ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന പലരും ഇപ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു. അവരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനും അവരുടെ ജീവിത സാഹചര്യങ്ങള്‍ ഉയര്‍ത്താനും കൂടിയാണ് പുതിയ നയം കൊണ്ടുവരുന്നത്.

kerala kerala government Latest News Malayalam Movie News Cinema Policy