കോഴിക്കോട്: ചെറുപ്പത്തില്‍ അച്ഛന്‍ തന്നോട് ഒട്ടും സൗഹൃദത്തോടെ പെരുമാറിയിട്ടില്ലെന്ന് വെളിപ്പെടുത്തി ദിലീപ്. കോഴിക്കോട് ഗോകുലം പബ്ലിക്ക് സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടിയിലാണ് ദിലീപ് തന്റെ അച്ഛനെക്കുറിച്ച് തുറന്നു പറഞ്ഞത്. അച്ഛനെ ഭയമായിരുന്നു. അപൂര്‍വമായി മാത്രമാണ് അച്ഛന്‍ ചിരിക്കുകയൊക്കെ ചെയ്തിട്ടുള്ളത്. പിന്നീട് താന്‍ സിനിമയിലൊക്കെ വന്നതിനുശേഷമാണ് അച്ഛനെ സുഹൃത്താക്കാന്‍ ശ്രമിച്ച് ശ്രമിച്ച് സുഹൃത്താക്കി മാറ്റിയത്. സുഹൃത്താക്കി മാറ്റി അടുത്തുവന്നപ്പോഴേക്കും അച്ഛന്‍ പോയെന്നും താരം പറഞ്ഞു.
ഗോകുലം ഗോപാലനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത്. തന്റെ അടുത്ത സിനിമയുടെ നിര്‍മാതാവ് ഗോകുലം ഗോപാലനാണെന്നും അതുകൊണ്ടാണ് എല്ലാ തിരക്കുകളും മാറ്റിവച്ച് താന്‍ വന്നതെന്നും ദിലീപ് പറഞ്ഞു.
ദിലീപിന്റെ വാക്കുകള്‍:
''നമ്മള്‍ കുട്ടിക്കാലം ശരിക്കും ആസ്വദിച്ചില്ലല്ലോ എന്ന സങ്കടം ആണ് ഇവിടെ വന്നപ്പോള്‍. മനുഷ്യായുസ്സില്‍ ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നത് ഇത്തരം സ്‌കൂള്‍ ദിനങ്ങള്‍ തന്നെ ആയിരുന്നു. കുട്ടികളുടെ പാട്ടും ഒക്കെ കണ്ടപ്പോള്‍ ഞാന്‍ ഗോപാലേട്ടനോട് ചോദിച്ചു ഇത്രയും സ്‌കൂള്‍, കോളജ് ഒക്കെ ഉള്ളതില്‍ സന്തോഷം തോന്നുന്നില്ലേ. മനസ്സ് കൊണ്ട് വളരെ ചെറുപ്പമാണ് അദ്ദേഹം. ഒരു മനുഷ്യായുസ്സില്‍ ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുന്നത് സ്‌കൂള്‍ കാലഘട്ടത്തിലാണ്. എങ്ങനെയാണ് ഗോപാലേട്ടന്‍ മനസുകൊണ്ട് ചെറുപ്പമായിരിക്കുന്നതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. മനസുകൊണ്ട് അദ്ദേഹത്തിന് എപ്പോഴും ചെറുപ്പമാണ്. നമ്മള്‍ നരച്ച മുടി കറുപ്പിക്കുന്നത് പോലെ അദ്ദേഹം കറുത്ത മുടി നരപ്പിച്ചതാണോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ചില സമയം കുട്ടികളെ കാണുമ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട് ഇവര്‍ പെട്ടെന്ന് വളരാതെ ഇരുന്നെങ്കില്‍ എന്ന്. കാരണം ആ ക്യൂട്ട്‌നെസ് പൊയ്പോകും. ഇന്നത്തെ തലമുറ വളരെ കഴിവുള്ളവരാണ്. റിയാലിറ്റി ഷോസ് കാണുമ്പൊള്‍ അന്തം വിട്ടിരുന്നുപോകും. അതുകാണുമ്പോള്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ട് നേരത്തെ വന്നത് നന്നായി എന്ന്. ശരിക്കും കുഞ്ഞുങ്ങള്‍ ഈ പ്രായം ആസ്വദിക്കണം എന്ന് മാത്രമേ എനിക്ക് പറയാനൊള്ളൂ.
ഇന്ന് ഇന്ത്യയില്‍ നിന്നു ഏറ്റവും കൂടുതല്‍ കയറ്റി അയയ്ക്കപ്പെടുന്നത് നമ്മുടെ തലച്ചോറാണ്. അത്രയും കഴിവുള്ള ആളുകള്‍ ഇവിടെ നിന്നും പോകുകയാണ്. അതില്‍ മാത്രമാണ് സങ്കടം. പോകുന്ന ആളുകള്‍ ഇങ്ങോട്ടു വരുന്നില്ല, അതാണ് പുതിയ തലമുറയില്‍ കാണുന്നത്. പണ്ടൊക്കെ പുറത്തുപോയി പഠിച്ചാലും നാടിനെ സേവിക്കാനായി അവര്‍ തിരിച്ചു വരാറുണ്ടായിരുന്നു. നമ്മുടെ ഭാവി തലമുറയിലും അത്തരമൊരു ചിന്താഗതി ഉണ്ടാകണം. അപ്പോഴാണ് നമ്മുടെ നാട്, ഭാരതം ലോകത്തിനു മുന്നില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കൂ. അതിനുവേണ്ടത് ഭാവിതലമുറയുടെ കഴിവാണ്.
അതിനുള്ള എല്ലാവിധ സൗകര്യങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇവിടെ വന്നപ്പോള്‍ തന്നെ ഇവിടെയുള്ള കുട്ടികളുടെ സംസാരശൈലി തന്നെ എടുത്തു പറയേണ്ടതാണ്. ഞാനും ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ തന്നെയാണ് പഠിച്ചത്. ആരെയും കുറ്റം പറയുന്നതല്ല, അന്നൊക്കെ ഗ്രാമത്തില്‍ നിന്നാണ് സ്‌കൂളില്‍ പോയിരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരം ഇംഗ്ലിഷ് മീഡിയത്തില്‍ ചേര്‍ത്തു. പക്ഷേ സ്‌കൂളില്‍ പുസ്തകത്തില്‍ മാത്രമാണ് ഇംഗ്ലിഷ് ഉണ്ടായിരുന്നത്. പുസ്തകത്തില്‍ വായിക്കുമ്പോള്‍ മാത്രമാണ് ഇംഗ്ലിഷ് പറഞ്ഞിരുന്നത്.
അധ്യാപകരും അല്ലാത്ത സമയങ്ങളില്‍ ഇംഗ്ലിഷില്‍ പറയാറില്ല. അങ്ങനെ ഇംഗ്ലിഷ് പുറത്തു സംസാരിക്കാനും നാണമായി മാറും. വീട്ടില്‍ ചെന്നാല്‍ ഇംഗ്ലിഷ് പറയാന്‍ ആരുമില്ല, ഇനി നാട്ടില്‍ െചന്നു പറഞ്ഞാല്‍, ഓ വലിയ സായിപ്പ് വന്നേക്കുന്നുവെന്ന് പറഞ്ഞ് കളിയാക്കും. അതുകൊണ്ട് ആ തലമുറ ഇംഗ്ലിഷ് പറയാന്‍ മടിച്ചു. പക്ഷേ ഇന്ന് അങ്ങനെയല്ല, അതില്‍ വളരെ സന്തോഷമുണ്ട്.
ഗോപാലേട്ടന്‍ എന്നോടു പറഞ്ഞ കാര്യങ്ങളുണ്ട്, കുട്ടികള്‍ക്കുവേണ്ടി സമയം ചിലവഴിക്കണം, അവരെ സുഹൃത്തുക്കളായി കാണാന്‍ നോക്കണം. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്, എന്റെ അച്ഛന് എന്നോടു കുറിച്ചു കൂടി സ്വതന്ത്രമായി ഇടപെഴകിക്കൂടെ എന്ന്. കാരണം ഭയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപൂര്‍വമായി മാത്രമാണ് അച്ഛന്‍ ചിരിക്കുകയൊക്കെ ചെയ്തിട്ടുള്ളത്. പിന്നീട് ഞാന്‍ സിനിമയിലൊക്കെ വന്നതിനുശേഷമാണ് എന്റെ അച്ഛനെ സുഹൃത്താക്കാന്‍ ശ്രമിച്ച് ശ്രമിച്ച് സുഹൃത്താക്കി മാറ്റിയത്. സുഹൃത്താക്കി മാറ്റി അടുത്തുവന്നപ്പോഴേക്കും അച്ഛന്‍ പോയി.
പക്ഷേ ഇന്ന്, ഞാനെന്റെ മക്കളെ വളര്‍ത്തുന്നത് സുഹൃത്തുക്കളെപ്പോലെയാണ്. കാരണം എന്റെ കുട്ടികള്‍ക്ക് എന്തും എന്നോടുവന്നു പറയാം. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ മൂത്ത ആളെയും രണ്ടാമത്തെ ആളെയും അറിയാം. എന്തുതിരക്കിനിടയിലും അവരുടെ കൂടെ സമയം ചിലവഴിക്കുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ചെറുപ്പമാകുന്നത്. എത്ര തിരക്കിനിടയിലും മക്കള്‍ക്കു വേണ്ടി കുറച്ച് സമയം കണ്ടുവയ്ക്കുക, അത് വലിയ കാര്യം തന്നെയാണ്.
ഇപ്പോഴത്തെ കുട്ടികള്‍ ഭാഗ്യവാന്മാരാണ്. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്നും അടി മേടിച്ചു കൂട്ടാറുണ്ടായിരുന്നു. ഇന്നത്തെ ടീച്ചര്‍മാരും സുഹൃത്തുക്കളെപ്പോലെയാണ്. അവരെ കേള്‍ക്കാന്‍ തയാറാണ്. ഭയപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് സ്‌നേഹത്തോടെ ഒരു കാര്യം പറയുമ്പോഴാണ് അത് കുട്ടികളുടെ മനസ്സില്‍ നില്‍ക്കൂ.
ഈ സ്‌കൂളിനും ഇവിടെയുള്ള അധ്യാപകര്‍ക്കും ഗോപാലേട്ടനും ഇവിടെ വന്നിരിക്കുന്ന നല്ലവരായ മാതാപിതാക്കള്‍ക്കും എല്ലാ ഐശ്വര്യങ്ങളും നേരുന്നു. അതുപോലെ എന്തു പ്രശ്‌നങ്ങള്‍ വന്നാലും എന്റെ സിനിമകള്‍ വരുമ്പോള്‍ കുട്ടികളെ കാണിക്കാന്‍ ശ്രമിക്കണം. കുറച്ച് സിനിമകള്‍ വരുന്നുണ്ട്. പത്തിരുപത്തിയെട്ട് വര്‍ഷമായി വ്യത്യസ്തങ്ങളായ പല വേഷങ്ങള്‍ ചെയ്തിട്ടും നിങ്ങള്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ പ്രതിസന്ധിഘട്ടത്തിലും എന്നോടൊപ്പം നിന്ന എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ നേരിട്ടുവന്ന് നന്ദി പറയുന്നു.''