ഫാറൂഖ് കോളേജിനെതിരെ സംവിധായകന്‍ ജിയോ ബേബി

കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ സംവിധാകന്‍ ജിയോ ബേബി.

author-image
Web Desk
New Update
ഫാറൂഖ് കോളേജിനെതിരെ സംവിധായകന്‍ ജിയോ ബേബി

 

കോഴിക്കോട് : കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ സംവിധാകന്‍ ജിയോ ബേബി. ഡിസംബര്‍ അഞ്ചാം തിയതി കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ തന്നെ ക്ഷണിച്ചിരുന്നുവെന്നും പിന്നീടത് മുന്‍കൂട്ടി അറിയിക്കാതെ റദ്ദാക്കിയെന്നുമാണ് ജിയോ ബേബി പറയുന്നത്. പ്രിന്‍സിപ്പലിന് മെയില്‍ അയച്ചിട്ട് ഇതുവരെയും മറുപടി തന്നില്ല. കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ കത്ത് ലഭിച്ചെന്നും സംവിധായകന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ജിയോ ബേബി ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ ധാര്‍മിക മൂല്യമാണ് അവര്‍ പ്രശ്‌നമായി പറഞ്ഞതെന്നും ജിയോ പറഞ്ഞു. വിഷയത്തില്‍ താന്‍ അപമാനിതന്‍ ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിദ്യാര്‍ത്ഥി യൂണിയന്‍ എന്ത് ആശയമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

' എനിക്ക് ഉണ്ടായ മോശം അനുഭവത്തെ പറ്റി സംസാരിക്കാനാണ് ഞാന്‍ വന്നത്. ഡിസംബര്‍ അഞ്ചാം തീയതി ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ എന്നെ അവര്‍ ക്ഷണിച്ചിരിക്കുന്നു. അതനുസരിച്ച് അഞ്ചാം തിയതി ഞാന്‍ കോഴിക്കോട് എത്തി. അവിടെ എത്തിയതിന് ശേഷമാണ് ഞാന്‍ അറിയുന്നത് ഈ പരിപാടി അവര്‍ ക്യാന്‍സല്‍ ചെയ്‌തെന്ന്. പരിപാടി കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് കാര്യം പറയുന്നത്. അവര്‍ക്കും വളരെ വേദന ഉണ്ടായി. എന്താണ് കാരണം എന്ന് ചോദിക്കുമ്പോള്‍, വ്യക്തമായൊന്നും മനസിലാകുന്നില്ല. സോഷ്യല്‍ മീഡിയയില്‍ വരെ പോസ്റ്റര്‍ റിലീസ് ചെയ്തതാണ്. അങ്ങനെ ഒരു പരിപാടി പെട്ടെന്ന് റദ്ദാക്കിയത് കൊണ്ട് ഞാന്‍ പ്രിന്‍സിപ്പലിന് ഈ മെയില്‍ ആയച്ചു. പരിപാടി ക്യാന്‍സല്‍ ചെയ്യാനുള്ള കാരണം ചോദിച്ചായിരുന്നു ഇത്. വാട്‌സാപ്പിലും മെസേജ് അയച്ചു.

അതിന് ഇതുവരെ മറുപടി ഇല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് കിട്ടിയ, അതായത് ഫറൂഖ് കോളേജിലെ സ്റ്റുഡന്‍സ് യൂണിയന്റെ ഒരു കത്ത് എനിക്ക് ലഭിച്ചു. അതില്‍ എഴുതിയിരിക്കുന്നത്- 'ഫാറൂഖ് കോളേജ് പ്രവര്‍ത്തിച്ച് വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടനകന്റെ പരാമര്‍ശങ്ങള്‍, കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കുന്നതല്ല', എന്നാണ്.

അതായത് എന്റെ ധാര്‍മിക മൂല്യങ്ങള്‍ പ്രശ്‌നമാണെന്നാണ് സ്റ്റുഡന്‍സ് യൂണിയന്‍ പറയുന്നത്. മാനേജ്‌മെന്റ് എന്തുകൊണ്ടാണ് പരിപാടി ക്യാന്‍സല്‍ ചെയ്തത് എന്ന് എനിക്ക് അറിയേണ്ടതുണ്ട്. ഈ പരിപാടിക്ക് വേണ്ടി ഒരുദിവസത്തോളം യാത്ര ചെയ്തിട്ടുണ്ട്. അതിനെക്കാള്‍ ഉപരി ഞാന്‍ അപമാനിതന്‍ ആയിട്ടുണ്ട്. അതിനുള്ള ഉത്തരം എനിക്ക് കിട്ടണം. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമനടപടിയും ഞാന്‍ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തില്‍ ഒരു പ്രതിഷേധം അറിയിച്ചില്ലെങ്കില്‍ അത് ശരിയല്ല. എനിക്ക് മാത്രമല്ല, നാളെ ഇങ്ങനെയൊരു അനുഭവം ആര്‍ക്കും ഉണ്ടാകാതിരിക്കാനും കൂടി വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. എന്റെ പ്രതിഷേധം ആണിത്. ഇത്തരം വിദ്യാര്‍ത്ഥി യൂണിയന്‍ എന്ത് ആശയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് കൂടെ അറിയേണ്ടതുണ്ട്.' എന്ന് അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

Latest News movie news