പുതിയ അപ്‌ഡേറ്റുമായി എമ്പുരാന്‍; രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു

By web desk.01 12 2023

imran-azhar

 

ലൂസിഫറിനെ നെഞ്ചിലേറ്റിയ പ്രേക്ഷകര്‍ ഖുറേഷി അബ്രഹാമിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്. എന്നാല്‍ സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എമ്പുരാന്റെ രണ്ടാംഘട്ട ഷെഡ്യൂള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഒക്ടോബറിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

 

ലഡാക്കിലെ ചിത്രീകരണത്തിന് ശേഷം താത്ക്കാലിക ഇടവേളയെടുത്തിരുന്ന ടീം ഡിസംബറോടെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഷെഡ്യൂളിലേക്കുള്ള സെറ്റ് നിര്‍മ്മാണം ആരംഭിച്ചതിന്റെ ചിത്രങ്ങള്‍ പൃഥ്വിരാജാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സെറ്റിലെ ജോലികള്‍ ഇന്ന് ആരംഭിച്ചുവെന്ന് കുറിച്ചുകൊണ്ടായിരുന്നു പോസ്റ്റ് പങ്കുവെച്ചത്.

 

പുതിയ സെറ്റിനെക്കുറിച്ചുള്ള മറ്റ് അപ്ഡേറ്റുകളൊന്നും നിര്‍മ്മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, വിദേശത്തുള്ള ചിത്രീകരണത്തിന് മുന്‍പ് സിനിമയുടെ ചില പ്രധാന ഭാഗങ്ങള്‍ പുതുതായി നിര്‍മ്മിച്ച സെറ്റില്‍ ചിത്രീകരിക്കാന്‍ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും സംഘവും പദ്ധതിയിടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

 

2019ലായിരുന്നു എല്‍ 2വിന്റെ പ്രഖ്യാപനം ഉണ്ടായത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദീപാവലി ദിനത്തില്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് എമ്പുരാന്‍ ചിത്രീകരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

 

ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്. നിരവധി വിദേശ താരങ്ങളും വിവിധ ഭാഷകളില്‍ നിന്നുള്ള പ്രമുഖ ഇന്ത്യന്‍ താരങ്ങളും എമ്പുരാനില്‍ അണിനിരക്കും.

 

 

 

OTHER SECTIONS